Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു അമ്മയ്ക്ക് മകനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്താനാകില്ല; കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടു പോലുമില്ല; ജിത്തുവിനെ അമ്മ കൊലപ്പെടുത്താൻ കാരണമായത് വസ്തുഓഹരി തർക്കമല്ലെന്ന് മുത്തച്ഛൻ; പുകമറ നീക്കാൻ ജയമോളെ കസ്റ്റഡിൽ വാങ്ങാനുറച്ച് പൊലീസും; കൊട്ടിയത്തെ കൊലയിൽ ദുരൂഹത കണ്ട് അന്വേഷണ സംഘവും

ഒരു അമ്മയ്ക്ക് മകനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്താനാകില്ല; കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടു പോലുമില്ല; ജിത്തുവിനെ അമ്മ കൊലപ്പെടുത്താൻ കാരണമായത് വസ്തുഓഹരി തർക്കമല്ലെന്ന് മുത്തച്ഛൻ; പുകമറ നീക്കാൻ ജയമോളെ കസ്റ്റഡിൽ വാങ്ങാനുറച്ച് പൊലീസും; കൊട്ടിയത്തെ കൊലയിൽ ദുരൂഹത കണ്ട് അന്വേഷണ സംഘവും

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയം : ജിത്തു ജോബിനെ അമ്മ കൊലപ്പെടുത്താൻ കാരണമായത് വസ്തുഓഹരി തർക്കമല്ലെന്ന് മുത്തച്ഛൻ. വസ്തു നൽകില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോൾ പൊലീസിന് മൊഴിനൽകിയത്. ഏറെ ദുരൂഹതകൾ കൊച്ചു മകന്റെ മരണത്തിലുണ്ടെന്നാണ് മുത്തച്ഛൻ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനിൽ ജോണിക്കുട്ടി പറയുന്നത്. കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്നും ജോണിക്കുട്ടി വിശദീകരിക്കുന്നു.

കുരീപ്പള്ളിയിലെ തക്ഷശിലയിൽ ട്യൂഷൻ കഴിഞ്ഞ് ദിവസവും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ ജിത്തു എത്തുമായിരുന്നു. അന്ന് സ്‌കൂൾ ഇല്ലാതിരുന്നതിനാൽ വൈകീട്ട് കളികഴിഞ്ഞ് പതിവുപോലെ ജിത്തു വീട്ടിലെത്തിയിരുന്നു. അച്ഛന്റെ സഹോദരി സുനിത ജി.ജോണിന്റെ മക്കളെ ടെലിഫോണിൽ വിളിച്ച് ജന്മദിനാശംസകളും നേർന്നു. മുത്തശ്ശിയുടെ കൈയിൽനിന്ന് ചായയും വാങ്ങിക്കുടിച്ച് കവിളിൽ മുത്തവുംനൽകി ആറുമണിയോടെയാണ് വീട്ടിലേക്കുമടങ്ങിയത്. രാത്രി പത്തുമണിയോടെ ജിത്തുവിനെ കാണാനില്ലെന്ന വിവരമാണ് അറിയുന്നത്. ഞെട്ടിക്കുന്ന വാർത്തകേട്ട് ഇരുവരും അന്വേഷണത്തിൽ പങ്കാളികളായി-മുത്തച്ഛൻ പറയുന്നു.

ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു. വിവാഹശേഷം സന്തോഷത്തോടെ മടങ്ങുന്ന അമ്മയെയും മകനെയും ഇവർ കണ്ടിരുന്നു. ആകെയുള്ള ഒരേക്കർ മുപ്പത് സെന്റ് വസ്തു രണ്ടുമക്കൾക്കുമായി വീതംവച്ച് വിൽപ്പത്രം മൂന്നുവർഷം മുൻപ് തയ്യാറാക്കിയിരുന്നു. ജിത്തുവിന്റെ അച്ഛൻ ജോബിന് ഇതിൽ 70 സെന്റ് വസ്തു ഉൾപ്പെടുത്തി. മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങൾ സംസാരിച്ചിട്ടുപോലുമില്ല. കുരീപ്പള്ളിയിൽ രണ്ട് സെന്റ് വസ്തുവും കടമുറികളും ഉണ്ട്. അത് ഞങ്ങളുടെ ചെലവുകൾക്കും ചികിത്സയ്ക്കും ഉള്ള കരുതലാണ്. ഇതുസംബന്ധിച്ച് തർക്കങ്ങളും നിലവിലില്ല. അതുകൊണ്ട് തന്നെ സ്വത്ത് തർക്കമാണ് ജിത്തുവിനെ കൊല്ലാൻ കാരണമെന്ന മൊഴി വിശ്വസിക്കാനാകുന്നില്ല. ഒരു അമ്മയ്ക്ക് മകനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്താനാകില്ലെന്നും മുൻ അദ്ധ്യാപകൻ കൂടിയായ ജോണിക്കുട്ടി പറയുന്നു.

പെട്ടെന്നുണ്ടായ ദേഷ്യത്തിൽ മകന്റെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു എന്നാണ് ജയമോൾ മൊഴി നൽകിയത്. തുടർന്ന് മൃതദേഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീവച്ചു. മുഴുവനായും കത്തിയില്ലെന്നുകണ്ട് അയൽവീട്ടിൽനിന്നു മണ്ണെണ്ണ വാങ്ങി വീണ്ടും കത്തിച്ചു. കത്തിക്കരിഞ്ഞ മൃതദേഹം വലിച്ചിഴച്ച് സമീപത്തുള്ള പറമ്പിൽ കൊണ്ടിട്ടു. ചുരിദാറിന്റെ ഷാൾ ''കുഞ്ഞിന്റെ'' കഴുത്തിൽ വലിച്ചുമുറുക്കിയത് എങ്ങനെയെന്ന് പൊലീസിനെ അഭിനയിച്ചുകാണിച്ചാണ് ഇക്കാര്യങ്ങൾ അമ്മ സമ്മതിച്ചത്. മകൻ കൊല്ലപ്പെട്ട സംഭവത്തിൽ തീർത്തും നിസംഗതയോടെയായിരുന്നു അമ്മ ജയമോളുടെ വിവരണം. മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ഉപേക്ഷിച്ചതു കൂസലില്ലാതെ വിവരിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പോലും ഞെട്ടി. അടുക്കളയിൽ വച്ച് കഴുത്തിൽ ഷാൾ വലിച്ചുമുറുക്കി കൊലപ്പെടുത്തി. മൃതദേഹം വീടിനടുത്ത് മതിലിനോടു ചേർത്തിട്ട് കത്തിച്ചു. നന്നായി കത്തുന്നില്ലെന്നു കണ്ടതോടെ വെള്ളമൊഴിച്ചുകെടുത്തി.

വീട്ടിൽ വേണ്ടത്ര മണ്ണെണ്ണ ഇല്ലാതിരുന്നതിനാൽ അയൽവീട്ടിൽനിന്നു കടമായി വാങ്ങി. പിന്നീട് വീടിനുപിന്നിൽ ആളൊഴിഞ്ഞ റബർ തോട്ടത്തിലേക്കു വലിച്ചിഴച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. രാത്രി ഏഴര വരെ, മൃതദേഹം ഏകദേശം പൂർണമായും കത്തിത്തീരുന്നതുവരെ നോക്കിനിന്നു. മകനെ ''കുഞ്ഞ്'' എന്നു വിളിച്ചായിരുന്നു കുറ്റസമ്മതം. തിങ്കളാഴ്ച കുടുംബവീട്ടിൽ പോയി മടങ്ങിയെത്തിയ ജിത്തുവിന്റെ സംസാരം തന്നെ പ്രകോപിപ്പിച്ചെന്നും തുടർന്ന് അടുക്കളയിൽവച്ച് കൊലപ്പെടുത്തുകയായിരുന്നു. എല്ലാം ചെയ്തതു തനിച്ചായിരുന്നെന്നും അവർ പൊലീസിനോടു പറഞ്ഞു. പക്ഷേ ഇതൊന്നും പൊലീസ് വിശ്വസിക്കുന്നില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിന് കരുത്ത് പകരുന്നതാണ് മുത്തച്ഛന്റെ മൊഴി.

തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഭർത്താവ് കാട്ടൂർ മേലേഭാഗം സെബീദിയിൽ ജോബ് ജി. ജോണിന്റെ കുടുംബവീട്ടിലേക്കു മകൻ പോയതാണ് വാക്കുതർക്കത്തിലെത്തിയത്. ഭർതൃസഹോദരിയുമായി ജയമോൾ കടുത്ത വിരോധത്തിലായിരുന്നു. ഭാര്യക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ആരും കളിയാക്കുന്നത് ഇഷ്ടമില്ലായിരുന്നെന്നും ജോബ് പറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെയാണു ഭാര്യയുടെ സ്വഭാവത്തിൽ ഇങ്ങനെ മാറ്റമുണ്ടായത്. അമ്മയ്ക്കു വട്ടാണെന്നു മകൻ കളിയാക്കുമായിരുന്നു. കളിയാക്കുമ്പോൾ ജയമോൾ അക്രമാസക്തയാകുന്നതു തിരിച്ചറിഞ്ഞ് മകനെ താക്കീത് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഫലം കണ്ടില്ല. അമ്മയും മകനും തമ്മിൽ വഴക്കിടുക പതിവായിരുന്നു. ദേഷ്യം വന്നപ്പോൾ മകനെ തീയിലേക്കു വലിച്ചിട്ടെന്നാണ് ജയമോൾ തന്നോടു പറഞ്ഞതെന്നും ജോബ് പറഞ്ഞു.

അതിനിടെ ജയമോൾക്കു മാനസികാസ്വാസ്ഥ്യമുള്ളതായി െവെദ്യപരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. മകനെ കൊലപ്പെടുത്തിയതും തീവച്ചതും വലിച്ചിഴച്ച് കൊണ്ടുപോയതും തനിച്ചാണെന്ന വാദം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ജയമോളുടെ സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തു. തനിക്കൊന്നും അറിയില്ലെന്ന മൊഴിയാണു സുഹൃത്തു നൽകിയത്. ജയമോളെ പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിട്ടുണ്ട്. കൊല്ലം ഡിസിആർബി ഡിവൈഎസ്‌പി എം.ആർ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 1.12നു ജയമോളെ കോടതിയിൽ എത്തിച്ചു. കോടതി ഹാളിലേക്കു കയറിയ ഉടനെ ജയമോൾ കുഴഞ്ഞുവീണു. വനിതാ പൊലീസ് വെള്ളം നൽകിയതോടെ ബോധക്ഷയം മാറി.

പ്രതിക്കൂട്ടിൽ കയറിയ ജയമോൾ വീണ്ടും കുഴഞ്ഞുവീണതോടെ മജിസ്‌ട്രേട്ടിനു സമീപം ബെഞ്ച് ഹാളിൽ കസേരയിൽ ഇരുത്തി. വല്ലതും പറയാനുണ്ടോ എന്നു മജിസ്‌ട്രേട്ട് ആരാഞ്ഞു. 'ഒറ്റയ്ക്കാണ് എല്ലാം ചെയ്തത്. മറ്റാരും കൂട്ടിനില്ല' എന്നു ജയമോൾ പറഞ്ഞു. ആശുപത്രിയിൽ പോകണോ എന്ന മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിനു വേണ്ടെന്ന് ഉത്തരം നൽകി. മറ്റു വല്ലതും പറയാനുണ്ടോ എന്നു കോടതി ആരാഞ്ഞപ്പോൾ ഒരു പൊലീസുകാരൻ കാൽവെള്ളയിൽ ഏഴു തവണ അടിച്ചെന്ന് ജയമോൾ പറഞ്ഞു. ഇതോടെ പൊലീസിനോടു മാറി നിൽക്കാൻ മജിസ്‌ട്രേട്ട് ആവശ്യപ്പെട്ടു.

പൊലീസിനെ ഒഴിവാക്കി മജിസ്‌ട്രേട്ട് മൊഴി രേഖപ്പെടുത്തി. മർദിച്ചതിനു പരാതി ഉണ്ടെങ്കിൽ എഴുതി നൽകാൻ നിർദേശിച്ചപ്പോൾ പരാതി ഇല്ലെന്നു ജയമോൾ പറഞ്ഞു. 3.10നു നടപടികൾ പൂർത്തിയാക്കി ജയമോളെ കൊട്ടാരക്കര ജയിലിലേക്കു കൊണ്ടുപോയി. ജയമോളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച അപേക്ഷ നൽകും. വിശദ ചോദ്യം ചെയ്യൽ നടത്തുകയും ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP