Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠിച്ചത് 1986 ബാച്ചിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്; ഉണ്ടായിരുന്നത് ഒന്നര ലക്ഷം ശമ്പളവും എസി വീടും കാറും അടക്കമുള്ള സുഖസൗകര്യങ്ങൾ; ഇഷ്ടമുള്ള ബ്രാന്റും ഇഷ്ടമുള്ള ഭക്ഷണവും തയ്യാറാക്കി കൂട്ടുകാർക്കൊപ്പം അടിച്ചു പൊളി ദുബായിലും സ്ഥിരം പരിപാടി; വീരസാഹസികത ഹിന്ദിയിൽ പറയുന്നതിനിടെ ലൈവിട്ടത് ഫിറ്റായ മറ്റൊരാൾ; തീഹാറിൽ നിന്നിറങ്ങുമ്പോൾ കൈയിലുണ്ടായിരുന്നത് 3 ജോണിവാക്കർ; മുഖ്യമന്ത്രിയെ കൊല്ലാനിറങ്ങി കുടുങ്ങിയ കോതമംഗലത്തെ 'കിട്ടു' ആളൊരു പുലി തന്നെ

പഠിച്ചത് 1986 ബാച്ചിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്; ഉണ്ടായിരുന്നത് ഒന്നര ലക്ഷം ശമ്പളവും എസി വീടും കാറും അടക്കമുള്ള സുഖസൗകര്യങ്ങൾ; ഇഷ്ടമുള്ള ബ്രാന്റും ഇഷ്ടമുള്ള ഭക്ഷണവും തയ്യാറാക്കി കൂട്ടുകാർക്കൊപ്പം അടിച്ചു പൊളി ദുബായിലും സ്ഥിരം പരിപാടി; വീരസാഹസികത ഹിന്ദിയിൽ പറയുന്നതിനിടെ ലൈവിട്ടത് ഫിറ്റായ മറ്റൊരാൾ; തീഹാറിൽ നിന്നിറങ്ങുമ്പോൾ കൈയിലുണ്ടായിരുന്നത് 3 ജോണിവാക്കർ; മുഖ്യമന്ത്രിയെ കൊല്ലാനിറങ്ങി കുടുങ്ങിയ കോതമംഗലത്തെ 'കിട്ടു' ആളൊരു പുലി തന്നെ

അർജുൻ സി വനജ്

കൊച്ചി: മദ്യലഹരിയിൽ മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണി മുഴക്കിയ കൃഷ്ണ കുമാറിനെ എറണാകുളം സെൻട്രൽ പൊലീസ് കേരളത്തിൽ എത്തിച്ചത് വളരെ തന്ത്രപരമായിരിരുന്നു. പാട്യാല കോടതിയുടെ ഉത്തരവ് പ്രകാരം കേരള പൊലീസിന് കൈമാറിയ കൃഷ്ണകുമാറിന്, ആത്മഹത്യത്വര ഉള്ളതിനാൽ രണ്ട് ദിവസം ട്രെയിനിൽ ഉറക്കമളച്ചാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്.

ട്രെയിനിൽ വെച്ച് ജീവിതം അവസാനിച്ചുവെന്നും, ഇനി മകന്റെ മുഖത്ത് നോക്കാൻ പറ്റില്ലെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന പ്രതിയെ, വിലങ്ങ് മാറ്റി, സൗഹൃദത്തിലാക്കിയാണ് എസ്‌ഐ രൂപേഷ് കെ.ആറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എത്തിച്ചത്. ഡൽഹിയിലെത്തിയ കേരള പൊലീസിന് നേരിടേണ്ടിവന്നത് ഇതുവരെയില്ലാത്ത നിയമപ്രശ്നങ്ങളുമായിരുന്നു. യാത്രയെക്കുറിച്ച് പൊലീസുകാർ പറയുന്നതിങ്ങനെ..

ഡൽഹിയിലെത്തിയ ഞങ്ങൾ, ആദ്യദിനം തന്നെ പ്രതിയെ കൊണ്ട് തിരിച്ചു വരാമെന്ന് കരുതിയാണിരുന്നത്. പിന്നീടാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തീഹാർ ജയിലിലുള്ള കൃഷ്ണകുമാറിനെ വിട്ടുകിട്ടുന്നതിനായി ആപേക്ഷ സമർപ്പിച്ചെങ്കിലും, നിങ്ങൾ പൊലീസുകാരാണ് എന്ന് എന്ത് തെളിവാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഐഡി കാർഡ് സമർപ്പിച്ചെങ്കിലും, ഇതൊക്കെ ആർക്കും ഉണ്ടാക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് സർക്കാർ തലത്തിൽ ഇടപെട്ട് കത്തയച്ചു. അങ്ങനെ പ്രതിയെ വിട്ടുതരാൻ ഉത്തരവായി. ഉത്തരവുമായി വന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രതിയുടെ സാധനങ്ങൾ എസ്‌ഐ വാങ്ങിച്ചു. മൂന്ന് ജോണിവാക്കറും, 40,000 രൂപയും, ഡ്രസ്സുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അപ്പോളാണ് അറിയുന്നത് പാസ്പോർട്ട് കോടതിയിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന്. അഞ്ച് മണിക്ക് കോടതി അടയ്ക്കുന്നതിന് മുമ്പ് 35 കിലോമീറ്റർ സഞ്ചരിച്ച് അവിടെയെത്തിയെങ്കിലും അൽപം വൈകിയെന്ന് പറഞ്ഞ് മടക്കിവിടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു.

പാട്യാല കോടതിയിൽ നിന്ന് പാസ്പോർട്ടും വാങ്ങി, പ്രതിയേയും കൊണ്ട്, കേരളത്തിലേക്ക് തിരിക്കുന്നതിനിടയിലാണ് ദൃശ്യമാധമ പ്രവർത്തകർ പ്രതിയുടെ വിഷ്വൽ എടുക്കാൻ എത്തിയത്. ഇത് കഴിഞ്ഞ് ട്രെയിനിൽ കയറിയതോടെ, കൃഷ്ണകുമാർ എല്ലാം തകർന്ന അവസ്ഥയിലായി. ഇനി താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ആവർത്തിച്ച് പറഞ്ഞതോടെ, എഎസ്ഐ ജേക്കബ് മണിയും സിവിൽ പൊലീസ് ഓഫീസർ ശ്യാമപ്രസാദും അടങ്ങുന്ന മൂന്നംഗ സംഘം ആകെ പ്രതിസന്ധിയിലായി. ട്രെയിനിൽ നിന്നാണേൽ ആത്മഹത്യ ചെയ്യുന്നതിന് എളുപ്പവുമാണ്. പ്രതിക്ക് മൂത്രമൊഴിക്കാൻ പോകണമെങ്കിൽക്കൂടി, നേരത്തെ ചെന്ന്, ട്രെയിനിന്റെ വാതിലുകൾ അടച്ച്, ഇയാൾ ചാടാനുള്ള സാഹചര്യം ഒഴിവാക്കും. പൊലീസുദ്യോഗസ്ഥർ പറയുന്നു. പയ്യെ, പൊലീസുകാർ നിലപാട് മാറ്റി. സൗഹൃദത്തിലാക്കി കൃഷ്ണകുമാറിനെ മണിക്കൂറുകൾക്കൊണ്ട് ആത്മവിശ്വാസത്തിലാക്കി. ഇതോടെയാണ് ഇയാൾ കഥകൾ സ്വയം പറഞ്ഞ് തുടങ്ങിയത്.

1986 ബാച്ചിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് കഴിഞ്ഞ കൃഷ്ണകുമാർ, ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിലാണ് റിഗിൽ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ ഇഷ്ട തൊഴിലാളി ആയിരുന്നതിനാൽ, കമ്പനി എസി വീടും കാറും അടക്കം എല്ലാ സുഖസൗകര്യങ്ങളും നൽകി. മികച്ച പാചകക്കാരൻ കൂടിയാണ് ഇയാൾ. റൂമിലെത്തുന്നവർക്ക് ആർക്കും, അവർക്ക് ഇഷ്ടമുള്ള ബ്രാന്റും ഇഷ്ടമുള്ള ഭക്ഷണവും തയ്യാറാക്കി സ്വന്തം ചെലവിൽ നൽകുകയാണ് കൃഷ്ണകുമാറിന്റെ ഇഷ്ടം. അങ്ങനെ റൂമിലെത്തിയ പാക്കിസ്ഥാനികളുമായി, പഠനകാലഘട്ടത്തിലെ നാട്ടിലെ വീരസാഹസിക കഥകൾ, പൊടിപ്പും തൊങ്ങലും വെച്ച് ഹിന്ദിയിൽ പറയുന്നതിനിടെയാണ്, അതിലൊരാൾ ഫേണെടുത്ത് ഫേസ്‌ബുക്ക് ലൈവിട്ടത്. ആദ്യം ഫേസ്‌ബുക്ക് ലൈവാണെന്ന് അറിഞ്ഞില്ലെങ്കിലും, പിന്നീട് അത് മനസ്സിലാക്കിയിട്ടും വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു. പിറ്റെദിവസം ബോധം തെളിഞ്ഞപ്പോളാണ് സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്.

റൂമിലെത്തിയ സിപിഎം പ്രവർത്തകർ നല്ല നിലയിലാണ് പെരുമാറിയത്. മദ്യപാനിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അവർ മാപ്പ് പറഞ്ഞാൽ മതിയെന്നും, വേറെ കുഴപ്പമുണ്ടാകില്ലെന്നും പറഞ്ഞു. ഇത് അനുസരിച്ച് മാപ്പ് പറഞ്ഞു. എന്നാൽ കമ്പനിയിലേക്ക് ഒരു ദിവസത്തിനുള്ളിൽ തന്നെ പത്തോളം മെയിലുകൾ ഇദ്ദേഹത്തെ പിരിച്ചുവിടണമെന്ന് പറഞ്ഞ് ചെന്നു. ഒപ്പം ചിലർ നേരിട്ട് കമ്പനിയിലുമെത്തി. ഇതോടെ പ്രശ്നങ്ങൾ അവസാനിപ്പിച്ച് വന്നാൽ വീണ്ടും തിരിച്ചെടുക്കാമെന്ന ഉറപ്പിന്മേൽ, കമ്പനി കൃഷ്ണകുമാറിനെ ടെർമിനേറ്റ് ചെയ്തു. സാധാരണ ദിവസങ്ങളിൽ ജോലി കഴിഞ്ഞ് ഒരു ഫുൾ ബോട്ടിൽ വരെ സ്‌കോച്ച് കഴിക്കും. അവധി ദിവസങ്ങളിൽ, അത് ഒന്നര ഫുൾ ബോട്ടിൽ വരെ പോകും. സംഭവങ്ങളെല്ലാം കൈവിട്ട് പോയപ്പോൾ സ്ഥിരം വീട്ടിൽ വന്ന് മദ്യപിച്ചുകൊണ്ടിരുന്ന പലരേയും സഹായത്തിനായി വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും കൃഷ്ണകുമാർ പറയുന്നു.

തീഹാർ ജയിലിൽ എത്തിയ പ്രതിയെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഡീ അഡിക്ഷൻ മരുന്നുകൾ നൽകിയിരുന്നു. അവിടെ വെച്ചും മദ്യം കിട്ടാതെ ഇയാൾ ഒരു വട്ടം വൈലന്റ് ആയതായി ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥർ മലയാലി പൊലീസുകാരോട് പറഞ്ഞിരുന്നു. ഇതുപോലെ തന്നെ ട്രെയിനിൽ നിന്ന് തന്റെ ബാഗിൽ മൂന്ന് ജോണിവാക്കറുണ്ടെന്നും, അതിലൊന്നെങ്കിലും എനിക്ക് തന്നൂടെയെന്ന് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇയാൾ. അവസാനം, ഒരു പെഗ്ഗെങ്കിലും കൊടുത്തില്ലേൽ താൻ ഇപ്പോൾ ചത്തുപോകുമെന്ന് പറഞ്ഞ് സങ്കടപ്പെടുകയായിരുന്നുവെന്ന് മൂന്നംഗ സംഘത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. ഇത്രയധികം ശമ്പളത്തിൽ ജോലി ചെയ്തിട്ടും ആകെ സ്വന്തമായുള്ളത് നാട്ടിൽ 40 സെന്റ് സ്ഥലം മാത്രമാണെന്നാണ് ഇയാൾ പറയുന്നത്. ബാക്കിയെല്ലാം കുടിച്ചും ആർക്കൊക്കെയോ വായ്പ നൽകിയും തീർത്തു.

വിദേശത്തേക്ക് പോകുന്നതിന് മുമ്പ് നാട്ടിലെ സ്വയം സേവകനായിരുന്നുവെന്നാണ് കൃഷ്ണകുമാർ പൊലീസുകാരോട് പറഞ്ഞിരുന്നത്. പക്ഷെ നാട്ടിൽ നിന്ന് ഏത് പാർട്ടിക്കാർ വിളിച്ചാലും സാമ്പത്തികമായി സഹായിക്കാറുണ്ട്. യാത്ര പകുതി കഴിഞ്ഞതോടെ പ്രതി പൂർണ്ണ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇനി തനിക്ക് ജീവിക്കണം. മദ്യമാണ് എല്ലാത്തിനും കാരണം. ജീവിതം നശ്ിപ്പിച്ചതും, ഭാര്യ പോയതും എല്ലാം മദ്യം കാരണമാണ്. കേസ് കഴിഞ്ഞാൽ ഡീ അഡിക്ഷൻ സെന്ററിൽ പോകണം. പിന്നെ ജോലിയിൽ തിരിച്ചുകയറുന്നതിനായി അപേക്ഷ നൽകണം. കൃഷ്ണകുമാർ പറഞ്ഞതായി ഉദ്യോഗസ്ഥർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP