Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധനലക്ഷ്മി ബാങ്ക് നൽകുന്നത് ഒൻപത് ശതമാനത്തിന്; പാവങ്ങൾക്ക് യൂണിയൻ നൽകുന്നത് പതിനാല് ശതമാനം കൊള്ളപ്പലിശയ്ക്കും; വെള്ളാപ്പള്ളിയുടെ അനുയായികൾ എരുമേലിയിൽ നടത്തിയതും തീവട്ടിക്കൊള്ള; എസ്എൻഡിപി എരുമേലി യൂണിയൻ ഭാരവാഹികൾ മാസം കൊയ്യുന്നത് ലക്ഷങ്ങൾ; വായ്പാ തട്ടിപ്പിലെ പൊലീസ് അന്വേഷണം ഉന്നതതലത്തിൽ അട്ടിമറിക്കുമോ എന്നും ആശങ്ക

ധനലക്ഷ്മി ബാങ്ക് നൽകുന്നത് ഒൻപത് ശതമാനത്തിന്; പാവങ്ങൾക്ക് യൂണിയൻ നൽകുന്നത് പതിനാല് ശതമാനം കൊള്ളപ്പലിശയ്ക്കും; വെള്ളാപ്പള്ളിയുടെ അനുയായികൾ എരുമേലിയിൽ നടത്തിയതും തീവട്ടിക്കൊള്ള; എസ്എൻഡിപി എരുമേലി യൂണിയൻ ഭാരവാഹികൾ മാസം കൊയ്യുന്നത് ലക്ഷങ്ങൾ; വായ്പാ തട്ടിപ്പിലെ പൊലീസ് അന്വേഷണം ഉന്നതതലത്തിൽ അട്ടിമറിക്കുമോ എന്നും ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എസ്എൻഡിപി എരുമേലി യൂണിയനിൽ മൈക്രോ ഫിനാൻസ് തട്ടിപ്പിലൂടെ ഭാരവാഹികൾ മാസം ഉണ്ടാക്കുന്നത് ലക്ഷങ്ങൾ. യൂണിയനിൽ തട്ടിപ്പ് നടക്കുന്നെന്ന പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരളത്തിലുടനീളമുള്ള എസ്എൻഡിപി ശാഖകളിൽ ഈ തട്ടിപ്പ് നടക്കുന്നെന്നാണ് വിവരം. ഇതിൽ അവസാനം പുറത്ത് വന്നതാണ് എരുമേലി യൂണിയനിലെ തട്ടിപ്പ് കഥകൾ. എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഏറെ അടുപ്പമുള്ള ശാഖയാണ് ഇത്. സമാനമായി നിരവധി ആരോപണങ്ങൾ വെള്ളാപ്പള്ളിക്കെതിരേയും ഉയർന്നിരുന്നു. വി എസ് അച്യുതാനന്ദൻ ചർച്ചയാക്കിയ ആ ആരോപണങ്ങൾ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. അതിനിടെയാണ് പുതിയ അന്വേഷണം എത്തുന്നത്.

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് വ്യാപകമായി ഉയർന്ന് വരികയും ആരോപണങ്ങൾ നേരിട്ട നിരവധി യൂണിയനുകൾ പിരിച്ച് വിടുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും തട്ടിപ്പുകൾ അവസാനിക്കുന്നില്ലെന്നാണ് വീണ്ടും ഉയരുന്ന ആരോപണങ്ങൾ തെളിയിക്കുന്നത്. എരുമേലി യൂണിയനെതിരെ പൊലീസ് ചാർജ് ചെയ്ത കേസിന്റെ എഫ്‌ഐആർ പകർപ്പ് മറുനാടന് ലഭിച്ചു. മൈക്രോ ഫിനാൻസ് തട്ടിപ്പ് പുറത്ത് വന്നതോടെ നിരവധി പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. പണം ആവശ്യമുള്ള യൂണിയനിലെ അംഗങ്ങൾ ആദ്യം ഓടി എത്തുന്നത് എസ്എൻഡിപി യൂണിയന്റെ മൈക്രോ ഫിനാൻസിലാണ്. ഇവിടെ നിന്നും നൽകുന്ന പണത്തിന് പതിനാല് ശതമാനം പരിശയാണ് യൂണിയൻ ഈടാക്കുന്നത്. യൂണിയന് പണം നൽകുന്നത് ധനലക്ഷ്മി ബാങ്കാണ്. ബാങ്കിൽ നിന്നും വെറും ഒൻപത് ശതമാനത്തിന് ലഭിക്കുന്ന പണമാണ് യൂണിയനുകാർ അഞ്ച് ശതമാനം കൂട്ടി പതിനാല് ശതമാനത്തിന് നൽകുന്നത്.

ബാങ്കിൽ നിന്നും 36 മാസത്തെ തവണ വ്യവസ്ഥയിലാണ് യൂണിയന് പണം ലഭിക്കുന്നത്. ഈ പണം യൂണിയന്റെ കൈയിൽ വരുമ്പോൾ അവർ അത് 24 മാസമായി മാറ്റും. ഈ പണം യൂണിയൻ ആവശ്യക്കാരായ നിർധനരായ അംഗങ്ങൾക്ക് നൽകുന്നത് 24 മാസത്തെ തവണ വ്യവസ്ഥയിലും. ഈ 24 മാസത്തെ തവണയിൽ ഏതെങ്കിലും മുടങ്ങിയാൽ യൂണിയൻ ഈടാക്കുന്നത് വൻ പിഴപലിശയും. 36 മാസത്തെ തവണ വ്യവസ്ഥയിൽ മുടങ്ങുന്ന മാസത്തിന് ബാങ്ക് ഒരു രുപ പോലും പിഴ ഈടാക്കുന്നില്ലെന്നിരിക്കെയാണ് യൂണിയന്റെ ഈ കഴുത്തറപ്പൻ പലിശ. ഈ പിഴപലിശയിലൂടെ മാത്രം ലക്ഷങ്ങളുടെ ലാഭമാണ് യൂണിയൻ ഉണ്ടാക്കുന്നത്. 24 മാസത്തെ കാലയളവിന് ശേഷം പണം വാങ്ങിയ അംഗങ്ങൾക്ക് ബാങ്കിൽ നേരിട്ട് അടയ്ക്കാൻ കഴിയില്ല. ഇവർ അത് യൂണിയൻ ഓഫിസിൽ വേണം അടയ്ക്കാൻ. യൂണിയൻ അത് തിരികെ ബാങ്കിൽ അടയ്ക്കുന്നത് 36 മാസത്തിന് ശേഷവും. ഇത്രയും നാൾ പാവപ്പെട്ടവരുടെ പണം യൂണിയനുകാർ തിരിച്ച് മറിക്കും. ഇതിലൂടെ ലഭിക്കുന്ന പണം കൊണ്ട് എരുമേലി യൂണിയൻ മറ്റ് ബിസിനസുകളിൽ നിക്ഷേപിക്കും. എന്നാൽ പണം ആവശ്യമുള്ളവർക്ക് നേരിട്ട് ബാങ്കിൽ നിന്ന് പണം ലഭിക്കുകയുമില്ല. ബാങ്കുമായി നടത്തുന്ന ഒത്തുകളിയിലൂടെ യൂണിയൻ നൽകുന്ന ശുപാർശ കത്ത് ലഭിച്ചാൽ മാത്രമെ ബാങ്ക് പണം നൽകുകയുള്ളു.

സർക്കാർ അംഗീകാരമില്ലാതെ നടക്കുന്ന ചിട്ടികൾ, റിയൽ എസ്റ്റേറ്റ് , വാഹന വിൽപ്പന മേള, ഗ്രഹോപകരണ മേള തുടങ്ങിയ പരിപാടികളെല്ലാം ഇതിൽ നിന്നും ലഭിക്കുന്ന പണത്തിൽ നിന്നാണ് നടത്തുന്നത്. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിലെ ആയിരത്തോളം കുടുംബങ്ങളാണ് ഈ ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. പണവും സ്വാധീനമുള്ള യൂണിയൻ ഭാരവാഹികൾക്ക് പ്രതികരിക്കാനും പാവപ്പെട്ടവരായ അംഗങ്ങൾക്ക് കഴിയുന്നില്ല. സംസ്ഥാന പിന്നോക്കവിഭാഗ കോർപറേഷനിൽനിന്ന് വെള്ളപ്പള്ളി നടേശൻ 15 കോടി രൂപ മൈക്രോ ഫിനാൻസിന്റെ പേരിൽ ഈഴവർക്ക് വായ്പ നൽകാൻ എടുത്തിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ ദേശസാൽക്കൃത ഷെഡ്യൂൾഡ് ബാങ്കിൽനിന്ന് 600 കോടിയോളം രൂപ എടുത്തു. ധനലക്ഷ്മി, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയിൽ നിന്നും ചെറിയ പലിശയ്ക്ക വായ്പ എടുത്തു. കേവലം പത്തു ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് എസ്എൻഡിപി യോഗം വായ്പ നൽകിയത്. ബാക്കി തുക വ്യാജ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിയെടുക്കുകയായിരുന്നു എന്നതാണ് ആക്ഷേപം. അയ്യായിരത്തോളം മൈക്രോ ഫിനാൻസ് കോർപ്പറേഷനുകളിലൂടെ ഇങ്ങനെ പണം വിതരണം ചെയ്തു.

പിന്നോക്ക വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ചെറുകിട സംരംഭങ്ങൾക്കും പദ്ധതികൾക്കുമായി ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപറേഷൻ ലിമിറ്റഡും(എൻബിസിഎഫ്ഡിസി) ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ലിമിറ്റഡും(എൻഎംഡിഎഫ്സി) വായ്പ നൽകുന്നത്. ഈ വായ്പകളുടെ സംസ്ഥാനതല ചാനലൈസിങ് ഏജൻസിയാണ് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ. ഗുണഭോക്താക്കൾക്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശ അഞ്ച് ശതമാനമായിരിക്കണമെന്നും ഇതിൽ മൂന്ന് ശതമാനം എൻബിസിഎഫ്ഡിസിക്കും രണ്ട് ശതമാനം എൻഎംഡിഎഫ്സിക്കുമാണെന്നും വ്യവസ്ഥയുണ്ട്. സംസ്ഥാന ഏജൻസിയിൽനിന്ന് വായ്പാ തുക ഒന്നിച്ച് വാങ്ങിയെടുക്കുന്ന സംഘടനകൾ സ്വയംസഹായ സംഘങ്ങളിൽനിന്ന് അഞ്ച് ശതമാനം പലിശയാണ് വാങ്ങേണ്ടതെന്നും നിഷ്‌കർഷിക്കുന്നുണ്ട്. ഇത് മറികടന്നാണ് കൊല്ലത്ത് എസ്എൻഡിപി സ്വയംസഹായ സംഘങ്ങൾക്ക് നൽകിയ വായ്പകൾക്ക് 12 ശതമാനം പലിശ വാങ്ങിയത്. ഇതിലൂടെ തന്നെ വെള്ളാപ്പള്ളിയും കൂട്ടരും കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് നേരത്തെ വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ഇഴയുന്നത് ഖേദകരമാണ്. ആവശ്യമായ നടപടികൾ പെട്ടെന്ന് സ്വീകരിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എരുമേലിയിലെ തട്ടിപ്പും ചർച്ചയാകുന്നത്. വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രത്യേകം അന്വേഷണസംഘം ആവശ്യമെങ്കിൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. അന്വേഷണം ഇഴയുകയാണെന്ന ആരോപണം പരിശോധിക്കും. ആരോപണം ശരിയെങ്കിൽ അത് ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി അച്യുതാനന്ദന് മറുപടി നൽകിയിരുന്നു. മൈക്രോഫിനാൻസ് ഇടപാടിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം നാലുപേർക്കെതിരെ അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് സമാനമായ ആരോപണമാണ് എരുമേലിയിലേതും.

15 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ച് വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, മൈക്രോഫിനാൻസ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ, പിന്നാക്കക്ഷേമ കോർപ്പറേഷൻ മുൻ എം.ഡി. എൻ.നജീബ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വി എസ് നൽകിയി ഹർജിയിലായിരുന്നു നടപടി. 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലൻസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക രഹസ്യ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ പേരുകളിലും മതിയായ രേഖകൾ ഇല്ലാതെയുമാണ് വായ്പകൾ നൽകിയതെന്നുമായിരുന്നു കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP