Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈൽഡ് ഹോമിലേക്കു മാറ്റിയ കുഞ്ഞിനെ കൗൺസിലിംഗിൽ മനം മാറിയ അമ്മ മടക്കിക്കൊണ്ടുപോയെന്നു കാട്ടി കൃത്രിമ രേഖയുണ്ടാക്കിയ ശേഷം മറ്റൊരാൾക്ക് വിറ്റു; മലപ്പുറം ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. ഷരീഫ് ഉള്ളിത്തിനെ സ്ഥാനത്തു നീക്കി; ചെയർമാന്റേത് ഗുരുതര വീഴ്‌ച്ചയെന്ന് വിലയിരുത്തൽ

ചൈൽഡ് ഹോമിലേക്കു മാറ്റിയ കുഞ്ഞിനെ കൗൺസിലിംഗിൽ മനം മാറിയ അമ്മ മടക്കിക്കൊണ്ടുപോയെന്നു കാട്ടി കൃത്രിമ രേഖയുണ്ടാക്കിയ ശേഷം മറ്റൊരാൾക്ക് വിറ്റു; മലപ്പുറം ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. ഷരീഫ് ഉള്ളിത്തിനെ സ്ഥാനത്തു നീക്കി; ചെയർമാന്റേത് ഗുരുതര വീഴ്‌ച്ചയെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സി.ഡബ്ല്യു.സി ചെയർമാനു മുന്നിൽ അമ്മ കൊണ്ടുവന്ന കുഞ്ഞിനെ മറ്റൊരാൾക്ക് മറിച്ചു വിറ്റ സംഭവത്തിൽ മലപ്പുറം ജില്ലാ ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. ഷരീഫ് ഉള്ളത്തിനെ തൽസ്ഥാനത്തുനിന്നും നീക്കി. സംസ്ഥാന സാമൂഹ്യനീതി വകുപ്പാണ് ഷരീഫ് ഉള്ളത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതായി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. അവിഹിത ബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞിനെ യുവതി ശിശുക്ഷേമസമിതിയിൽ നിയമപ്രകാരം ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഈ കുഞ്ഞിനെ ചട്ടങ്ങൾ മറികടന്ന് മറ്റൊരാൾക്ക് വിൽപന നടത്തുകയായിരുന്നു.

തികച്ചും രഹസ്യസ്വഭാവത്തിൽ പ്രവർത്തിക്കേണ്ട മജിസ്ട്രേറ്റ് പദവിയുള്ള സ്ഥാനമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റേത്. എന്നാൽ ഈ സ്ഥാനത്തിരുന്ന് വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയായിരുന്നു. ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തൽസ്ഥാനത്ത് നിന്നും നീക്കി സർക്കാർ ഉത്തരവിറക്കിയത്. ഷരീഫ് ഉള്ളത്തിനെതിരെയുള്ള കേസ് ക്രൈംബ്രാഞ്ചാണ് നിലവിൽ അന്വേഷിക്കുന്നത്. സമാനമായി അധികാര ദുർവിനിയോഗം നടത്തിയ സംഭവത്തിൽ വയനാട് ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ ഉൾപ്പടെയുള്ള സമിതി അംഗങ്ങളെ സർക്കാർ പിരിച്ചുവിട്ടതിനു പിന്നാലെയാണ് മലപ്പുറം ശിശുക്ഷേമസമിതി അദ്ധ്യക്ഷനെയും സ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്. നിലവിൽ സമിതി അംഗമായ അഡ്വ. ഹാരിസ് പഞ്ചിലിയെ ചെയർമാനായി നിയമിച്ചേക്കും.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസവും ജീവനും ഉൾ്‌പ്പെടെയുള്ള കാര്യങ്ങളിൽ ഇടപെട്ട് നീതി നടപ്പാക്കുന്നതിനുമാണ് കുട്ടികൾക്കായുള്ള വിവിധ സർക്കാർ ഏജൻസികളും കോടതികളും. ജന്മം നൽകുന്നവർക്ക് കുഞ്ഞിനെ വേണ്ടെങ്കിൽ, അവിഹിത ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളാണെങ്കിൽ പോലും ഏറ്റെടുത്ത് സർക്കാർ മന്ദിരത്തിൽ സംരക്ഷണം നൽകണമെന്നാണ് നിയമം. പിന്നീട് അനുവദിക്കുന്ന കാലാവധി കഴിഞ്ഞാൽ ചട്ടപ്രകാരം അപേക്ഷിക്കുന്നവർക്ക് ദത്ത് നൽകാനും നിയമം അനുവദിക്കുന്നുണ്ട്. 2015 ലാണ് സി.ഡബ്ല്യൂ.സി ചെയർമാനായിരുന്ന അഡ്വ.ഷരീഫ് ഉള്ളത്തിനെതിരെയുള്ള കേസിനാസ്പദമായ സംഭവം നടക്കുന്നത്. മലപ്പുറം ജില്ലക്കാരിയായ യുവതി കോഴിക്കോട്ടെ ആശുപത്രിയിൽ വച്ച് കുഞ്ഞിന് ജന്മം നൽകുകയുണ്ടായി. അവിഹിത ബന്ധത്തിലൂടെയുണ്ടായ കുഞ്ഞായതിനാൽ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ.ഷരീഫ് ഉള്ളത്തിനു മുന്നിൽ യുവതി കുഞ്ഞിനെ ഹാജരാക്കി.

ഇതനുസരിച്ച് കുഞ്ഞിനെ ചൈൽഡ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. അമ്മ കുഞ്ഞിനെ ബന്ധപ്പെട്ട സമിതിക്കു മുന്നിൽ സമർപ്പിച്ചാൽ അമ്മയെ കൗൺസിലിങ് നടത്താനുള്ള സമയപരിധിയുണ്ട്. ഇക്കാലയളവിൽ കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ അമ്മ തയ്യാറായാൽ അമ്മയ്ക്കു തന്നെ കുഞ്ഞിനെ വിട്ടുകൊടുക്കണമെന്നാണ് ചട്ടം. എന്നാൽ കൗൺസിലിങ് പിരീഡിൽ അമ്മയുടെ മനംമാറ്റത്തെ തുടർന്ന് കുഞ്ഞിനെ ഏൽപ്പിച്ചതായി കാണിച്ച് അഡ്വ. ഷരീഫ് ഉള്ളത്തിൽ കൃത്രിമ രേഖകളുണ്ടാക്കി കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നുവത്രെ. എന്നാൽ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ഡയറക്ടർ എന്നിവർ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ അമ്മയ്ക്ക് ലഭിച്ചിട്ടില്ലെന്നു കണ്ടെത്തുകയായിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ ഇതുസംബന്ധിച്ച് മേലധികാരികൾക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിശുക്ഷേമ സമിതി ചെയർമാനെതിരെ ആരോപണം ഉയർന്നതോടെ കഴിഞ്ഞ രണ്ടു വർഷത്തോളമായി ചൈൽഡ് ലൈൻ ഏറ്റെടുക്കുന്ന കുട്ടികളെ അഡ്വ. ഷരീഫിനു മുന്നിൽ കൊണ്ടുവന്നിരുന്നില്ല. പകരം മറ്റു സമിതി അംഗങ്ങൾക്കു മുമ്പിലാണ് ഹാജരാക്കിയിരുന്നത്.

കേസുമായി ബന്ധപ്പെട്ട് ഷരീഫ് ഉള്ളത്തിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഈ മാസം രണ്ടിനാണ് സാമൂഹ്യനീതി വകുപ്പ് അഡ്വ. ഷരീഫ് ഉള്ളത്തിനെ തൽസ്ഥാനത്തു നിന്നും നീക്കിയതായി ഉത്തരവിറക്കിയത്. ഉത്തരവിൽ പറയുന്നതിങ്ങനെ: 'മാതാവ് സറണ്ടർ ചെയ്ത കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷരീഫ് ഉള്ളത്തിൽ അനധികൃതമായി കൈമാറ്റം ചെയ്ത കേസിൽ പ്രഥമവിവര റിപ്പോർട്ടിലെ ആരോപണങ്ങൾ ഗുരുതരമായവയാണെന്നും ജുവനൈൽ ജസ്റ്റിൽ ആക്ട് അനുസരിച്ച് നിയമം നടപ്പിലാക്കുവാൻ ബാധ്യസ്ഥാനായ അധികാരസ്ഥാനം തന്നെ അതിന് വിപരീതമായി പ്രവർത്തിച്ചിരിക്കുന്നതിനാൽ 2015ലെ ജൂവനൈൽ ജസ്റ്റിസ് ആക്ടിലെ 27(7)(ശ) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുവാൻ സാമൂഹ്യനീതി ഡയറക്ടർ മേൽ പരാമർശം മുഖേന ശുപാർശ ചെയ്യുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷരീഫ് ഉള്ളത്തിൽ അധികാര ദുർവിനിയോഗം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനാൽ 2015 ലെ ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉത്തരവ് തിയതി പ്രാബല്യത്തിൽ ടിയാളെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.'

അതേസമയം തന്നോടുള്ള രാഷ്ട്രീയ വിരോധമാണ് കേസിനു പിന്നിലെന്നും അറബികല്യാണം, അനാഥശാല വിഷയം, കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടന മാഫിയ തുടങ്ങിയ വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുത്തതും ഇരകൾക്കൊപ്പം നിന്നതുമാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നതെന്നും അഡ്വ. ഷരീഫ് ഉള്ളത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 2015ൽ നടന്ന സംഭവത്തിൽ പൊലീസ് പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ ഇതുവരെ യാതൊരു നടപടിയുമുണ്ടാകാത്തത് ചട്ടപ്രകാരമാണ് തന്റെ നടപടിയെന്ന് ശരിവെക്കുന്നതാണെന്ന് ഷരീഫ് ഉള്ളത്തിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP