Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലപ്പെട്ട ദിവസം കോതമംഗലം ബസിൽ കയറിയ ജിഷ പോയത് എങ്ങോട്ട്? ഉച്ചക്ക് കഴിച്ച മദ്യത്തിന്റെ മണം അറിയാതിരിക്കാനാണോ വെളുത്തുള്ളി കഴിച്ചത്? പുതിയ സാധ്യതകളും പൊലീസ് തിരയുന്നു

കൊല്ലപ്പെട്ട ദിവസം കോതമംഗലം ബസിൽ കയറിയ ജിഷ പോയത് എങ്ങോട്ട്? ഉച്ചക്ക് കഴിച്ച മദ്യത്തിന്റെ മണം അറിയാതിരിക്കാനാണോ വെളുത്തുള്ളി കഴിച്ചത്? പുതിയ സാധ്യതകളും പൊലീസ് തിരയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജിഷ വധക്കേസിൽ എല്ലാ സാധ്യതകളും അന്വേഷിക്കുകയാണ് പൊലീസ്. സ്വകാര്യ ബസ് ജീവനക്കാർ നൽകിയ വിവരം പിന്തുടർന്ന് അന്വേഷണം കോതമംഗലത്തേക്കു നീളുന്നു. കൊല്ലപ്പെട്ട ഏപ്രിൽ 28 നു രാവിലെ 11നു വീടിനു പുറത്തു പോയ ജിഷ ഉച്ച കഴിഞ്ഞു 1.30 നാണു വീട്ടിൽ തിരിച്ചെത്തിയത്. ഇതിനിടയിൽ ജിഷയെ പെരുമ്പാവൂർ-കോതമംഗലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ കണ്ടെന്ന പുതിയ വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കൊല്ലപ്പെട്ട ദിവസം ജിഷ സന്ദർശിച്ചത് ആരെയാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്നു വീട്ടിൽ തിരികെയെത്തിയ ജിഷയോടൊപ്പം ആരെങ്കിലും ഉണ്ടായിരുന്നതായി വ്യക്തമല്ല. ഇതും പരിശോധിക്കുന്നുണ്ട്.

ഏപ്രിൽ 28ന് രാവിലെ 11 നാണ് നല്ല വസ്ത്രങ്ങൾ ധരിച്ച് ജിഷ പുറത്തേക്ക് പോയത്. പിന്നീട് 1.15ന് തിരിച്ചെത്തിയെന്നും ദൃക്‌സാക്ഷികൾ മൊഴി നൽകി. പെരുമ്പാവൂർ കോതമംഗലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് അന്വേഷണസംഘത്തേ ഇക്കാര്യം അറിയിച്ചത്. ബസ് സ്‌റ്റോപ്പിൽ ജിഷയെ കണ്ടവരും ഇക്കാര്യം സ്ഥിരീകരിച്ചു. ജിഷയുടെ ആമാശയത്തിൽ കണ്ടെത്തിയ ഫ്രൈഡ് റൈസും സോഫ്റ്റ് ഡ്രിങ്കും ആ സമയത്ത് കഴിച്ചതാവാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാൽ, ജിഷ പുറത്തുപോയത് എന്തിനാണെന്നോ ആരെയെങ്കിലും അന്ന് കണ്ടിരുന്നോ എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ദിവസങ്ങളായി അന്വേഷണം തുടരുകയാണ്. കൊല്ലപ്പെടുമ്പോൾ ജിഷ മദ്യം കഴിച്ചിരുന്നു. എന്നാൽ, മദ്യം എവിടെ നിന്നും ലഭിച്ചു എന്നത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം ജിഷയുടെ അടുത്ത ബന്ധുവിനെ പലപ്പോഴും മദ്യപിച്ച നിലയിൽ കണ്ടിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

വീടുപണി പൂർത്തിയാക്കാനുള്ള പണം കണ്ടെത്താനായിരുന്നു അമ്മ രാജേശ്വരിയുടെ ശ്രമം. അതുകൊണ്ട് തന്നെ വീടുപണിക്കുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ജിഷയും. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ആരെയെങ്കിലും നേരിൽ കാണാനാണോ കോതമംഗലം ബസിൽ അന്നു ജിഷ സഞ്ചരിച്ചതെന്നു സംശയമുണ്ട്. അതുകൊണ്ടാണ് ഈ സാധ്യത തേടുന്നത്. അന്ന് ഉച്ചയ്ക്കു ജിഷ ഭക്ഷണം കഴിച്ചതു പുറത്തു നിന്നാണ്. ഭക്ഷണത്തോടൊപ്പം ലഹരി പാനീയവും ഉള്ളിലെത്തിയതായി രാസപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വേവാത്ത വെളുത്തുള്ളിയും ഭക്ഷണത്തോടൊപ്പം കഴിച്ചിട്ടുണ്ട്. മദ്യത്തിന്റെ മണം പുറത്തുവരാതിരിക്കാനാണു വെളുത്തുള്ളി കഴിച്ചതെങ്കിൽ ജിഷ സമയം ചെലവഴിച്ചത് അത്രയ്ക്കു സൗഹൃദം ഉള്ളവരോടൊപ്പമായിരിക്കും എന്നാണ് നിഗമനം. ജിഷയുടെ അറിവില്ലാതെ ശീതളപാനീയത്തിൽ കലർത്തി ലഹരി നൽകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

ഈ സമയം അപരിചിതനായ ഒരാളെ വട്ടോളിപ്പടി പരിസരത്ത് ബൈക്കിൽ കണ്ടെന്ന മൊഴിയും ലഭിച്ചിട്ടുണ്ട്. മെയിൻ റോഡിൽ ബസ് ഇറങ്ങിയ ജിഷ ഓട്ടോറിക്ഷയിലാണു വീട്ടിലെത്തിയതെന്നാണ് സംശയം. അതിനാൽ സമീപത്തെ ഓട്ടോ സ്റ്റാൻഡുകളിലും അന്വേഷണം നടത്തുന്നുണ്ട്. ജിഷയുടെ ഈ ദിവസത്തെ സഞ്ചാരവും മറ്റുള്ളവരുമായുള്ള സംഭാഷണങ്ങളും കണ്ടെത്താൻ സെൽഫോൺ വിളികൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ. പെരുമ്പാവൂരിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എത്തി അന്വേഷണം വിലയിരുത്തിയിരുന്നു. അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ നീക്കങ്ങൾ. അതേസമയം ജിഷയുടെ അമ്മയുടേയും ദൃക്‌സാക്ഷികളുടേയും മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണ സംഘത്തേ കുഴക്കുന്നത്. മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിൽ അമ്മ രാജേശ്വരിയെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു.

ജിഷയുടെ വീട്ടിൽ നിന്നും ലഭിച്ച പെൻകാമറ വിശദമായ പരിശോധനക്ക് അയച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പെൻകാമറ എന്തിനെന്ന കടയുടമയുടെ ചോദ്യത്തിനു അമ്മ നൽകിയ മറുപടിയും അന്വേഷണ സംഘത്തേ കുഴയ്ക്കുകയാണ്. അതൊക്കെ വഴിയേ മനസിലാവും ടി.വിയിലും മറ്റും കാണാം എന്നായിരുന്നു അമ്മ കടയുടമയുടമയോട് പറഞ്ഞത്. ഉത്തരത്തിന്റെ പൊരുൾ എന്തായിരുന്നു എന്ന് രാജേശ്വരി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊല നടത്തിയത് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിൽ തന്നെയാണ് പുതിയ സംഘവും അന്വേഷണം നടത്തുന്നത്. കൊൽക്കത്ത, ഗുവാഹട്ടി, പാട്‌ന, ബീഹാർ, റാഞ്ചി, ആസാം എന്നിവിടങ്ങളിൽ അന്വേഷണസംഘം പരിശോധന തുടരുകയാണ്. കൊലയാളിയെ കണ്ടെത്താൻ പോളിഗ്രാഫ് പരിശോധന പരിശോധന നടത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. മൊഴികളിൽ വൈരുദ്ധ്യമുള്ള സാക്ഷികളേയും സംശയത്തേ തുടർന്ന് കസ്റ്റഡിയിലെടുത്തവരേയുമാണ് പരിശോധനക്ക് വിധേയരാക്കുന്നത്.

അതിനിടെ ജിഷ വധക്കേസിൽ പൊലീസ് നൽകിയ വിശദീകരണം മനുഷ്യാവകാശ കമ്മീഷൻ തള്ളി. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി അതൃപ്തി രേഖപ്പെടുത്തി. രേഖകൾ പൊലീസ് മേധാവി ജൂലൈ അഞ്ചിന് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ എഫ്‌ഐആർ, ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ എന്നിവയാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. സംഭവം നടന്ന സ്ഥലം സീൽ ചെയ്തത് എപ്പോഴാണെന്നും താമസിച്ചതിനെക്കുറിച്ച് വിശദീകരിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കേസ് ആദ്യം അന്വേഷിച്ച പൊലീസുദ്യോഗസ്ഥരുടെ വിവരങ്ങളും അന്വേഷിച്ചിരുന്നു. എന്നാൽ, ഈ വിവരങ്ങൾ സമർപ്പിച്ച വിശദീകരണത്തിൽ ഉണ്ടായിരുന്നില്ല.

അന്വേഷണത്തിൽ വീഴ്ചയുണ്ടായെങ്കിൽ ചൂണ്ടിക്കാണിക്കാനാണ് ഇവ ആവശ്യപ്പെട്ടതെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമില്ലെന്നും എഡിജിപി ബി. സന്ധ്യയെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി കമ്മീഷനിൽ സമർപ്പിച്ച വിശദീകണത്തിൽ പറയുന്നത്. ജിഷ വധക്കേസ് അന്വേഷിക്കുന്നതിൽ ആദ്യകാലത്ത് പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമ്മീഷൻ വിലയിരുത്തി. ഇതുകൊലയാളി രക്ഷപ്പെടാൻ ഇടയാക്കി. പാവപ്പെട്ട പട്ടികവിഭാഗക്കാർ മരിക്കുമ്പോൾ പൊലീസുകാർക്ക് നടപടിയെടുക്കാൻ മടിയാണെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു.

ജിഷ ഒരു ഉദാഹരണം മാത്രം. വീട്ടിൽ നിന്ന് അതിരാവിലെ മോട്ടോർ സൈക്കിളിൽ റബർ ടാപ്പിങ്ങിന് പോയ പട്ടികവിഭാഗക്കാരനായ തൊഴിലാളി വനത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും ഒരന്വേഷണവും ഉണ്ടായില്ല, ജസ്റ്റീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP