Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മീഡിയാ വണ്ണിലെ എം80 മൂസയിലെ പാത്തുവിന്റെ മകനെ കുടുക്കിയതോ? പരാതിക്കാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ; ഗുണ്ടാത്തലവനും പിടിച്ചു പറിക്കാരനുമാക്കുന്നത് കാക്കിക്കുള്ളിലെ കുതന്ത്രം; ഗുരുവായൂരപ്പൻ കോളേജിലെ ചെറിയ സംഘർഷത്തെ വളച്ചൊടിച്ചത് പൊലീസ് ഗൂഢാലോചന: അതുൽ ശ്രീവയുടെ ജയിൽ വാസത്തിൽ നാട്ടുകാർക്ക് പറയാനുള്ളത്

മീഡിയാ വണ്ണിലെ എം80 മൂസയിലെ പാത്തുവിന്റെ മകനെ കുടുക്കിയതോ? പരാതിക്കാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ; ഗുണ്ടാത്തലവനും പിടിച്ചു പറിക്കാരനുമാക്കുന്നത് കാക്കിക്കുള്ളിലെ കുതന്ത്രം; ഗുരുവായൂരപ്പൻ കോളേജിലെ ചെറിയ സംഘർഷത്തെ വളച്ചൊടിച്ചത് പൊലീസ് ഗൂഢാലോചന: അതുൽ ശ്രീവയുടെ ജയിൽ വാസത്തിൽ നാട്ടുകാർക്ക് പറയാനുള്ളത്

കെ വി നിരഞ്ജൻ

കോഴിക്കോട്: നന്നായി പഠിക്കുകയും കലാരംഗത്ത് മികവ് കാട്ടുകയും ചെയ്യുന്ന ഒരു വിദ്യാർത്ഥി കോളജിൽ ഗുണ്ടാസംഘം നടത്തുകയാണെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കകു പൊലീസ് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജയിലിടച്ച എം 80 മൂസ ഫെയിം സീരിയൻ നടൻ അതുൽ ശ്രീവക്കെതിരെ സമാനതകളില്ലാത്ത ഗൂഢാലോചനയാണ് നടന്നതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുവേണ്ടി കേസ് വളച്ചൊടിച്ചെന്നാണ് പ്രധാന ആരോപണം. കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളജിൽ എങ്ങനെയാണ് ഒരു വിദ്യാർത്ഥിക്ക് ഗുണ്ടാസംഘത്തെ നയിക്കാൻ കഴിയുകയെന്നും ഇവർ ചോദിക്കുന്നു. കോളജിൽ കുട്ടികൾ തമ്മിലുണ്ടാകുന്ന പ്രശ്‌നം ഈ രീതിയിൽ ചിത്രീകരിക്കുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. അതുലിന്റെ മോചനത്തിനായി സമൂഹ മാധ്യമങ്ങളിലൂടെ കാമ്പയിനും സജീവമാക്കിയിരിക്കയാണ്.

പിതാവ് മരുതോറ ചാലിൽ ശ്രീധരൻ, പേരാമ്പ്ര സമൃദ്ധി സാംസ്‌കാരിക കൂട്ടായ്മ പ്രസിഡന്റ് എം.സി. സനിൽകുമാർ എന്നിവർ കഴിഞ്ഞ ദിവസം കാര്യങ്ങൾ വ്യക്തമാക്കാനായി മാധ്യമ പ്രവർത്തരെ സമീപിച്ചിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയുടെ പരാതിയെ തുടർന്നാണ് അവസാന വർഷ വിദ്യാർത്ഥി അതുലിനെ അറസ്റ്റ് ചെയ്തത്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കള്ളക്കേസെടുത്ത് ജയിലിലടച്ച് വളർന്നു വരുന്ന ഒരു കലാകാരന്റെ ഭാവി തകർക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ ഗുരുവായൂരപ്പൻ കോളജിൽ മൂന്നാം വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനിടയിൽപെട്ട അതുലിന്റെ ഇടത് കൈ പൊട്ടുകയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതുലിന്റെ പരാതി പ്രകാരം പൊലീസ് ചില വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരുന്നു. അതിന് ശേഷമാണ് യാതൊരു പരിക്കും പറ്റാത്ത ഒരു വിദ്യാർത്ഥി അതുലിനെതിരെ പരാതി കൊടുത്തത്. പരാതിക്കാരൻ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ്. വെള്ളിയാഴ്ച രാത്രി അതുൽ നൽകിയ പരാതിയിൽ മൊഴിയെടുക്കണം എന്ന് പറഞ്ഞു കസബ സ്‌റ്റേഷനിൽ നിന്ന് പൊലീസ് വിളിച്ചുവരുത്തി കൗണ്ടർ കേസിൽ അറസ്റ്റുചെയ്യുകയായിരുന്നത്രെ.

ചെറിയൊരു വിദ്യാർത്ഥി സംഘർഷത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ അതുൽ ശ്രീവയെ പിടിച്ചു പറിക്കാരനായും ഗുണ്ടാത്തലവനായും ചിത്രീകരിച്ച് സമൂഹത്തിനു മുന്നിൽ അപമാനിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. സീരിയലുകളിൽ നിന്നും സുഹൃദ് സംഘം നടത്തുന്ന മ്യൂസിക് ബാൻഡിലൂടെയും മാസം മോശമല്ലാത്ത വരുമാനമുള്ള അതുൽ 100 രൂപ ഗുണ്ടാ പിരിവ് ചോദിച്ചിട്ട് കൊടുക്കാത്തതിന് ആക്രമണം നടത്തിയെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ചൂണ്ടിക്കാണിക്കുന്നു. സീരിയൽ തിരക്ക് കാരണം കോളജിൽ ഹാജർ കുറവാണെന്നത് സത്യമാണ്. അല്ലാതെ പൊലീസ് പറഞ്ഞത് പോലെ അതുലിനെതിരെ മറ്റ് അടിപിടി കേസുകളൊന്നുമില്ല. കോളജിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടില്ല.

സ്‌കൂൾ തലങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും നല്ല നാടകനടനായി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ട, അതുൽ 'ഇമ്മിണി ബല്ല്യോരാൾ ' എന്ന ഹ്രസ്വചിത്രത്തിലെ ആദ്യാഭിനയത്തിൽ തന്നെ ദേശീയ, സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി. മീഡിയ വൺ ചാനലിലെ ജനപ്രിയ സീരിയൽ എം 80 മൂസയിൽ റിസ്വാനായി തിളങ്ങിയ അതുലിനെ അറിയാത്തവരായിട്ട് ആരുമില്ല. മോഹൻലാലിന്റെ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ' എന്ന ചിത്രത്തിലും അതുൽ ശ്രീവ വേഷമിട്ടിരുന്നു. കേസിൽ ഉൾപ്പെട്ടതോടെ അതുലിന്റെ കലാജീവിതത്തിൽ കരിനിഴൽ വീഴുമോ എന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും ഏറെ ആശങ്കയുണ്ട്.

ഇടത്തരം കുടുംബത്തിൽ പിറന്ന അതുൽ സ്വപ്രയത്‌നത്തിൽ കൂടിയാണ് കലാരംഗത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഈ കലാകാരന്റെ മോചനത്തിനായി സമൂഹ മാധ്യമങ്ങളിലൂടെ കാമ്പയിൽ ശക്തമായിരക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP