Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറസ്റ്റിനു ശേഷം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് എന്ത് അടിസ്ഥാനത്തിൽ? അതിസമ്പന്നനായ കൃഷ്ണദാസിന്റെ കാര്യത്തിൽ കോടതിക്ക് ഇന്നും ആശങ്ക; കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്ക് നെഹ്റു ഗ്രൂപ്പുമായി ബന്ധമെന്ന ആരോപണം പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസിന് ജിഷ്ണുവിന്റെ അമ്മയുടെ പരാതി

അറസ്റ്റിനു ശേഷം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് എന്ത് അടിസ്ഥാനത്തിൽ? അതിസമ്പന്നനായ കൃഷ്ണദാസിന്റെ കാര്യത്തിൽ കോടതിക്ക് ഇന്നും ആശങ്ക; കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്ക് നെഹ്റു ഗ്രൂപ്പുമായി ബന്ധമെന്ന ആരോപണം പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസിന് ജിഷ്ണുവിന്റെ അമ്മയുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മർദ്ദന കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നൽകി. നെഹ്റു ഗ്രൂപ്പുമായി ഹൈക്കോടതി ജഡ്ജിക്ക് ബന്ധമുണ്ടെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ എത്തിയതോടയാണ് ഈ ആരോപണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ പരാതി നൽകിയത്. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങിനാണ് ജിഷ്ണുവിന്റെ അമ്മ പരാതി നൽകിയത്.

ലക്കിടി ലോ കോളേജ് വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് ഹൈക്കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. രൂക്ഷ ഭാഷയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യവിന്റെ ബെഞ്ച് അറസ്റ്റിനെ വിമർശിച്ചത്. ഇന്നും സമാനമായ ആരോപണം വിധത്തിൽ കോടതി ചോദ്യങ്ങൽ ഉന്നയിച്ചിരുന്നു. ജാമ്യം കിട്ടുന്ന വകുപ്പുകൾ ചുമത്തിയാണ് കൃഷ്ണദാസിനെ ആദ്യം അറസ്റ്റ് ചെയ്തത്. പ്രതിക്ക് നൽകിയ നോട്ടീസിൽ ചുമത്തിയിരിക്കുന്നതും ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു. തുടർന്ന് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പൊലീസ് കൂട്ടിച്ചേർത്ത് കൃഷ്ണദാസിനെ റിമാൻഡ് ചെയ്യുക ആയിരുന്നു. ഇത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും ഹൈക്കോടതി ചോദിച്ചു. അറസ്റ്റിനുശേഷം അന്വേഷണ ഉദ്യോഗസ്ഥന് കൂടുതൽ വകുപ്പുകൾ ചുമത്താൻ അധികാരമുണ്ടെന്ന മറുപടി ആയിരുന്നു ഇതിന് പ്രോസിക്യൂഷൻ നൽകിയതും. എന്നാൽ ഈ മറുപടിയിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് കേസ് പരിഗണിക്കുമ്പോൾ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കൃഷ്ണദാസിന്റെ ആതിഥ്യം സ്വീകരിച്ച വ്യക്തിയാണ് ജസ്റ്റിസ് എബ്രഹാം മാത്യുവെന്ന സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവരികയുണ്ടായി. ഈ ചിത്രങ്ങൾ സഹിതമാണ് ജിഷ്ണുവിന്റെ അമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. 2016 ഡിസംബറിൽ ബാർ കൗൺസിൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് നെല്ലിയാമ്പതിയിൽ ലക്കിടി ജവഹർ ലോ കോളെജുമായി ചേർന്ന് നടത്തിയ പഠനയാത്രയിൽ ജസ്റ്റിസ് എബ്രഹാം മാത്യു പങ്കെടുത്തിരുന്നു. ഇതിന്റെ നിരവധി ചിത്രങ്ങളാണ് വിദ്യാർത്ഥികൾ പുറത്തുവിട്ടത്. ജസ്റ്റിസ് എബ്രഹാം മാത്യുവിനൊപ്പം ലക്കിടിയിലെ നെഹ്റു കോളെജ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ, കൃഷ്ണദാസിനൊപ്പം കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ലീഗൽ അഡൈ്വസർ സുചിത്ര, എന്നിവരെയും ചിത്രങ്ങളിൽ കാണാം.

ഫോട്ടോകളിൽ കോട്ട് ധരിച്ച് നിൽക്കുന്ന വ്യക്തിയാണ് ജസ്റ്റിസ് എബഹ്രാം മാത്യു. നീല ഷർട്ട് ധരിച്ചിരിക്കുന്നത് കോളെജ് പ്രിൻസിപ്പൽ, വെള്ള സാരി ഉടുത്തിരിക്കുന്നത് കൃഷ്ണദാസിന്റെ നിയമോപദേശകയുമാണ്. നെല്ലിയാമ്പതിയിൽ നടന്ന പരിപാടിയുടെ തലേദിവസം തന്നെ ജസ്റ്റിസ് എബ്രഹാം മാത്യു സ്ഥലത്ത് എത്തിയിരുന്നെന്നും അടുത്ത ദിവസമാണ് മടങ്ങിയതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ആവശ്യം.

വിദ്യാർത്ഥിയെ മർദിച്ച കേസിലാണ് കൃഷ്ണദാസ് അടക്കം നാലുപേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ കൃഷ്ണദാസിന്റെ അറസ്റ്റിനെ അതിരൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ ബെഞ്ച് വിമർശിച്ചത്. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കരുതെന്നും വിഡ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വിമർശിച്ചു. കേസിൽ പുതിയ വകുപ്പുകൾ ചേർത്തത് ദുരുദ്ദേശപരമെന്നും വകുപ്പുകൾ ചേർത്തത് വ്യാജമാണെങ്കിൽ ഉദ്യോഗസ്ഥൻ സർവ്വീസിലുണ്ടാകില്ലെന്നുമുള്ള നിരീക്ഷണങ്ങളും ജസ്റ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഈ നിരീക്ഷണണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു.

സ്വാശ്രയ കോളജുകൾ നാളെ അടച്ചിച്ചു പ്രതിഷേധിക്കും

അതേസമയം നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് നാളെ സ്വാശ്രയ കോളേജുകൾ അടച്ചിടും. എൻജിനിയറിങ്, മെഡിക്കൽ കോളജുകളടക്കം എല്ലാ കോളജുകളും അടച്ചിടും. കൃഷ്ണദാസിന്റെ അറസ്റ്റിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മാനേജ്‌മെന്റ് അസോസിയേഷൻ പറഞ്ഞു.

നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹർലാൽ കോളജിലെ വിദ്യാർത്ഥി സഹീറിനെ മർദിച്ച കേസിൽ കൃഷ്ണദാസിനെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ലക്കിടി ജവഹർലാൽ കോളജിലെ വിദ്യാർത്ഥി സഹീറിനെ കൃഷ്ണദാസ് മർദിച്ചെന്നും ചോദിക്കാൻ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി. ലീഗൽ അഡൈ്വസർ സുചിത്ര, അദ്ധ്യാപകന്മാരായ ഗോവിന്ദൻകുട്ടി, സുകുമാരൻ, പിആർഒ വൽസലകുമാർ എന്നിവരെയും പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP