Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകന്റെ മാനസിക വിഭ്രാന്തി തിരിച്ചറിഞ്ഞപ്പോൾ ബന്ധം ഉപേക്ഷിച്ചു; നീ വേറെ കല്ല്യാണം കഴിച്ചാൽ അവനേയും കൊല്ലുമെന്ന ഭീഷണിയും ഫലിച്ചില്ല; കലൂരിൽ അതിരാവിലെ കാമുകിയെ തലങ്ങും വിലങ്ങും വെട്ടി പ്രതികാരം; കൂടെ ജീവിക്കാൻ സമ്മതം മൂളാത്തതിലെ പ്രതികാരമെന്ന് ശ്യാമിന്റെ കുറ്റസമ്മതം; ചിത്തിര ഗുരുതരാവസ്ഥയിൽ

കാമുകന്റെ മാനസിക വിഭ്രാന്തി തിരിച്ചറിഞ്ഞപ്പോൾ ബന്ധം ഉപേക്ഷിച്ചു; നീ വേറെ കല്ല്യാണം കഴിച്ചാൽ അവനേയും കൊല്ലുമെന്ന ഭീഷണിയും ഫലിച്ചില്ല; കലൂരിൽ അതിരാവിലെ കാമുകിയെ തലങ്ങും വിലങ്ങും വെട്ടി പ്രതികാരം; കൂടെ ജീവിക്കാൻ സമ്മതം മൂളാത്തതിലെ പ്രതികാരമെന്ന് ശ്യാമിന്റെ കുറ്റസമ്മതം; ചിത്തിര ഗുരുതരാവസ്ഥയിൽ

അർജുൻ സി വനജ്

കൊച്ചി: കോതമംഗലം:രണ്ടുവർഷം മുമ്പ് താനുമായി പറഞ്ഞുറപ്പിച്ച വിവാഹം നടത്തിത്തരാൻ മതാപിതാക്കൾ തയ്യാറാവാത്തതിലുള്ള ദേഷ്യത്താലും താൻ വിളിച്ചിട്ട് കൂടെ വരാത്തതിലുമുള്ള വൈരാഗ്യത്താലുമാണ് ലാബ് ടെക്‌നീഷ്യനെ വെട്ടികൊലപ്പെടുത്താൻ താൻ തീരുമാനിച്ചതെന്ന് പ്രതി കോതമംഗലം ബോക്ക് ഓഫീസിന് സമീപം പുത്തൻ പുരയിൽ ശ്യാം രവി (27)പൊലീസിൽ വെളിപ്പെടുത്തി. സംഭവം നടന്നയുടൻ കൊച്ചിയിൽ നിന്നും അസിസ്റ്റന്റ് കമ്മീഷണർ ലാൽജി വിവരം കോതമംഗലം സി ഐക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി ഐ വി റ്റി ഷാജൻ നടത്തിയ അന്വേഷണത്തിൽ കൃത്യത്തിന് ശേഷം ശ്യം കെ എസ് ആർ ടി സി ബസ്സിൽ മൂവാറ്റുപുഴക്ക് തിരിച്ചതായി വിവരം കിട്ടി.

തുടർന്ന് മൂവാറ്റുപുഴയിൽ കാത്തുനിന്ന സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. വിവരം അറിഞ്ഞ് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സെൻട്രൽ സി ഐ അനന്തലാൽ ശ്യാമിനെ സെൻട്രൽ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യത്തിന് കാരണമായ സംഭവപരമ്പരകളെക്കുറിച്ച് ഇയാൾ മനസ്സ് തുറന്നത്.മാസങ്ങളായി മനസ്സിൽ കരുതിവച്ച പ്രതികാരമാണ് ഇന്ന് രാവിലെ ഇയാൾ പൂർത്തീകരിച്ചതെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.

രാവിലെ ആറേ മുക്കാലോടെ കലൂരിൽ ബൈക്കിലെത്തിയ ശ്യാം ലബോറട്ടറി ജീവനക്കാരിയായ ചിത്തിരയെ കലൂരിൽ വെച്ച് കത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തന്റെ കൂടെ ജീവിക്കാൻ വരണമെന്ന ശ്യാമിന്റെ ആവശ്യം ചിത്തിര നിരസിച്ചതിനെത്തുടർന്നായിരുന്നു ശ്യാം കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച നാട്ടുകാരേയും ശ്യാം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. രക്തം വാർന്ന് ബോധരഹിതയായ ചിത്തിര നിലത്ത് വീണപ്പോൾ ശ്യാം ബൈക്കിൽ കടന്നുകളയുകയായിരുന്നു.

കഴുത്തിനും തുടയിലും കൈയ്ക്കും ആഴത്തിൽ മുറിവേറ്റ ചിത്തിര അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. 12 മണിയോടെ ശസ്ത്രക്രിക്ക് ശേഷം ചിത്തിരയെ പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്ക് മാറ്റി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ആക്രമണം നടന്ന സ്ഥലത്ത് രക്തം തളംകെട്ടിക്കിടക്കുകയാണ്. ആക്രമണത്തിന് ഉപയോഗിച്ച പുട്ടി ബ്ലേഡും ബൈക്കും എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കോതമംഗലത്ത് വെച്ച് അറസ്റ്റു ചെയ്ത പ്രതിയെ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുക്കും.

നെല്ലിമറ്റം സ്വദേശിയായ പടത്തപ്പിള്ളിൽ രവിയുടെ നാല് പെൺമക്കളിൽ ഏറ്റവും ഇളയവളാണ് ചിത്തിരയെന്ന ഇരുപത്തിയാറുകാരി. മൂന്ന് വർഷമായി ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നുവെങ്കിലും നാല് മാസങ്ങൾക്ക് മുമ്പ് ചിത്തിര പിന്മാറി. ഇതിനുശേഷം ശ്യാമിന്റെ ഫോൺകോളുകൾ ചിത്തിര എടുക്കാറില്ലായിരുന്നു. നിരന്തരമായി ശല്ല്യം ചെയ്ത് തുടങ്ങിയപ്പോൾ ചിത്തിര മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെക്കാൻ തുടങ്ങി. ഇതിൽ പ്രകോപിതനായ ശ്യാം രണ്ട് മാസം മുമ്പ് ചിത്തിര ജോലി ചെയ്യുന്ന ലബോറട്ടറിൽ കയറി മർദ്ദിച്ചു. ഫോൺ വാങ്ങി എറിഞ്ഞുടച്ചതിന് ശേഷം സിം കൈക്കലാക്കി മടങ്ങി. എന്നെ ഒഴിവാക്കി, നീ വേറെ കല്ല്യാണം കഴിച്ചാൽ അവനേയും കൊല്ലും നിന്റെ കുടുബത്തെ ഒന്നാകെ ഇല്ലാതാക്കുമെന്ന് ശ്യാം അന്ന് ഭീഷണി മുഴക്കിയതായി ചിത്തിരയുടെ പിതാവ് രവി മറുനാടൻ മലയാളിയോട് പറഞ്ഞു.

സംഭവത്തെത്തുടർന്ന് തനിക്കും കുടുംബത്തിനും ശ്യാമിന്റെ ഭീഷണിയുണ്ടെന്ന് കാണിച്ച് ചിത്തിരയുടെ കുടുംബം 21.05.2017 ന് പൊലീസിൽ പരാതി നൽകിയിരുന്നു. സഹോദരി നഗരത്തിൽ നടത്തി വരുന്ന ഹോസ്റ്റലിൽ താമസിച്ചുവരുന്ന ചിത്തിര ഈ സംഭവത്തിന് ശേഷം വീട്ടിലേക്ക് പോയിട്ടില്ല. സംഭവം അറിഞ്ഞതിനെത്തുടർന്ന് അന്ന് പിതാവ് വഴക്ക് പറഞ്ഞതായിരുന്നു വരാതിരിക്കാനുള്ള കാരണം. പിതാവ് പറയുന്നു. സംഭവത്തിന് ശേഷം യുവതി ശ്യാമുമായി സംസാരിച്ചിട്ടില്ല. പെയിന്റിംങ് തൊഴിലാളിയായ ശ്യാമിന് (29) മാനസികരോഗം ഉണ്ടെന്ന് ആരോപിച്ചാണ് ചിത്തിര നാല് മാസങ്ങൾക്ക് മുമ്പ് പ്രണയത്തിൽ നിന്ന് പിന്മാറിയതെന്നാണ് പിതാവിന്റെ സഹോദരിയിൽ നിന്ന് ലഭിക്കുന്ന വിവരം.

രണ്ട് വർഷം മുമ്പ് ചിത്തിരയുടെ മൂത്ത സഹോദരിയുടെ വിവാഹത്തിന്റെ ഏതാനം ദിവസങ്ങൾക്ക് മുമ്പ് ശ്യാം മീൻ കടയിൽ വന്ന് മകളെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിവാഹം കഴിഞ്ഞിട്ട് ആലോചിക്കാം എന്ന് മറുപടി നൽകി. എന്നാൽ ഉടനെ വിവാഹം വേണമെന്ന് ചിത്തിരയുടെ അമ്മയോടും ശ്യാം ആവശ്യപ്പെട്ടു. മീൻ കച്ചവടക്കാരനായ താൻ വളരെ കഷ്ടപ്പെട്ടാണ് ഒരാളെ വിവാഹം കഴിച്ച് അയക്കുന്നത്. രണ്ട് വിവാഹം ഉടനെ നടത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ടാണ് പിന്നീട് നടത്താം എന്ന് പറഞ്ഞത്. എന്നാൽ പിന്നീട് ഇതുവരെ ശ്യം വിവാഹക്കാര്യവുമായി വന്നിട്ടില്ല. മകളുണ്ടെന്ന് കരുതി അങ്ങോട്ട് പോയി വിവാഹം ആലോചിക്കാൻ പറ്റില്ലല്ലോ..? അവർ ഇങ്ങോട്ട് വരണ്ടേ . അതല്ലേ നാട്ടുനടപ്പ..? പിതാവ് രവി ചോദിക്കുന്നു.

അടുത്തകാലത്ത് ശ്യാമിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം പെൺക്കുട്ടിക്ക് ഇഷ്ടമായില്ല. പെട്ടെന്ന് ദേഷ്യപ്പെടുകയും അക്രാസക്തനാവുകയും ചെയ്തിരുന്ന ഇയാളെ പിന്നീട് പെൺകുട്ടിക്ക് ഭയമായിരുന്നു.ഒരിക്കൽ ശ്യാം പെൺകുട്ടിയുടെ വീട്ടിലെത്തി കൂടെ ഇറങ്ങി വരണമെന്നാവശ്യപ്പെട്ടു. ഒച്ചപ്പാടും ബഹളവുമായപ്പോൾ നാട്ടുകാർ ഇടപെട്ടാണ് ഇയാളെ പറഞ്ഞയച്ചെന്നാണ് അറിയിന്നത്. ഇതിന് ശേഷമാണ് ശ്യാമിനെ ചിത്തിര ഒഴിവാക്കാൻ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP