Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബെഹ്റയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കാവ്യ; മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിൽ പലതവണ കണ്ണീർ തുടച്ച് നടി; അമ്മ ശ്യാമളയുടെ മൊഴിയും രേഖപ്പെടുത്തി; സഹോദരനും ഭാര്യയ്ക്കും ഹാജരാവാൻ നോട്ടീസ് നൽകിയെന്ന് സൂചന; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യം

ബെഹ്റയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കാവ്യ; മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിൽ പലതവണ കണ്ണീർ തുടച്ച് നടി; അമ്മ ശ്യാമളയുടെ മൊഴിയും രേഖപ്പെടുത്തി; സഹോദരനും ഭാര്യയ്ക്കും ഹാജരാവാൻ നോട്ടീസ് നൽകിയെന്ന് സൂചന; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തു. ഇന്ന് രാവിലെ രഹസ്യകേന്ദ്രത്തിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ മൂന്നരമണിക്കൂറോളം നീണ്ടു നിന്നു. പൊലീസുകാർക്ക് മുൻപിൽ കാവ്യ പല തവണ പൊട്ടിക്കരഞ്ഞതായാണ് വിവരങ്ങൾ. തിരുവനന്തപുരത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വീഡിയോ കോൺഫറൻസിലൂടെ കാവ്യയെ ചോദ്യം ചെയ്തു. ബെഹ്‌റയുടെ ചോദ്യത്തിന് മുന്നിൽ കാവ്യ പതറി. ദിലീപിനേയും ലോക്‌നാഥ് ബെഹ്‌റ സമാന രീതിയിൽ ചോദ്യം ചെയ്തിരുന്നു. കാവ്യയുടെ അമ്മയേയും ചോദ്യം ചെയ്തു. ലക്ഷ്യയെന്ന കാവ്യയുടെ സ്ഥാപനത്തിലെ ഇടപാടുകളാണ് അന്വേഷിക്കുന്നത്.

കേസിലെ ഗൂഢാലോചനയെക്കുറിച്ച് ഇവർ അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്. ഒരു മാഡം നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പൾസർ സുനി മൊഴി നൽകിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പെൻ ഡ്രൈവിലാക്കി മാഡത്തിന് നൽകിയെന്നും സുനി മൊഴി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച സുനിയും സംഘവും പിന്നീട് കാക്കനാട്ടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ എത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ നടത്തിപ്പുകാരായ കാവ്യയുടെ സഹോദരിനിലേക്കും സഹോദര ഭാര്യയിലേക്കും അന്വേഷണം നീളുന്നത്. അതീവ രഹസ്യമായായിരുന്നു കാവ്യയുടേയും അമ്മയുടേയും ചോദ്യം ചെയ്തത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനിടെ നിരവധി തവണയാണ് കാവ്യാമാധവൻ പൊട്ടിക്കരഞ്ഞത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് കാവ്യ ചോദ്യം ചെയ്യലിലുടനീളം സ്വീകരിച്ചത്. ചോദ്യം ചെയ്യൽ മൂന്നരമണിക്കൂറോളം നീണ്ടു നിന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാവ്യമാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്ത അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്താനാണ് കാവ്യയുടെ സഹോദരനേയും സഹോദര ഭാര്യയേയും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കാവ്യയുടേയും അമ്മയുടെയും മൊഴികളുടെ പശ്ചാത്തലത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അതിനിടെ കാവ്യയുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കണ്ടെടുത്തുവെന്നും സൂചനയുണ്ട്. ഈ വ്യക്തിയും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്.

ദിലീപുമായുള്ള മൊഴികളുമായി പൊലീസ് കാവ്യയുടെ വിശദീകരണങ്ങൾ ഒത്തുനോക്കിയിട്ടുണ്ട്. ഇതിൽ രണ്ടിലും വൈരുദ്ധ്യവും കണ്ടെത്തി. ഇന്ന് ദിലീപിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും. അതിനിടെ ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും സംവിധായകൻ നാദിർഷായേയും കസ്റ്റഡിയിൽ എടുക്കുമെന്നും സൂചനയുണ്ട്. ആലുവ പൊലീസ് ക്ലബ്ബ് കേന്ദ്രീകരിച്ചല്ല ഇതൊക്കെ നടക്കുന്നത്. തൃശൂർ-എറണാകുളം അതിർത്തിയിലെ രഹസ്യ കേന്ദ്രത്തെ കുറിച്ച് പൊലീസ് സൂചനകളൊന്നും പുറത്തുവിടുന്നില്ല. അതുകൊണ്ട് തന്നെ ആരെയെല്ലാം പൊലീസ് ചോദ്യം ചെയ്തുവെന്നോ കസ്റ്റഡിയിൽ എടുത്തുവെന്നോ ഉള്ള വിവരങ്ങൾ വ്യക്തവുമല്ല. എല്ലാം അതീവ രഹസ്യ സ്വഭാവത്തോടെ വേണമെന്ന് പൊലീസിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് കാവ്യയുടെ ചോദ്യം ചെയ്യലും അതീവ രഹസ്യ സ്വഭാവത്തിലായത്.

ചോദ്യം ചെയ്യലിന് ശേഷം ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അപ്രത്യക്ഷമായ കാവ്യാമാധവന്റെ ഫേസ്‌ബുക്ക് പേജ് തിരികെ വരികയും ചെയ്തു. ജൂലായ് 11 മുതൽ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായിരുന്നു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെയും കാവ്യയുടെയും പേജിൽ രൂക്ഷമായ ഭാഷയിലായിരുന്നു ആളുകൾ കമന്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയായിരുന്നു കാവ്യയുടെ പേജ് അപ്രത്യക്ഷമായത്. കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയിൽ നടത്തിയ പരിശോധനയിൽ ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ലക്ഷ്യയിലാണ് ഏൽപ്പിച്ചതെന്ന പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതിനിടെ കാവ്യാ മാധവൻ ഒളിവിലല്ലെന്ന് ദിലീപിന്റെ സഹോദരൻ അനൂപ് അറിയിക്കുകയും ചെയ്തു.

ദിലീപ് പൊലീസിനുമുന്നിൽ കുറ്റം സമ്മതിച്ചിട്ടില്ല. ഗൂഢാലോചന ദിലീപിന്റേതല്ല ദിലീപിനെ ഇല്ലാതാക്കാനുള്ളതാണ്. ദിലീപിനെ കുടുക്കിയവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോൾ ഞങ്ങൾ തുടങ്ങും. അനാവശ്യ ആക്ഷേപങ്ങൾ മടുത്തു. നാടുവിടാൻപോലും ആലോചിച്ചു. ശരിക്കുള്ള തെളിവുകൾ വരുമ്പോൾ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറയുന്നു. ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ അനൂപ് പറഞ്ഞിരുന്നു. ഇതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും നിരപരാധിത്വം തെളിയിച്ചു ദിലീപ് തിരികെയെത്തുമെന്നും അനൂപ് പറഞ്ഞു. സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരുമെന്നും സത്യവും ദൈവവുമൊക്കെയുണ്ടേൽ ഇതു പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കിയിരുന്നു

തെളിവില്ല, നൂറു ശതമാനം തെളിവില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല, എല്ലാം കെട്ടിച്ചമച്ചതാണ്. ഇതിന്റെ പേരിൽ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോൾ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവർക്കും വരും. ഗൂഢാലോചന നടത്തിയതു ദിലീപല്ല. ദിലീപിനെ കുടുക്കാനാണു ഗൂഢാലോചന നടന്നത്. - രാവിലെ മാധ്യമങ്ങളോട് അനൂപ് പറഞ്ഞു. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്നു വാദം കേട്ടില്ല. തെളിവെടുപ്പു പൂർത്തിയാകാത്തതിനാൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിട്ടില്ലാത്തതിനാലാണു വാദം കേൾക്കാത്തത്. ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും. അതിനിടെയാണ് കാവ്യയേയും അമ്മയേയും പൊലീസ് ചോദ്യം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP