Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡന വാർത്ത നൽകിയത് നീയല്ലേടാ എന്നലറി കേരള കൗമുദി ലേഖകൻ സജീവിന്റെ മുഖത്തടിച്ച് എസ്.ഐ; ജീപ്പിൽ വലിച്ചു കയറ്റാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്തും പ്രതികാരം; മർദ്ദനം പരാതിപ്പെട്ടാൽ അയൽവാസിക്കെതിരെ കള്ളക്കേസെടുക്കുമെന്നും എസ്‌ഐ ബിജുവിന്റെ ഭീഷണി; പൊലീസ് ഗുണ്ടായിസം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

പീഡന വാർത്ത നൽകിയത് നീയല്ലേടാ എന്നലറി കേരള കൗമുദി ലേഖകൻ സജീവിന്റെ മുഖത്തടിച്ച് എസ്.ഐ; ജീപ്പിൽ വലിച്ചു കയറ്റാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്തും പ്രതികാരം; മർദ്ദനം പരാതിപ്പെട്ടാൽ അയൽവാസിക്കെതിരെ കള്ളക്കേസെടുക്കുമെന്നും എസ്‌ഐ ബിജുവിന്റെ ഭീഷണി; പൊലീസ് ഗുണ്ടായിസം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളകൗമുദിയുടെ വർക്കല ലേഖകനെ പൊലീസ് വീട്ടിൽ കയറി മർദ്ദിച്ചു. സജീവ് ഗോപാലനെയാണ് വർക്കല എസ്ഐ കെ ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ടു മർദ്ദിച്ചത്. ഭാര്യയുടേയും മകളുടേയും മുന്നിലിട്ടായിരുന്നു ക്രൂര മർദ്ദനം.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഭാര്യ ദീപയുടെയും ഒമ്പതാംക്‌ളാസ് വിദ്യാർത്ഥിനിയായ മകളുടെയും മുന്നിൽ ക്രൂരമായ മർദ്ദനത്തിനിരയായ സജീവ് ഗോപാൽ ഗുരുതരപരിക്കുകളോടെ വർക്കല മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് മർദ്ദനത്തിൽ സജീവിന്റെ കണ്ണിനും മുഖത്തും കഴുത്തിലും സാരമായി പരിക്കേറ്റിട്ടുണ്ട്.

വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കൾ ഭക്ഷണം കഴിഞ്ഞ് പോകാനിറങ്ങുമ്പോൾ യാത്രയാക്കാൻ പുറത്തിറങ്ങിയ സജീവിനെ ബൈക്കിൽ എത്തിയ രണ്ട് പൊലീസുകാർ അകാരണമായി മർദ്ദിക്കുകയായിരുന്നു. റോഡിൽ നിന്ന പൊലീസുകാർ റോഡരികിലെ വീട്ടിൽ നിൽക്കുകയായിരുന്ന സജീവിനെ വിളിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ ഊതാൻ ആവശ്യപ്പെട്ടു. മദ്യപിക്കാറില്ലെന്നും കേരള കൗമുദി ലേഖകനാണെന്നും പറഞ്ഞ സജീവിനെ തെറിവിളിച്ച പൊലീസുകാരിലൊരാൾ അകാരണമായി കരണത്തടിച്ചു. തന്നെ അടിച്ചതിന്റെ കാരണം അന്വേഷിച്ച സജീവ് പൊലീസ് നടപടിയെ ചോദ്യം ചെയ്തതോടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരൻ സജീവിന്റെ മുണ്ട് വലിച്ചുരിഞ്ഞശേഷം മുതുകത്തും പുറത്തും ഇടിച്ചു. മർദ്ദനം സഹിക്കവയ്യാതെ സജീവ് വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ പൊലീസുകാർ എസ്.ഐയെ വയർലസിലൂടെ വിവരം അറിയിച്ചു.

നിമിഷങ്ങൾക്കകം ജീപ്പുമായെത്തിയ എസ്.ഐ സജീവിന്റെ വീട്ടിൽ കയറി വലിച്ചിറക്കിയശേഷം കരണത്ത് മാറി മാറി പ്രഹരിച്ചു. ഇടവയിൽ രണ്ട് പെൺകുട്ടികളെ അക്രമിച്ച സംഭവത്തിൽ വാർത്ത നൽകിയത് നീയല്ലേടാ എന്നുചോദിച്ചായിരുന്നു എസ്.ഐ അടിച്ചതെന്ന് സജീവ് ഗോപാലൻ പറഞ്ഞു. സജീവിനെ മർദ്ദിക്കുന്നത് കണ്ട് ഭയന്ന ഭാര്യയും മകളും മർദ്ദിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അത് ചെവിക്കൊള്ളാതെ സജീവിനെ ജീപ്പിൽ കയറ്റി കൊണ്ടുപോകാനായി ശ്രമം. ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാർ ഇത് ചോദ്യം ചെയ്തു. അതിഷ്ടപ്പെടാതിരുന്ന പൊലീസ് സംഘം അയൽവാസിയും വിദേശത്ത് എൻജിനീയറുമായ റാംജിത്തെന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. സജീവിനെ മർദ്ദിച്ചതിന്റെ കാരണം അന്വേഷിച്ചതാണ് റാംജിത്തിനെ പിടികൂടാൻ കാരണമായത്.

സജീവിനെയും ഇതിനിടെ ജീപ്പിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ഭാര്യയുടെയും നാട്ടുകാരുടെയും എതിർപ്പ് മൂലം വിജയിച്ചില്ല. ബഹളത്തിനിടെ സജീവിന്റെ വീടിന് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികൾ തല്ലിതകർത്തും വീടിന്റെ വാതിലിലും ജനാലകളിലും അടിച്ചും ഭീകരാന്തരീഷം സൃഷ്ടിച്ച പൊലീസ് നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ റാംജിത്തുമായി മടങ്ങി. അക്രമത്തിൽ പരിക്കേറ്റ സജീവും ഭാര്യയും രാത്രിയിൽ സി.ഐയെ നേരിൽകണ്ട് പരാതി നൽകിയശേഷം ആശുപത്രിയിലെത്തി.

മർദ്ദനമേറ്റ് അവശനിലയിലായ സജീവിന്റെ സ്ഥിതി ഗുരുതരമായിരുന്നതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കും ശേഷം തുടർ ചികിത്സയ്ക്കായി ഇന്ന് പുലർച്ചെയാണ് സജീവിനെ വർക്കല മിഷൻ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയത്. റാംജിത്തിനെ വിട്ടുകിട്ടാൻ ഇതിനിടെ അയാളുടെ ബന്ധുക്കളും പരിസരവാസികളും സ്റ്റേഷനിലെത്തിയെങ്കിലും സജീവ് ഗോപാലൻ അക്രമം സംബന്ധിച്ച് നൽകിയ പരാതി പിൻവലിച്ചാൽ മാത്രമേ റാംജിത്തിനെ വിട്ടയയ്ക്കൂവെന്നും അല്ലാത്ത പക്ഷം കള്ളക്കേസിൽ കുടുക്കുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തിയതായി അയാളുടെ ബന്ധുക്കൾ പറഞ്ഞു.

ഇടവയിൽ പെൺകുട്ടികൾ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വാർത്ത നൽകിയതാണ് വർക്കല എസ്.ഐയ്ക്കും പൊലീസിനും വിരോധത്തിന് കാരണമായത്. സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തത് വാർത്ത ആയതോടെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാനും പ്രതികളെ അറസ്റ്റ് ചെയ്യാനും പൊലീസ് നിർബന്ധിതരായി. ഇതിലുള്ള അമർഷമാണ് വർക്കല എസ്.ഐയുടെ നേതൃത്വത്തിൽ സജീവിനെ മർദ്ദിക്കാനിടയാക്കിയതെന്നാണ് കരുതുന്നത്.

ഇതിനിടെ സജീവിനെ മർദ്ദിച്ച സംഭവത്തിൽ ഡി.ജി.പിയുടെ നിർദേശാനുസരണം റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ എ.എസ്‌പി ഇന്ന് സജീവ് ഗോപാലനെ സന്ദർശിച്ച് മൊഴി രേഖപ്പെടുത്തും.

അക്രമണത്തിനിരയായ സജീവിന്റെ വീടും അന്വേഷണ സംഘം സന്ദർശിക്കും. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡി.ജി.പി ലോക് നാഥ് ബെഹ്‌റ റൂറൽ എസ്‌പി അശോക് കുമാറിന് നിർദ്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP