Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ ബിരുദം സമ്പാദിച്ച് പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തി ആളുകളെ നിത്യരോഗികളാക്കിയ ഷാജഹാൻ വിദേശത്തോ? അടച്ചുപൂട്ടിയ ഇടപ്പള്ളി അൽ ഷിഫാ ആശുപത്രി ഡയക്ടറെ തേടി ലുക്ക് ഔട്ട് നോട്ടീസ്; ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നവർ അറിയിക്കേണ്ടത് എളമക്കര പൊലീസ് സ്റ്റേഷനിൽ; എന്ന് നീതി കിട്ടുമെന്നറിയാതെ ചികിൽസാ തട്ടിപ്പിന് ഇരയായവർ നിത്യദുരിതത്തിലും

വ്യാജ ബിരുദം സമ്പാദിച്ച് പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തി ആളുകളെ നിത്യരോഗികളാക്കിയ ഷാജഹാൻ വിദേശത്തോ? അടച്ചുപൂട്ടിയ ഇടപ്പള്ളി അൽ ഷിഫാ ആശുപത്രി ഡയക്ടറെ തേടി ലുക്ക് ഔട്ട് നോട്ടീസ്; ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നവർ അറിയിക്കേണ്ടത് എളമക്കര പൊലീസ് സ്റ്റേഷനിൽ; എന്ന് നീതി കിട്ടുമെന്നറിയാതെ ചികിൽസാ തട്ടിപ്പിന് ഇരയായവർ നിത്യദുരിതത്തിലും

ആർ.പീയൂഷ്

കൊച്ചി: വ്യാജ ബിരുദവുമായി രോഗികളെ പൈൽസിന് ചികിത്സിച്ചിരുന്ന ഇടപ്പള്ളി അൽ ഷിഫാ ഹോസ്പിറ്റൽ ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന് ലുക്കൗട്ട് നോട്ടീസ്. എളമക്കര എസ്.ഐ പ്രജീഷ് ശശിയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. നിരവധി പൈൽസ് രോഗികളെ ചികിത്സിക്കുകയും ചികിത്സയിൽ പിഴവ് സംഭവിക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ നടത്തിയ പലർക്കും ഇരിക്കാൻ ആവാത്ത വിധം അവശനിലയിലായിരുന്നു.

പരാതികളെത്തുടർന്ന് അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് അടച്ചു പൂട്ടിയിരുന്നു. ആശുപത്രിയുടെ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന്റെ മെഡിക്കൽ ബിരുദം വ്യാജമെന്നു കണ്ടെത്തി ഐഎംഎയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് രോഗികളിൽനിന്നും ഐഎംഎയിൽനിന്നും ഹോസ്പിപിറ്റലിനെതിരെ ഉയർന്നിരിക്കുന്നത്. ഡോ. ഷാജഹാന്റെ ട്രാവൻകൂർ-കൊച്ചി (ടിസി) മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടിയെടുത്തതിലും തട്ടിപ്പു നടന്നു.

2002-2003 കാലഘട്ടത്തിൽ ലഭിച്ച പരാതിയെത്തുടർന്നാണു ഡോക്ടറെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. ഈ ആശുപത്രിയെക്കുറിച്ചും പരാതി ലഭിച്ചിരുന്നു. അന്ന് ഐഎംഎ നടത്തിയ അന്വേഷണത്തിൽ അദ്ദേഹമല്ല ഓപ്പറേഷൻ നടത്തുന്നത് എന്നായിരുന്നു മറുപടി. ഹോമിയോ ഡിപ്ലോമയുണ്ടെന്നും മറുപടി നൽകി. അതിനുശേഷം വളരെ വൈകിയാണ് ടിസി മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ നേടിയത്. തൊടുപുഴ ബ്രാഞ്ച് വഴി ഐഎംഎ രജിസ്‌ട്രേഷനും നേടി. നിരവധി പരാതികൾ കിട്ടിയതോടെ അന്വേഷണം നടത്തിയത്. ഇതിൽ രേഖകളിൽ വലിയ വ്യത്യാസങ്ങളാണ് കണ്ടെത്തിയത്. എസ്എസ്എൽസി പാസായ സമയം, എംബിബിഎസ് ചെയ്ത വർഷം, പിജി ചെയ്ത വർഷം എന്നിവയിലെല്ലാം വലിയ വ്യത്യാസമുണ്ട്. ഇതേത്തുടർന്നാണ് അന്വേഷണക്കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്ന് പുറത്താക്കിയത്.

മെഡിക്കൽ കൗൺസിലിലും ഡിജിപിക്കും ഡോ. ഷാജഹാനെതിരേ പരാതി നൽകിയിട്ടുണ്ട്. രോഗികളിൽനിന്നാണ് ഏറ്റവുംകൂടുതൽ പരാതി ലഭിച്ചത്. ടിസി മെഡിക്കൽ കൗൺസിലും ഡോ. ഷാജഹാന്റെ പ്രാഥമിക രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. ആശുപത്രി കെട്ടിപ്പൊക്കിയതിലും വമ്പൻ അഴിമതിയുണ്ടെന്നാണ് തെളിയുന്നത്. ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ല. ഫയർ ഫോഴ്‌സിന്റെയും സർട്ടിഫിക്കറ്റില്ല. ലൈസൻസുമില്ല. പെർമിറ്റ് ഇല്ലാത്ത ആശുപത്രിയിൽ പ്രത്യേക തരം ചികിത്സ നടത്തുന്നെന്നും അര മണിക്കൂർ കൊണ്ടു രോഗം ഭേദമാകുമെന്നും കോടികളുടെ പരസ്യം ചെയ്തായിരുന്നു എല്ലാ തട്ടിപ്പുകളെയും മറച്ചുവച്ചിരുന്നത്.

രോഗികളെ വ്യാപകമായി വഞ്ചിച്ചുകൊണ്ടായിരുന്നു ആശുപത്രിയുടെ പ്രവർത്തനം. പൈൽസ് പോലുള്ള രോഗങ്ങൾ പുറത്തുപറയാൻ മടിക്കുന്നതാണ്. ഇതു ചൂഷണം ചെയ്തായിരുന്നു ആശുപത്രിയുടെ വളർച്ച. പലർക്കും ജീവതത്തിലുടെനീളം നരകമാണ് ബാക്കിയായതെന്നും പൊലീസിനും വിവിധ അധികൃതർക്കും നൽകിയ പരാതികളിൽനിന്നു വ്യക്തമാണ്.

നിരന്തര സർജറികൾക്കു ശേഷവും രോഗം ഭേദമാകാതെ ഒടുവിൽ മറ്റ് ആശുപത്രികളിൽ ചികിത്സ നേടേണ്ടിവരുന്ന ഗതികേടിലാണു പലരും. കളമശേരി സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ളവർക്കു പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തിട്ടില്ല. പരാതിയുമായി രംഗത്തെത്തിയ രോഗികളിൽ ഒരാൾ ഐജി മനോജ് ഏബ്രഹാമിനെതിരേയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരാതികൾ മുക്കുന്നതിൽ പൊലീസിനു വലിയ പങ്കുണ്ടെന്നും സൂചനയുണ്ട്.

പരാതിപ്പെടുന്നവരുടെ മുറിവുകൾ പ്രതികാര ബുദ്ധിയോടെ കൂടുതൽ വഷളാക്കുന്നെന്ന ആരോപണവും ഉയർന്നിരുന്നു. ഒരു റിട്ടയേഡ് ഡോക്ടറാണ് ഓപ്പറേഷനുകൾ നടത്തുന്നതെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാദം. അതേസമയം, പരാതികളുമായി എത്തിയ രോഗികൾ ഓപ്പറേഷൻ നടത്തിയത് ഷാജഹാനാണെന്ന് അടിവരയിട്ടു പറഞ്ഞു.

മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും വിവാദമുയർത്തി. വ്യാജ സർട്ടിഫിക്കറ്റുകൾ കൃത്യമായി പരിശോധിക്കാതെയാണ് ഡോ. ഷാജഹാനടക്കം സർട്ടിഫിക്കറ്റ് നൽകിയതെന്ന് പരാതികളിൽനിന്നും സർട്ടിഫിക്കറ്റുകളിൽനിന്നും വ്യക്തമാണ്. ഇതേക്കുറിച്ച് ഐ.എം.എ. നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ ജനങ്ങൾക്കു മുന്നിൽ കാട്ടുകയാണെങ്കിൽ ഞെട്ടിപ്പോകുമെന്ന് ഐഎംഎ സെക്രട്ടറി ഡോ. സുൾഫി പറയുന്നു.

ഒരോ അംഗീകാരവും സംശയം ജനിപ്പിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ ഒന്നായ പ്രോക്ടോളജി എംഎസ് ജനറൽ സർജറി എന്ന കോഴ്‌സ് ചെയ്തു കൊണ്ടിരിക്കുന്ന കാലയളവിൽ സിആർആർഐ (ഹൗസ് സർജൻസി) ഇന്ത്യയിലെ മറ്റൊരു ആശുപത്രിയിൽ ചെയ്‌തെന്നാണു കാട്ടിയിരിക്കുന്നത്. 1962ൽ ജനിച്ച ഡോ. ഷാജഹാൻ, എസ്എസ്എൽസി പാസായെന്നു കാട്ടുന്നത് 1992ൽ ആണ്. അതായത് മുപ്പതാമത്തെ വയസിലാണ് എസ്.എസ്.എൽ.സി. പാസായത്! ഫോറിൻ മെഡിക്കൽ കൗൺസിലിൽ സമർപ്പിച്ച രേഖയിലാണിതു കാണിക്കുന്നത്.

അതുപോലെ ഹോമിയോ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എടുത്തിരിക്കുന്ന തീയതി കാട്ടിയിരിക്കുന്നത് 1987 ആണ്. അതായത് എസ്.എസ്എൽസി പാസാകുന്നതിനു മുമ്പ്. എംബിബിഎസ് ബിരുദം വ്യാജമെന്ന സംശയത്തിൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കൂടാതെ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെതിരെ ജീവനക്കാരും രോഗികളും പ്രതിഷേധിച്ചിരുന്നു.

അൽഷിഫ ആശുപത്രിയിലെ ഡോക്ടർ ഷാജഹാൻ യൂസഫ് സാഹിബിന്റെ ഡിഗ്രിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഷാജഹാൻ യൂസഫിനെ ഐ എം എയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഒരു ലക്ഷത്തോളം രൂപ വരെ ഓപ്പറേഷൻ ചാർജ്ജ് വാങ്ങി അത്യാധുനിക ലേസർ ചികിത്സ രോഗികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ആർ.എഫ് ചികിത്സ മാത്രമാണ് ഇവിടെ ചെയ്തിരുന്നതെന്ന് മുൻ നഴ്‌സിംങ് സൂപ്രവൈസർ അമ്പിളി ഗോപിനാഥ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയിരുന്നു. ഇതിനാവട്ടെ 15,000 രൂപയിൽ താഴെ മാത്രമാണ് ചെലവ്. 2016 നവംമ്പർ 28 ന് അൽഷിഫയിൽ വെച്ച് നടത്തിയ സർജറിമൂലം കോമ സ്റ്റേജിലായ കാക്കനാട് ഇൻഫോപാർക്കിൽ (തിങ് ഫാമം) ജീവനക്കാരി ദിവ്യ ചന്ദ്രന്റെ കുടുംബം ആശുപത്രിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകി. ഷാജഹാന്റെ എംഡി ബിരുദത്തിൽ സംശയം ഉണ്ടായതോടെയാണ് ഇയാൾക്കെതിരെ ഐഎംഎ നടപടി സ്വീകരിച്ചത്.

മരുന്ന് പരിശോധന നടത്താതെ ഫുൾ ഡോസിൽ ദിവ്യ പി ചന്ദ്രനിൽ ഉപയോഗിച്ചതാണ് പിന്നീട് പെൺകുട്ടി കോമ സ്റ്റേജിൽ ആകാൻ കാരണമായത്. അമ്മയും സഹോദരനും മാത്രമുള്ള ഈ കുടുംബം പെൺകുട്ടിയുടെ ചികിത്സയ്ക്കായിമാത്രം മാസംതോറും പതിനായിരങ്ങളാണ് ചലവിടുന്നത്. ആശുപത്രി അധികൃതരിൽ നിന്ന് ഒരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ലെന്നും, ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരും മറ്റ് സുഹൃത്തുക്കളും, ബന്ധുക്കളും ചേർന്നാണ് ഇതുവരെയുള്ള ചികിത്സ ചെലവ് വഹിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

ഫയർ ആൻഡ് സേഫ്റ്റി മുതൽ ഓപ്പറേഷൻ തീയ്യറ്ററിന് വരെ അംഗീകാരങ്ങളില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് മുൻ നഴ്‌സിംങ് സുപ്രവൈസർ അടക്കമുള്ളവർ പറഞ്ഞിരുന്നത്. ആശുപത്രിയുടെ മാനേജിംങ് ഡയറക്ടറും ചീഫ് മെഡിക്കൽ കൺസൽട്ടന്റുമായ ഷാജഹാൻ യൂസഫിന് സർജറി നടത്താനുള്ള യോഗ്യതകൾ ഇല്ലെന്നാണ് രേഖകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയത്. 2007 ൽ റഷ്യയിലെ ഉളിയാനോവസ്‌ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിസിഷ്യനായി എംഡി എടുത്തുവെന്നാണ് ഇദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്.

ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ട്രാവൻകൂർ കൊച്ചിൻ കൗൺസിലിൽ ഷാജഹാൻ യൂസഫ് സാഹിബിന്റെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോസ്റ്റൽ ഹോമിയോപതിയിൽ ഡിപ്ലോമമാത്രമാണ് ഷാജഹാന്റെ യോഗ്യത. റിട്ടയേർഡ് ഗവൺമെന്റ് സർജ്ജനായ ഡോ പിസി ജോസഫിന്റെ യോഗ്യതകളെ മറയാക്കിക്കൊണ്ടാണ് ഷാജഹാൻ സർജ്ജറികൾ ചെയ്തിരുന്നത്. എൺപതിനടുത്ത് പ്രായമുള്ള പിസി ജോസഫ് ഡോക്ടർ ഓപ്പറേഷൻ തീയ്യറ്ററിൽ ഉണ്ടാകും എന്നല്ലാതെ, സർജ്ജറികൾ ചെയ്യുന്നത് അൽഷിഫയിലെ ഓപ്പറേഷൻ തീയ്യറ്ററിൽ ജോലി ചെയ്തിരുന്ന ഒരവസരത്തിലും കണ്ടിട്ടില്ല. പ്രായത്തിന്റെ അവശകൾ കാരണമാണിത്. എന്നാൽ ഡിസ്ചാർജ്ജ് സമ്മറി റിപ്പോർട്ടിൽ ഒപ്പു വയ്ക്കുന്നത് ഡോ പിസി ജോസഫാണ്. ഡോ.ഷാജഹാൻ യൂസഫ് സാഹിബ് സർജ്ജറി ചെയ്യാൻ പാടില്ലെന്ന തിരുവനന്തപുരം കൺസ്യൂമർ കോടതി 2015 ലെ വിധി ലംഘിച്ചാണ് സർജ്ജറികൾ തുടർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP