Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭാര്യ കാമുകനെ ചുമതലപ്പെടുത്തിയത് ഭർത്താവിന്റെ കാലു തല്ലിയൊടിക്കാൻ; കാമുകൻ കബഡി താരത്തിന്റെ ജീവൻ തന്നെ എടുത്തു; കൊല നടത്തിയ ദിവസം പലതവണ വിളിച്ചത് വഴിത്തിരിവായി; കബഡി താരത്തിന്റെ മരണത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

ഭാര്യ കാമുകനെ ചുമതലപ്പെടുത്തിയത് ഭർത്താവിന്റെ കാലു തല്ലിയൊടിക്കാൻ; കാമുകൻ കബഡി താരത്തിന്റെ ജീവൻ തന്നെ എടുത്തു; കൊല നടത്തിയ ദിവസം പലതവണ വിളിച്ചത് വഴിത്തിരിവായി; കബഡി താരത്തിന്റെ മരണത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

നീലേശ്വരം: ദിവസവും മദ്യപിച്ച് വീട്ടിലെത്തി കലഹിക്കുന്ന ഭർത്താവിന്റെ കാലോ കൈയോ തല്ലിയൊടിക്കണമെന്ന് ഭാര്യ ഭർത്താവിന്റെ ബന്ധു കൂടിയായ കാമുകനോട് ആവശ്യപ്പെട്ടു. കാമുകൻ ഭർത്താവിന്റെ ജീവൻ തന്നെ എടുത്തു. സംഗതി പുറത്തറിയാതിരിക്കാൻ ആ മരണം സ്വാഭാവിക മരണമാക്കി മാറ്റാനായി യുവതിയുടെ ശ്രമം. പക്ഷേ, കള്ളകളികൾ പൊളിഞ്ഞു. ഭർത്താവിന്റെ കൊലപാതക കേസിൽ കാമുകനൊപ്പം ആ ഭാര്യയും അറസ്റ്റിലായി. കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന കബഡി താരം കാര്യങ്കോട്ടെ ജി. സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ കാഞ്ഞങ്ങാട് ചിത്താരി കല്ലിങ്കാൽ പൊയ്യക്കര വളപ്പിൽ വീട്ടിൽ കെ.വി. രഞ്ജുഷ (30), സന്തോഷിന്റെ മാതൃസഹോദരീ പുത്രൻ ചീറ്റക്കാൽ മനോജ് (37) എന്നിവരാണ് അറസ്റ്റിലായത്.

ഗൂഢാലോചനയിൽ പങ്കാളിയായിയെന്ന് കണ്ടെത്തിയ രഞ്ജുഷയെ കേസിൽ രണ്ടാം പ്രതിയായി ചേർക്കുകയായിരുന്നു. ഡിസംബർ ഏഴിന് രാവിലെയാണ് സന്തോഷിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ, സന്തോഷിന്റെ കഴുത്തിലെ ചതവ് ശ്രദ്ധയിൽപ്പെട്ട ചിലർക്ക് സംശയം തോന്നി. മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് അവർ പറഞ്ഞു. രഞ്ജുഷ അതിനോട് താല്പര്യം കാട്ടിയില്ല. അടുത്ത ബന്ധുക്കളും അതിന്റെയൊന്നും ആവശ്യമില്ലെന്ന നിലപാടിലായിരുന്നു. പോസ്റ്റ്‌മോർട്ടം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

സംഭവത്തിന് തലേദിവസമാണ് രഞ്ജുഷ സന്തോഷിന്റെ കാലുകൾ തല്ലിയൊടിച്ച് ഉപദ്രവം അവസാനിപ്പിക്കണമെന്ന് മനോജിനോട് ആവശ്യപ്പെടുന്നത്. അന്നു വൈകിട്ട് സന്തോഷ് കലഹമുണ്ടാക്കിയതിനെ തുടർന്നായിരുന്നു ഇത്. സംഭവ ദിവസം സന്തോഷിന്റെ മാതാവ് ചെമ്മരത്തി ആശുപത്രിയിലായിരുന്നു. സന്തോഷും ഭാര്യയുമായി ഉണ്ടായ വഴക്ക് തീർക്കാൻ ഇടപെട്ടപ്പോൾ വീണ് പരിക്കേറ്റാണ് അമ്മ ആശുപത്രിയിലായത്. ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരിക്കാൻ രഞ്ജുഷയും കൂടെയുണ്ടായിരുന്നു. കുട്ടികളെ അതിനിടയിൽ രഞ്ജുഷ തന്റെ കൊളവയലിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സന്തോഷിനെ ആക്രമിക്കാനുള്ള സൗകര്യം രഞ്ജുഷ അങ്ങനെ ചെയ്തുകൊടുത്തു. സംഭവത്തിന് ശേഷം വീട്ടിൽ നിന്നിറങ്ങിയ മനോജ് രഞ്ജുഷയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ സന്തോഷ് മരിച്ചതായി അന്നേരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് രഞ്ജുഷ വെളിപ്പെടുത്തിയത്. തലേദിവസം പല തവണയും കൊലപാതകം നടന്നശേഷം ഒരു പ്രാവശ്യവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതാണ് രഞ്ജുഷയെ കുടുക്കിയത്.

കബഡി താരം കാര്യങ്കോട്ടെ സന്തോഷിനെ കൊലചെയ്ത കേസിലെ പ്രതി മനോജിന് നിരവധി ഗൾഫുകാരുടെ ഭാര്യമാരുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് കബഡി താരമായ ജി.സന്തോഷ് നാട്ടിലെ ക്ഷേത്രത്തിലെ ആചാരക്കാരനായി ചുമതലയേറ്റിരുന്നു. ഈ ക്ഷേത്രത്തിലും പുറത്തുള്ള ക്ഷേത്രത്തിലും സ്ഥാനീകനെന്ന പേരിൽ പങ്കെടുക്കേണ്ടി വരുന്നതിനാൽ സന്തോഷിന് എല്ലാ ദിവസവും വീട്ടിലെത്താൻ കഴിയാറില്ല ഈ അവസരം മുതലെടുത്താണ് മനോജ് സന്തോഷിന്റെ വീട്ടിൽ നിത്യസന്ദർശകനായത്.

മാതൃ സഹോദരീ പുത്രൻ കൂടിയായതിനാൽ ആദ്യം ആർക്കും സംശയമുണ്ടായിരുന്നില്ല. സന്തോഷിന്റെ അമ്മ ചെമ്മരത്തിയുടേയും കുട്ടികളുടേയും സ്‌നേഹാദരവ് പറ്റിയാണ് മനോജ് വീട്ടിൽ കയറിക്കൂടിയത്. ഇത് അവിടെ സ്ഥിരമായി താമസിക്കാനുള്ള വഴി തുറക്കുകയായിരുന്നു. മനോജിന്റെ പെരുമാറ്റത്തിലും മറ്റും സംശയമുണ്ടായതോടെ സന്തോഷ് പ്രശ്‌നമുണ്ടാക്കി. എന്നാൽ അമ്മ ചെമ്മരത്തിക്ക് മനോജ് വീട്ടിൽ വരുന്നതിനെ എതിർത്തത് രസിച്ചില്ല. സംശയിച്ചതുമില്ല. മനോജ് അവിടെ താമസം തുടങ്ങുകയും നാട്ടിൽ അപവാദങ്ങൾ പ്രചരിക്കുകയും ചെയ്തതോടെ സന്തോഷ് മുഴു മദ്യപാനിയായി. വീട്ടിൽ മർദ്ദനമുറകൾ തുടർന്നു. എന്നാൽ സന്തോഷിന്റെ ഭാര്യ രഞ്ജുഷയുമായുള്ള ബന്ധം മനോജ് തുടർന്നു. മനോജ് സമ്മാനമായി അവർക്കൊരു മൊബൈൽ ഫോണും വാങ്ങിച്ചു നൽകി. ഇതോടെ അവർ തമ്മിലുള്ള ബന്ധം ദൃഢമാവുകയായിരുന്നു.

കൊലപാതകത്തിന് തൊട്ടു മുമ്പും രഞ്ജുഷയുടെ മൊബൈലിൽ നിന്നും മനോജിന് ഫോൺ വന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷിന്റെ മർദ്ദനത്തിൽ നിന്നും തന്നെ രക്ഷപ്പെടുത്തണമെന്ന് മനോജിനോട് രഞ്ജുഷ അഭ്യർത്ഥിച്ചിരുന്നു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ മനോജ് സന്തോഷിനെ പ്ലാസ്റ്റിക്ക് കയറിൽ കഴുത്ത് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു സന്തോഷിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. സന്തോഷിന്റെ മദ്യപാനം അതിരു വിട്ടപ്പോൾ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം അമ്മയെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതോടെ അവർ ആശുപത്രിയിലുമായി. കൂട്ടിരിക്കാൻ സന്തോഷിന്റെ ഭാര്യയും മക്കളും ആശുപത്രിയിൽ പോയിരുന്നു. പിറ്റേ ദിവസം രാത്രി സന്തോഷും സുഹൃത്തും വീട്ടിൽ നിന്നു തന്നെ മദ്യപാനം തുടർന്നു.

സുഹൃത്ത് പോയപ്പോഴാണ് മനോജ് വീട്ടിലെത്തിയത്. മനോജ് എത്തുമ്പോൾ സന്തോഷ് മദ്യപിച്ച് അബോധാവസ്ഥയുലായിരുന്നു. ഈ അവസരം മുതലെടുത്ത് കോൺക്രീറ്റ് തൊഴിലാളി കൂടിയായിരുന്ന മനോജ് ബൈക്കിൽ കരുതി വച്ചിരുന്ന കയറുമായി തിരിച്ചു വന്നു. മനോജിന്റെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം മറച്ചു വച്ച് മനോജ് അന്നു രാത്രി കഴിച്ചു കൂട്ടി. രാവിലെ എട്ടു മണിയോടെ മാത്രമാണ് മരണ വിവരം പുറത്തറിഞ്ഞത്. സന്തോഷിന്റെ അമ്മാവൻ സുകുമാരനാണ് മരണ വിവരം പുറത്തറിയിച്ചത്. നാട്ടുകാർ ഓടിക്കൂടിയപ്പോഴും മനോജിനെ സംശയിച്ചിരുന്നില്ല. അമിത മദ്യപാനം കൊണ്ടുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് നാട്ടുകാർ വിലയിരുത്തി. മനോജും സംശയത്തിനിട നൽകാതെ അവർക്കൊപ്പം നിന്നു.

എന്നാൽ അമ്മാവൻ സുകുമാരൻ സംശയ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഈ സമയമെല്ലാം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യേണ്ടതില്ലെന്ന നിലപാടിലായിരുന്നു മനോജ്. ബന്ധുക്കൾക്കൊപ്പം അതീവ ദുഃഖിതനായാണ് മനോജ് പെരുമാറിയത്. അതുകൊണ്ടു തന്നെ മനോജിനെ ആരു സംശയിച്ചതുമില്ല. അമ്മാവന്റെ പരാതിയെത്തുടർന്ന് പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയ മൃതദേഹത്തിൽ കഴുത്തിൽ കയർ കുടുങ്ങിയ പാടുണ്ടായിരുന്നു. തൂങ്ങി മരിച്ചതോ കഴുത്തിൽ കയർ കുരുക്കി കൊല ചെയ്യപ്പെട്ടതോ ആകാമെന്ന സംശയത്തിലായിരുന്നു പൊലീസ് സർജൻ. തുടർന്നുള്ള അന്വേഷണത്തിൽ സന്തോഷിനൊപ്പം മദ്യപിച്ച സുഹൃത്തിനെ ചോദ്യം ചെയ്തു. ബന്ധുവായ മനോജിനെ കൂടി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു.

മദ്യ ലഹരിയിൽ ഉറക്കത്തിലായ സന്തോഷിനെ പൽസ്റ്റിക്ക് കയർ കഴുത്തിൽ കുടുക്കി കൊലപ്പെടുത്തുകയായിരുന്നു വെന്ന് മനോജ് പൊലീസിനോട് സമ്മതിച്ചു. തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സന്തോഷിന്റെ ഭാര്യയുടെ ഇടപടലും പുറത്തുവന്നത്. സ്ത്രീ വിഷയത്തിൽ അമിതാസക്തിയുള്ള മനോജിന്റെ വലയിൽ നിരവധി യുവതികൾ കുടുങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യ രഞ്ജുഷ അടക്കം മനോജിന് വഴിപ്പെട്ടവർ നിരവധിയാണ്. ഒരു ഗൾഫുകാരന്റെ ഭാര്യയിൽ നിന്നും നിരവധി തവണ മനോജ് പണം പറ്റിയ വിവരവും പുറത്തുവന്നിട്ടുണ്ട്. ഗൾഫുകാരൻ ഭാര്യയുടെ പേരിൽ മാസാമാസം അയച്ചു കൊടുക്കുന്ന പണം തന്ത്രപരമായി മനോജ് തട്ടിയെടുക്കുകയായിരുന്നു.

ബിസിനസ്സ് ആരംഭിക്കണമെന്നും മറ്റും പറഞ്ഞാണ് മനോജ് പണം തട്ടിയെടുത്തത്. ഇങ്ങനെ വാങ്ങിയ പണം ലക്ഷങ്ങൾ വരുമെന്നാണ് പറയുന്നത്. മറ്റു നിരവധി സ്ത്രീകളിൽ നിന്നും മനോജ് പണം പറ്റിയിട്ടുണ്ടെന്ന് സംസാരമുണ്ട്. അപമാനം ഭയന്ന് ആരും പുറത്ത് പറയുന്നില്ലെന്ന് മാത്രം. അമ്മാവന്റെ ഭാര്യയുടെ അനുജത്തിയെയായിരുന്നു മനോജ് വിവാഹം കഴിച്ചത്. ഇത് നിലനിൽക്കെ ഒരു ഹോംനേഴ്‌സിനെ വശത്താക്കി. കർണ്ണാടകത്തിലെ കുടകിൽ മൂന്ന് വർഷക്കാലം അവരോടൊപ്പം ജീവിച്ചശേഷം നാട്ടിൽ മടങ്ങിയെത്തുകയായിരുന്നു ഹോംനേഴ്‌സിനെ ഉപേക്ഷിച്ച മനോജിനെ സ്വന്തം ഭാര്യയും ഉപേക്ഷിച്ചു. ഭർത്താക്കന്മാർ നാട്ടിലില്ലാത്ത സ്ത്രീകളോട് അടുപ്പം കാട്ടി സഹായത്തിനെത്തുകയും ഒടുവിൽ വരുതിയിലാക്കുകയും ചെയ്യാൻ മനോജ് തന്ത്രശാലിയായിരുന്നു.

രാത്രിയിൽ വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ശീലത്തോടെയായിരുന്നു മനോജിന്റെ വഴിവിട്ട ജീവിതത്തിന് തുടക്കമിട്ടത്. ഭർത്താക്കന്മാർ സ്ഥലത്തില്ലാത്ത വീടുകളിൽ അവരുടെ ഭാര്യമാരെ തേടി ഇറങ്ങുകയാണ് പതിവ്. ഇത്തരമൊരു സംഭവത്തിൽ മനോജിനെ നാട്ടുകാർ പിടികൂടി വാഹനമടക്കം പുഴയിൽ തള്ളിയിരുന്നു. നാട്ടിലുണ്ടാകുന്ന അക്രമ സംഭവങ്ങളിൽ സിപിഐ.(എം). അനുഭാവിയായ മനോജ് മുൻ നിരയിൽ ഉണ്ടാകാറുണ്ട്. സിപിഐ. പ്രവർത്തകൻ രാജു എന്നയാളുടെ കട കത്തിച്ച സംഭവത്തിലും മനോജ് പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP