Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ പെൻഷൻ വാങ്ങുന്ന ഭർത്താവിനെ ആശ്രിതനെന്ന് കാട്ടി ചികിൽസാനുകൂല്യം എഴുതിയെടുത്തു; ആനുകൂല്യം കൈപ്പറ്റുന്ന സമയത്ത് കെ.ഭാസ്‌കരൻ മട്ടന്നൂർ നഗരസഭ ചെയർമാൻ; മെഡിക്കൽ റീഇമ്പേഴ്‌മെന്റ് വിവാദത്തിൽ വി.മുരളീധരന്റെ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചതോടെ മന്ത്രി കെ.കെ.ശൈലജ കൂടുതൽ കുരുക്കിലേക്ക്

സർക്കാർ പെൻഷൻ വാങ്ങുന്ന ഭർത്താവിനെ ആശ്രിതനെന്ന് കാട്ടി ചികിൽസാനുകൂല്യം എഴുതിയെടുത്തു; ആനുകൂല്യം കൈപ്പറ്റുന്ന സമയത്ത് കെ.ഭാസ്‌കരൻ മട്ടന്നൂർ നഗരസഭ ചെയർമാൻ; മെഡിക്കൽ റീഇമ്പേഴ്‌മെന്റ് വിവാദത്തിൽ വി.മുരളീധരന്റെ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചതോടെ മന്ത്രി കെ.കെ.ശൈലജ കൂടുതൽ കുരുക്കിലേക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചികിൽസാച്ചെലവുമായി ബന്ധപ്പെട്ട കേസിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ കുരുക്കിലേക്ക്. ഭർത്താവ് കെ.ഭാസ്‌കരൻ മാസ്റ്ററുടെ പേരിൽ അനധികൃതമായി ചികിൽസാ ചെലവ് എഴുതിയെടുത്തുവെന്നാണ് ആരോപണം.മന്ത്രിക്കെതിരെ ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി.മുരളീധരൻ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. വിജിലൻസ് വകുപ്പിനു നോട്ടിസ് അയയ്ക്കാൻ നിർദ്ദേശിച്ച കോടതി, കേസ് അടുത്ത പതിമൂന്നിലേക്കു പരിഗണിക്കാൻ മാറ്റി.

8500 രൂപയിൽ കൂടുതൽ തുക പെൻഷൻ വാങ്ങുന്നവർ ആശ്രിതരുടെ പട്ടികയിൽ വരില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണു ഭർത്താവ് കെ.ഭാസ്‌കരന്റെ ചികിൽസയുടെ പേരിൽ മന്ത്രി കെ.കെ. ശൈലജ തുക കൈപ്പറ്റിയത്. ചികിൽസാചെലവ് സർക്കാരിൽനിന്നു വാങ്ങുന്ന സമയത്തു ഭാസ്‌കരൻ മുനിസിപ്പൽ ചെയർമാനായിരുന്നു. 81,130 രൂപ ഭർത്താവിന്റെ ചികിൽസാ ചെലവിന്റെ പേരിൽ മന്ത്രി എഴുതിയെടുത്തതു നിയമവിരുദ്ധവും പൊതുഖജനാവിന്റെ ദുർവിനിയോഗവുമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.

1994 ലെ നിയമസഭാംഗങ്ങൾക്കായുള്ള ചികിൽസാ സൗകര്യങ്ങൾ സംബന്ധിച്ച ചട്ടങ്ങളിൽ നിഷ്‌കർഷിക്കുന്നതുപോലെ പൂർണമായ ആശ്രിതനല്ല കെ.ഭാസ്‌കരൻ മാസ്റ്റർ എന്നതാണ് ഹർജിയുടെ കാതൽ.മട്ടന്നൂർ പഴശ്ശരാജ സർക്കാർ എൽപി സ്‌കൂളിൽ നിന്ന് വിരമിച്ച വ്യക്തിയാണ് ആരോപിതയുടെ ഭർത്താവ്.വിരമിക്കലിന് ശേഷം മട്ടന്നൂർ മുൻസിപ്പാലിറ്റി ചെയർമാനായി 2012 മുതൽ 2017 വരെ സേവനമനുഷ്ടിച്ചു. ചികിൽസാനൂകൂല്യങ്ങൾ മന്ത്രി എഴുതിയെടുത്ത കാലയളവിൽ,മുൻസിപ്പൽ ചെയർമാൻ എന്ന നിലയിൽ ഓണറേറിയവും അലവൻസുകളും കെ.ഭാസ്‌കരൻ മാസ്റ്റർ കൈപ്പറ്റിയിട്ടുണ്ട്. മുൻസിപ്പൽ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം 33,000 രൂപയിലേറെ പെൻഷൻ ആനുകൂല്യങ്ങളായും ഓണറേറിയമായും കൈപ്പറ്റുന്നുണ്ടായിരുന്നു.ഇക്കാര്യങ്ങൽ മറച്ചുവച്ചാണ് കെ.കെ.ശൈലജ ചികിൽസാനുകൂല്യങ്ങൾ അനധികൃതമായി എഴുതിയെടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു.പൊതുഖജനാവിലെ പണം ഇങ്ങനെ അനധികൃതമായി വാങ്ങിയത് പൊതുതാൽപര്യത്തിന് വിരുദ്ധമെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.

അതേസമയം, ചികിൽസാനുകൂല്യങ്ങൾ എഴുതിയെടുത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മന്ത്രി നേരത്തെ നിഷേധിച്ചിരുന്നു. മന്ത്രി പദവി ഉപയോഗിച്ച് ഭർത്താവിന്റെ ചികിൽസയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്. നിയമപരമല്ലാത്ത ഒരു കാര്യംപോലും നടത്തിയിട്ടില്ല.

മന്ത്രി കെ.കെ.ശൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയതും, ഭർത്താവും മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ കെ.ഭാസ്‌കരൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികിൽസാച്ചെലവും സർക്കാരിൽനിന്ന് ഈടാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. വാർത്ത വിവാദമായപ്പോഴാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

മന്ത്രിമാരുടെ മെഡിക്കൽ റീ-ഇംപേഴ്സ്മെന്റ് സംബന്ധിച്ച നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മാത്രമാണ് അപേക്ഷ നൽകിയത്. ചട്ടപ്രകാരം മന്ത്രിമാർക്കു ഭർത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിൽസാ സഹായം ഈടാക്കാം. ഇതുപ്രകാരം പെൻഷൻകാരുടെ ചികിൽസാചെലവ് സർക്കാരിൽനിന്ന് ഈടാക്കാം. മുൻ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും എല്ലാം ഇത്തരത്തിൽ വിരമിച്ച സർക്കാർ ജീവനക്കാരായ പങ്കാളികളുടെ പേരിൽ ചികിൽസാപണം നിയമപരമായി ഈടാക്കിയിട്ടുണ്ട്.

മന്ത്രിയെന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയോ റീ-ഇംപേഴ്സ്മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടർചികിൽസയ്ക്കു മാത്രമാണ് ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ പോയത്. ഹാജരാക്കിയ ബില്ലുകളിൽ ആഹാര സാധനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന പേരിൽ അതിനും തുക വാങ്ങിയെന്നത് തെറ്റായ പ്രചാരണമാണ്. ഭക്ഷണമുൾപ്പെടെയുള്ള ബില്ല് ഒന്നിച്ചുനൽകുന്ന സംവിധാനമാണ് ചില ആശുപത്രികളിലുള്ളത്. മന്ത്രിയുടെ ഭർത്താവിനെ ചികിൽസിച്ച ആശുപത്രിയിൽനിന്ന് ഇത്തരത്തിലുള്ള ബില്ലാണ് നൽകിയത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ അനുവദിച്ച് നൽകുകയോ ചെയ്തിട്ടില്ല.

മരിച്ചുപോയ അമ്മയുടെ ചികിൽസാ ബില്ലിനെ സംബന്ധിച്ചു ക്രൂരമായ പ്രചാരണം പോലും നടത്തുന്നുണ്ട്. ഇല്ലാത്ത ആശുപത്രിയുടെ ബിൽ എവിടെയും ഹാജരാക്കിയിട്ടില്ല. മട്ടന്നൂർ എൽഎം ആശുപത്രിയിലേയും എകെജി ആശുപത്രിയിലേയും ബില്ലുകൾ റീ-ഇംപേഴ്സ്മെന്റിനായി ഹാജരാക്കിയിരുന്നു. ഏതെങ്കിലും ആശുപത്രിയുടെ വ്യാജ ബില്ല് ഹാജരാക്കിയിട്ടുണ്ടെങ്കിൽ വാർത്ത നൽകിയവർ തെളിയിക്കണം. അപേക്ഷയിൽ ഒരിടത്തു തലശേരി എന്ന് തെറ്റായി അച്ചടച്ചതിനെ അപകീർത്തികരമായ പ്രചരണത്തിന്റെ വേദിയാക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്.

അപേക്ഷയിൽ സമർപ്പിച്ച എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിലും രേഖകളിലും മട്ടന്നൂർ എൽഎം ആശുപത്രിയിലെ ഡോക്ടറാണ് ഒപ്പിട്ടത്. അമ്മ ഡിസ്ചാർജാകും മുൻപ് ബില്ല് സമർപ്പിച്ചു എന്ന പ്രചരണം തെറ്റാണ്. ഒന്നിലേറെ തവണ അമ്മ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. ചികിൽസയുടെ ഓരോ ഘട്ടത്തിലും റീ-ഇംപേഴ്സ്മെന്റ് നടത്തുകയാണ് ചെയ്തത്. ഡോക്ടർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് മന്ത്രി അനുയോജ്യമായ കണ്ണട വാങ്ങിയത്. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാർത്തകൾക്ക് പിന്നിൽ സർക്കാരിന്റെ പ്രതിഛായ തകർക്കുകയെന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.എന്നാൽ മതിയായ രേഖകൾ ഹാജരാക്കാതെയാണ് മന്ത്രി ആനുകൂല്യങ്ങൽ കൈപ്പറ്റിയിതെന്ന് വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.81,130 രൂപ ഭർത്താവിന്റെ ചികിൽസാ ചെലവിന്റെ പേരിൽ മന്ത്രി എഴുതിയെടുത്തതു നിയമവിരുദ്ധവും പൊതുഖജനാവിന്റെ ദുർവിനിയോഗവുമാണ്. അഴിമതി നിരോധന നിയമപ്രകാരം മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.=

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP