Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസ്‌ക്രീം മേടിക്കാൻ പണമില്ലാത്തപ്പോൾ ഒന്നരക്കോടി നൽകി തുടങ്ങി; കുടുംബ സ്വത്തുക്കൾ മുഴുവൻ ഈട് വച്ച് ലോണെടുത്തു; 55 ശതമാനം ഓഹരിയുടമയെന്ന് കരുതിയയാൾ കണക്ക് കണ്ടപ്പോൾ വെറും രണ്ടര ശതമാനത്തിന്റെ മാത്രം ഉടമ; നികേഷിനെ കൂട്ടി ചാനൽ തുടങ്ങിയ തൊടുപുഴക്കാരി വഴിയാധാരമായത് ഇങ്ങനെ

ഐസ്‌ക്രീം മേടിക്കാൻ പണമില്ലാത്തപ്പോൾ ഒന്നരക്കോടി നൽകി തുടങ്ങി; കുടുംബ സ്വത്തുക്കൾ മുഴുവൻ ഈട് വച്ച് ലോണെടുത്തു; 55 ശതമാനം ഓഹരിയുടമയെന്ന് കരുതിയയാൾ കണക്ക് കണ്ടപ്പോൾ വെറും രണ്ടര ശതമാനത്തിന്റെ മാത്രം ഉടമ; നികേഷിനെ കൂട്ടി ചാനൽ തുടങ്ങിയ തൊടുപുഴക്കാരി വഴിയാധാരമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ റിപ്പോർട്ടർ ചാനലിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് നികേഷ് കുമാറിനെതിരെ വൈസ് ചെയർമാൻ കൊടുത്ത പൊലീസ് കേസ്. തൊടുപുഴ സ്വദേശിയായ സി പി മാത്യുവും ഭാര്യ ലാലിയ ജോസഫും നികേഷ് തങ്ങളുടെ ഓഹരികൾ വഞ്ചനയിലൂടെ സ്വന്തമാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിപ്പോൾ ഉണ്ടായ ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നതിനിടയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്യുകയും വാർത്ത വെളിയിൽ വരികയും ചെയ്തതോടെ സോഷ്യൽ മീഡിയയിലെ പ്രധാന വിഷയമായി മാറി നികേഷ് കുമാർ. സർവ്വ സാമൂഹ്യ പ്രവർത്തകരെയും നിർത്തിപ്പൊരിക്കുന്ന നികേഷ് എങ്ങനെയാണ് ഇങ്ങനെ ഒരു ആരോപണത്തിന് ന്യായം കണ്ടെത്തുന്നത് എന്നാണ് ചോദ്യം ഉയരുന്നത്.

ഈ വിഷയത്തെ തുടർന്നാണ് കമ്പനി ഡയറക്ടർ ബോർഡ് മീറ്റിംഗിനിടെ നികേഷിനെതിരെ മുമ്പ് കടുത്ത വിമർശനം ഉയർന്നിരുന്നു. ചാനലിനുള്ളിൽ നടന്ന ഓഹരി വെട്ടിപ്പിനെ കുറിച്ച് ജയ്ഹിന്ദ് ടിവിയുടെ ഓഡിറ്റർ അന്വേഷിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചയിൽ ധാരണ ആയതോടെയാണ് താൽക്കാലികമായി വിഷയം ഒതുക്കിയത്. എന്നിട്ടും എങ്ങനെയാണ് ഇപ്പോൾ കേസിൽ കലാശിച്ചത് എന്നതാണ് ഒടുവിലത്തെ ചർച്ച. ലാലിയ മുമ്പ് കൊടുത്ത പരാതിയിൽ പൊലീസ് ഇപ്പോൾ പ്രവർത്തിച്ചത് ആണ് എന്നും അതല്ല ലാലിയ അറിഞ്ഞ് തന്നെയാണ് ഇതൊക്കെ നടക്കുന്നതെന്നും രണ്ട് വാദങ്ങൾ ഉണ്ട്. മറുനാടൻ മലയാളിയിൽ നിന്നും പലകുറി വിളിച്ചെങ്കിലും ലാലിയ ഫോൺ എടുത്തില്ല. മറ്റ് ചില ഉറവിടങ്ങൾ വഴി വിളിച്ചപ്പോൾ പരാതിയെക്കുറിച്ച് അഭിപ്രായം പറയാൻ ലാലിയ മടിക്കുകയും ചെയ്തു.

ലാലിയയുടെ നേതൃത്വത്തിൽ ആണ് നികേഷിന്റെ സഹായത്തോടെ ചാനൽ ആരംഭിച്ചത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യാവിഷനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നികേഷ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞതുപോലെ കുട്ടികൾക്ക് ഐസ്‌ക്രീം മേടിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു അപ്പോൾ. തൊടുപുഴ സ്വദേശിയായ സി പി മാത്യുവും ഭാര്യ ലാലിയ ജോസഫും നൽകിയ 1.5 കോടി രൂപയിൽ നിന്നാണ് ഈ സ്ഥാപനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തുടക്കത്തിലെ ചെലവുകൾക്ക് ഉള്ളതായിരുന്നു ഈ തുക. ലാലിയയുടെ പേരിലുള്ള നിരവധി സ്വത്തുക്കളുടെ ഈടിന്മേൽ ആണ് പിന്നീട് 12 കോടി രൂപ കൂടി റിപ്പോർട്ടർ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത്. അത് കൂടാതെ പലപ്പോഴായി കോടികൾ പിന്നെയും ലാലിയ നിക്ഷേപിച്ചിട്ടുണ്ട്.

55 ശതമാനം ഓഹരികൾ സി പി മാത്യുവിനും ലാലിയക്കും കൂടി നൽകാമെന്ന വ്യവസ്ഥയിലാണ് അവർ നിക്ഷേപത്തിന് തയ്യാറായത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ അത് 27 ശതമാനമായി പിന്നീട് നിജപ്പെടുത്തിയതായും പറയുന്നു. ലാലിയ സി പി ദമ്പതികളുടെ പീരുമേട്ടിലുള്ള 100 ഏക്കർ  തോട്ടം തൊടുപുഴ തറവാടും വീടും പറമ്പും തൊടുപുഴ ആറിനു തീരത്തുള്ള 2 ഏക്കർ ടൂറിസം പ്ലോട്ട് തിരുവനന്തപുരത്തെയും എറണാകുളത്തെയും ഫ്‌ലാറ്റുകൾ എന്നിവ 15 വർഷത്തേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം ബാനർജി റോഡ് ശാഖയിൽ പണയപ്പെടുതിയാണ് ഈ പണം സമാഹരിച്ചത്. ഈ നിക്ഷേപങ്ങൾക്കാണ് റിപ്പോർട്ടർ ടിവിയുടെ 27 ശതമാനം ഓഹരി നല്കാൻ കരാർ ഉണ്ടാക്കിയത്.

റിപ്പോർട്ടർ ടിവി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് 2011 ഏപ്രിലിൽ 26 % ഓഹരികൾ ലാലിയ ജോസെഫിനു നൽകി. ഒട്ടേറെ നിക്ഷേപകരെ നികേഷ് ഇതിനിടയിൽ റിപ്പോർട്ടറിലേയ്ക്ക് കൊണ്ടുവന്നിരുന്നു. ഒന്നരക്കോടി രൂപയ്ക്ക് പത്ത് ശതമാനം എന്ന നിലയിൽ ആയിരുന്നു കൊണ്ടുവന്നിരുന്നത്. അസറ്റ് ഹോംസ് ഉടമ ഇതിനിടയിൽ മൂന്ന് കോടി നിക്ഷേപിച്ചു. എന്നാൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അവർ പണം തിരിച്ച് വാങ്ങി ഓഹരി പങ്കാളിത്തം ഒഴിവാക്കുകയായിരുന്നു. ഈ ഇടപാട് തീർക്കാനായി ലണ്ടനിലെ ബിസിനസുകാരനായ ജോബി ജോർജിൽ നിന്നും മൂന്ന് കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ഒന്നരക്കോടി നൽകിയപ്പോൾ തന്നെ ജോബിയും നികേഷുമായി പ്രശ്‌നം ഉണ്ടാവുകയും മറ്റൊരു നിക്ഷേപകനോട് പണം വാങ്ങി ജോബിയെ ഒഴിവാക്കുകയും ആയിരുന്നു.

പിന്നീടാണ് ചിക്കിങ്ങ് ഉടമയായ ദുബായിലെ ബിസിനസുകാരൻ മൻസൂർ 25 ശതമാനം ഓഹരി വാങ്ങി നിക്ഷേപം നടത്തുന്നത്. ആര് നിക്ഷേപിച്ചാലും അവരുടെ തുകയുടെ അത്രയും ശതമാനം നികേഷിന്റെ പേരിലും കൊടുക്കുക എന്തായിരുന്നു രീതി. ഉദാഹരണത്തിന് ഒരാൾ ഒന്നരക്കോടി നിക്ഷേപിച്ച് പത്ത് ശതമാനം ഷെയർ എടുത്താൽ പത്ത് ശതമാനം ഷെയർ നികേഷിനാവും. രണ്ട് ശതമാനം ഷെയർ ഭാര്യ റാണി ജോർജിന്റെ പേരിൽ ഇട്ട ശേഷമാണ് ഇത് ചെയ്തത്. 52 ശതമാനം തന്റെ പേരിൽ നിലനിൽക്കാൻ ആയിരുന്നു ഈ തന്ത്രം. എന്നാൽ പണം ആവശ്യമുള്ളപ്പോൾ എല്ലാ നിക്ഷേപകരും എത്തിയതോടെ ആദ്യം നിക്ഷേപിച്ചവരുടെ ഉടമസ്ഥാവകാശം കുറഞ്ഞു കുറഞ്ഞുവന്നു. അവിടെയാണ് തർക്കം ആരംഭിക്കുന്നത്.

50% ഓഹരികൾ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ചിക്കിൻ മൻസൂറിൽ നിന്നും പണം വാങ്ങിയത്. ഒടുവിൽ അദ്ദേഹത്തിന് 25% ഓഹരി നല്കി. ഇതിനിടയിൽ തന്നെ നികേഷും മൻസൂറും തർക്കം ആരംഭിച്ചു. കണക്കുകൾ ഇല്ലാത്തതും നിരവധി പേർക്ക് ഒരേ ഓഹരി വിറ്റ് പണം ഈടാക്കിയതും അടക്കമുള്ള തർക്കങ്ങൾ ആണ് കോടതിയിൽ കയറിയത്. നികേഷ് നല്കാമെന്ന് വാഗ്ദാനം ചെയ്ത ഓഹരികൾ നൽകാത്തതിനെ തുടർന്നും നല്കിയ ഓഹരികൾക്ക് കൂടുതൽ വില ഈടാക്കിയതിനെ തുടർന്നും ഓഹരി ഉടമയായ ദുബായ് വ്യവസായി ചെന്നൈ കമ്പനി ലോ ബോർഡിനെ സമീപിച്ചു. ഇതിനിടെ 15 കോടി മുടക്കു മുതലുള്ള ചാനൽ ചെന്നൈ ആസ്ഥാനമായുള്ള സൺ ഗ്രൂപ്പിന് വിൽപ്പന നടത്താൻ നികേഷ് ആലോചന നടത്തി.

ഇങ്ങനെ വിൽപ്പന ശ്രമം നടത്തുന്നതറിഞ്ഞ ദുബൈ വ്യവസായി ചെന്നൈ കമ്പനി ലോ ബോർഡിൽ നിന്ന് ചാനെൽ കൈമാറ്റം മരവിപ്പിച്ചു. അതോടൊപ്പം റിപ്പോർട്ടർ ടിവിയുടെ കണക്കുകൾ പരിശോധിക്കാനുള്ള അനുമതിയും കമ്പനി ലോ ബോർഡിൽ നിന്നും സമ്പാദിച്ചു. കഴിഞ്ഞ 5 വർഷമായി വിളിക്കാതിരുന്ന വാർഷിക ജനറൽ ബോഡി മീറ്റിങ് (എജിഎം ) വിളിപ്പിക്കാനുള്ള ഉത്തരവും കമ്പനി ലോ ബോർഡിൽ നിന്നും വാങ്ങി. ഇങ്ങനെ വിളിച്ചു ചേർക്കപെട്ട എജിഎമ്മിൽ ആണ് കൃത്രിമ രേഖകൾ ചമച്ച് നികേഷ് ഓഹരികൾ സ്വന്ത മാക്കിയതിന്റെയും റിപ്പോർട്ടർ ടിവിയുടെ പരസ്യ വരുമാനം പേഴ്‌സണൽ അക്കൗണ്ടിലേക്ക് മാറ്റിയത്തിന്റെയും വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്.

ഇവിടെ മൻസൂറിനേക്കാൾ ഞെട്ടിയത് ലാലിയ ആയിരുന്നു. സ്വന്തം ചാനൽ തുടങ്ങാൻ പണം മുടക്കിയ ലാലിയയുടെ പേരിൽ വെറും രണ്ടര ശതമാനം ഓഹരികൾ മാത്രം ഉള്ളു എന്ന തിരിച്ചറിവാണ് ഉണ്ടായത്. ഈ തർക്കമാണ് വളർന്ന് വലുതായി ഇപ്പോൾ പൊലീസ് കേസിൽ അവസാനിച്ചിരിക്കുന്നത്. പണമായി മൂന്ന് കോടി തിരിച്ച് നൽകുകയും ഈട് വച്ചിരിക്കുന്ന വസ്തു ബാധ്യതയിൽ നിന്നും ഒഴിവാക്കി തരികയും ചെയ്താൽ താൻ ഒഴിഞ്ഞോളാം എന്നാണ് ലാലിയ പറയുന്നത്. എന്നാൽ അതിനുള്ള വഴിയൊന്നും നികേഷ് ഇപ്പോൾ കാണുന്നില്ല.

ഗൾഫിൽ നിന്ന് അടക്കം ലഭിച്ച പരസ്യ വരുമാനത്തിന്റെ കണക്കുകളിൽ നികേഷ് കുമാർ വെട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ലാലിയ ആരോപിക്കുന്നത്. പരസ്യവരുമാനത്തിൽ വരുത്തിയ 6.5 കോടി രൂപ നികേഷ് കുമാറിന്റെ പേർസണൽ അക്കൗണ്ടിലേക്ക് മാറ്റിയെന്നത് അടക്കമുള്ളതിനെ ചൊല്ലി ഡയറക്ടർ ബോർഡ് യോഗത്തിൽ വൻ തർക്കങ്ങൾ തന്നെ നടന്നു. ഇങ്ങനെ പണം മുടക്കിയവർക്ക് വരുമാനം ലഭിക്കാത്ത സാഹചര്യത്തിലും വരുമാനം മുഴുവൻ നികേഷ് കൊണ്ടുപോകുകയും ചെയ്ത സാഹചര്യത്തിലാണ് ലാലിയ ജോസഫും സിപി മാത്യുവും നിയമനടപടിയുമായി മുന്നോട്ടു നീങ്ങിയത്.

ലാലിയയുടെ പരാതിയെ തുടർന്ന അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്ന സൂചന പുറത്തുവന്നതോടെ നികേഷ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സഹായം തേടുകയായിരുന്നു. ഇങ്ങനെ മന്ത്രിതലത്തിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള ജയ് ഹിന്ദ് ടിവിയുടെ ഓഡിറ്ററിനെ അന്വേഷണത്തിന് നിയോഗിച്ചത്. ചാനലുമായി ബന്ധപ്പെട്ട മറ്റ് കേസുകളും നിലവിലുണ്ട്. ആ ഓഡിറ്റിങ് നടക്കുന്നതിനിടയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP