Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആര്യയുടെ ആരോഗ്യനിലയിൽ പുരോഗതി; കോന്നിക്കേസിൽ അന്വേഷണം എഡിജിപി സന്ധ്യ ഏറ്റെടുത്തു; പൊലീസിനെതിരെ പരാതിയുമായി രാജിയുടേയും ആതിരയുടേയും അമ്മമാർ; ചികിൽസയിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മയെ കാണാൻ എഡിജിപി തൃശൂരിലെത്തും

ആര്യയുടെ ആരോഗ്യനിലയിൽ പുരോഗതി; കോന്നിക്കേസിൽ അന്വേഷണം എഡിജിപി സന്ധ്യ ഏറ്റെടുത്തു; പൊലീസിനെതിരെ പരാതിയുമായി രാജിയുടേയും ആതിരയുടേയും അമ്മമാർ; ചികിൽസയിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മയെ കാണാൻ എഡിജിപി തൃശൂരിലെത്തും

തൃശൂർ: പത്തനംതിട്ട കോന്നിയിൽ നിന്ന് കാണാതായി പിന്നീട് ഒറ്റപ്പാലത്തിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൂന്നു പെൺകുട്ടികളിൽ രക്ഷപ്പെട്ട ആര്യ കെ. സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇതോടെ പെൺകുട്ടികളുടെ തിരോധാനവും ആത്മഹത്യയും സംബന്ധിച്ചുള്ള കേസ് ശരിയായ ദിശയിൽ എത്തുമെന്ന പ്രതീക്ഷ സജീവമായി. അതിനിടെ കേസ് അന്വേഷണം എഡിജിപി സന്ധ്യ ഏറ്റെടുത്തു. സന്ധ്യ ഉടൻ തന്നെ ചികിൽസയിലുള്ള കുട്ടിയെ സന്ദർശിക്കുമെന്ന് സൂചനയുണ്ട്.

ഇതോടെ സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുതിയതലത്തിലേക്ക് എത്തകുയാണ്. ഇന്നലെയാണ് എഡിജിപി ബി. സന്ധ്യ അന്വേഷണച്ചുമതല ഏറ്റെടുത്തു. ഇന്നലെ കോന്നി സിഐ ഓഫീസിലെത്തിയ എഡിജിപി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തി. മരിച്ച കുട്ടികളുടെ വീടുകളും, പഠിച്ച ഗവ. ഹയർ സെക്കൻഡറി സ്‌കൂളും സന്ധ്യ സന്ദർശിച്ചു. ഇതുവരെയുള്ള അന്വേഷണം പുനരവലോകനം ചെയ്യുമെന്നും കേസിന്റെ മേൽനോട്ടം നേരിട്ട് വഹിക്കുമെന്നും അവർ പറഞ്ഞു. കുട്ടികളെ കാണാതായ ഒമ്പതിന് ഉച്ചയോടെ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമായില്ലെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് എഡിജിപിയെ ചുമതലയേൽപ്പിച്ചത്.

തൃശൂർ മെഡിക്കൽ കോളേജിലെ ചികിൽസയിലുള്ള ആര്യ അപകടനില തരണം ചെയ്തിട്ടില്ല. ആര്യ മരുന്നുകളോട് പ്രതികരിക്കുന്നതായും പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. ബിജു കൃഷ്ണൻ വ്യക്തമാക്കി. മെഡിക്കൽ ഐ.സി.യുവിൽ നിന്ന് കുട്ടിയെ ന്യൂറോ സർജറി ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. ബിജുകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ആര്യയെ പരിശോധിക്കുന്നത്. ഇന്നലെ കുട്ടിയുടെ തല, വയർ, നെഞ്ച് തുടങ്ങിയ ഭാഗങ്ങൾ സ്‌കാനിംഗിന് വിധേയമാക്കി. ബോധം വീണ്ടെടുക്കുന്നതിനുള്ള ലക്ഷണങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്. ഇത് ശുഭപ്രതീക്ഷയാണ്. കുട്ടിയുടെ ശ്വാസനാളത്തിൽ ചെറിയ ഒരു ശസ്ത്രക്രിയയും വിജയകരമായി നടത്തി. ആര്യയ്ക്ക് തലച്ചോറിൽ ഒരു ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇത് വളരെ നിർണായകമാണ്. ആര്യയ്ക്ക് സംസാരിക്കുന്ന അവസ്ഥയെത്തിയാൽ ഉടൻ മൊഴിയെടുക്കും. ഇതിലൂടെ മാത്രമേ കേസിലെ ദുരൂഹത മാറൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.

കോന്നി സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേസ് അന്വേഷണം എഡിജിപി സന്ധ്യയ്ക്ക് നൽകിയത്. ഇന്നലെ മുതൽ താൻ നേരിട്ടാണ് കേസ് അന്വേഷിക്കുന്നതെന്നും വിഷയം വളരെ ഗൗരവത്തിലെടുത്തെന്നും സന്ധ്യ പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളുടെയും മറ്റും പരാതികൾ പരിഗണിച്ചാവും അന്വേഷണം. അന്വേഷണ വിവരങ്ങൾ പുറത്തു പറയാൻ നിവൃത്തിയില്ല. അതു ശരിയല്ല. ശരിയായ രീതിയിൽ തന്നെ അന്വേഷണം നടക്കുമെന്ന് ഉറപ്പിക്കാം. കോന്നി സിഐ ഓഫിസിൽ എത്തിയ എഡിജിപി അന്വേഷണ ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തി. കുട്ടികൾ പഠിച്ച കോന്നി ഗവ. എച്ച്എസ്എസിലെത്തി അവരുടെ സഹപാഠികളായ അഞ്ചു വിദ്യാർത്ഥികളുമായും എഡിജിപി തനിച്ചു സംസാരിച്ചു.

മൂന്നു കുട്ടികളുടെയും വീടുകളിലെത്തി ബന്ധുക്കളിൽനിന്നും വിവരങ്ങൾ അന്വേഷിച്ചു. പൊലീസിന്റെ നടപടിയിൽ അതൃപ്തിയും പ്രതിഷേധവും അറിയിച്ച ബന്ധുക്കളോട് പൊലീസിന്റെ സമീപനത്തെപ്പറ്റിയുള്ള പരാതി തിരുത്തിക്കുറിക്കുമെന്നും അവർ പറഞ്ഞു. കുട്ടികളുടെ മരണം ആത്മഹത്യയാകാനാണു സാധ്യതയെന്ന് കഴിഞ്ഞ ദിവസം കോന്നിയിലെത്തിയ ഐജി മനോജ് ഏബ്രഹാം പറഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുട്ടികളെ കാണാതായതു സംബന്ധിച്ച സന്ദേശം ഡൽഹി വരെ നൽകിയെന്ന് പൊലീസ് പറയുമ്പോഴും നാലു ദിവസം യാത്ര ചെയ്തുകൊണ്ടിരുന്ന കുട്ടികളെ കണ്ടെത്താൻ കഴിയാഞ്ഞത് പൊലീസിന്റെ വീഴ്ചയല്ലേ എന്നു മരിച്ച ആതിരയുടെ ബന്ധുക്കൾ എഡിജിപിയോടു ചോദിച്ചു. എന്നാൽ, അതേപ്പറ്റിയൊന്നും അഭിപ്രായം പറയുന്നില്ലെന്നായിരുന്നു എഡിജിപിയുടെ മറുപടി.

ട്രെയിനിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ ആതിര ആർ. നായരുടെയും എസ്. രാജിയുടെയും അമ്മമാരുമായും പരുക്കേറ്റ് ആശുപത്രിയിലുള്ള ആര്യ കെ. സുരേഷിന്റെ അമ്മയുമായും എഡിജിപി വിശദമായി സംസാരിച്ചു. കുട്ടികളുടെ അഞ്ചു സഹപാഠികളിൽനിന്നും വിവരങ്ങൾ ആരാഞ്ഞു. പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ആര്യ കെ. സുരേഷിന്റെ വീട്ടിലെത്തി ആര്യയുടെ മുത്തശ്ശിയുമായി സംസാരിച്ചു. കുട്ടികളുടെ മരണത്തിലെ ദുരൂഹത കണ്ടെത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽതപ്പുന്ന സാഹചര്യത്തിൽ എഡിജിപി അന്വേഷണച്ചുമതല ഏറ്റെടുത്തത് നാട്ടുകാരിലും പ്രതീക്ഷ നൽകുന്നു.

കഴിഞ്ഞ ഒമ്പതിന് സ്‌കൂളിൽ നിന്നും തിരികെ വീട്ടിലെത്താതിരുന്ന വിദ്യാർത്ഥികളിൽ ആതിര, രാജി എന്നിവരുടെ മൃതദേഹം 13ന് ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആര്യ തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ +2 വിദ്യാർത്ഥിനികളായിരുന്നു മൂവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP