Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ ഫോണുകളും കാറുകളും ഉപേക്ഷിച്ച് വേർപിരിഞ്ഞ് പലയിടങ്ങളിൽ താമസിച്ചു; പാപ്പർ ഹർജി കൊടുക്കും മുമ്പ് തന്നെ ഒളിയിടങ്ങളേയും സഹായികളേയും നിശ്ചയിച്ചു; റെയ്ഡ് വിവരങ്ങൾ ചോർത്തി മുങ്ങാനുള്ള നീക്കവും വിജയമായതോടെ പിടികൂടൽ നീണ്ടു; കുന്നത്തുകളത്തിൽ മുതലാളിമാർ ഒരുമാസം മുങ്ങി നടന്നത് ഇങ്ങനെ

മൊബൈൽ ഫോണുകളും കാറുകളും ഉപേക്ഷിച്ച് വേർപിരിഞ്ഞ് പലയിടങ്ങളിൽ താമസിച്ചു; പാപ്പർ ഹർജി കൊടുക്കും മുമ്പ് തന്നെ ഒളിയിടങ്ങളേയും സഹായികളേയും നിശ്ചയിച്ചു; റെയ്ഡ് വിവരങ്ങൾ ചോർത്തി മുങ്ങാനുള്ള നീക്കവും വിജയമായതോടെ പിടികൂടൽ നീണ്ടു; കുന്നത്തുകളത്തിൽ മുതലാളിമാർ ഒരുമാസം മുങ്ങി നടന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി. വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ. ജയചന്ദ്രൻ എന്നിവർക്ക് ഒളിച്ചു താമസിക്കാൻ പൊലീസും സഹായം ഒരുക്കി. പണമിടപാട് തട്ടിപ്പുകേസിലെ പ്രതികളായ ഇവരെ കണ്ടെത്താനുള്ള പൊലീസിന്റെ നീക്കം സ്ഥിരമായി ചോർന്നുതിന് പിന്നിൽ സേനയിലെ തന്നെ ചിലരുടെ ഇടപെടൽ മൂലമായിരുന്നു. ഇതെ തുടർന്നു മൂന്നുവട്ടം അന്വേഷണ സംഘത്തെ മാറ്റി. ഓരോ സ്ഥലത്തും പ്രതികളുണ്ടെന്ന വിവരം ലഭിച്ച് പൊലീസ് എത്തുമ്പോഴേക്ക് വിശ്വനാഥനും കുടുംബാംഗങ്ങളും സ്ഥലം മാറിപ്പോയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു സംശയം ഉയർന്നത്. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ നേരിട്ടെത്തിയത്. ഇതോടെ ഇവർ പിടിയിലാവുകയും ചെയ്തു.

നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് നാടുവിട്ടെന്ന പരാതിയിൽ, കോട്ടയത്തെ കുന്നത്തുകളത്തിൽ സ്ഥാപനങ്ങളുടെ ഉടമകളടക്കം ആറുപേരും പിടിയിലായിട്ടുണ്ട്. കെ.വി. വിശ്വനാഥൻ, ഭാര്യ രമണി, മക്കളായ നീതു, ജിത്തു, മരുമക്കളായ ജയചന്ദ്രൻ, ഡോ. സുനിൽ ബാബു എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആദ്യം പിടികൂടിയത്. രണ്ട് പ്രതികളെ തിങ്കളാഴ്ച പൊലീസ് പിടികൂടി. ഇവർ കൊടുങ്ങല്ലൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാക്കിയുള്ളവർ പിടിയിലാകുന്നത്. ഇതോടെ കേസിലുൾപ്പെട്ട ആറുപേരും കസ്റ്റഡിയിലായി. നിക്ഷേപകരെ കബളിപ്പിക്കൽ, തട്ടിപ്പ്, ഒളിവിൽ പോകൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. പിടിയിലായ ആറുപേരെയും ചൊവ്വാഴ്ച രാത്രി കോട്ടയത്തെത്തിച്ചു. ജനരോഷം ഭയന്ന് ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. പിന്നീട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

പാപ്പർ ഹർജിയിൽ വെളിപ്പെടുത്തിയതിനു പുറമെ ഇവർക്കു പണം, സ്വർണം, ഭൂമി എന്നീ സ്വത്തുക്കളുണ്ടോ എന്നു കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കഴിഞ്ഞ ജൂൺ 19നു കോടതിയിൽ പാപ്പർ ഹർജി നൽകിയ ശേഷമാണ് കുന്നത്തുകളത്തിൽ ജൂവലറികളും പണമിടപാട് സ്ഥാപനങ്ങളും മുന്നറിയിപ്പില്ലാതെ പൂട്ടിയത്. സ്ഥാപന ഉടമകൾ മുങ്ങുകയും ചെയ്തു. പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ ഒളിത്താവളങ്ങൾ സ്ഥിരമായി മാറി. അതിനിടെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു ഇവരുടെ ഒളിവിൽ പോകലും പാപ്പർ ഹർജി നൽകലുമെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോണും കാറും ഉപേക്ഷിച്ചുള്ള യാത്രകൾ.

തിങ്കളാഴ്ച വൈകിട്ടു നീതുവിനെയും ഡോ. ജയചന്ദ്രനെയുമാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. ഇവരിൽനിന്നു കിട്ടിയ വിവരം അനുസരിച്ച് കെ.വി. വിശ്വനാഥനെയും രമണിയെയും രാത്രി പൊലീസ് പിടികൂടി. കൊടുങ്ങല്ലൂരിനു സമീപത്തെ മൂന്നു വീടുകളിലായാണ് നാലുപേരും താമസിച്ചിരുന്നത്. ഒരു മാസമായി പൊലീസ് തേടി നടക്കുമ്പോൾ വിശ്വനാഥനും കുടുംബവും അയൽ ജില്ലകളിലുണ്ടായിരുന്നുവെന്നാണു സൂചന. പാപ്പർ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഒളിവിടങ്ങളും തീരുമാനിച്ചു. ജൂൺ 18നു വൈകിട്ടോടെ കോട്ടയം ജില്ല വിട്ട സംഘം ബന്ധുക്കളെയും അവരുടെ സുഹൃത്തുക്കളെയും ആശ്രയിച്ച് അഞ്ചു വീടുകളിലായിട്ടാണു താമസിച്ചത്. മൊബൈൽ ഫോണുകളും വാഹനങ്ങളും ഉപേക്ഷിച്ചു. ഇടയ്ക്കു കള്ളപ്പേരിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഫോൺ ഉപയോഗിക്കുന്നില്ലെങ്കിലും സഹായികൾ വഴി കൃത്യമായി വിവരങ്ങൾ കിട്ടിയിരുന്നു. ബെംഗളൂരുവിലെയും ചെന്നൈയിലെയും ബന്ധുക്കളുടെ വീടുകളിൽ പൊലീസ് സംഘം ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമകളുടെ പൂർണമായ ആസ്തി കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. പാപ്പർ ഹർജിയുടെ തുടർനടപടിയുടെ ഭാഗമായി കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ നിക്ഷേപകരുടെ പണം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കോടതി നിയോഗിച്ച റിസീവർ ഇതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഗ്രൂപ്പിന്റെ ജൂവലറികളിലും ധനകാര്യ സ്ഥാപനത്തിലും ലോക്കറിൽ ഉള്ളത് 17.15 ലക്ഷം രൂപയാണെന്നു പറയുന്നു. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനു തൊട്ടുമുൻപുള്ള ദിവസത്തെ പ്രതിദിന കലക്ഷനാണ്. പാപ്പർ ഹർജിക്കൊപ്പം സമർപ്പിച്ച ആസ്തികളിൽ ഈ തുക ഉൾപ്പെട്ടിട്ടില്ല.

150 കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് 1650 നിക്ഷേപകരാണ് ഇതുവരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. എന്നാൽ പാപ്പർ ഹർജിക്കൊപ്പം കുന്നത്തുകളത്തിൽ ഉടമകൾ സമർപ്പിച്ച ഹർജിയിൽ 136 കോടി രൂപയുടെ ബാധ്യത മാത്രമാണുള്ളതെന്നാണ് അവകാശപ്പെട്ടത്. 5100 നിക്ഷേപകർ ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. അതിനിടെ കുന്നത്തുകളത്തിൽ ജൂവലറിയിലെ സ്വർണത്തിന്റെ കണക്കെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോടതി നിയോഗിച്ചിരിക്കുന്ന റിസീവറിന്റെ നേതൃത്വത്തിൽ കണക്കെടുപ്പ് ആരംഭിക്കും. കോട്ടയം നഗരത്തിലെ ജൂവലറിയിലാണ് ആദ്യം പരിശോധനയും കണക്കെടുപ്പും നടത്തുക. സ്വർണത്തിന്റെ പരിശുദ്ധി കണ്ടെത്തുന്നതിനു രണ്ടു വിദഗ്ദ്ധർ, റിസിവറിനെ സഹായിക്കാൻ ഒരു അഭിഭാഷകൻ, കണക്കെടുപ്പ് ദൃശ്യങ്ങൾ പകർത്താൻ പൊലീസ് ക്യാമറമാൻ തുടങ്ങിയവരെ സജ്ജമാക്കി.

ഇവിടുത്തെ സ്വർണം പെട്ടികളിലാക്കി ട്രഷറിയിൽ സൂക്ഷിക്കും. ജൂവലറികളിൽ 31.57 കോടി രൂപ വിലവരുന്ന 110 കിലോ സ്വർണവും 14 ലക്ഷം രൂപ വിലവരുന്ന അരക്കിലോ പഴയ സ്വർണവും ഉണ്ടെന്നാണു ഗ്രൂപ്പ് ഉടമ കെ.വി. വിശ്വനാഥനും ഭാര്യ രമണിയും സമർപ്പിച്ച പാപ്പർ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP