Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കണം; സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം; ചാനൽ പൊതുഖജനാവിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കി; ഈ നഷ്ടം ചാനലിൽ നിന്നും ഈടാക്കണം; ചാനലും പരാതിക്കാരിയായ യുവതിയും കമ്മിഷന്റെ അന്വേഷണവുമായി സഹകരിച്ചില്ല; ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫോൺകെണി വിവാദത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മംഗളം ചാനലിനെതിരെ ശുപാർശകൾ

മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കണം; സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം; ചാനൽ പൊതുഖജനാവിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കി; ഈ നഷ്ടം ചാനലിൽ നിന്നും ഈടാക്കണം; ചാനലും പരാതിക്കാരിയായ യുവതിയും കമ്മിഷന്റെ അന്വേഷണവുമായി സഹകരിച്ചില്ല; ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫോൺകെണി വിവാദത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മംഗളം ചാനലിനെതിരെ ശുപാർശകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫോൺകെണി വിവാദത്തിൽ മംഗളം ചാനലിനെ പ്രതിക്കൂട്ടിലാക്കി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. ചാനൽ പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ജഡ്ജി പി.എസ്. ആന്റണി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ചാനലിന്റെ ലൈസൻസ് തന്നെ റദ്ദു ചെയ്യണമെന്നാണ് പ്രധാന ശുപാർശ. സാമ്പത്തിക നഷ്ടം ചാനലിൽ നിന്നു തന്നെ ഈടാക്കണമെന്ന പരാമർശനം വിവാദം വീണ്ടും ചൂടുപിടിപ്പിക്കുന്നതാണ്.

സംഭവത്തിൽ ഉൾപ്പെട്ട ചാനലും പരാതിക്കാരിയായ യുവതിയും കമ്മിഷന്റെ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചാനലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്. ഫോൺകെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ടു സമർപ്പിച്ചിരുന്നു. രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണു സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണു റിപ്പോർട്ട് കൈമാറിയത്.

ഫോൺ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. നിയമനടപടികളെക്കുറിച്ചു ശുപാർശ ചെയ്യും. മാധ്യമ രംഗത്തെ നവീകരണ നിർദ്ദേശങ്ങളുമുണ്ട്. റിപ്പോർട്ടിന്റെ ഉള്ളടക്കം സർക്കാർ പറയും. അതുവരെ മാധ്യമങ്ങൾ കാത്തിരിക്കണം. റിപ്പോർട്ട് തയാറാക്കാൻ മതിയായ സമയം ലഭിച്ചു. സമയത്തിനു മുൻപുതന്നെ റിപ്പോർട്ട് തൃപ്തികരമായി പൂർത്തിയാക്കി. ടേംസ് ഓഫ് റഫറൻസിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ആരുടേയും സമ്മർദ്ദമുണ്ടായിട്ടില്ലെന്നും കമ്മിഷൻ പറഞ്ഞു.

എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കമ്മിഷന്റെ കണ്ടെത്തൽ എ.കെ. ശശീന്ദ്രനും പാർട്ടിക്കും നിർണായകമാണ്. രാഷ്ട്രീയമായും ധാർമികമായും കേരളം ചർച്ച ചെയ്യേണ്ട നിരവധി വിഷയങ്ങൾ കമ്മിഷൻ റിപ്പോർട്ടിലുണ്ടെന്നാണു സൂചന. അതിനിടെ, റിപ്പോർട്ടു സമർപ്പിക്കുന്നതു ചിത്രീകരിക്കാനെത്തിയ മാധ്യമങ്ങളെ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വിലക്കിയതു വിവാദമായിരുന്നു. അതിനിടെ റിപ്പോർട്ട് സമർപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അശുഭ ചിന്തകളുടെ ആളല്ല താനെന്ന് എ.കെ. ശശീന്ദ്രൻ കാസർകോട് മാധ്യമങ്ങളോടു മറുപടി പറഞ്ഞു. നിലവിൽ അതിനുള്ള സാഹചര്യവുമില്ല. റിപ്പോർട്ട് സമർപ്പിച്ചതായി അറിഞ്ഞു. വിശദാംശങ്ങൾ അറിഞ്ഞിട്ടില്ല. അന്വേഷണ കമ്മിഷനുമായി നല്ല നിലയിലാണു സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുന്മന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി വിവാദത്തിൽ തെളിവൊന്നും കണ്ടെത്താനായില്ലെന്നാണ് കമ്മീഷൻ നിഗമനം. മാധ്യമങ്ങളുടെ ധാർമികതയും രാഷ്ട്രീയത്തിലെ മൂല്യച്ഛുതിയും റിപ്പോർട്ടിന്റെ ഭാഗമാണ്. തെളിവൊന്നും ഇല്ലെന്ന് കമ്മീഷൻ പറഞ്ഞ സാഹചര്യത്തിൽ എകെ ശശീന്ദ്രന് വീണ്ടും മന്ത്രിയായി തിരിച്ചെത്താൻ കഴിയും. ഫോൺകെണി വിവാദത്തിലെ ഓഡിയോ ക്ലിപ്പ് വ്യക്തതയില്ലാത്തതാണെന്ന നിഗമനാണ് ജഡ്ജി പി.എസ്. ആന്റണി മുന്നോട്ട് വയ്ക്കുന്നത്. ഈ ഓഡിയോ ക്ലിപ്പിന്റെ ഒർജിനൽ കണ്ടെതാനാവാത്തതാണ് ശശീന്ദ്രന് തുണയാകുന്നത്.

ഫോൺ കണി വിവാദത്തിൽപ്പെട്ട മാധ്യമ പ്രവർത്തക കമ്മീഷന് മുമ്പിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യവും മന്ത്രിക്ക് അനുകൂലമാണ്. സ്വകാര്യ അന്യായം പിൻവലിക്കാൻ ഹൈക്കോടതിയെ മാധ്യമ പ്രവർത്തക സമീപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശശീന്ദ്രന് മന്ത്രിസഭയിൽ മടങ്ങി വരാൻ അവസരമൊരുങ്ങുന്നത്. ഹണി ട്രാപ്പ് കേസിൽ പൊലീസ് കേസെടുത്തിരുന്നു. മംഗളം സിഇഒ അജിത് കുമാർ അടക്കമുള്ളവരാണ് പ്രതികൾ. ഇവരിൽ നിന്നും കമ്മീഷന് ശശീന്ദ്രനെതിരായ തെളിവൊന്നും കിട്ടിയില്ല. ഓഡിയോയുടെ ആധികാരികതയും ഉറപ്പാക്കാൻ കമ്മീഷനായില്ല.

ഫോൺ വിളിയും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും അടക്കമുള്ള വിഷയങ്ങളാണ് കമ്മിഷൻ അന്വേഷിച്ചത്. എൻ.സി.പിയുടെ മന്ത്രി തോമസ് ചാണ്ടി കൂടി രാജിവെക്കേണ്ടിവന്നതോടെ കമ്മിഷൻ റിപ്പോർട്ട് ശശീന്ദ്രനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കുറ്റമുക്തരായി ആദ്യം വരുന്ന ആൾക്ക് മന്ത്രിസ്ഥാനം നൽകുമെന്ന ഉറപ്പാണ് ഇടതുമുന്നണി എൻ.സി.പിക്ക് നൽകിയിരിക്കുന്നത്. ഡിസംബർ 31വരെ കമീഷന് കാലാവധി ഉണ്ടായിരിക്കെയാണ് ചൊവ്വാഴ്ച റിപ്പോർട്ട് നൽകുന്നത്. ഈ റിപ്പോർട്ട് നിയമസഭയിൽ മാത്രമേ വയ്ക്കാൻ സർക്കാരിന് കഴിയൂ. അടുത്ത നിയമസഭാ സമ്മേളനത്തിൽ അതുണ്ടാകും. ഇതാണ് നടപടി ക്രമമെങ്കിലും മന്ത്രി കുറ്റക്കാരനല്ലെന്ന് കണ്ടാൽ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് സൂചന.

വിവാദത്തിൽ സുപ്രധാന തെളിവാകേണ്ട ശബ്ദരേഖ കമ്മിഷന്റെ മുന്നിൽ എത്തിക്കാൻ സംഭവത്തിൽ ഉൾപ്പെട്ട ചാനലിന് സാധിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് സംഭാഷണം നടന്നതെന്ന് വ്യക്തമാകുന്ന വിധത്തിൽ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നത്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ചാനൽ ശബ്ദരേഖയുടെ പൂർണരൂപം ഹാജരാക്കിയില്ല. പരാതിക്കാരിയായ മാധ്യമപ്രവർത്തക കമ്മിഷനുമുന്നിൽ ഒരിക്കൽ പോലും ഹാജരായില്ല. പലകുറി അറിയിച്ചിട്ടും അവർ വിട്ടുനിൽക്കുകയായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം റിപ്പോർട്ടിൽ ശശീന്ദ്രന് അനകൂലമാണ്. സമഗ്രമായ റിപ്പോർട്ടാണ് സമർപ്പിക്കുന്നതെന്ന് അന്വേഷണ കമ്മിഷൻ ജഡ്ജി പി.എസ്. ആന്റണി നേരത്തെ പറഞ്ഞിരുന്നു. ശശീന്ദ്രൻ കുറ്റക്കാരനാണോ എന്ന് ഇപ്പോൾ പറയുന്നില്ല.

ഫോൺ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. നിയമനടപടികളെക്കുറിച്ച് റിപ്പോർട്ടിൽ ശുപാർശചെയ്യും. മാധ്യമരംഗത്തെ നവീകരണ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായും ധാർമികമായും കേരളം ചർച്ച ചെയ്യേണ്ട നിരവധി വിഷയങ്ങൾ കമ്മിഷൻ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കമ്മിഷന്റെ കണ്ടെത്തൽ എ.കെ.ശശീന്ദ്രന് നിർണായകമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും വിശദീകരിക്കാനായി എൻ സി പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കമ്മീഷൻ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം ശശീന്ദ്രൻ മന്ത്രിസഭാ പ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനം എടുക്കും.

മംഗളം ടിവി ചാനലിൽ മുൻ മന്ത്രി എ കെ ശശീന്ദ്രന്റേതെന്ന പേരിൽ സംപ്രേഷണം ചെയ്ത വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിനാണ് മുൻ ജില്ലാ ജഡ്ജി പി എസ് ആന്റണിയെ ജുഡീഷ്യൽ കമീഷനായി സർക്കാർ നിയമിച്ചത്. സംപ്രേഷണം ചെയ്ത സംഭാഷണം ഏതു സാഹചര്യത്തിൽ ഉണ്ടായതാണ്, റെക്കോഡ് ചെയ്ത സംഭാഷണം പിന്നീട് ദുരുദേശ്യപരമായി എഡിറ്റ് ചെയ്യുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നിൽ ആരെല്ലാം പ്രവർത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതിൽ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് അന്വേഷണ വിഷയങ്ങൾ. ഈ അന്വേഷണവുമായി സഹകരിക്കാൻ മംഗളം ചാനൽ തയ്യാറായില്ലെന്ന റിപ്പോർട്ടാണ് അധികൃതർ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP