Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൈറ്റ് പെട്രോളിനെ കണ്ടപ്പോൾ റബ്ബർഷീറ്റുപേക്ഷിച്ച് മോഷ്ടാക്കൾ തടിതപ്പി; ജിപ്പിലിട്ട് കൊണ്ടു പോയ തൊണ്ടിമുതൽ വിറ്റ് കാശാക്കി ഏമാന്മാർ; കള്ളക്കളി തുറന്നുകാട്ടിയതും പൊലീസുകാരൻ; മല്ലപ്പള്ളിയിൽ നിന്നും ഒരു പൊലീസ് സ്‌റ്റോറി

നൈറ്റ് പെട്രോളിനെ കണ്ടപ്പോൾ റബ്ബർഷീറ്റുപേക്ഷിച്ച് മോഷ്ടാക്കൾ തടിതപ്പി; ജിപ്പിലിട്ട് കൊണ്ടു പോയ തൊണ്ടിമുതൽ വിറ്റ് കാശാക്കി ഏമാന്മാർ; കള്ളക്കളി തുറന്നുകാട്ടിയതും പൊലീസുകാരൻ; മല്ലപ്പള്ളിയിൽ നിന്നും ഒരു പൊലീസ് സ്‌റ്റോറി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇരട്ടച്ചങ്കുണ്ടെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം കൈകാര്യം ചെയ്തിട്ടും കേരളാ പൊലീസിന് വലിയ മാറ്റമൊന്നുമില്ല. നൈറ്റ് പട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് കടന്ന മോഷ്ടാക്കൾ റോഡിൽ ഉപേക്ഷിച്ച രണ്ടു കെട്ട് റബർഷീറ്റ് കടയിൽ കൊണ്ടു പോയി വിറ്റ് പൊലീസ് ഉദ്യോഗസ്ഥർ 'മാതൃക' കാട്ടി. സംഭവം നാട്ടുകാർ അറിഞ്ഞതോടെ വിറ്റ കടയിൽ നിന്ന് തൊണ്ടി തിരിച്ചെടുത്ത് സ്റ്റേഷനിൽ എത്തിച്ച് മഹസർ എഴുതി തലയൂരി.

മല്ലപ്പള്ളി സർക്കിളിനു കീഴിലുള്ള കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. കളഞ്ഞു കിട്ടിയ ഷീറ്റ് വിറ്റ് കാശു വാങ്ങിയ സംഭവം സ്റ്റേഷനിലെ ഒരു പൊലീസുകാരൻ തന്നെയാണ് പുറത്തു പറഞ്ഞത്. എസ്.ഐയും പൊലീസുകാരും നൈറ്റ് ബീറ്റ് നടത്തുന്നതിനിടെയാണ് റോഡിൽ കിടന്ന് രണ്ടു കെട്ട് റബർ ഷീറ്റ് കിട്ടിയത്. സംഗതി ജീപ്പിലെടുത്തിട്ടു കൊണ്ടു പോന്ന ഏമാന്മാർ പിറ്റേന്നുതന്നെ മല്ലപ്പള്ളി ടൗണിലുള്ള ഒരു പ്രമുഖ ബേക്കറിയോട് ചേർന്ന റബർ വ്യാപാരിക്ക് ഷീറ്റ് വിറ്റ് 11,230 രൂപ കൈപ്പറ്റി.

വിവരമറിഞ്ഞ ഒരു പൊതുപ്രവർത്തകൻ സംഭവം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. ഇതേപ്പറ്റി അന്വേഷിക്കാൻ എസ്‌പി സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പിയെ നിയോഗിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഇതേപ്പറ്റി സ്ഥലത്ത് അന്വേഷിക്കാൻ പോയ സ്‌പെഷൽ ബ്രാഞ്ച് എഎസ്ഐ വിവരം കുറ്റാരോപിതർക്ക് ചോർത്തി നൽകി. ഇതോടെ വാലിന് തീപിടിച്ച ഉദ്യോഗസ്ഥർ നെട്ടോട്ടമോടി. തൊണ്ടി വിറ്റ കടയിൽ ചെന്ന്, കൈപ്പറ്റിയ തുകയ്ക്കുള്ള ഷീറ്റ് രണ്ടു കെട്ടുകളാക്കി സ്റ്റേഷനിൽ എത്തിച്ചു. വാങ്ങിയ പണം വ്യാപാരിക്ക് തിരിച്ചു കൊടുത്തോയെന്ന കാര്യം വ്യക്തമല്ല.

എന്തായാലും സ്റ്റേഷനിൽ എത്തിച്ച തൊണ്ടി ഉടൻ തന്നെ മഹസറിൽ രേഖപ്പെടുത്തി. വിവരം ചോർത്തിയതിന്റെ ഉത്തരവാദിത്തം ഒരു പൊലീസുകാരന്റെ തലയിൽ കെട്ടിവച്ചു. സ്ഥിരം പ്രശ്‌നക്കാരനായ പൊലീസുകാരൻ എസ്.ഐയോടുള്ള വിരോധം തീർക്കാൻ കെട്ടിച്ചമച്ചതാണ് ഈ കഥ എന്നു പറഞ്ഞ് സ്‌പെഷൽ ബ്രാഞ്ച് കട്ടയും പടവും മടക്കി. എന്നാൽ, വിവരം മുഴുവനും അറിയാവുന്ന പൊതുപ്രവർത്തകൻ അടങ്ങിയിരിക്കാൻ തയാറല്ല. വിജിലൻസിന് പരാതി നൽകാൻ അദ്ദേഹം ഒരുങ്ങിക്കഴിഞ്ഞു. ആരോപണ വിധേയനായ എസ്.ഐ പ്രശ്‌നക്കാരനാണെന്ന് സ്‌പെഷൽബ്രാഞ്ചും സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കുന്നന്താനത്ത് നടന്ന സിപിഐ(എം)-ആർഎസ്എസ് സംഘർഷത്തിൽ പ്രവീൺ എന്ന ആർഎസുഎസുകാരന് പരുക്കേറ്റിരുന്നു. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് കാൽ നാലായി ഒടിഞ്ഞ പ്രവീൺ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ബൈക്കിൽ നിന്ന് വീണ് കാലൊടിഞ്ഞുവെന്ന് പറഞ്ഞാണ് പൊലീസ് കേസ് ചാർജ് ചെയ്തത്. മാത്രവുമല്ല, പ്രവീണിന്റെ മൊബൈൽഫോൺ കൈക്കലാക്കിയ എസ്‌ഐ അതിലേക്ക് വിളിക്കുന്നവരെ മുഴുവൻ വിരട്ടുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്ന് പറയുന്നു. പ്രവീണിന്റെ ഭാര്യയെ വരെ ഇയാൾ അസഭ്യം വിളിച്ചുവെന്നാണ് പരാതി. ഇവർ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP