Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയതു കൊണ്ട് മാത്രം ആ വിവാഹം സാധുവാകില്ല; കെവിന്റെ വധുവായി നീനുവിനെ നിയമം അംഗീകരിക്കില്ല; ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ പ്രണയത്തെ മാത്രം വിശ്വസിച്ച് ഇറങ്ങി പോന്ന 20കാരിയായ പെൺകുട്ടി; ആശ്വസിപ്പിക്കാൻ ആകാതെ കെവിന്റെ ബന്ധുക്കളും

രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയതു കൊണ്ട് മാത്രം ആ വിവാഹം സാധുവാകില്ല; കെവിന്റെ വധുവായി നീനുവിനെ നിയമം അംഗീകരിക്കില്ല; ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ പ്രണയത്തെ മാത്രം വിശ്വസിച്ച് ഇറങ്ങി പോന്ന 20കാരിയായ പെൺകുട്ടി; ആശ്വസിപ്പിക്കാൻ ആകാതെ കെവിന്റെ ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: 'ഇനിയെന്തു ചെയ്യും അച്ചാച്ചാ' - നീനുവിന്റെ ചോദ്യത്തിന് ആർക്കും ഉത്തരമില്ല. പിലാത്തറ വീടിന്റെ മുറ്റത്ത് നീനുവിനെ ആശ്വസിപ്പിക്കാൻ ആർക്കുമാകുന്നില്ല. കെവിന്റെ പിതാവ് ജോസഫ് ഏറ്റവും അധികം ആശ്വസിപ്പിക്കാൻ ശ്രമിച്ചത് നീനുവിനെയാണ്. പ്രണയത്തെ മാത്രം വിശ്വസിച്ച് വീടുവിട്ടിറങ്ങിയ ഈ ഇരുപതുകാരിക്ക് ഇനി ആരുമില്ല. ദുരഭിമാനം കെവിന്റെ ജീവനെടുത്തപ്പോൾ നീനു തനിച്ചായി.

മറ്റൊരു പ്രണയത്തിന്റെ ഇടയിലാണ് കോട്ടയം സ്വദേശി കെവിനും തെന്മലക്കാരി നീനുവും പരിചയപ്പെടുന്നത്. അമ്മഞ്ചേരി ബികെ കോളജിൽ ഭൂമിശാസ്ത്രം ബിരുദ കോഴ്‌സിനു ചേരാനാണ് നീനു എത്തുന്നത്. ഇതിനിടെ നീനുവിന്റെ സഹപാഠിയായ വിദ്യാർത്ഥിനിയും കെവിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. ഇവർക്ക് ഇടയിലുള്ള സൗന്ദര്യപ്പിണക്കം തീർക്കാനാണ് കെവിൻ ഇടപെടുന്നത്. കെവിനും സുഹൃത്തും നീനുവും സുഹൃത്തും പലവട്ടം ചർച്ചകൾ നടത്തി. നട്ടാശേരി സ്വദേശിയായ കെവിൻ ഇലക്ട്രീഷ്യനാണ്. ഇതിനിടെ നീനുവും കെവിനും അടുത്തു. പ്രണയമായി.

ഇടയ്ക്ക് വിദേശത്തു പോയിരുന്നു. ബന്ധു അനീഷിന്റെ മാന്നാനത്തെ വീട്ടിലാണു പലപ്പോഴും താമസിച്ചിരുന്നത്. ഇതിനിടെ നീനു കോഴ്‌സ് കഴിഞ്ഞു നാട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയതോടെ വിവാഹാലോചനകൾ വന്നുതുടങ്ങി. കഴിഞ്ഞ 24നു വീടുവിട്ടിറങ്ങിയ നീനു കെവിനെ വിളിച്ചു. ഇതോടെ വീടുവിട്ടിറങ്ങാമോ എന്ന ചോദ്യമെത്തു. നീനു സമ്മതം മൂളി. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. തൽക്കാലം കെവിന്റെ കടുത്തുരുത്തിയിലെ ബന്ധുവീട്ടിൽ നീനുവിനെ താമസിപ്പിച്ചു. തുടർന്നു വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് നീനുവിന്റെ വീട്ടുകാർ എല്ലാം അറിയുന്നത്. ഇതോടെ കാര്യങ്ങൾ കെവിന്റെ കൊലയിലേക്ക് എത്തി.

കെവിന്റെയും നീനുവിന്റെയും വിവാഹം രജിസ്റ്റർ ചെയ്യാൻ സഹായിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ചയാണ് അനീഷ് മാന്നാനം സ്വദേശിയായ അഭിഭാഷകൻ സുരേഷിനെ സമീപിക്കുന്നത്. തുടർന്നു കെവിനും നീനുവും രേഖകളുമായി സാക്ഷികൾക്കൊപ്പം വക്കീൽ ഓഫിസിൽ എത്തി ഓൺലൈൻ വിവാഹ അപേക്ഷ സമർപ്പിച്ചു. അപേക്ഷ നൽകിയാലും ഓൺലൈനായി സമർപ്പിച്ച രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം സബ് രജിസ്റ്റ്രാർക്കു മുന്നിലെത്തി ഫോട്ടോയിൽ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണം. ഇതോടെ വിവരം അറിയിച്ചുള്ള നോട്ടിസ് ഒരുമാസത്തേക്ക് സബ് രജിസ്റ്റ്രാർ ഓഫിസിലെ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കും.

ഒരുമാസത്തിനു ശേഷം വധൂവരന്മാർ വീണ്ടും എത്തി സബ് രജിസ്റ്റ്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടാൽ മാത്രമേ വിവാഹം സാധുവാകൂ. എന്നാൽ, കെവിനും നീനുവും ഓൺലൈൻ അപേക്ഷ സമർപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. അസ്സൽ രേഖകൾ സമർപ്പിക്കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ വിവാഹ റജിസ്‌ട്രേഷനുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ലെന്ന് സബ് രജിസ്റ്റ്രാർ കെ.ജി. ശ്രീകുമാർ അറിയിച്ചു. അതായത് നീനുവിനെ കെവിന്റെ ഭാര്യയായി നിമയം അംഗീകരിക്കില്ലെന്നതാണ് വസ്തുത. കെവിനെ തട്ടിക്കൊണ്ട് പോയതു മുതൽ നീനു അവശയായിരുന്നു. വീട്ടുകാരുടെ രീതികളെ കുറിച്ച് അറിയാവുന്ന അവൾ എന്തും സംഭവിക്കാമെന്ന് ഭയക്കുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ കെവിന്റെ വീട്ടിലെത്തിയ നീനു തളർന്നു വീണതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് ഏഴരയോടെയാണു വീണ്ടും കെവിന്റെ വീട്ടിലെത്തിയത്.മകന്റെ മരണത്തിനും മരുമകളുടെ മനം തകർന്നുള്ള വിലാപത്തിനുമിടയിൽ നിസ്സഹായനായിരുന്നു കെവിന്റെ പിതാവ് ജോസഫ് ജേക്കബ്. മൂന്നാം വാർഡിൽ, പൊലീസ് കാവലോടെ നീനുവിനെ കിടത്തിയപ്പോൾ ജോസഫും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ സ്വബോധത്തിലേക്ക് ഉണർന്നെണീക്കുന്ന നീനു കെവിൻ വന്നോ എന്നും എപ്പോൾ വരുമെന്നും ചോദിച്ചു കൊണ്ടേയിരുന്നു. ഉടൻ വരുമെന്നും വിളിക്കാൻ ആളു പോയെന്നും പറഞ്ഞു സമാധാനിപ്പിച്ചു. രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും എത്തിയതോടെ എന്തൊക്കെയോ സൂചനകൾ ലഭിച്ചതുപോലെ നീനു പൊട്ടിക്കരയാൻ തുടങ്ങി. കെവിൻ മരിച്ച വിവരം നീനുവിനോടു പറയാനുള്ള ധൈര്യം കൂടെയുണ്ടായിരുന്നവർക്കാർക്കും ഇല്ലായിരുന്നു. പിന്നെ എല്ലാം ആ കുട്ടി തിരിച്ചറിഞ്ഞു.

നീനയും കെവിനും വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് രജിസ്റ്റർ വിവാഹം ചെയ്തതെന്ന് പൊലീസിനും അറിയാമായിരുന്നു. എന്നിട്ടും അവർ കെവിനെ കണ്ടെത്താൻ ഒന്നും ചെയ്തില്ല. വിവാഹത്തിന് ശേഷവും ബന്ധുകളിൽ നിന്ന് ഭീഷണി നേരിട്ടതിനാൽ നീനയെ കെവിൻ കോട്ടയത്തെ ഹോസ്റ്റലിൽ പാർപ്പിക്കുകയും, ആക്രമണം മുന്നിൽ കണ്ട് കെവിൻ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ശനിയാഴ്‌ച്ച പുലർച്ചെ മൂന്ന് മണിയോടെ മാന്നാനത്തെ ഈ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറിലായി നീനയുടെ സഹോദരനും സംഘവും എത്തുന്നത്. നീനയെ എവിടെ എന്നു ചോദിച്ചു കൊണ്ട് വീട്ടിലേക്ക് കയറിയ സംഘം അവരെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു അനീഷിനേയും പിടികൂടി കൊണ്ടു പോയി. ഈ സംഭവം നടന്ന് അൽപസമയത്തിനകം തന്നെ കെവിന്റെ ബന്ധുകൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മർദ്ദിച്ച ശേഷം പിന്നീട് സംഘം വഴിയിൽ ഉപേക്ഷിച്ചു. നീനുവിനെ വിട്ടുതന്നാൽ കെവിനെ വിടാം എന്നും ഇവർ അനീഷിനോട് പറഞ്ഞു. മർദ്ദനമേറ്റു നീരുവീർത്ത മുഖവുമായി അനീഷും ഗാന്ധിനഗർ സ്റ്റേഷനിലെത്തി കാര്യങ്ങൾ പൊലീസിനെ അറിയിച്ചു. രാവിലെയോടെ കോട്ടയം നഗരത്തിലെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന കെവിന്റെ ഭാര്യ നീനയും സ്റ്റേഷനിലെത്തി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി. ഇങ്ങനെ മൂന്ന് പരാതികൾ ഒരു സംഭവത്തിൽ കിട്ടിയിട്ടും വൈകുന്നേരമാണ് കെവിനെ തേടി പൊലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങുന്നത്.

മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിനാൽ സുരക്ഷയൊരുക്കാൻ പോകണമെന്നും മറ്റുമുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഗാന്ധിനഗർ എസ്‌ഐ ഷിബു നടപടികൾ വൈകിപ്പിക്കായായിരുന്നുവെന്ന് കെവിന്റെ ബന്ധുകൾ ആരോപിക്കുന്നു. ബന്ധുകൾ ഒരുപാട് യാചിച്ചതോടെ രാവിലെ പതിനൊന്നരയോടെ പൊലീസ് സംഭവത്തിൽ എഫ്.ഐ.ആർ ഇട്ടു. എന്നാൽ അതിനപ്പുറം കെവിന് കണ്ടെത്താനുള്ള നടപടികളിലേക്ക് പൊലീസ് പോയില്ല. ഇതാണ് കെവിന്റെ ജീവനെടുക്കാനുള്ള ഒരുകാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP