Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന ഗോശ്രീ പാലത്തിൽ നിന്നും രാത്രി ഏഴുമണിക്ക് എടുത്ത ചാടിയിട്ടും ഒരാൾ പോലും കണ്ടില്ലേ? മിഷേലിന്റെ മരണം ആത്മഹത്യയെന്ന് തീർത്തു പറയാൻ പൊലീസിനെ ഭയപ്പെടുത്തുന്നത് ദൃക്‌സാക്ഷികളുടെ അഭാവം; ആരേയെങ്കിലും സാക്ഷിയാക്കി കേസ് അവസാനിപ്പിക്കാൻ തിരക്കിട്ട ശ്രമം

നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന ഗോശ്രീ പാലത്തിൽ നിന്നും രാത്രി ഏഴുമണിക്ക് എടുത്ത ചാടിയിട്ടും ഒരാൾ പോലും കണ്ടില്ലേ? മിഷേലിന്റെ മരണം ആത്മഹത്യയെന്ന് തീർത്തു പറയാൻ പൊലീസിനെ ഭയപ്പെടുത്തുന്നത് ദൃക്‌സാക്ഷികളുടെ അഭാവം; ആരേയെങ്കിലും സാക്ഷിയാക്കി കേസ് അവസാനിപ്പിക്കാൻ തിരക്കിട്ട ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗോശ്രീ പാലത്തിൽ നിന്ന് സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി ചാടി മരിച്ചുവെന്നാണ് തിരക്കഥ. അതും രാത്രി ഏഴ് മണിക്ക്. പൊലീസിന്റെ ഈ തിയറിയിൽ മിഷേൽ ഷാജിയുടെ കുടുംബം ഒട്ടും തൃപ്തരല്ല. മുഖത്തെ പാടുൾപ്പെടെ ഇവർ ചർച്ചയാക്കുന്നു. ഇതിനൊപ്പം പലവിധ സംശയങ്ങളും. എന്നാൽ ഇതൊന്നും പൊലീസിനെ അലട്ടുന്നില്ല. ഒരു ദൃക്‌സാക്ഷിയെ കിട്ടിയാൽ എല്ലാം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കും. ഇതിനുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്. അല്ലാത്ത പക്ഷം ആത്മഹത്യാ വാദം തള്ളി പോകുമെന്ന് പൊലീസ് തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് കേസിൽ ഒരു ദൃക്‌സാക്ഷിയെങ്കിലുമുണ്ടാകാനുള്ള സാധ്യതയാരാഞ്ഞ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നത്.

രാത്രി ഏഴേമുക്കാലോടെ തിരക്കേറിയ ഗോശ്രീ രണ്ടാം പാലത്തിനു മുകളിൽ മിഷേലിനെ കണ്ടതായുള്ള സാക്ഷി മൊഴി മാത്രമാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത്. നൂറുകണക്കിനു വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗോശ്രീ പാലത്തിൽ ആ സമയത്ത് മിഷേൽ കായലിലേക്കു ചാടിയെങ്കിൽ ഏതെങ്കിലും ഡ്രൈവറോ, യാത്രക്കാരനോ അതു കണ്ടിരിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇത്തരത്തിലൊരാളെ ആരും കണ്ടിട്ടില്ല. ഹൈക്കോടതി ജംക്ഷനിൽനിന്നു ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്കു മിഷേൽ ധൃതിയിൽ നടക്കുന്നതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ളത്. ഈ ധൃതിയും ഭയപ്പാടിന്റെ സൂചനയാണ്. അതും ആത്മഹത്യാവാദമുന്നയിക്കുന്നവർക്ക് വിനയാണ്.

മിഷേലിനെ പാലത്തിനു മുകളിൽ കണ്ടെന്നു മൊഴി നൽകിയ വൈപ്പിൻ സ്വദേശി അമലിന്റെ വിവരണപ്രകാരം മിഷേൽ പാലത്തിലൂടെ നടന്നുവന്നത് എതിർദിശയിൽ നിന്നാണ്. എങ്കിൽ പാലത്തിന്റെ മറുഭാഗം വരെ മിഷേൽ പോയത് എന്തിനെന്ന ചോദ്യമുണ്ട്. മിഷേലിനെ അമൽ കണ്ടതായി പറയുന്ന ഭാഗത്തു നടപ്പാതയില്ലെന്നു മാത്രമല്ല, വാഹനങ്ങൾ യാത്രക്കാരെ തൊട്ടുരുമ്മിയെന്ന മട്ടിലാണ് ഇതുവഴി കടന്നുപോകുന്നത്. ഏറ്റവും അപകടകരമായ ഈ ഭാഗത്തുകൂടെ തിരക്കേറിയ ഏഴേമുക്കാൽ സമയത്തു നടന്നുവന്ന മിഷേൽ ഇവിടെനിന്നു കായലിലേക്കു ചാടിയെങ്കിൽ സ്വഭാവികമായും പലരും ശ്രദ്ധിക്കും. അതൊരു വിഷയമായി മാറുകയും ചെയ്യും. ഇവിടെ അതുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ തിരിക്കേറിയ സമയത്ത് ഗോശ്രീ പാലത്തിലെ ആത്മഹത്യാ വാദം നിലനിൽക്കില്ല. അതുകൊണ്ടാണ് ദൃക്‌സാക്ഷിയെ കണ്ടെത്താനുള്ള ശ്രമം.

അമലിന്റെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഷേൽ ഇവിടെനിന്നു ചാടിയെന്ന് അനുമാനിക്കുന്നത്. എന്നാൽ, ചാടിയത് അമൽ കണ്ടിട്ടില്ല. പാലത്തിൽനിന്ന പെൺകുട്ടിയെ തിരിഞ്ഞുനോക്കിയപ്പോൾ കാണാതായി എന്നു മാത്രമാണ് അമൽ നൽകുന്ന വിവരം. ഏഴേമുക്കാൽ സമയത്ത് ഗോശ്രീ രണ്ടാംപാലം വഴി കടന്നുപോയ ആളുകളെ മൊബൈൽ ടവർ ലൊക്കേഷൻ വച്ചു കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിനു മുൻപിലുള്ള ഒരു മാർഗം. ഇതിന് ശേഷം ഇവരെ സാക്ഷിയാക്കും. അതായത് ഇവരിൽ ആരെങ്കിലും മിഷേൽ ചാടുന്നതായി മൊഴി കൊടുത്താൽ സിഎക്കാരിയുടെ മരണത്തിലെ കേസ് അന്വേഷണം അവസാനിപ്പിക്കും.

ഗോശ്രീ പാലം വഴി വൈപ്പിനിലേക്കും കണ്ടെയ്‌നർ റോഡ് വഴി കളമശ്ശേരി ഭാഗത്തേക്കും കടന്നുപോയ ആയിരക്കണക്കിനു വാഹനങ്ങൾ ഈ സമയത്ത് ഒറ്റ ടവർ ലൊക്കേഷനു കീഴിൽ വരുന്നതിനാൽ ഈ ശ്രമം എളുപ്പമാകില്ല. സംഭവം നടന്നു രണ്ടാഴ്ച പിന്നിട്ടിട്ടും ആരും ഇതുവരെ സമീപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗോശ്രീപാലത്തിൽ നിന്നുള്ള ചാടി മരണമെന്ന വാദം നിലനിൽക്കാത്ത സാഹചര്യമാണുള്ളത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിൻ അലക്‌സാണ്ടറെ ചോദ്യം ചെയ്തിട്ടും നിർണായകമായ വിവരങ്ങളൊന്നും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടില്ല. മിഷേലിന്റെ ഫോണിനായി കായലിൽ നടത്തിയ തിരച്ചിലും വിഫലമായി. അങ്ങനെ പ്രതിസന്ധികളിലൂടെയാണ് അന്വേഷണം നിലവിൽ നീങ്ങുന്നത്.

അതിനിടെ മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്‌ഗഢിലെത്തി. മിഷേൽ കൊല്ലപ്പെട്ട ദിവസം താൻ ഛത്തീസ്‌ഗഢിലായിരുന്നു എന്ന ക്രോണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെയെത്തിയത്. അതേസമയം ക്രോണിനെ ഛത്തീസ്‌ഗഢിൽ കൊണ്ടുപോയിട്ടില്ല. ഇത്രയും ദൂരത്തേക്ക് പ്രതിയെ കൊണ്ടുപോവുന്നത് ഉചിതമല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇവിടെ ക്രോണിൻ താമസിച്ചിരുന്ന സ്ഥലത്ത് കമ്പ്യൂട്ടറുകളും മറ്റും പൊലീസ് പരിശോധിച്ചു. സംഭവദിവസം താൻ ഛത്തീസ്‌ഗഢിലായിരുന്നു എന്ന മൊഴി ക്രൈംബ്രാഞ്ച് പൂർണമായി വിശ്വസിച്ചിട്ടില്ല. കൂടാതെ കേസുമായി ബന്ധപ്പെട്ട് ക്രോണിന്റെ സുഹൃത്തിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ദിവസം തന്നെ ക്രോണിൻ ഉപയോഗിച്ച ഫോണിന്റെ എഫ്എസ്എൽ റിപ്പോർട്ട് കിട്ടുമെന്നാണ് കരുതുന്നത്. ഇതൊരു നിർണായക തെളിവാകുമെന്നാണ് കരുതുന്നത്. കൂടാതെ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് ഗോശ്രീ പാലത്തിന് കീഴെ തിരച്ചിൽ നടത്താനും അന്വേഷണസംഘത്തിന് ആലോചനയുണ്ട്. മകളുടെ മരണം ആത്മഹത്യയാണെന്ന് താൻ ഒരിക്കലും കരുതുന്നില്ലെന്ന് മിഷേലിന്റെ അച്ഛൻ ഷാജി തുറന്നു പറഞ്ഞിട്ടുണ്ട്. കായലിൽ നിന്നും മൃതദേഹം ലഭിക്കുന്‌പോൾ അധികം ഒരുവിധ മുറിവുകളും ശരീരത്തിലുണ്ടായിരുന്നില്ല. മൃതദേഹം മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നാൽ വികൃതമാകാൻ സാധ്യതയുണ്ടെന്ന് ഷാജി പറയുന്നു.

എന്നാൽ മൃതദേഹത്തിൽ മീൻകൊത്തിയ ഒരുപാട് പോലും ഉണ്ടായിരുന്നില്ല. ഇക്കാര്യം പ്രദേശത്തെ മത്സ്യത്തൊഴിലാളികളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. മൂക്കിന് സമീപം നഖംകൊണ്ട് പോറിയതുപോലെ രണ്ടു മുറിവുകളും ചുണ്ടിൽ ഒരുമുറിവും മാത്രമാണുള്ളതെന്നും അതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമുണ്ടെന്നും പിതാവ് ആരോപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP