Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യക്തിവൈരാഗ്യം തീക്കളിയായി; ചാരിറ്റി തട്ടിപ്പിൽ അകത്തു പോകേണ്ടി വന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ പരാതിക്കാരനായ കാർഗിൽ യുദ്ധഭടനെ പൊലീസ് കേസിൽ കുടുക്കി; ചെയ്യാത്ത കുറ്റത്തിന് വിമുക്തഭടൻ ജയിലിൽ കഴിഞ്ഞത് 55 ദിവസം; കോടതി മേൽനോട്ടത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസ് കളവെന്ന് തെളിഞ്ഞു; കെപിസിസി അംഗം, വക്കീൽ, പുരോഹിതൻ എന്നിവരടക്കം 15 പേർക്കെതിരേ എഫ്ഐആർ

വ്യക്തിവൈരാഗ്യം തീക്കളിയായി; ചാരിറ്റി തട്ടിപ്പിൽ അകത്തു പോകേണ്ടി വന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ പരാതിക്കാരനായ കാർഗിൽ യുദ്ധഭടനെ പൊലീസ് കേസിൽ കുടുക്കി; ചെയ്യാത്ത കുറ്റത്തിന് വിമുക്തഭടൻ ജയിലിൽ കഴിഞ്ഞത് 55 ദിവസം; കോടതി മേൽനോട്ടത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസ് കളവെന്ന് തെളിഞ്ഞു; കെപിസിസി അംഗം, വക്കീൽ, പുരോഹിതൻ എന്നിവരടക്കം 15 പേർക്കെതിരേ എഫ്ഐആർ

ശ്രീലാൽ വാസുദേവൻ

മാവേലിക്കര: അടുത്ത സുഹൃത്തുക്കളായ രണ്ടു പേർ പല കാരണങ്ങളുടെ പേരിൽ ശത്രുതയിലായി. ഒരാൾ അപരന്റെ ചാരിറ്റി തട്ടിപ്പ് പൊളിച്ചടുക്കിയപ്പോൾ അയാൾ അകത്തായി. ഇതിന് പ്രതികാരമായി അയാൾ ചെയ്തത് തന്നെ അകത്താക്കിയ മുൻസുഹൃത്തിനെ പോക്സോ കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയായിരുന്നു. പക്ഷേ, ഇവിടെ കളി മാറി. ചെയ്യാത്ത കുറ്റത്തിന് ജയിലിലായ യുവാവ് നിയമനടപടികളുമായി രംഗത്ത് ഇറങ്ങിയതോടെ കെട്ടിച്ചമച്ച പോക്സോ കേസ് പൊളിഞ്ഞു. കാറ്റ് മാറി വിശീയപ്പോൾ നിരപരാധിയെ കേസിൽ കുടുക്കിയതിന് 15 പേർക്കെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നൂറനാട്ടാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം. പോക്സോ കേസിൽ കുടുങ്ങിയത് കാർഗിൽ യുദ്ധഭടനായ നൂറനാട് പടനിലം നടുവിലെമുറി ഷാജി ഭവനത്തിൽ ഷാജി(45)യാണ്. നിലയ്ക്കാത്ത നിയമപോരാട്ടത്തിനൊടുവിൽ ഷാജിയുടെ നിരപരാധിത്വം വെളിച്ചത്തു വന്നു. കേസിൽ കുടുക്കിയെന്ന് ഷാജി ആരോപിക്കുന്ന പടനിലം നടുവിലേമുറി പള്ളിത്തറയിൽ സണ്ണി ജോർജ് അടക്കം 15 പേർക്കെതിരേ നൂറനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കഥ ഇങ്ങനെ വായിക്കാം: 18 വർഷം സൈന്യത്തിൽ ജോലി ചെയ്ത ഷാജിയും സമീപവാസിയായ സണ്ണിയും തമ്മിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുണ്ടായിരുന്നു. പിന്നീട് ഇവർ പിണങ്ങി. ഇതോടെ വിവരാവകാശ പ്രവർത്തകൻ കൂടിയായ ഷാജി സണ്ണി നടത്തുന്ന ചാരിറ്റബിൾ സ്ഥാപനങ്ങളെ കുറിച്ച് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകി. ഓരോ ട്രസ്റ്റിനും മൽസ്യ സ്റ്റാൾ, പച്ചക്കറി സ്റ്റാൾ എന്നീ കെട്ടിടങ്ങളുടെ പേരിലാണ് നമ്പരും ലൈസൻസും അനുവദിച്ചിരിക്കുന്നത് എന്ന് അപേക്ഷയ്ക്ക് മറുപടി ലഭിച്ചു. ചാരിറ്റിയുടെ പേര് പറഞ്ഞ് നടത്തുന്ന തട്ടിപ്പിനെതിരേ ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ സണ്ണിയും കൂട്ടാളിയും ചേർന്ന് ഷാജിയുടെ വീട് കയറി ആക്രമിക്കാൻ ശ്രമിച്ചു. ഹൈക്കോടതിയെ സമീപിച്ച ഷാജി ഇവർക്കെതിരേ പൊലീസ് സംരക്ഷണത്തിനുള്ള അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.

ഇതിന്റെ പ്രതികാരമെന്നോണം 15 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഷാജിയും മറ്റു രണ്ടുപേരും ചേർന്ന് ബലാൽസംഗം ചെയ്തുവെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. 55 ദിവസം ജയിലിൽ കിടന്നു. പിന്നെ ഷാജിയുടെ ഭാര്യയുടെ പരാതി പ്രകാരം വന്ന കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചു. 1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് സ്തുത്യർഹ സേവനം നടത്തിയതിന് രാഷ്ട്രപതിയുടെ മെഡൽ നേടിയയാളാണ് ഷാജി. പോക്സോ കേസിൽ ജാമ്യാപേക്ഷ പരിശോധിച്ച ഹൈക്കോടതി കേസ് സംശയാസ്പദമാണെന്ന് നിരീക്ഷിച്ചാണ് ഷാജിക്ക് ജാമ്യം അനുവദിച്ചത്. തുടർന്ന് തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഇതേപ്പറ്റി ഡിവൈ.എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഷാജിയുടെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കേസ് ഡയറി പരിശോധിച്ച സിംഗിൾബഞ്ച് ഹർജിയിൽ കഴമ്പുണ്ടെന്ന് കണ്ട് അനുവദിക്കുകയായിരുന്നു. ഡിവൈ.എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയെ കോടതി ചുമതലപ്പെടുത്തി. ഇതനുസരിച്ച് ആലപ്പുഴ ഡിസിആർബി ഡിവൈ.എസ്‌പി അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഷാജി നൽകിയ പരാതിയിലാണ് പടനിലം നടുവിലേമുറി പള്ളിത്തറയിൽ സണ്ണി ജോർജ്, സഹോദരനും കെപിസിസി അംഗവുമായ കറ്റാനം ഷാജി, ഇരയുടെ പിതാവ്, മാതാവ്, കുഞ്ഞമ്മ, തിരുവനന്തപുരം ചിൽഡ്രൻസ് ഹോം ഡയറക്ടർ ഫാ. ജെയിംസ്, അഡ്വ ജി മധു എന്നിവർ അടക്കം 15 പേർക്കെതിരേ നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, പോക്സോ വകുപ്പ് ദുരുപയോഗം ചെയ്യൽ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകളിട്ടാണ് കേസെടുത്തിരിക്കുന്നത്.

സത്യം തെളിയിക്കാൻ വേണ്ടി ഷാജി സ്വമേധയാ നുണപരിശോധനയ്ക്ക് വിധേയനായിരുന്നു. പെൺകുട്ടിയും ഇതിന് തയാറായെങ്കിലും നിശ്ചയിച്ച ദിവസങ്ങളിലൊന്നും ഹാജരായില്ല.
18 വർഷം സൈന്യത്തിൽ എം.ഇ.ജി. വിഭാഗത്തിൽ വയർലസ് ഓപ്പറേറ്ററായി സേവനം അനുഷ്ഠിച്ച ഷാജി മടങ്ങിയെത്തിയ ശേഷം എച്ച്.എം ടിയിൽ ഇലക്ട്രീഷ്യന്റെ ജോലി ചെയ്തു വരികയായിരുന്നു. 2013 ഫെബ്രുവരി മൂന്നിന് രാവിലെ 11.30 ന് ഷാജി, ഒരു സ്ത്രീ, കറുത്തു തടിച്ച മറ്റൊരു പുരുഷൻ എന്നിവർ ചേർന്ന് മാരുതി ഓമ്നി വാനിൽ കയറ്റിക്കൊണ്ടു പോയെന്നും കായൽക്കരയിൽ വച്ച് ഒന്നും രണ്ടും പ്രതികൾ ബലാൽസംഗം ചെയ്തുവെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. നാലാം തീയതി തിരുവനന്തപുരത്ത് മുൻപ് പഠിച്ച സ്‌കൂളിൽ എത്തിയ കുട്ടിയെ അദ്ധ്യാപകർ ചൈൽഡ് ലൈനിന് കൈമാറി. അവിടെ നിന്ന് പുജപ്പുര ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. അവർ പരാതി പൂജപ്പുര പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ പിബി വിനോദ്കുമാറും സംഘവും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത ശേഷം, സംഭവം നടന്നത് നൂറനാട് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇവിടേക്ക് മാറ്റുകയായിരുന്നു. 2013 ഒക്ടോബർ 27 നാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് കഴിയാതിരുന്നിട്ടും കോടതി ഷാജിയെ റിമാൻഡ് ചെയ്തു.

കീഴ്ക്കോടതിയിൽ ജാമ്യം കിട്ടാതെ വന്നപ്പോൾ ഷാജിയുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണ കാലയളവിൽ ആർ ജയചന്ദ്രൻ പിള്ള, ടി ചന്ദ്രമോഹനൻ, കെ. സുഭാഷ്, എൻ പാർഥസാരഥി പിള്ള എന്നിവർ ഡിവൈ.എസ്‌പിമാരായി വന്നു. കഴിഞ്ഞ മാർച്ച് 30 ന് പാർഥസാരഥി പിള്ളയാണ് കേസ് കെട്ടിച്ചമച്ചതാണെന്ന റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മെയ്‌ 16 ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന വി എം. മുഹമ്മദ് റഫീഖ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവാദം നൽകി. മെയ്‌ 31 ന് റിപ്പോർട്ട് ആലപ്പുഴ ജില്ലാകോടതിയിൽ സമർപ്പിച്ചു.

ഇരയായ പെൺകുട്ടിയുടെ ഭാഗം കൂടി കേൾക്കുന്നതോടെ കേസിൽ അന്തിമവിധിയുണ്ടാകും. ഇതിനായി കോടതി പല തവണ പെൺകുട്ടിക്ക് നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റിയിട്ട് ഹാജരായില്ല. ഇതിന്റെ പേരിൽ നൂറനാട് എസ്.ഐക്ക് കോടതി കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. പൊലീസിന്റെ റിപ്പോർട്ട് പ്രകാരമാകും കോടതി ഇനി അന്തിമവിധി പ്രഖ്യാപിക്കുക. അതേസമയം, അന്തിമവിധി വരുന്നതിന് മുൻപ് തന്നെ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എതിർകക്ഷിക്കൾക്കെതിരേ താൻ പരാതി നൽകുകയായിരുന്നുവെന്ന് ഷാജി പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ചതായി പറയുന്ന ദിവസം താനും ഭാര്യയും കൂടി ഹൈക്കോടതിയിൽ നടക്കുന്ന കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. അറസ്റ്റിലായതോടെ സമൂഹമധ്യത്തിൽ താനും കുടുംബവും ഒറ്റപ്പെട്ടുവെന്ന് ഷാജി കണ്ണീരോടെ പറയുന്നു. പോളിടെക്നിക്കിൽ പഠിക്കുന്ന മകനും പ്ലസ് ടു വിദ്യാർത്ഥിയായ മകൾക്കും പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥ വന്നു. എച്ച്എംടിയിൽ തനിക്കുണ്ടായിരുന്ന ജോലിയും നഷ്ടമായി. തന്നെ കുടുക്കാൻ ഒന്നു ചേർന്ന് പ്രവർത്തിച്ചവർക്കെതിരേ കേസ് കൊടുത്തത് അതിന്റെ ഭാഗമായിട്ടാണ്. സണ്ണിക്ക് വേണ്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ സ്വാധീനം ചെലുത്തി തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചത് കോൺഗ്രസ് നേതാവായിരുന്ന ഷാജി കറ്റാനമായിരുന്നുവെന്ന് ഷാജി ആരോപിച്ചു. ഉമ്മൻ ചാണ്ടിയുടെ വലംകൈ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. സണ്ണിയുടെ അടുത്ത സുഹൃത്തായ ഫാ. ജെയിംസ് ചിൽഡ്രൻസ് ഹോം ഡയറക്ടറായിരുന്നു കൊണ്ട് തന്നെ കുടുക്കാൻ മൊഴി നൽകി. അതേ പോലെ തന്നെ പെൺകുട്ടിയെ കൊണ്ട് മൊഴി പഠിപ്പിച്ച് പൊലീസിൽ പറയിപ്പിച്ചതിനാണ് അഡ്വ. ജി മധുവിനെ പ്രതി ചേർത്തത് എന്നും ഷാജി പറയുന്നു.

പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന മൂന്നു ഡോക്ടർമാരുടെ റിപ്പോർട്ടാണ് യഥാർഥത്തിൽ ഷാജിക്ക് തുണയായത്. അതിനൊപ്പം ഷാജി സ്വമേധയാ നുണപരിശോധനയ്ക്ക് ഹാജരായി. പെൺകുട്ടിയും നുണപരിശോധനയ്ക്ക് ഹാജരാകാൻ സമ്മതിച്ചിരുന്നു. മൂന്നു തവണ ഇതിനായി നോട്ടീസ് നൽകിയെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. 80 സാക്ഷികളുടെ മൊഴിയെടുത്താണ് ഈ കേസ് കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിൽ ഡിസിആർബി ഡിവൈ.എസ്‌പി എൻ. പാർഥസാരഥി പിള്ള എത്തിയത്. തന്നെ കുടുക്കിയവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാൻ ഏതറ്റം വരെ പോകുമെന്ന് ഷാജി പറഞ്ഞു. ഷാജി നൽകിയ പരാതിയിൽ 366 (എ), 376, 506(2), 323, 34ഐ.പി.സി സെക്ഷൻ മൂന്ന് (എ), പോക്സോ വകുപ്പുകൾ ചുമത്തി കഴിഞ്ഞ മാസം 22 ന് നൂറനാട് പൊലീസ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP