Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷയുടെ കൊലയാളി വീടിനെക്കുറിച്ചും ജീവിത സാഹചര്യത്തെക്കുറിച്ചും അറിയാവുന്ന ആളാകാമെന്ന നിഗമനത്തിൽ പൊലീസ്; കുടുംബവുമായി ബന്ധമുള്ളവരിൽ നിന്നും തെളിവെടുപ്പ് നടത്തുന്നു; കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു; സംഭവ ദിവസം കുടുംബവുമായി അകന്നുകഴിഞ്ഞ ബന്ധു എത്തിയിരുന്നതായി പരിസരവാസികളുടെ മൊഴി

ജിഷയുടെ കൊലയാളി വീടിനെക്കുറിച്ചും ജീവിത സാഹചര്യത്തെക്കുറിച്ചും അറിയാവുന്ന ആളാകാമെന്ന നിഗമനത്തിൽ പൊലീസ്; കുടുംബവുമായി ബന്ധമുള്ളവരിൽ നിന്നും തെളിവെടുപ്പ് നടത്തുന്നു; കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു; സംഭവ ദിവസം കുടുംബവുമായി അകന്നുകഴിഞ്ഞ ബന്ധു എത്തിയിരുന്നതായി പരിസരവാസികളുടെ മൊഴി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ജിഷയെ കൊലപ്പെടുത്തിയത് വീടിനെക്കുറിച്ചും ജീവിതസാഹചര്യത്തെക്കുറിച്ചും അറിയാവുന്ന ആളായിരിക്കാനാണ് സാധ്യതയെന്നും അതിനാൽ ഈ കുടുംബവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരിൽ നിന്നും തെളിവെടുപ്പ് നടത്തിവരികയാണെന്നും പൊലീസ്. ജിഷയുടെ മാതാവ് രാജേശ്വരിയെ ഇടിച്ചുവീഴ്‌ത്തിയ ആസാം സ്വദേശിയായ ബൈക്ക് യാത്രക്കാരനെയും ഇവരുടെ വീട് നിർമ്മാണത്തിനായി എത്തിയ അന്വസംസ്ഥാന തൊഴിലാളികളെയും പൊലീസ് തേടുന്നുണ്ട്. കോഴിക്കടയിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശി ഒരുമാസമായി നാട്ടിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളുമായി മൊബൈലിൽ ബന്ധപ്പെട്ട് അന്വേഷകസംഘം കൂടുതൽ തെളിവെടുപ്പുകൾ നടത്തിവരികയാണെന്നാണ് ലഭ്യമായ വിവരം.

അതിനിടെ കൃത്യത്തിനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. സംഭവ ദിവസം യുവതിയുടെ വീട്ടിലും പരിസരത്തും വന്നു പോയവരെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് ആയുധങ്ങൾ ഉപയോഗിച്ചാണു കൃത്യം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിലേ ഇക്കാര്യം കൂടുതൽ വ്യക്തമാകൂ. കൊലപാതകം നടത്താൻ ഉപയോഗിച്ചുവെന്നു കരുതുന്ന ആയുധം സമീപത്തെ പറമ്പിൽനിന്നാണു ലഭിച്ചത്. ഇതുതന്നെയാണു കൃത്യത്തിന് ഉപയോഗിച്ചതെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. സംഭവ ദിവസം കുടുംബവുമായി ഏറെക്കാലമായി അകന്നുകഴിയുന്ന ഒരു ബന്ധു ഇവിടെ എത്തിയിരുന്നതായി പരിസരവാസികൾ മൊഴി നൽകിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞു നിരവധി പേരെ ചോദ്യം ചെയ്തു വരികയാണെന്നു പെരുമ്പാവൂർ പൊലീസ് അറിയിച്ചു. പ്രദേശത്തെ അന്യസംസ്ഥാന ക്യാംപുകൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തി.

ഇതിനിടെ മകളുടെ മരണത്തെത്തുടർന്നുള്ള മാനസീകാഘാതത്തിൽ നിന്നും മാതാവ് രാജേശ്വരി ഇനിയും മോചിതയായിട്ടില്ല. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ വിവരശേഖരണത്തിനെത്തിയ പൊലീസ് സംഘവുമായി ഇതുവരെ പൂർണ്ണമായി സഹകരിക്കാനും തയ്യാറായിട്ടില്ല. മകളുടെ ഘാതകരെ കണ്ടെത്തുന്നതിൽ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് പൊലീസിനെതിരെ തട്ടിക്കയറിയ ഇവരെ ആശ്വസിപ്പിക്കാൻ മകൾ ദീപയും ആശുപത്രി ജീവനക്കാരും നന്നേ പാടുപെട്ടു.

ഇതിനിടെ ഈ കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്്ച എൽ ഡി എഫിന് വീണുകിട്ടിയ രാഷ്ട്രീയ ആയുധമായി. സംഭവത്തെ തുടർന്ന് നാടെങ്ങുംആഞ്ഞടിക്കുന്ന പ്രതിഷേധം ആളിക്കത്തിക്കുന്നതിന് ഇടത് സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ നീക്കം തുടങ്ങി. ഇന്നലെ വൈകിട്ട ഇടത് യുവജന സംഘടനകളുടെയും മഹിളാ സംഘടനകളുടെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടന്നു.സി പി എം ജില്ലാ സെക്രട്ടറി പി രാജീവ് മാർച്ച് ഉദ്ഘാടനം ചെയ്തു. നാലുദിവസം മുമ്പുനടന്ന ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ നിന്നുപോലും മറച്ചുവച്ചതിൽ പൊലീസ് അധികാരികളോടുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിട്ടുണ്ട്.

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പലയിടങ്ങളിലും പൊലീസിനെതിരെ ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .
പ്രതിഷേധം ഉയർന്നതോടെ അന്വേഷണമേൽനോട്ടം കൊച്ചി റേഞ്ച് ഐ.ജി മഹിപാൽ യാദവിന് കൈമാറി. സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കേരള മഹിളാസംഘം ആവശ്യപ്പെട്ടു. കേരളത്തിന്റെ ക്രമസമാധാനം തകർന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണിതെന്നും തെരഞ്ഞെടുപ്പ് ചൂടിലായതിനാൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യത്തിൽ വേണ്ടവണ്ണം ഇടപെട്ടിട്ടില്ലന്നും കുറ്റക്കാരെ എത്രയും വേഗം പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദനും ജില്ലാസെക്രട്ടറി എസ്. ശ്രീകുമാരിയും അറിയിച്ചു.

മനഃസാക്ഷിയെ മരവിപ്പിച്ച കൊലപാതകം നടന്ന് നാലുദിവസം പിന്നിടുമ്പോഴും പൊലീസിന്റെ പക്കലുള്ളത് സംശയങ്ങൾ മാത്രം.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന ജിഷമോൾ വധം നിസാരവൽരിക്കാനാണ് ആദ്യഘട്ടത്തിൽ പൊലീസ് ശ്രമിച്ചത്. ആദ്യ പരിശോധനയിൽതന്നെ കൊലപാതകമെന്ന് വ്യക്തമായിരുന്നുവെങ്കിലും ഇക്കാര്യം പൊലീസ് പുറത്തുവിട്ടിരുന്നില്ല.കഴുത്തിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള മുറിവുകളുടെ കാര്യവും ബലാത്സംഗ സാധ്യതയും പൊലീസ് മറച്ചുവയ്ക്കുകയായിരുന്നു. കൊലപാതകത്തെക്കുറിച്ചറിയാനുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയാറായില്ല.തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ മുഖം വ്യക്തമാകുന്നത്.

തെരുവോരത്ത് താമസിക്കുന്ന കുടുംബത്തിലായതുകൊണ്ടും ജിഷയ്ക്ക് ബന്ധുക്കൾ ഇല്ലാത്തതുകൊണ്ടും രാഷ്ട്രീയ പാർട്ടികളോ പൊതുപ്രവർത്തകരോ പ്രശ്നത്തിൽ ഇടപെടുന്നില്ല. ജിഷ പഠിച്ച കോളജിലെ ചില അദ്ധ്യാപകരും സഹപാഠികളും മാത്രമാണ് ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. കാര്യങ്ങൾ പുത്തറിഞ്ഞുതുടങ്ങിയതോടെ പൊലീസ് അന്വേഷണം ഉർജിതമാക്കുകയാണ്. എറണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് പ്രത്യേകമായി മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിനു സഹായകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ ഘാതകരെ ഉടൻ പിടികൂടണമെന്ന് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാന കഴിയണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയും ജില്ലാ കമ്മിറ്റിയംഗം കെ. സേതുരാജും ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണം. രണ്ട് സെന്റ് പുറമ്പോക്കിൽ താമസിക്കുന്ന ജിഷയുടെ അമ്മയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.പെൺകുട്ടികൾക്കെതിരേ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരേ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുമെന്നും കെ.എസ്.യു അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP