Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

5100 നിക്ഷേപകരിൽ പരാതി നൽകിയ 1650പേർക്ക് മാത്രം കിട്ടാനുള്ളത് 150 കോടി; എന്നിട്ടും കമ്പനി പറയുന്നത് ആകെ ബാധ്യത 130 കോടിയെന്ന്; പാപ്പരാകും മുമ്പ് സ്വത്തുക്കളെല്ലാം ബിനാമി പേരിലേക്ക് മാറ്റിയതായി സൂചന; മക്കളെ കെട്ടിക്കാനും ഹൃദയശസ്ത്രക്രിയ നടത്താനും കാശു നിക്ഷേപിക്കപ്പെട്ടവർ പോലും കുടുങ്ങി; മുതലാളിയും ഭാര്യയും പെൺമക്കളും ഇപ്പോഴും ഒളിവിൽ തന്നെ; കുന്നത്ത് കുളത്തിൽ കേസിൽ പുറത്തു വന്ന വിവരങ്ങൾ മഞ്ഞുമലയുടെ ഒരു പാളി മാത്രം

5100 നിക്ഷേപകരിൽ പരാതി നൽകിയ 1650പേർക്ക് മാത്രം കിട്ടാനുള്ളത് 150 കോടി; എന്നിട്ടും കമ്പനി പറയുന്നത് ആകെ ബാധ്യത 130 കോടിയെന്ന്; പാപ്പരാകും മുമ്പ് സ്വത്തുക്കളെല്ലാം ബിനാമി പേരിലേക്ക് മാറ്റിയതായി സൂചന; മക്കളെ കെട്ടിക്കാനും ഹൃദയശസ്ത്രക്രിയ നടത്താനും കാശു നിക്ഷേപിക്കപ്പെട്ടവർ പോലും കുടുങ്ങി; മുതലാളിയും ഭാര്യയും പെൺമക്കളും ഇപ്പോഴും ഒളിവിൽ തന്നെ; കുന്നത്ത് കുളത്തിൽ കേസിൽ പുറത്തു വന്ന വിവരങ്ങൾ മഞ്ഞുമലയുടെ ഒരു പാളി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ സാമ്പത്തിക തട്ടിപ്പ് ശതകോടികൾ കവിഞ്ഞെന്ന് വ്യക്തമായിട്ടും സർക്കാരിന് കുലുക്കമില്ല. ഒളിവിൽ കഴിയുന്ന കുന്നത്തുകളത്തിൽ ഉടമ കെ.വി. വിശ്വനാഥൻ (68), ഭാര്യ രമണി (66), മക്കളായ ജീത്തു (39), നീതു (35), മരുമക്കൾ ഡോ. സുനിൽബാബു, ഡോ. ജയചന്ദ്രൻ എന്നിവർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചുവെങ്കിലും ഇവരെ കണ്ടെത്തുന്നതിൽ പൊലീസിന് വലിയ താൽപ്പര്യമില്ലെന്നാണ് സൂചന. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും നീക്കമുണ്ട്. 250 കോടി കവിയുന്ന തട്ടിപ്പാണ് വിശ്വനാഥനും കുടുംബവും നടത്തിയെന്നാണ് സൂചന.

അങ്കണവാടി അദ്ധ്യാപികയായി വിരമിച്ച കാരാപ്പുഴ സ്വദേശിയായ ഓമനയ്ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കായി ആകെയുള്ള സമ്പാദ്യമായിരുന്നു കുന്നത്തുകളത്തിലെ നിക്ഷേപം. ഭർത്താവ് കഴിഞ്ഞവർഷം മരിച്ചതോടെ മക്കളില്ലാത്ത ഓമനയും 83 വയസ്സുള്ള അമ്മയും തനിച്ചാണ് താമസം. ഹൃദ്രോഗത്തെ തുടർന്നു 10 വർഷമായി ഓമന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. 2011 മുതൽ ശമ്പളത്തിൽനിന്നു മിച്ചംപിടിച്ച ചെറിയതുകകൾ നിക്ഷേപിച്ചുവരികയായിരുന്നു. വിരമിച്ചപ്പോൾ ക്ഷേമനിധിയിൽ നിന്നു ലഭിച്ച തുകയടക്കം 5.7 ലക്ഷം രൂപയായിരുന്നു നിക്ഷേപം. അടുത്തമാസം ഹൃദ്രോഗ ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കും തുടർചികിൽസയ്ക്കും നിക്ഷേപം പിൻവലിക്കാനായിരുന്നു തീരുമാനം. ഇതാണ് നഷ്ടമായത്. ഇതിന് സമാനമായി മക്കളുടെ വിവാഹത്തിനും മറ്റ് അത്യാവശ്യങ്ങൾക്കും വേണ്ടി പണം നിക്ഷേപിച്ചവരും കുടുങ്ങി.

ഒട്ടേറെ നിക്ഷേപകരും കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുകളും ഉള്ളതിനാലാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറാൻ പൊലീസ് തീരുമാനം. കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തുവന്നതോടെ നഷ്ടപ്പെട്ട തുകയും ഉയരുകയാണ്. ഇതുവരെ 150 കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് 1650 നിക്ഷേപകരാണ് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. എന്നാൽ പാപ്പർ ഹർജിക്കൊപ്പം കുന്നത്തുകളത്തിൽ ഉടമകൾ സമർപ്പിച്ച ഹർജിയിൽ 136 കോടി രൂപയുടെ ബാധ്യത മാത്രമാണുള്ളതെന്നാണ് അവകാശപ്പെട്ടത്. ഇതോടെ കോടതിയെ തെറ്റിധരിപ്പിക്കാനും ശ്രമം നടക്കുന്നതായി വ്യക്തമായി. 5100 നിക്ഷേപകർ ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. കൂടുതൽ നിക്ഷേപകർ പരാതിയുമായി എത്തുന്നതോടെ നഷ്ടപ്പെട്ട തുക ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ കീഴിലെ ആസ്തി, ബാധ്യതകൾ കണക്കാക്കി പാപ്പർ ഹർജിയിൽ കോടതി തീരുമാനമാകാൻ നാലു വർഷമെങ്കിലും സമയം എടുക്കുമെന്ന് ഓഫിഷ്യൽ റിസീവർ പി.കെ. വിനോദ് കുമാർ പറയുന്നത്. നിലവിൽ 5100 നിക്ഷേപകർ ഉണ്ടെന്നാണ് ഉടമകൾ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ഇവരുടെ നിക്ഷേപങ്ങൾ കണക്കാക്കണം. ഇതിന് ഏറെ സമയം ആവശ്യമാണ്. അതുകൊണ്ട് തന്നെ നിയമ പോരാട്ടത്തിന് പോയാൽ വർഷങ്ങൾ എടുക്കും. നിക്ഷേപകർക്ക് നീതി കിട്ടാൻ വൈകുമെന്നതാണ് വസ്തുത. ഇതും ആശങ്ക കൂട്ടുന്നുണ്ട്.

അതിനിടെ കുന്നത്തുകളത്തിൽ ഗ്രൂപ്പ് സമർപ്പിച്ച പാപ്പർ ഹർജി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയ സമീപിക്കാൻ നിക്ഷേപകർ തീരുമാനിച്ചു. പാപ്പർ ഹർജി കോടതി അംഗീകരിച്ചാൽ ഇവർ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ആസ്തി വീതംവച്ചു നിക്ഷേപകർക്കു നൽകേണ്ടിവരും. അങ്ങനെ വന്നാൽ തുച്ഛമായ തുകയാകും നിക്ഷേപകർക്കു ലഭിക്കുക. കരുതിക്കൂട്ടി എടുത്ത തീരുമാനമായതിനാൽ ആസ്തികൾ മുഴുവൻ മാറ്റിയശേഷമാണ് ബാധ്യതയുടെ മൂന്നിലൊന്നു മാത്രം ആസ്തികൾ കാണിച്ച് പാപ്പർ ഹർജി സമർപ്പിച്ചത്. അതായത് സ്വത്തെല്ലാം ബിനാമികളുടെ പേരിൽ സുരക്ഷിതമായി മാറി. എന്നിട്ടാണ് ഇവർ മുങ്ങിയതെന്നാണ് ഉയരുന്ന ആരോപണം.

നൂറുകണക്കിനു നിക്ഷേപകരാണ് ഇന്നലെയും ആക്ഷൻ കൗൺസിൽ യോഗത്തിനെത്തിയത്. പത്തോ പതിനഞ്ചോ നിക്ഷേപകർക്ക് ഒരു അഭിഭാഷകൻ എന്ന നിലയിൽ അഭിഭാഷക പാനൽ വേണമെന്നും ഹൈക്കോടതി അഭിഭാഷകരിൽനിന്നു നിയമോപദേശം തേടിയശേഷം കേസുകളുമായി മുന്നോട്ടു പോകണമെന്നും നിക്ഷേപകർ തീരുമാനിച്ചു. ഇന്നു പത്തിനു പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തുനിന്ന് കലക്ടറേറ്റ് പടിക്കലേക്ക് മാർച്ചും ധർണയും നടത്താനും യോഗം തീരുമാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP