Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീഹാറിലെ മുൻ കേന്ദ്രമന്ത്രിയെ ബ്ലാക് മെയിൽ ചെയ്തുവെന്ന് ആരോപണം; ഡൽഹിയിലെ നാരദയുടെ ഓഫീസൽ കൊൽക്കത്താ പൊലീസ് റെയ്ഡ് നടത്തി; മോഷണം പോയ ലാപ് ടോപ്പിന്റെ പേരിൽ തന്നെ അകാരണമായി വേട്ടയാടുന്നുവെന്ന് മാത്യു സാമുവൽ

ബീഹാറിലെ മുൻ കേന്ദ്രമന്ത്രിയെ ബ്ലാക് മെയിൽ ചെയ്തുവെന്ന് ആരോപണം; ഡൽഹിയിലെ നാരദയുടെ ഓഫീസൽ കൊൽക്കത്താ പൊലീസ് റെയ്ഡ് നടത്തി; മോഷണം പോയ ലാപ് ടോപ്പിന്റെ പേരിൽ തന്നെ അകാരണമായി വേട്ടയാടുന്നുവെന്ന് മാത്യു സാമുവൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ പോർട്ടലായ നാരദയുടെ സി ഇ ഒയും മലയാളിയുമായ മാത്യു സമുവേലിന്റെ ഓഫീസിലും വീട്ടിലും പൊലീസ് റെയിഡ് നടത്തി. നാരദയുടെ ഡൽഹി ഓഫീസിലാണ് പൊലീസ് എത്തിയത്. കൊൽക്കൊത്ത ഡൽഹി പൊലീസുകൾ സംയുക്തമായാണ് പരിശോധനക്ക് എത്തിയത്. റെയിഡ് നടത്തിയ  പൊലീസ് സംഘം കൂടുതൽ വിശദമായ പരിശോധനകൾക്ക് വേണ്ടി എട്ട് ലാപ്‌ടോപ്പുകൾ കണ്ടെടുത്തു.കൊൽക്കൊത്ത കോടതിയുടെ സെർച്ച് വാറണ്ടോടുകൂടിയാണ് പൊലീസ് പരാശോധന എത്തിയത് . ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹണി ട്രാപ്പ് ഇപയോഗിച്ച് മന്ത്രിമാരെയും ഐ.എ.എസ് ഉദ്യോഗസ്ഥരെയും കുടുക്കാനായി നടത്തിയ ശ്രമങ്ങളുടെ ഒഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു.

മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ നടത്തിയ നീക്കമാണ് പുറത്തായത്.
കഴിഞ്ഞ ദിവസം  ബീഹാറിൽ നിന്നുള്ള മുൻ എം പിക്ക് അഞ്ച് കോട് രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുൻ എംപി കൈക്കുലി വാങ്ങുന്നതിന്റെ  ഒളിക്യാമറ ദൃശ്യങ്ങൾ കൈവശം ഉണ്ടെന്നും പണം നൽകിയില്ലെങ്കിൽ ഇവ പുറത്ത് വിടുമെന്നുമായിരുന്നു ഫോണിലൂടെയുള്ള  ഭീഷണി. ഇതുനെ തുടർന്ന് കൊൽക്കത്തയിലെ മുച്ചിപ്പരയിലുള്ള ഹോട്ടൽ പരിശോധിച്ച പൊലീസ് ഒരു ലാപ്പടോപ്പും ഫോണും കണ്ടെടുത്തിരുന്നു. കണ്ടെടുത്ത ഫോണിൽ നിന്നായിരുന്നു മുൻ എംപിക്ക് പണം ആവശ്യപ്പെട്ടുകൊണ്ട്  ഭീഷണി സന്ദശം പോയത് .

ലാപ്പ് ടോപ്പ് പരിശോധിച്ച പൊലീസ്  മാത്യു സാമുവേലിന്റെ ചിത്രം കണ്ടെടുത്തിരുന്നു. ലാപ്‌ടോപ്പിന്റെ മുൻ ക്യാമറയിൽ പതിഞ്ഞ ദൃശ്യമായിരുന്നുവത്. ആ കംപ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നയാളുടെ ചിത്രമെ ഇത്തരത്തിൽ പതിയാൻ സാധ്യതയുള്ളു എന്ന് മനസിലാക്കിയാണ് പൊലീസ് കൂടുതൽ തെളിവുകൾക്കായി റെയിഡ് നടത്തിയത് . എന്നാൽ ബീഹാറിൽ നിന്നുള്ള മുൻ എംപിക്ക് എതിരെ ഒളിക്യമാറ ഒപ്പറേഷൻ നടത്തിയതായി മാത്യു സാമുവേൽ സമ്മതിച്ചു. എന്നാൽ ഭീഷണിപ്പെടുത്തി പണം നേടാൻ ശ്രമിച്ചിട്ടില്ലെന്നാണ് നിലാപാട്.

ഈ വിഷയത്തിൽ മാത്യു സാമുവലിന്റെ വിശദീകരണം ചുവടെ:

ഫെബ്രുവരി 17 വെള്ളിയാഴ്ച, നാരദയുടെ ഡൽഹി ഓഫീസിൽ കൊൽക്കൊത്ത പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നെയും നാരദയുടെ ജീവനക്കാരെയും കൊൽക്കൊത്ത പൊലീസ് ഭീഷണിപ്പെടുത്തി പിൻതുടരുന്നതിന്റെ കാരണങ്ങൾ ഇവയാണ്: 2017 ഫെബ്രുവരി 12ന് കൊൽക്കൊത്തയിലുള്ള ചില മാദ്ധ്യമസുഹൃത്തുകൾ എന്നെ ഫോണിൽ വിളിച്ചിരുന്നു. മുച്ചിപറയിലെ ഏതോ ലോഡ്ജിൽ കൊൽക്കൊത്ത പൊലീസ് റെയ്ഡ് ചെയ്തപ്പോൾ ഒരു ലാപ്‌ടോപും ഒരു മൊബൈലും കണ്ടെത്തി എന്നു അവർ പറഞ്ഞു. ലാപ്‌ടോപ്പിൽ കണ്ടെത്തിയ ചില ചിത്രങ്ങൾക്ക് എന്നോട് സാമ്യം തോന്നുന്നു എന്നും പൊലീസ് അറിയിച്ചതായി ഇവർ അറിയിച്ചു.

ബിക്രം സിങ് എന്ന പേരിൽ ഈ ലോഡ്ജിൽ മുറിയെടുത്ത ഒരു യുവാവ് മുൻ കേന്ദ്രമന്ത്രി ഡി.പി.യാദവിനെ ഫോണിൽ വിളിച്ചു അഞ്ചു കോടി രൂപ ആവശ്യപ്പെട്ടത്രേ. പണം കൊടുക്കാത്ത പക്ഷം യാദവ് ഉൾപ്പെട്ട വീഡിയോ പുറത്തുവിടും എന്നായിരുന്നു ബിക്രം സിംഗിന്റെ ഭീഷണി. ഡിസംബർ ആദ്യ ആഴ്ച മുതൽ എനിക്കും എന്റെ സഹപ്രവർത്തകയ്ക്കും ബ്ലാക്ക്മെയിലിങ് ഫോൺ കോളുകളും വാട്‌സാപ്പ് സന്ദേശങ്ങളും 3 അജ്ഞാത നമ്പറുകളിൽ നിന്നും ലഭിച്ചിരുന്നു. ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ചില വീഡിയോ തങ്ങളുടെ പക്കൽ ഉണ്ടെന്നും അത് പ്രസിദ്ധീകരിക്കാതിരിക്കാൻ അവർക്ക് 2 കോടി രൂപ നൽകണം എന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ച ഭീഷണി.

2016 ഡിസംബർ ഇരുപത്താറാം തീയതി എനിക്ക് കുമാർ എന്ന് ഒരാളിൽ നിന്നും ഒരു ഫോൺ കോൾ വന്നു. തെന്നിന്ത്യൻ സിനിമയിലെ സഹനിർമ്മാതാവായ ഇദ്ദേഹം എന്റെ ഒരു പഴയസുഹൃത്ത് കൂടിയായിരുന്നു. ഇപ്പോൾ തടവിൽ കഴിയുന്ന അണ്ണാ ഡി.എം.കെ സെക്രട്ടറി ശശികലയുടെ ഭർത്താവ് നടരാജനെ ഈ കുമാർ ഒരിക്കൽ എനിക്ക് പരിചയപ്പെടുത്തിയിരുന്നു. നാരദാ ന്യൂസിന് വേണ്ടി ശശികലയുടെ ഒരു അഭിമുഖം തരപ്പെടുത്തി തരാം എന്നറിയിച്ചാണ് കുമാർ ഇത്തവണ വിളിച്ചത്. ശശികലയോട് ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യങ്ങൾ ഇന്റർവ്യുവിന് മുൻപായി നൽകണം എന്ന് കുമാർ അപ്പോൾ പറഞ്ഞു.

2016 ഡിസംബർ 27 ഉച്ചയ്ക്ക് ഞാൻ ഡൽഹിയിൽ നിന്നും ചെന്നെയിൽ എത്തി. അടുത്ത ദിവസം (ഡിസംബർ 28) ഉച്ചയ്ക്ക് 12.30ന് പോയസ് ഗാർഡനിൽ വച്ചു ശശികലയുടെ അഭിമുഖം തരപ്പെടുത്തിയിട്ടുണ്ട് എന്നാണ് കുമാർ എന്നെ അറിയിച്ചിരുന്നത്. ഈ ഇന്റർവ്യുവിനായി കേരളത്തിൽ നിന്നും ഞങ്ങളുടെ രണ്ടു ഫോട്ടൊഗ്രാഫെർസിനെയും ഞാൻ ചെന്നെയിൽ വരുത്തി. അടുത്ത ദിവസം രാവിലെ 10 മണിയോടെ കുമാർ എന്നെ ഫോണിൽ വിളിച്ചു ഹോട്ടൽ ക്ലാരിയോണിൽ തനിയെ എത്തണമെന്നും ആവശ്യപ്പെട്ടു. ആദ്യം ഒരു ചെറിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഫോട്ടോഗ്രാഫെർസിനെ വരുത്തിയാൽ മതി എന്ന് കുമാർ അപ്പോൾ പറഞ്ഞു. അങ്ങനെ കുമാർ ആവശ്യപ്പെട്ടതനുസരിച്ചു ഹോട്ടലിൽ ഞാൻ എത്തി, ഒരു 10-15 മിനിറ്റുകൾക്കകം കഴിഞ്ഞു കാണും 2-3 വർഷമായി എനിക്ക് പരിചയമുണ്ടായിരുന്ന ബൈജു ജോൺ, മഹേഷ് മോഹൻ എന്നിവർ കൂടി ഈ മുറിയിലേക്ക് കടന്നു വന്നു. അവരെ അവിടെ കണ്ടു ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി.

അവർ ലാപ്ടോപ് തുറന്നു ചില ദൃശ്യങ്ങൾ എന്നെ കാണിച്ചു തന്നു. കേരളത്തിലും ബീഹാറിലും എന്റെ പഴയ ഓഫീസ് നടത്തിയ ചില സ്റ്റിങ് ഓപറേഷനുകളുടെ വീഡിയോ കാണിച്ചു തന്നു അവർ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇവയിൽ ചിലത് ഇപ്പോൾ തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞതാണ് എന്നും മറ്റു ചിലത് പൂർത്തീകരിക്കാത്ത സ്റ്റിങ് ഓപറേഷനിന്റെതുമാണ് എന്ന് ഞാൻ തന്നെ അവരോട് പറഞ്ഞു. രണ്ടു കോടി നൽകാത്ത പക്ഷം ഈ വീഡിയോയുമായി, നാരദാ ഒളിക്യാമറയിൽ അഴിമതി പണം കൈപറ്റുന്നതായി ചിത്രീകരിച്ച തൃണമൂൽ നേതാക്കന്മാരെ അവർ സമീപിക്കുമെന്നും എന്നെ ഭീഷണിപ്പെടുത്തി.

ഞാൻ ഒരു ഒത്തുതീർപ്പിന് തയ്യാറാകാത്ത പക്ഷം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു അവർ ഈ വീഡിയോ അതിൽ പ്രസിദ്ധീകരിക്കും എന്നും അവർ കൂട്ടിച്ചേർത്തു. നാരദയിൽ നിന്നും പുറത്താക്കിയവരും, പിരിഞ്ഞു പോയവരുമായ ചിലരിൽ നിന്നാണ് ഈ വീഡിയോ തങ്ങൾക്ക് ലഭിച്ചതെന്നും അവർ എന്നോട് പറഞ്ഞു. ഭീഷണി വേണ്ടാ, ഇത് പ്രസിദ്ധീകരിക്കു, നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെയൊക്കെ ചെയ്യൂ എന്നായിരുന്നു എനിക്ക് അവരോട് പറയാൻ ഉണ്ടായിരുന്നത്. ഇത് എനിക്കും, നാരദയുടെ ജീവനക്കാർക്കുമായി മുൻപ് നാരദ വിട്ടു പുറത്തുപോയവരും ഞാൻ ഹോട്ടലിൽ കണ്ട ഈ മൂന്ന് പേരും ചേർന്നു ഒരുക്കിയ ഒരു കെണിയായിരുന്നു എന്ന് എനിക്ക് മനസിലായി

ഈ സംഭവത്തിനു ശേഷം എന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനെ നിയമപരമായി നേരിടാൻ ഞാൻ തീരുമാനിച്ചു. പക്ഷെ എന്റെ അമ്മയ്ക്കു ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു എന്ന് അറിയിച്ചതിനാൽ എനിക്ക് കൊച്ചിയിലേക്ക് ഉടനടി വരേണ്ടി വന്നു. അപ്പോഴും ഈ ആളുകൾ പണം ആവശ്യപ്പെട്ടു എന്നെ ഫോൺ വിളിക്കുന്നതും മെസ്സേജുകൾ അയക്കുന്നതും തുടർന്നു വന്നു. പക്ഷെ അമ്മയുടെ ഒപ്പമായിരുന്ന ഞാൻ അവയെല്ലാം അവഗണിക്കുവാനാണ് ശ്രമിച്ചത്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ സഹപ്രവർത്തക  തനിക്കും ഇതുപോലെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നു എന്ന് എന്നോട് പരാതി ഉന്നയിച്ചു.  അപ്പോൾ കേരളത്തിൽ ഉണ്ടായിരുന്നതിനാൽ പരാതി ഇവിടെ ഫയൽ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ഈ വർഷം ജനുവരി മൂന്നാം തീയതി ഞാൻ ഇക്കാര്യങ്ങൾ എല്ലാം വിശദീകരിച്ചു പരാതി നൽകി. ജോലിയിൽ കൃത്യനിഷ്ഠ പാലിക്കാതിരുന്ന ഒരാളെ മതിയായ അറിയിപ്പ് നൽകി ജനുവരി പതിമൂന്നാം തീയതി ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. തെറ്റ് തിരുത്താനുള്ള അവസരം മുൻപ് പലതതവണ ഇദ്ദേഹത്തിനു നൽകിയെങ്കിലും ഇതൊന്നും അയാൾ പ്രയോജനപ്പെടുത്തിയിരുന്നില്ല. പണ്ട് ബീഹാർ സ്റ്റിങ് ഓപറേഷൻ പകർത്തിയെഴുതാൻ ചുമതലപ്പെടുത്തിയിരുന്ന ഇയാളുടെ പക്കൽ കമ്പനിയുടെ ലാപ്‌ടോപ് ഉണ്ടായിരുന്നു. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനു ശേഷം നാരദയുടെ ടെക്‌നിക്കൽ ഹെഡ് പലവുരു ആവശ്യപ്പെട്ടിട്ടും ഇയാൾ കമ്പനി ലാപ്‌ടോപ് മടക്കി നൽകിയിരുന്നില്ല.

ഒരു അറിയിപ്പ് പോലും നൽകാൻ ശ്രമിക്കാതെയും എന്നെ ഒരു തരത്തിലും ബന്ധപ്പെടുകയും ചെയ്യാതെ കൊൽക്കൊത്താ പൊലീസിന്റെ 5 ഉദ്യോഗസ്ഥർ പൊടുന്നനവേ കഴിഞ്ഞ ദിവസം നാരദയുടെ ഡൽഹി ഓഫീസ് റെയ്ഡ് ചെയ്യുകയായിരുന്നു. ബീഹാർ സ്റ്റിങ് ഓപറേഷൻ ഉപയോഗിച്ചുള്ള ഒരു ചൂഷണശ്രമം സംബന്ധിച്ചു ലഭിച്ച പരാതിയാണ് അവർ കാരണമായി അറിയിച്ചത്. ഒരു മണിക്കൂർ നീണ്ടുനിന്ന പരിശോധനയ്ക്കു ശേഷം കൊൽക്കൊത്താ പൊലീസ് ഒരു ആപ്പിൾ ഐ-മക്, ഒരു മാക് ബുക്ക്, പിന്നെ ഏതാനം ലാപ്‌ടോപ്പുകളും ക്യാമറയും തടഞ്ഞുവച്ചു. എന്റെ വീട്ടിലേക്ക് പോകണം, അതിനായി അവർക്കൊപ്പം ചെല്ലണം എന്നും എന്റെ സഹായികളോട് കൊൽക്കൊത്ത പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ സൗത്ത് ഡൽഹിയിൽ ഉള്ള നാരദാ ഓഫീസിൽ നിന്നും കുറച്ചു ദൂരം യാത്ര ചെയ്തു കഴിഞ്ഞപ്പോൾ ഇവർ തീരുമാനം മാറ്റി. ഫെബ്രുവരി 22ന് കൊൽക്കൊത്ത പൊലീസ് ഓഫീസിൽ ഹാജരാകണം എന്ന എനിക്കുള്ള സമൻസ് ഒരു സഹായിയുടെ പക്കൽ ഏൽപിച്ചു ഇവർ മടങ്ങിയെന്നും ജോൺ സാമുവൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP