Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ കൈവിട്ടു പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ മേൽനോട്ടം; ഡിജിപി തന്നെ രംഗത്തിറങ്ങി സമാധാന നീക്കം; തുടർ ചലനങ്ങൾ ഉണ്ടാവാത്തതിനാൽ ഇരു ക്യാമ്പുകളിലും ആശ്വാസം; വികാരഭരിതമായി അണികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇന്നലെ രണ്ട് മണിക്കൂറുകൾക്കിടയിൽ പയ്യന്നൂരിൽ നടന്ന രണ്ട് കൊലപാതകങ്ങൾ രാഷ്ട്രീയ വൈര്യത്തിന്റെ പുതിയ കൊലപാതക പരമ്പര ആവർത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുകയാണ് പൊലീസ്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഇടത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ബോധം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. അതിനാൽ പഴയതൊന്നും ആവർത്തിക്കാതിരിക്കാനാണ് നീക്കം. ഇതിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ടെത്തി കരുക്കൾ നീക്കം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇതെന്നാണ് സൂചന.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സിപിഐ(എം). പ്രാദേശികനേതാവായ കുന്നരു കാരവനാട്ടെ ധനഞ്ജയൻ എന്ന യുവാവ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കകം 12.30-ഓടെ ഒരു ബി.എം.എസ്. നേതാവ് രാമചന്ദ്രനെ വാതിൽ പൊളിച്ച് വീട്ടിൽക്കയറി വെട്ടിക്കൊന്നുകൊണ്ടുള്ള പ്രതികാരം നടന്നു. കൊലപാതങ്ങളെത്തുടർന്ന് പയ്യന്നൂരും പരിസരങ്ങളിലും വ്യാപകമായ അക്രമങ്ങളുണ്ടായി. പല ഓഫീസുകൾക്കും കടകൾക്കും വാഹനങ്ങൾക്കുനേരെയും അക്രമമുണ്ടായി. ഇതോടെയാണ് പൊലീസ് ശക്തമായി ഇടപെട്ടത്. കണ്ണൂരിൽ ഡിജിപിയെത്തി കാര്യങ്ങൾ വിലയിരുത്തി. രാഷ്ട്രീയ കൊലയ്ക്ക് അ്പ്പുറമുള്ള ഗൂഢാലോചനകളിലേക്ക് പോലും അന്വേഷണം നീണ്ടു.

തെരഞ്ഞെടുപ്പുഫലമറിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ പിണറായിയിൽ ഉണ്ടായ അക്രമത്തിൽ സിപിഐ(എം). പ്രവർത്തകനായ രവീന്ദ്രൻ കൊല്ലപ്പെട്ടിരുന്നു. കണ്ണൂരിലെ അക്രമം ഭരണത്തുടക്കത്തിൽത്തന്നെ കല്ലുകടിയായി. ഇത് ദേശീയ തലത്തിൽ പോലും സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ബിജെപി ദേശീയ തലത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരിൽനിന്ന് സമാധാനം അകലുന്നു എന്ന പരാതിയും ഉയർന്നു. പിന്നീടാണ് കുട്ടിമാക്കൂലിൽ ദളിത് സ്ത്രികൾക്കുനേരെ നടന്നതായി പറയപ്പെടുന്ന അക്രമവും ഇടത് സർക്കാരിന് വെല്ലുവിളിയായി. കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനങ്ങളിൽ പ്രതിഷേധമുയർന്നു തുടങ്ങിയതോടെയാണു രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ഇടപെട്ടു കൊലപാതക പരമ്പരയ്ക്കു വിരാമമിട്ടത്. 2008ൽ തലശേരി, കൂത്തുപറമ്പ് മേഖലകളിലായി നടന്ന കൊലപാതക പരമ്പരയ്ക്കു ശേഷം കണ്ണൂരിൽ ഒറ്റപ്പെട്ട കൊലപാതകങ്ങൾ മാത്രമാണുണ്ടായിരുന്നത്.

പൊതുവെ സമാധാനം നിലനില്ക്കുന്ന പയ്യന്നൂരിൽ മണിക്കൂറുകൾക്കിടയിൽ നടന്ന അക്രമം പരിസരത്തെ മാത്രമല്ല ജില്ലയെ മുഴുവൻ ആശങ്കയിലാക്കി. കൊലപാതകത്തിന് പ്രകോപനങ്ങൾ ഒന്നും ഉണ്ടായില്ല. കൊല്ലപ്പെട്ട സിപിഐ(എം). പ്രവർത്തകൻ ചില കേസുകളിൽ പ്രതിയാണെന്ന് ബിജെപി. ആരോപിക്കുന്നു. പക്ഷേ, അതിനുതക്ക പ്രകോപനങ്ങൾ ഒന്നും അടുത്തുണ്ടായില്ല. അതേസമയം, ഓട്ടോഡ്രൈവറും ബി.എം.എസ്. നേതാവുമായ രാമചന്ദ്രനും കേസുകളിൽ ഒന്നും പ്രതിയായിരുന്നില്ല. ഇതൊക്കെ പലതരം ആശങ്കകളും സജീവമാക്കുന്നുണ്ട്. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷമുണ്ടാക്കി അതിന്റെ നേട്ടം കൊയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നു.

എന്നാൽ പരസ്യമായി സിപിഎമ്മും ബിജെപിയും പരസ്പം കുറ്റപ്പെടുത്തുകയാണ്. സിപിഐ(എം) കൊലക്കത്തി താഴെ വച്ചാൽ മാത്രമെ കണ്ണൂരിൽ സമാധാനം വരൂയെന്ന് കുമ്മനം പറഞ്ഞു. ആർഎസ്എസ് പ്രവർത്തകൻ വിനോദ് വധക്കേസിലെ പ്രതികൾ തന്നെയാണ് കേസിലെ പ്രധാന സാക്ഷിയായ രാമചന്ദ്രനെ വധിച്ചത്. കുറ്റവാളികളെ വ്യക്തമായി തിരിച്ചറിഞ്ഞ സ്ഥിതിക്ക് അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ധനരാജിനെ കൊന്നതും ആർഎസ്എസ് ആണെന്ന് സിപിഎമ്മും പറയുന്നു. ഇരു മരണങ്ങളേയും അണികളും വികാരത്തോടെയാണ് കാണുന്നത്. ഇത് ആളികത്തിക്കാതിരിക്കാൻ ഇരു പാർട്ടി നേതാക്കളും ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടാണ് ഒറ്റ രാത്രിയോടെ പയ്യന്നൂരിൽ അക്രമങ്ങൾക്ക് വിരാമമായത്.

അക്രമത്തിനു സാധ്യതയുണെ്ടന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദ്രുതകർമ സേനയെ ജില്ലയിൽ വിന്യസിച്ചതിനു തൊട്ടുപിന്നാലെയാണു കൊലപാതകങ്ങൾ നടന്നത്. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും കൊലപാതകങ്ങളും ഒഴിച്ചുനിർത്തിയാൽ തലശേരിയിലും പാനൂരിലും കൊലപാതക പരമ്പരകൾ അരങ്ങേറിയപ്പോൾ പോലും പയ്യന്നൂർ മേഖല ശാന്തമായിരുന്നു. 1995 ജൂൺ 27ന് കെഎസ്‌യു ജില്ലാ നേതാവായിരുന്ന കെ.പി.സജിത്ത്‌ലാലും 2013 ഡിസംബർ ഒന്നിന് ആർഎസ്എസ് പ്രവർത്തകനായ സി.എം. വിനോദ്കുമാറും കൊല്ലപ്പെട്ട സംഭവങ്ങൾ മാത്രമായിരുന്നു പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ. എന്നാൽ, കണ്ണൂരിലെ പഴയകാല കൊലപാതക പരമ്പരകളെ ഓർമിക്കുന്ന രീതിയിൽ തന്നെയായിരുന്നു തിങ്കളാഴ്ച പയ്യന്നൂരിൽ നടന്ന കൊലപാതകങ്ങളും.

ജോലിസ്ഥലത്തുനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ പിന്തുടർന്ന അക്രമിസംഘം ധനരാജിനെ വീട്ടുമുറ്റത്തുവച്ചു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങൾ നോക്കിനിൽക്കേയായിരുന്നു ഇത്. ഈ കൊലയ്ക്കു തൊട്ടുപിന്നാലെ രണ്ട്ു മണിക്കൂറിനുള്ളിൽ അടുത്ത കൊലപാതകവും നടന്നു. അന്നൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ബിഎംഎസ് നേതാവും പയ്യന്നൂരിലെ ഓട്ടോഡ്രൈവറുമായ സി.കെ.രാമചന്ദ്രനെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് അക്രമികൾ വകവരുത്തിയത്. ഭാര്യയും മക്കളും നോക്കിനിൽക്കെയായിരുന്നു രാമചന്ദ്രനെ കൊന്നത്.

2016 ഫെബ്രുവരി 15ന് പാപ്പിനിശേരിയിൽ ആർഎസ്എസ് പ്രവർത്തകനായ സുജിത്തിനെ രാത്രിയിൽ വീട്ടിൽനിന്നു വിളിച്ചിറക്കി വീട്ടുകാരുടെ മുന്നിൽവച്ചു വെട്ടിക്കൊലപ്പെടുത്തിയതാണ് ഈ വർഷം കണ്ണൂരിലെ ആദ്യത്തെ കൊലപാതകം. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ആഹ്ലാ ദപ്രകടനം നടക്കുന്നതിനിടെ മെയ്‌ 19ന് പിണറായിയിൽ സിപിഐ(എം) പ്രവർത്തകനായ രവീന്ദ്രൻ ബോംബേറിൽ കൊല്ലപ്പെട്ടു. 2008ൽ ഏഴുപേർ കൊല്ലപ്പെട്ട കൊലപാതക പരമ്പരയ്ക്കുശേഷം 2012 ഫെബ്രുവരിയിൽ മുസ്‌ലിംലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ വിചാരണ നടത്തി കൊലപ്പെടുത്തിയ സംഭവമായിരുന്നു ഏറെ വിവാദമുണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP