Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷ കേസ് അന്വേഷിച്ചിരുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചതു പി പി തങ്കച്ചൻ; എസ്‌പി അടക്കം സർവരെയും സ്ഥലം മാറ്റിസർക്കാർ; സന്ധ്യ തുടങ്ങിയതു പുത്തൻ അന്വേഷണം; മൃതദേഹം സമയം വൈകിയും ദഹിപ്പിച്ചതു മുതൽ ഗൂഢാലോചനയെന്നു സൂചന

ജിഷ കേസ് അന്വേഷിച്ചിരുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചതു പി പി തങ്കച്ചൻ; എസ്‌പി അടക്കം സർവരെയും സ്ഥലം മാറ്റിസർക്കാർ; സന്ധ്യ തുടങ്ങിയതു പുത്തൻ അന്വേഷണം; മൃതദേഹം സമയം വൈകിയും ദഹിപ്പിച്ചതു മുതൽ ഗൂഢാലോചനയെന്നു സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകക്കേസ് അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാർ സ്ഥലം മാറ്റി. നിലവിലുണ്ടായിരുന്ന പൊലീസ് സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും നിയമനത്തിനു പിന്നിൽ കോൺഗ്രസ് നേതാവ് പി പി തങ്കച്ചനെന്ന ആരോപണം ഉയർന്നിരിക്കെയാണു സംസ്ഥാന സർക്കാർ എഡിജിപി ബി. സന്ധ്യയുടെ മേൽനോട്ടത്തിലുള്ള പുതിയ സംഘത്തിനു ചുമതല കൈമാറിയത്.

ജിഷയുടെ മൃതദേഹം സമയം വൈകിയും ദഹിപ്പിച്ചതു മുതൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെത്തിയ സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ജിഷ വധക്കേസിന്റെ അന്വേഷണം ഏറ്റെടുത്തു. പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയ ക്രൈംബ്രാഞ്ച് എസ്‌പി പി.എൻ. ഉണ്ണിരാജനെ എറണാകുളം റൂറൽ എസ്‌പിയായും നിയമിച്ചിട്ടുണ്ട്.

ജിഷ വധക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കുമെന്ന് എഡിജിപി ബി സന്ധ്യ വ്യക്തമാക്കിയിരുന്നു. കേസിൽ തിടുക്കത്തിൽ നപടിയെടുക്കാനാകില്ല. അന്വേഷണം പൂർത്തിയാക്കാൻ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും സന്ധ്യ പറഞ്ഞു. അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ളതാണ്. ആർക്കും പൊലീസിന് വിവരങ്ങൾ നൽകാമെന്നും സന്ധ്യ പറഞ്ഞു. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണു കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ സംശയത്തിന്റെ നിഴലിലാകുന്നത്.

കൊലപാതക കേസിന്റെ അന്വേഷണ ചുമതല ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യ ഏറ്റെടുത്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിൽ അഴിച്ചു പണിയുണ്ടായത്. നിലവിൽ കേസ് അന്വേഷിക്കുന്ന സംഘത്തെ പൂർണമായും ഒഴിവാക്കിയാണ് പുതിയ ടീമിനെ കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. കൊല്ലം റൂറൽ എസ്‌പി അജിതാ ബീഗം, കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്‌പി പി ഉണ്ണിരാജ, എറണാകുളം സിബിസിഐഡി എസ്‌പി വി.കെ മധു, ഡിവൈഎസ്‌പിമാരായ സോജൻ, സുദർശൻ, ശശിധരൻ, സിഐമാരായ ബൈജു പൗലോസ് തുടങ്ങിയവരാണ് പുതിയ അന്വേഷണസംഘത്തിലുള്ളത്.

കേസന്വേഷണം ആദ്യംമുതൽ തുടങ്ങുമെന്നും സന്ധ്യ വ്യക്തമാക്കി. ഇതുവരെ അന്വേഷണത്തിനു നേതൃത്വം നൽകിയ എറണാകുളം റൂറൽ എസ്‌പി യതീഷ് ചന്ദ്ര, പെരുമ്പാവൂർ ഡിവൈഎസ്‌പി അനിൽ കുമാർ, പെരുമ്പാവൂർ, കുറുപ്പംപടി സിഐമാർ എന്നിവരെ സ്ഥലംമാറ്റി. ഇവർക്കു പകരം നിയമനം നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം ദക്ഷിണ മേഖലാ എഡിജിപി കെ. പത്മകുമാറിനെ മാറ്റിയതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റിയത്. പെരുമ്പാവൂർ ഡിവൈഎസ്‌പിയായി കെ.എസ്.സുദർശനെ നിയമിച്ചു.

എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി പി.കെ.മധു, ഡിവൈഎസ്‌പിമാരായ ശശിധരൻ, സോജൻ എന്നിവരാണു പുതിയ സംഘത്തിനു നേതൃത്വം നൽകുന്നത്. ഏറെ സംശയങ്ങൾക്ക് ഇട നൽകിയിരുന്ന പെരുമ്പാവൂർ, കുറുപ്പംപടി സിഐമാരെ മാറ്റിയപ്പോൾ പകരം ചുമതല പുതിയ സംഘത്തിലെ അംഗങ്ങളായ ബൈജു പൗലോസിനെയും ഷംസുവിനെയും ഏൽപ്പിച്ചിട്ടുണ്ട്.

പുതിയ അന്വേഷണ സംഘം സമീപവാസികളുടെ മൊഴികൾ ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ചുമതല ഏറ്റെടുത്ത എഡിജിപി ബി.സന്ധ്യ നേരിട്ടെത്തിയാണു മൊഴിയെടുത്തത്. കുറുപ്പംപടി വട്ടോളിപ്പടിയിൽ ജിഷ കൊല്ലപ്പെട്ട മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലായി മൂന്നു മണിക്കൂർ ചെലവഴിച്ചു. അറിയാവുന്ന മുഴുവൻ വിവരങ്ങളും സംശയങ്ങളും റൂറൽ എസ്‌പി പി.എൻ.ഉണ്ണിരാജൻ, എസ്‌പി പി.കെ.മധു എന്നിവരടക്കമുള്ളവർക്കു കൈമാറണമെന്നു നാട്ടുകാരോട് അഭ്യർത്ഥിച്ചു.

മുൻ അന്വേഷണ സംഘവുമായി ചർച്ച നടത്താൻ ആലുവയിൽ എത്തി കൊച്ചി റേഞ്ച് ഐജി മഹിപാൽ യാദവിനോട് അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞു. കുറുപ്പംപടി വട്ടോളിപ്പടിയിൽ ജിഷ കൊല്ലപ്പെട്ട വീടും പരിസരവും പരിശോധിച്ച ശേഷം, കേസിൽ മൊഴി കൊടുത്ത അയൽവാസികളുമായി എഡിജിപി സംസാരിച്ചു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയിൽ സന്ദർശിച്ചു. അതിനിടെ, രാജേശ്വരിയെ വാടക വീട്ടിലേക്കു മാറ്റാനുള്ള നീക്കം റവന്യു വകുപ്പ് ഉപേക്ഷിച്ചു. പുതിയ വീടിന്റെ പണി കഴിയുംവരെ അവർ ആശുപത്രിയിൽ തുടരും. കൊലയാളിയെ പിടികൂടുംവരെ രാജേശ്വരിയുടെ സുരക്ഷ ഉറപ്പാക്കാൻ അതാണു നല്ലതെന്ന പൊലീസിന്റെ അഭിപ്രായം മാനിച്ചാണു വാടകവീടു കണ്ടെത്താനുള്ള നീക്കം ഉപേക്ഷിച്ചത്.

അതിനിടെ, രായമംഗലം പഞ്ചായത്തു പ്രസിഡന്റും സ്ഥിരസമിതി അധ്യക്ഷനും പൊലീസും ആവശ്യപ്പെട്ടിട്ടാണു നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ജിഷയുടെ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകിയതെന്നാണു പെരുമ്പാവൂർ നഗരസഭാ അധ്യക്ഷ സതി ജയകൃഷ്ണൻ പറയുന്നത്. വൈകിട്ട് ആറിനു ശേഷം മലമുറിയിലെ പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ പാടില്ലെന്ന രായമംഗലം പഞ്ചായത്തുമായുള്ള കരാർ നിലനിൽക്കെയാണു ജിഷയുടെ മൃതദേഹം ഏഴോടെ ദഹിപ്പിച്ചത്. മൃതദേഹം സമയം വൈകിയും ദഹിപ്പിച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയർന്നതിനാൽ ഇക്കാര്യത്തെക്കുറിച്ചും അന്വേഷണ സംഘം പരിശോധന നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP