Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റംസാൻ നോമ്പു തുങ്ങിയദിനം മലപ്പുറം പൂക്കോട്ടുപാടം ക്ഷേത്രത്തിലെ പ്രതിഷ്ഠ തകർക്കപ്പെട്ടതിൽ മുസ്ലിംവിരുദ്ധ പ്രചരണവുമായി സംഘപരിവാർ; തിരുവനന്തപുരം സ്വദേശി അറസ്റ്റിലായപ്പോൾ സി.പി.എം അനുഭാവിയെന്നും പ്രചരണം; സോഷ്യൽമീഡിയയിലൂടെയുള്ള കലാപപ്രചരണത്തിന് അന്ത്യംകുറിച്ചത് പ്രതിയെ താമസംവിനാ പടികൂടിയ പൊലീസ് നടപടി; അറസ്റ്റിലായ മോഹൻകുമാർ കിളിമാനൂരിൽ വയോധികയെ കൊന്നു കുളത്തിൽ തള്ളിയ കേസിലും പ്രതി

റംസാൻ നോമ്പു തുങ്ങിയദിനം മലപ്പുറം പൂക്കോട്ടുപാടം ക്ഷേത്രത്തിലെ പ്രതിഷ്ഠ തകർക്കപ്പെട്ടതിൽ മുസ്ലിംവിരുദ്ധ പ്രചരണവുമായി സംഘപരിവാർ; തിരുവനന്തപുരം സ്വദേശി അറസ്റ്റിലായപ്പോൾ സി.പി.എം അനുഭാവിയെന്നും പ്രചരണം; സോഷ്യൽമീഡിയയിലൂടെയുള്ള കലാപപ്രചരണത്തിന് അന്ത്യംകുറിച്ചത് പ്രതിയെ താമസംവിനാ പടികൂടിയ പൊലീസ് നടപടി; അറസ്റ്റിലായ മോഹൻകുമാർ കിളിമാനൂരിൽ വയോധികയെ കൊന്നു കുളത്തിൽ തള്ളിയ കേസിലും പ്രതി

നിലമ്പൂർ: പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ പ്രതിഷ്ഠ തകർക്കപ്പെട്ട സംഭവത്തിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശി മോഹൻകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. റംസാൻ ഒന്നായ ഇന്നലെ നടന്ന സംഭവത്തിന് പിന്നിൽ മുസ്ലിങ്ങളാണെന്ന തരത്തിൽ വ്യാപകമായ പ്രചരണം നടന്നിരുന്നു. എന്നാൽ താമസംവിനാ പ്രതിയെ പിടികൂടിയതോടെ പ്രചരണങ്ങളെല്ലാം പൊളിഞ്ഞു. 11വർഷം മുമ്പ് വയോധികയെ കൊന്നു കുളത്തിൽ തള്ളിയ കേസിലെ പ്രതികൂടിയാണ് ഇയാൾ.

റംസാൻ നോമ്പ് തുടങ്ങിയ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് ശ്രീകോവിലിന്റെ ഓട് ഇളകിയിരിക്കുന്നത് ശ്രദ്ധിച്ചത്. തുടർന്നാണ് വിഗ്രഹങ്ങൾ തകർത്തതായി കണ്ടെത്തിയത്. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലുകളുടേയും വാതിൽ തകർത്താണ് അക്രമി അകത്ത് കയറിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സംഘപരിവാർ സംഘടനകൾ വ്യാപക പ്രചരണവുമായി രംഗത്തിറങ്ങുകയായിരുന്നു. വിഗ്രഹം തകർത്തതിനു പിന്നിൽ മുസ്ലിംകളാണെന്ന രീതിയുള്ള പ്രചരണം സോഷ്യൽ മീഡിയയിലടക്കം നടന്നു. പ്രകോപനപരമായ നിരവധി പോസ്റ്റുകളും സന്ദേശങ്ങളും ഫേസ്‌ബുക്കിലടക്കം പ്രചരിക്കപ്പെട്ടു.

അതേസമയം പിടിയിലായ പ്രതി തന്റെ പേര് രാജാറാം മോഹൻദാസ് പോറ്റിയെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് ഇയാളുടെ പേര് മോഹൻകുമാർ എന്നാണെന്നു വ്യക്തമായത്. മറ്റു കേസുകളിലും പ്രതിയായ ഇയാൾ ആക്കാര്യം വെളിപ്പെടാതിരിക്കാനാണ് പേരു മാറ്റിപ്പറഞ്ഞതെന്നാണ് സൂചന.

അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ പേര് രാജാറാം മോഹൻദാസ് പോറ്റിയെന്നാണെന്ന് ആദ്യം വാർത്ത പുറത്ത് വന്നതോടെ ഇയാൾ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗമാണെന്നും പ്രചരണമുണ്ടായി. സംഭവം സി.പി.എം അറിവോടെയാണെന്നും ഹൈന്ദവ സമൂഹത്തിന് നേരെയുള്ള അതിക്രമം ചെറുക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റുകളിൽ ആഹ്വാനം ഉയർന്നു.

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്തതിൽ പ്രതിഷേധിച്ച് ബിജെപിയും ഹിന്ദു ഐക്യവേദിയും ഹർത്താൽ നടത്തിയിരുന്നു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ മുന്മന്ത്രി ആര്യാടൻ മുഹമ്മദിനെ ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞു. എംഎൽഎ പി.വി. അൻവർ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗവും അലങ്കോലപ്പെട്ടു.

താമസംവിനാ പ്രതിയെ പിടികൂടിയ പൊലീസാണ് കലാപസമാന അന്തരീക്ഷത്തിന് അന്ത്യംകുറിച്ചത്. ഹിന്ദുമതത്തിലെ അനാചാരങ്ങൾക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ക്ഷേത്രപ്രതിഷ്ഠ തകർത്തതെന്നാണ് പ്രതി മോഹൻകുമാർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.

മോഹൻകുമാർ കിളിമാനൂരിൽ കമലാക്ഷിയെന്ന വയോധികയെ കൊലപ്പെടുത്തി ക്ഷേത്രക്കുളത്തിൽ തള്ളിയ കേസിലും പ്രതിയാണെന്നാണ് പൊലീസ് അറിയിച്ചത്. 11 വർഷം മുമ്പായിരുന്നു സംഭവം. ആൾമാറാട്ടം നടത്തി പൊലീസിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടു നടക്കുകയായിരുന്നു പ്രതി. ക്ഷേത്രപ്രതിഷ്ഠ സംഭവത്തിൽ പിടിയിലായതിനു പിന്നാലെയുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകക്കേസിന്റെ ചുരുൾ അഴിഞ്ഞത്.

ക്ഷേത്രത്തിലെ പ്രതിഷ്ഠ തകർപ്പെട്ട സംഭവം മുതലെടുത്ത് നവമാധ്യമങ്ങൾ വഴി വർഗ്ഗീയ പ്രചരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതി മോഹൻകുമാറിന് എതിരെ പൊലീസ് കേസെടുത്തത്. മറ്റ് ക്ഷേത്രങ്ങളിലും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പ്രതിക്ക് പൂജാരിമാരോട് ശത്രുതയുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

സംഭവത്തിൽ ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാർ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സ്‌ക്വഡിനെ വച്ച് അന്വേഷണം വിപുലപ്പെടുത്തുമെന്ന് ഐ.ജി അജിത് കുമാർ പറഞ്ഞു. പെരിന്തൽമണ്ണ ഡിവൈ.എസ്‌പി എം. മോഹനചന്ദ്രൻ, വണ്ടൂർ സി.ഐ എ.ജെ ജോൺസൺ, നിലമ്പൂർ സി.ഐ കെ.എം ദേവസ്യ, എടക്കര സി.ഐ സന്തോഷ്, എസ്.ഐമാരായ ജോതിന്ദ്രകുമാർ, മനോജ് പറയറ്റ, സുനിൽ പുളിക്കൽ, ടി.പി ശിവദാസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ എം.എസ്‌പി ക്യാംപിലെ ഉൾപ്പെയുള്ള മുന്നൂറോളം പൊലിസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP