Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാബുമോനും ജാഫർ ഇടുക്കിക്കും നുണപരിശോധന? പാടിയിൽ ചാരായമെത്തിയെന്ന് ഉറപ്പിച്ച് പൊലീസ്; സുഹൃത്തുകളെല്ലാം സംശയ നിഴലിൽ; കലാഭവൻ മണിയുടെ മരണത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡിജിപി; നേരറിയാൻ തൽകാലം സിബിഐ വേണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

സാബുമോനും ജാഫർ ഇടുക്കിക്കും നുണപരിശോധന? പാടിയിൽ ചാരായമെത്തിയെന്ന് ഉറപ്പിച്ച് പൊലീസ്; സുഹൃത്തുകളെല്ലാം സംശയ നിഴലിൽ; കലാഭവൻ മണിയുടെ മരണത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡിജിപി; നേരറിയാൻ തൽകാലം സിബിഐ വേണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം തൽകാലം വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പുതിയ ടീമിന് നിയോഗിച്ച് അന്വേഷണം തുടരാൻ പൊലീസ് മേധാവി തീരുമാനിച്ചു. ആന്തരികാവയവ രാസപരിശോധനയിൽ 45 മില്ലീഗ്രാം മെഥനോൾ കണ്ടെത്തിയതായി ഹൈദരാബാദിലെ കേന്ദ്രലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു ആദ്യ അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ മണിയെ കൊന്നതാണെന്ന വാദത്തിൽ കുടുംബം ഉറച്ചു നിൽക്കുകയും ചെയ്തു. ഇതോടെ സിബിഐ അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്തു. എന്നാൽ കേന്ദ്ര ലാബിലെ ഫലം വന്നതോടെ മരണത്തിൽ ദുരൂഹത കാണുകയാണ് ഡിജിപി. ഈ സാഹചര്യത്തിൽ കേരളാ പൊലീസ് തന്നെ കള്ളക്കളികൾ പുറത്തുകൊണ്ടുവരുമെന്നാണ് ഡിജിപിയുടെ നിലപാട്.

ഈ സാഹചര്യത്തിൽ കലാഭവൻ മണിയുടെ മരണത്തിൽ വീണ്ടും അന്വേഷണം തുടങ്ങും. എസ്‌പി നിശാന്തിനിയുടെ നേതൃത്വത്തിൽ പുതിയ ടീമിനെ നിയോഗിക്കുകയും ചെയ്തു. കലാഭവൻ മണിയുടെ ഔട്ട് ഹൗസിൽ ചാരായം എത്തിയതായും അത് കുടിച്ചതു കൊണ്ടാണ് മണിയുടെ മരണമെന്നും ഡിജിപി വിലയിരുത്തുന്നു. ഈ ചാരായം ആരാണ് കൊണ്ടു വന്നതെന്നതിന് വ്യക്തത വന്നാൽ മണിയുടെ മരണത്തിലെ ദുരൂഹത മാറും. സിനിമാ-സീരിയൽ നടന്മാരായ ഇടുക്കി ജാഫറിനെതിരേയും സാബുമോനെതിരേയും ചില ആക്ഷേപങ്ങളും സംശയങ്ങളും ഉയർന്നു. എന്നാൽ ഇരുവരും ആരോപണങ്ങൾ നിഷേധിക്കുകയും മണിയുടേത് സ്വാഭാവിക മരണമാണെന്ന് ആവർത്തിക്കുകയും ചെയ്തു. ഇത് ദുരൂഹമാണെന്ന് ഡിജിപി വിലയിരുത്തുന്നു. രാത്രിയോടെ പാടി വിട്ടെന്ന് പറയുന്നവർക്ക് എങ്ങനെ മണിയുടേത് സ്വാഭാവിക മരണമാണെന്ന് പറയാനാകുമെന്നാണ് ഉയരുന്ന ചോദ്യം.

മണിയുടെ മരണത്തിലെ ദുരൂഹത മാറ്റാൻ പാടിയിലുണ്ടായിരുന്നവരെ എല്ലാം വീണ്ടും ചോദ്യം ചെയ്യും. ചാരായം എത്തിച്ചെന്ന് ആരോപിച്ച് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അതിൽ തുടർ നടപടിയെടുത്തുമില്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കും. മണിക്ക് മയങ്ങാനുള്ള മരുന്ന് നൽകിയ ശേഷം ആശുപത്രിയിൽ കൊണ്ടു പോയ ഡോക്ടറേയും ചോദ്യം ചെയ്യും. കരൾരോഗ ബാധിതരിൽ 45 മില്ലീഗ്രാം മെഥനോൾ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാമെന്ന പൊലീസ് നിഗമനം മെഡിക്കൽ ബോർഡ് അംഗീകരിച്ചിട്ടുണ്ട്. സാധാരണ ആരോഗ്യമുള്ള വ്യക്തിയിൽ ഈ അളവു മരണകാരണമാകില്ലെങ്കിലും മണിയെ പോലൊരു വ്യക്തിയിൽ ഇത് പ്രശ്‌നമാകും. മണിയുടെ കരൾ രോഗത്തെ പറ്റിയും കൂട്ടുകാർക്കെല്ലാം അറിയാം. ഈ സാഹചര്യത്തിൽ ചാരായം മണിക്ക് എത്തിച്ചു കൊടുത്തതും കുറ്റമാണ്.

സത്യം കണ്ടെത്താൻ പാടിയിലെ സൽക്കാരത്തിൽ പങ്കെടുത്ത സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. മണിയെ അപായപ്പെടുത്താൻ സുഹൃത്തക്കൾ ശ്രമിച്ചിരിക്കാം എന്ന കുടുംബാംഗങ്ങളുടെ സംശയത്തെ മുൻനിർത്തിയാണ് നുണപരിശോധന എന്ന ഘട്ടത്തിലേക്ക് കടക്കുന്നത്. അന്വേഷണം സിബിഐക്ക് വിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ അന്വേഷണ ചുമതലവഹിക്കാൻ മറ്റു ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ നിയോഗിക്കുന്നുണ്ട്. ഇതിനിടെയിൽ സത്യം കണ്ടെത്താനാണ് ശ്രമം. സിബിഐയ്ക്ക് വിടാനുള്ള നടപടിക്രമങ്ങൾ വൈകിപ്പിക്കുകയും ചെയ്യും. ക്രൈംബ്രാഞ്ച് എസ്‌പി ഉണ്ണിരാജ, ഡിവൈഎസ്‌പിമാരായ സോജൻ, എ.എസ് സുദർശൻ തുടങ്ങി മണിയുടെ മരണം അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെല്ലാം നിലവിൽ ജിഷാ വധക്കേസിന്റെ ചുമതലയിലാണ്. ഈ സാഹചര്യത്തിലാണ് നിശാന്തിനിയെ അന്വേഷണത്തിന് നിയോഗിക്കുന്നത്.

സുപ്രീംകോടതി ഉത്തരവ് പ്രകാരം പരിശോധനയ്ക്ക് വിധേയരാക്കേണ്ടവരുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ നുണപരിശോധന നടത്താൻ കഴിയൂ. എന്നാൽ ഇടുക്കി ജാഫറും സാബുമോനും നുണപരിശോധനയ്ക്ക് വിധേയമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിലെല്ലാം സത്യം തെളിയിക്കാൻ എന്തു വേണമെങ്കിലും ചെയ്യാമെന്നായിരുന്നു ജാഫറും സാബുവും പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നുണ പരിശോധനയെന്ന പൊലീസിന്റെ ആവശ്യം ഇരുവരും നിരാകരിക്കില്ലെന്നും പ്രതീക്ഷിക്കുന്നു. അങ്ങനെ വന്നാൽ ജാഫറും സാബുവും സംശയത്തിന്റെ നിഴലിലുമാകും. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനുമായുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരും നുണപരിശോധനയിൽ നിന്ന് മാറി നിൽക്കില്ലെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

മണിയുടെ ശരീത്തിൽ മെഥനോളിന്റെ അളവു 45 മില്ലീഗ്രാം ആണെന്നതിനാൽ വ്യാജച്ചാരായം ഉള്ളിൽ ചെന്നിരിക്കാമെന്ന സാധ്യത സജീവമായി പരിശോധിക്കുന്നുണ്ടെന്ന് ഐജി എംപി.അജിത് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. കരൾരോഗ ബാധിതനായ മണിയുടെ ശരീരത്തിൽ ഈ അളവിൽ മെഥനോൾ എത്തിയാൽ മരണകാരണമായേക്കാം. കാക്കനാട്ടെ സംസ്ഥാന ലാബിലെ പരിശോധനയിൽ 26 മില്ലീഗ്രാം മെഥനോളാണ് ആദ്യം കണ്ടെത്തിയത്. ഇതു മണി ബീയർ കഴിച്ചതുവഴി ശരീരത്തിലെത്തിയതാകാമെന്നായിരുന്നു ആദ്യ ധാരണ. അതുകൊണ്ടുതന്നെ ഗുരുതര കരൾരോഗം മരണകാരണമായി എന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം.

മണി കൂടിയ അളവിൽ ബീയർ കഴിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയെങ്കിലും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്കു കൊണ്ടുപോയ ദിവസമോ അതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലോ ചാരായം കഴിച്ചതു സംബന്ധിച്ച മൊഴികളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ചാരായം പാടിയിലെത്തിയതിന് വ്യക്തമായ തെളിവാണ് ലാബിലെ പരിശോധനാ ഫലം. തൃശൂർ റേഞ്ച് ഐജി എം.ആർ അജിത്കുമാറിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചും പൊലീസുമടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കലാഭവൻ മണിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് അന്വേഷിച്ചിരുന്നത്.

എന്നാൽ അന്വേഷണത്തിന് ചുക്കാൻ പിടിച്ചിരുന്ന പി.എൻ ഉണ്ണിരാജനും കെ. സുദർശനുമടക്കമുള്ള സംഘത്തിലെ പ്രധാനികളെല്ലാം തന്നെ തൃശൂരിൽ നിന്ന് സ്ഥലം മാറുകയും ജിഷ കേസിന്റെ ചുമതലയിലുമായി. ഇതിനിടെ മണിയുടെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടില്ല. തോടെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ചില കോണുകളിൽ നിന്ന് ആക്ഷേപമുയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം പുനഃസംഘടിപ്പിച്ച് തൃശൂർ റൂറൽ എസ്‌പി ആർ നിശാന്തിനിക്ക് അന്വേഷണ ചുമതല കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP