Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവുമായി വഴക്കിട്ട് മാലിദ്വീപിലേക്ക് പോയി കാണാതായ യുവതി വീണ്ടും രണ്ടു വിവാഹം കഴിച്ച് ഇപ്പോൾ സൂറത്തിലെ കേരള സ്‌കൂളിൽ പ്രിൻസിപ്പൽ; പട്ടാമ്പിക്കാരിയായ അനിത നായരെ 13 വർഷത്തിനു ശേഷം കണ്ടെത്തി സിബിഐ; യുവതിയെ തിരിച്ചറിഞ്ഞത് ആദ്യ ഭർത്താവിലെ മകനെ വിളിച്ചുവരുത്തി

ഭർത്താവുമായി വഴക്കിട്ട് മാലിദ്വീപിലേക്ക് പോയി കാണാതായ യുവതി വീണ്ടും രണ്ടു വിവാഹം കഴിച്ച് ഇപ്പോൾ സൂറത്തിലെ കേരള സ്‌കൂളിൽ പ്രിൻസിപ്പൽ; പട്ടാമ്പിക്കാരിയായ അനിത നായരെ 13 വർഷത്തിനു ശേഷം കണ്ടെത്തി സിബിഐ; യുവതിയെ തിരിച്ചറിഞ്ഞത് ആദ്യ ഭർത്താവിലെ മകനെ വിളിച്ചുവരുത്തി

കൊച്ചി : മാലിദ്വീപിൽ അദ്ധ്യാപികയായി ജോലിക്ക് പോയ ശേഷം കാണാതായ സ്ത്രീ ഇപ്പോൾ സൂറത്തിലെ കേരള സ്‌കൂളിൽ പ്രിൻസിപ്പലായി പ്രവർത്തിക്കുന്നുണ്ടെന്ന് സിബിഐ കണ്ടെത്തി. വർഷങ്ങൾക്കുമുമ്പ് ഏറെ വിവാദമുണ്ടായ കേസിൽ അന്വേഷണം നടത്തിയ സിബിഐയാണ് അനിത നായർ എന്ന പട്ടാമ്പി സ്വദേശിനിയെ സൂറത്തിൽ കണ്ടെത്തിയത്. 13 വർഷങ്ങൾക്ക് മുമ്പാണ് ഇവരെ കാണാതായത്.

2003 ഡിസംബർ 28 ന് തിരുവനന്തപുരത്തു നിന്ന് മാലിദ്വീപിലേക്ക് വിമാനം കയറിയ പട്ടാമ്പി ഓങ്ങല്ലൂർ കല്ലടിപ്പേട്ട അച്യുതനിവാസിൽ അനിത നായരെ (47) കണ്ടെത്തി കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം സി.ജെ.എം കോടതിയിൽ സിബിഐ. റിപ്പോർട്ടും നൽകി. പരാതി ഉയർന്ന കാലത്ത് കേരളത്തിൽ ഇവരുടെ തിരോധാനം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഭർത്താവ് രാമചന്ദ്രന് ഇവരുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന ആക്ഷേപവും ഉയർന്നിരുന്നു.

സൂറത്തിലെ കേരള കലാ സമിതി നടത്തുന്ന ഇംഗ്‌ളീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പലായി ജോലി നോക്കുന്ന അനിതയെ കഴിഞ്ഞ ഡിസംബർ 23 ന് കണ്ടെത്തിയെന്നും അനിതയുടെ ആദ്യ ഭർത്താവിലെ മകൻ വിനീതിനെ സൂറത്തിലേക്ക് സിബിഐ വിളിച്ചു വരുത്തി ആളെ തിരിച്ചറിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. 2013 ൽ ഭഗവാൻ ദാസ് കോട്‌വാനി എന്നയാളെ വിവാഹം കഴിച്ചു സൂറത്തിൽ കഴിയുന്ന തനിക്ക് നാട്ടിലേക്ക് മടങ്ങാൻ താല്പര്യം ഇല്ലെന്ന് അനിത അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.

2003 ജനുവരി 18 നാണ് അനിത മാലിദ്വീപിലെ റാ അറ്റോളിയിലുള്ള സ്‌കൂളിൽ ജോലിക്ക് പോയത്. നവംബറിൽ അവധിക്കു വന്നു. പിന്നീട് ഭർത്താവ് രാമചന്ദ്രനൊപ്പം സെക്കന്തരാബാദിലേക്ക് പോയി. ഡിസംബറിൽ ഇരുവരും തിരിച്ചെത്തി. ഡിസംബർ 28ന് മാലിദ്വീപിലേക്ക് തനിയെ മടങ്ങി. രണ്ടു വർഷം കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാത്തതിനാൽ അനിതയെ കാണാനില്ലെന്ന് രണ്ടാനച്ഛൻ അച്യുതൻ നായർ 2005 ൽ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പിന്നാലെ ഭർത്താവ് രാമചന്ദ്രനും നാടുവിട്ടു. ഇദ്ദേഹവും ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. കേസിൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ട് ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഭർത്താവ് രാമചന്ദ്രനുമായി വഴക്കിട്ടാണ് 2003 ഡിസംബറിൽ മാലിദ്വീപിലേക്ക് പോയത്. അവിടെ പരിചയപ്പെട്ട ശ്രീലങ്കൻ സ്വദേശി ഗാമേജ വിന്ദാന സുരംഗയെ വിവാഹം കഴിച്ചു. പിന്നീട് ഇയാൾക്കൊപ്പം മുംബയിലേക്ക് വന്നു. ഇവിടെ വച്ച് 2005 ൽ പെൺകുഞ്ഞിന് ജന്മം നൽകി. 2006 നവംബറിൽ അനിത സുരാംഗ എന്ന പേരു സ്വീകരിച്ച് പുതിയ പാസ്‌പോർട്ട് എടുത്ത് ഭർത്താവിനും കുട്ടിക്കുമൊപ്പം ശ്രീലങ്കയിലേക്ക് പോയി.

ഭർതൃ വീട്ടുകാരുമായി ചേർന്നു പോവില്ലെന്ന് കണ്ടതോടെ 2010 മെയ്‌ 26 ന് മുംബയിലേക്ക് മടങ്ങി. പിന്നീട് വിവിധ ഇന്ത്യൻ നഗരങ്ങളിൽ അദ്ധ്യാപികയായി ജോലി നോക്കി. 2013 ൽ സൂറത്തിൽ ഭഗവാൻ ദാസ് കോട്‌വാനിയെ വിവാഹം കഴിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP