Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷയെ കൊന്നത് അമീർ ഇസ്ലാം തന്നെയോ? വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടോടെ അന്വേഷണ സംഘം തന്നെ സംശയ നിഴലിലായി; ശക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റപത്രം തള്ളിപ്പോകുമെന്ന ആശങ്ക ശക്തം: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസ് ഒരു വർഷം പിന്നിടുമ്പോഴും വിവാദങ്ങൾക്ക് പഞ്ഞമില്ല

ജിഷയെ കൊന്നത് അമീർ ഇസ്ലാം തന്നെയോ? വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടോടെ അന്വേഷണ സംഘം തന്നെ സംശയ നിഴലിലായി; ശക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റപത്രം തള്ളിപ്പോകുമെന്ന ആശങ്ക ശക്തം: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസ് ഒരു വർഷം പിന്നിടുമ്പോഴും വിവാദങ്ങൾക്ക് പഞ്ഞമില്ല

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വയസു തികയുകയാണ്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാത കേസിനെ ചുറ്റിപ്പറ്റി ഇപ്പോഴും വിവാദങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. പൊലീസ് അന്വേഷണത്തിന് ഒടുവിൽ അമീറുൽ ഇസ്ലാമാണ് ജിഷയെ കൊലപ്പെടുത്തിയത് എന്നതാണ് കണ്ടെത്തൽ. എന്നാൽ, അമീറുൽ മാത്രമാണോ അതോ മറ്റൊരു പ്രതി കൂടി ഉണ്ടോ എന്ന ആശങ്കകളും ശക്തമാണ്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തെ തന്നെ പ്രതിക്കൂട്ടിലാക്കി. പ്രതി അസം സ്വദേശി അമീർ ഉൾ ഇസ്ലാമിനെതിരേ ശക്തമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘത്തിനായിട്ടില്ല.

അതിനുപുറമേ വിജിലൻസ് ഡയറക്ടറും ആദ്യ അന്വേഷണസംഘത്തിന്റെ സമയത്തു പൊലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറും അന്വേഷണത്തിനെതിരേ ഉന്നയിച്ച ആക്ഷേപങ്ങൾകൂടി ആകുന്നതോടെ യഥാർഥ പ്രതിയെക്കുറിച്ചുള്ള സംശയങ്ങൾ പെരുകുന്നുണ്ട്. മുൻ അന്വേഷണ മേധാവിയുടെ വെളിപ്പെടുത്തലുകളും വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടും ജിഷക്കേസിലെ പാളിച്ചകളാണ് പുറത്തുകൊണ്ടുവന്നത്.

രക്തം കണ്ട് അറപ്പു തീർന്നവർക്ക് മാത്രം ചെയ്യാവുന്ന കൊലപാതകമായിരുന്നു ജിഷയുടേത്. എന്നാൽ കാക്കനാട് ജയിലിൽ കഴിയുന്ന പ്രതി അമീർ ഉൾ ഇസ്ലാം ജയിലിൽ രക്തം കണ്ട് തലകറങ്ങി വീണതോടെ നിരവധി ചോദ്യങ്ങളാണുയരുന്നത്. രണ്ടുതടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ചോരപൊടിഞ്ഞതിനെത്തുടർന്നാണ് അമീർ തലകറങ്ങിവീണത്. അമീർ മാത്രമാണു പ്രതിയെന്നു വിശ്വസിക്കാത്ത ബന്ധുക്കൾക്ക് ഈ സംഭവം സംശയങ്ങൾ വർധിപ്പിച്ചു. ആദ്യഅന്വേഷണ സംഘം കണ്ടെത്തിയ തെളിവുകൾ പുതിയസംഘം പൂർണമായും തള്ളിക്കളഞ്ഞതും നിർണായക മൊഴികൾ പോലും ഉൾപ്പെടുത്താൻ തയാറായില്ലെന്നതും വീഴ്ചയാണ്.

രാത്രി 8.15ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകർമങ്ങൾക്കുപോലും അനുവദിക്കാതെ അന്നുതന്നെ രാത്രി 9.30 ന് ധൃതിപിടിച്ചു ദഹിപ്പിച്ചു. െവെകിട്ട് അഞ്ചു കഴിഞ്ഞാൽ ഒരു മൃതദേഹവും സംസ്‌കരിക്കാൻ പാടില്ലെന്ന് ശ്മശാനത്തിൽ കീഴ്‌വഴക്കം ഉള്ളപ്പോൾ ജിഷയുടെ മൃതദേഹം ഏറെ െവെകി രാത്രി 9.30ന് ദഹിപ്പിക്കുകയായിരുന്നു. ഇത്തരം കേസുകളിൽ മൃതദേഹം ദഹിപ്പിക്കാൻ പാടില്ല എന്നും മറവു ചെയ്യാനേ പാടുള്ളൂ എന്നും നിയമമുള്ളപ്പോൾ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് എന്തുകൊണ്ട് എന്ന ചോദ്യം ഇപ്പോഴും ഉത്തരംകിട്ടാതെ നിൽക്കുകയാണ്. സംഭവം നടന്ന ഉടനെ ജിഷയുടെ വീട് സീൽ ചെയ്യേണ്ടതിനു പകരം, നടപടി അഞ്ച് ദിവസം െവെകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചു. കൊലയ്ക്ക് പിന്നിലെ ഉത്തരവാദി എന്ന നിലയിൽ മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കെതിരേ വരെ ആരോപണം ഉയർന്നു.

തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊലപാതകം വലിയ ചർച്ചാവിഷയമായി. അധികാരത്തിലെത്തിയ സർക്കാർ ആദ്യം ചെയ്തത് ജിഷ കൊലക്കേസിലുൾപ്പെടെ വീഴ്ചവരുത്തി എന്നാരോപിച്ച് ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. തുടർന്ന് അധികാരമേറ്റ ലോക്നാഥ് ബെഹ്റ, പുതിയ സംഘത്തെ അന്വേഷണത്തിന്നിയോഗിച്ചു. കേസിലെ പ്രതിയായ അമീർ ഉൾ ഇസ്ലാമിനെ അധികം െവെകാതെ പിടികൂടിയെങ്കിലും കേസിനെക്കുറിച്ച് ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. ഇപ്പോൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ പുരോഗമിക്കുകയാണ്.

195 സാക്ഷികളുള്ള കേസിൽ 13 പേരെ വിസ്തരിച്ചു. അടുത്ത ഓഗസ്റ്റോടെ വിചാരണ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കേസിന്റെ പേരിൽ കസേര തെറിച്ച ടി.പി. സെൻകുമാർ സുപ്രീംകോടതിവരെ നിയമയുദ്ധം നടത്തി അതേ കസേരയിൽ തിരിച്ചെത്തുന്നതോടെ ജിഷ വധക്കേസ് വീണ്ടും ചൂടുപിടിക്കുകയാണ്.

പെരുമ്പാവൂർ കുറുപ്പുംപടിയിലെ കനാൽ പുറമ്പോക്കിലുള്ള വീട്ടിലാണ് എറണാകുളം ലാ കോളേജിലെ വിദ്യാർത്ഥിനിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ മാതാവ് കണ്ടെത്തിയത്. ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പോർവിളികൾക്കും ഇടയാക്കിയ ദളിത് വിദ്യാർത്ഥിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിനിടെ ഡി.ജി.പി സെൻകുമാറിന്റെയും യു.ഡി.എഫ് സർക്കാർ നിയോഗിച്ച അന്വേഷണസംഘത്തിന്റെയും തൊപ്പിതെറിച്ചു. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ കേസ് ഏല്പിച്ചു. ജൂൺ 16ന് അമീറുൾ ഇസ്‌ളാമിനെ കാഞ്ചിപുരത്തുനിന്ന് പിടികൂടിയപ്പോൾ സർക്കാരിന്റെ നേട്ടപ്പട്ടികയിലെ ആദ്യ ഇനമായി അത്.

അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിനെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തള്ളിപ്പറഞ്ഞതും ചർച്ചയായി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാപ്പു ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളി. ജീവനാംശം ആവശ്യപ്പെട്ട് പാപ്പു വിവിധയിടങ്ങളിൽ നൽകിയ പരാതികളിൽ ഇതുവരെ തീർപ്പായില്ല. ജിഷയുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകേണ്ട പിതാവ് പാപ്പു തിരിഞ്ഞു നോക്കിയില്ലെന്നാണ് രാജേശ്വരിയുടെ ആരോപണം. സ്വന്തം സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കാൻ പോലും അനുവദിച്ചില്ല.

സർക്കാർ മുടക്കുഴയിൽ നിർമ്മിച്ചു നൽകിയ വീട്ടിലാണ് രാജേശ്വരിയും മൂത്ത മകൾ ദീപയും താമസിക്കുന്നത്. രണ്ടു വനിതാ പൊലീസുകാരുടെ സംരക്ഷണമുണ്ട്. ജിഷയുടെ പേരിലാണ് സ്ഥലത്തിന്റെ ആധാരമെങ്കിലും അസൽ ഇതുവരെ നൽകിയിട്ടില്ല. ദീപയ്ക്ക് റവന്യൂ വകുപ്പിൽ ജോലി നൽകി. രാജേശ്വരിക്ക് 5,000 രൂപ മാസ പെൻഷനും അനുവദിച്ചു. പണ്ട് പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്നോട്ടുപോകാൻ രാജേശ്വരി തയ്യാറല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP