Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹണി ട്രാപ് സ്ഥിരീകരിച്ച് പൊലീസ് സർക്കാരിന് റിപ്പോർട്ട് നൽകി; വേറൊരു ചാനലിലെ താൽകാലിക ജീവനക്കാരിയെ നിയമിച്ചത് തന്നെ മന്ത്രിമാരെ കെണിയിൽ വീഴ്‌ത്താൻ; മന്ത്രിയെ യുവതി വിളിച്ചത് അനേകം തവണ; രണ്ട് മന്ത്രിമാരും ഒരു സി.പി.എം എംഎൽഎയും കുരുങ്ങി; അന്വേഷണം തുടങ്ങിയതോടെ യുവതി ഫെയ്സ് ബുക്ക് പൂട്ടി കേരളം വിട്ടു

ഹണി ട്രാപ് സ്ഥിരീകരിച്ച് പൊലീസ് സർക്കാരിന് റിപ്പോർട്ട് നൽകി; വേറൊരു ചാനലിലെ താൽകാലിക ജീവനക്കാരിയെ നിയമിച്ചത് തന്നെ മന്ത്രിമാരെ കെണിയിൽ വീഴ്‌ത്താൻ; മന്ത്രിയെ യുവതി വിളിച്ചത് അനേകം തവണ; രണ്ട് മന്ത്രിമാരും ഒരു സി.പി.എം എംഎൽഎയും കുരുങ്ങി; അന്വേഷണം തുടങ്ങിയതോടെ യുവതി ഫെയ്സ് ബുക്ക് പൂട്ടി കേരളം വിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിസ്ഥാനം തെറിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുവതിയെ ഉപയോഗിച്ച് എ.കെ. ശശീന്ദ്രനെ കുടുക്കിയതാണെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചെന്ന് റിപ്പോര്ട്ട്. സംഭവത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ഗൂഢാലോചനയുണ്ടെന്നും രഹസ്യാന്വേഷണവിഭാഗം സർക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. പരാതി നൽകാനെത്തിയപ്പോൾ ഫോൺനമ്പർ കൈക്കലാക്കി ലൈംഗിക ചുവയോടെ വിളിക്കുകയായിരുന്നുവെന്ന വാദം ഇന്റലിജൻസ് തള്ളിക്കളയുന്നു. ഇത് മംഗളം ടിവിയുടെ വാദമെല്ലാം തള്ളിക്കളയുന്നതാണ്.

ലൈംഗിക ചുവയോടെ ഫോണിൽ സംസാരിച്ച് ശശീന്ദ്രനെ കുടുക്കാൻ മാസങ്ങളായി യുവതിയെ ചാനൽ നിയോഗിച്ചിരിക്കുകയായിരുന്നു. ഈ യുവതി നിരന്തരം മന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നു. മന്ത്രിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തു. യുവതിയുടെ പൂർണവിവരങ്ങളും ചിത്രങ്ങളും ആഭ്യന്തരവകുപ്പിന്റെ കൈവശമുണ്ട്. വിവാദമായതോടെ യുവതിയെ കേരളത്തിന് പുറത്തേക്ക് കടത്തിയതായും ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചെന്നും റിപ്പോർട്ടുണ്ട്.

മറ്റൊരു ചാനലിൽ അപ്രധാന ചുമതലയിലുണ്ടായിരുന്ന യുവതിയെ ഈ ദൗത്യം മുന്നിൽകണ്ട് ചാനൽ റിക്രൂട്ട് ചെയ്യുകയായിരുന്നു. ശശീന്ദ്രൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക നമ്പർ സർക്കാരിന്റെ പേരിലുള്ള ബി.എസ്.എൻ.എൽ കണക്ഷനാണ്. ഇതിലേക്കുള്ള വിളികളുടെ പൂർണവിവരങ്ങൾ ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്. സംപ്രേഷണം തുടങ്ങാത്ത ചാനലിലെ റിസപ്ഷനിസ്റ്റായിരുന്നു ഈ പെൺകുട്ടിയെന്നാണ് സൂചന. മംഗളത്തിൽ സബ് എഡിറ്ററായി നിയോഗിക്കുകയും ചെയ്തു. ഈ യുവതിയുടെ വീടും കുടുംബ പശ്ചാത്തലവുമെല്ലാം രഹസ്യാന്വേഷണ വിഭാഗം നേടിയിട്ടുണ്ട്.

മംഗളം ടിവിക്കെതിരെ നിയമനടപടിയെ കുറിച്ച് സർക്കാർ ആലോചനയും തുടങ്ങിയിട്ടുണ്ട്. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിച്ച ഓപ്പറേഷനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. യുവതിയുടെ പരാതി വേണമെന്നില്ല. ആരുടെയെങ്കിലും പരാതി ഇതുവരെ പൊലീസിലോ സർക്കാരിലോ കിട്ടിയിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി.

സമാന രീതിയിൽ ഒന്നിലധികം മന്ത്രിമാരുടെ ഫോൺ സംഭാഷണങ്ങൾ മംഗളം സ്വന്തമാക്കിയതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് കടുപ്പിക്കുന്നത്. മന്ത്രിയുടെ ഫോണിലേക്ക് വിളി വന്ന നമ്പർ പിടിച്ചെടുത്ത് ഇന്റലിജൻസാണ് വിളിച്ചയാളെ കണ്ടെത്തിയത്. കൂടുതൽ തവണയും മന്ത്രിയുടെ ഫോണിലേക്ക് അങ്ങോട്ടുള്ള വിളികളായിരുന്നു.

കെ.എസ്.ആർ.ടി.സി പ്രതിസന്ധിയെക്കുറിച്ച് ഗതാഗതമന്ത്രിയുടെ പ്രതികരണം തേടിയെത്തിയ വാർത്താസംഘത്തിൽ യുവതിയെ ഉൾപ്പെടുത്തുകയും അതുവഴി മന്ത്രിയുമായി അടുപ്പമുണ്ടാക്കുകയുമായിരുന്നു. സംഭാഷണം തുടർച്ചയായി റെക്കാഡ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോവയിലെത്തിയപ്പോഴത്തെ സംഭാഷണമാണ് എഡിറ്റ് ചെയ്ത് പുറത്തുവിട്ടത്.

അതിനിടെ മറ്റ് രണ്ട് മന്ത്രിമാരും ഒരു സി.പി.എം എംഎ‍ൽഎയും ഫോൺ കെണിയിൽ കുടുങ്ങിയതായും വിവരമുണ്ട്. ഫോൺവിളി വിവാദത്തിൽ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ അടക്കമുള്ളവ മന്ത്രിസഭായോഗം തീരുമാനിക്കും. വിരമിച്ച ജഡ്ജിയെ കണ്ടെത്തും. പക്ഷേ ഓഫീസും ഉദ്യോഗസ്ഥരെയും സജ്ജീകരിച്ച് അന്വേഷണം തുടങ്ങണമെങ്കിൽ ചുരുങ്ങിയത് ആറുമാസമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP