Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുക കണ്ട് ഡ്രൈവർ ഓടിയെത്തി ഡോർ തുറക്കുമ്പോഴേക്കും പൊട്ടിത്തെറിച്ചു; അഗ്നിഗോളമായി ഒരാൾ പുറത്തേക്ക്; അകത്തു കിടന്ന് കത്തി ചാമ്പലായി രണ്ടാമതൊരാൾ: പേടി മാറാതെ ദൃക്‌സാക്ഷികൾ

പുക കണ്ട് ഡ്രൈവർ ഓടിയെത്തി ഡോർ തുറക്കുമ്പോഴേക്കും പൊട്ടിത്തെറിച്ചു; അഗ്നിഗോളമായി ഒരാൾ പുറത്തേക്ക്; അകത്തു കിടന്ന് കത്തി ചാമ്പലായി രണ്ടാമതൊരാൾ: പേടി മാറാതെ ദൃക്‌സാക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: ഇന്നലെ മൂവാറ്റുപുഴയിൽ ആംബുലൻസ് കത്തിയമർന്ന് രണ്ട് പേർ ദാരുണമായി മരണപ്പെട്ടതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല നാട്ടുകാർ അടക്കമുള്ളവർക്ക്. കത്തിയെരിഞ്ഞ ആംബുലൻസിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടപ്പോഴും കൺമുൻപിൽ ഭർതൃപിതാവും ഭർതൃസഹോദരിയും കത്തിയെരിഞ്ഞതിന്റെ നടുക്കം വിട്ടുമാറാത്ത അവസ്ഥയിലാണ് ജോയ്‌സ്. രണ്ട് പേരെയും രക്ഷിക്കാനുള്ള ശ്രമങ്ങത്തിനിടെ അഗ്നിഗോളം അവരെ വിഴുങ്ങിയപ്പോൾ എന്തു ചെയ്യണമെന്നറായിയാതെ നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളു.

അപകടം നടന്ന മീങ്കുന്നത്തിനു രണ്ടു കിലോമീറ്റർ മുൻപ് ഈസ്റ്റ് മാറാടിയിൽ ഇറങ്ങി ചായകുടിച്ചതാണ്. ഡ്രൈവർക്കൊപ്പം ജോയ്‌സ് മുൻസീറ്റിലായിരുന്നു. മീൻകുന്നമെത്താറായപ്പോൾ വെറുതെ പിന്നിലേക്കൊന്നു നോക്കി. ആംബുലൻസിനു പിന്നിൽ മരുന്നുകൾ സൂക്ഷിച്ചിരുന്നിടത്തുനിന്നു പുക വരുന്നതാണു കണ്ടത്. നോക്കിനിൽക്കേ പുക ഉയർന്നു തുടങ്ങി. അയ്യോ തീയെന്നു ജോയ്‌സ് അലറിയപ്പോൾ ഡ്രൈവർ കൃഷ്ണദാസ് വാഹനം നിർത്തി. ഡോർ തുറന്നു പുറത്തിറങ്ങിയ കൃഷ്ണദാസ് ജോയ്‌സിനെയും പുറത്തിറക്കി. പിന്നിലേക്കോടിയ ഇരുവരും ഡോർ തുറക്കാൻ നടത്തിയ ശ്രമം ആദ്യം വിജയിച്ചില്ല. മെയിൽ നഴ്‌സ് മെൽബിൻ ആന്റണി അകത്തുനിന്നു കൂടി സഹായിച്ചതോടെ ഡോർ തുറന്നു.

പുകപടലങ്ങൾക്കിടയിൽനിന്ന് ഹോം നഴ്‌സ് ലക്ഷ്മിയെ വലിച്ചു പുറത്തിറക്കി. മെൽബിനും പുറത്തിറങ്ങി. അപ്പോഴേക്കും വാഹനം പുക കൊണ്ടു നിറഞ്ഞിരുന്നു. ലക്ഷ്മിയെ ഓടിക്കൂടിയ നാട്ടുകാർ എടുത്തു സമീപത്തെ കടയ്ക്കു മുൻപിലേക്കു മാറ്റി. വാഹനത്തിൽ ആളുണ്ടെന്നും രക്ഷിക്കണമെന്നും ജോയ്‌സ് അലമുറയിട്ടപ്പോഴേക്കും ആംബുലൻസ് തനിയെ മുന്നോട്ടുരുണ്ടു തുടങ്ങിയിരുന്നു.

ഇതിനിടെ അമ്പിളിയുടെ കത്തിക്കരിഞ്ഞ ശരീരം പിന്നിലെ തുറന്ന ഭാഗത്തുകൂടെ റോഡിലേക്കു വീണു. കയറ്റത്തിൽ നിന്ന ആംബുലൻസിൽനിന്നു തീ ഉയർന്നു തുടങ്ങി. അഞ്ചു മിനിറ്റ് നിന്നു കത്തിയ ആംബുലൻസ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അപ്പോൾ ജയിംസ് മാത്രമായിരുന്നു അകത്തുണ്ടായിരുന്നത്. ആംബുലൻസിന്റെ പിൻ ഡോർ തുറക്കുന്നതിനിടെ മുഖത്തു പരുക്കേറ്റ ജോയ്‌സിനെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ചികിൽസ നൽകിയശേഷം ബന്ധുക്കളെത്തി കോട്ടയത്തേക്കു കൊണ്ടുപോയി.

അമിത വേഗമൊന്നുമില്ലാതെ എത്തിയ ആംബുലൻസ് വളവിനു സമീപം വേഗത കുറച്ച് ഡ്രൈവർ ഓടി പുറത്തേക്കിറങ്ങി പുറകിലെ വാതിൽ തുറന്ന് യാത്രക്കാരെ പിടിച്ചു വലിച്ച് പുറത്തേക്കിറക്കുന്നത് കണ്ട അയൽവാസിയായ ജോസഫ് യാത്രക്കാർ തമ്മിലുള്ള തർക്കമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ആംബുലൻസിൽ നിന്നും പുക ഉയരുന്നതാണ് പിന്നെ കണ്ടത് ഉരുണ്ടു നീങ്ങിയ അംബലുൻസ് നിമിഷങ്ങൾക്കകം ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടയിൽ ആംബുലൻസിൽ നിന്നും തീനാളങ്ങൾ വിഴുങ്ങിയ ഒരു ശരീരം താഴേക്കു പതിക്കുന്നതും ജോസഫ് കണ്ടു. എല്ലാം അഞ്ചു മിനിറ്റിനുള്ളിൽ കഴിഞ്ഞു.

അപകടവാർത്തയറിഞ്ഞെത്തിയവർക്കാർക്കും എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും മനസ്സിലായില്ല. വാഹനത്തിൽ ആരെങ്കിലുമുണ്ടോയെന്നും അറിയില്ലായിരുന്നു. വാഹനത്തിൽനിന്നു ഡ്രൈവറും മറ്റുള്ളവരുമിറങ്ങി ബഹളം വച്ചതോടെ അകത്തിനി ആരും ഉണ്ടാകില്ലെന്നു നാട്ടുകാർ കരുതി. എന്നാൽ, രക്ഷപ്പെട്ടവർ സമീപത്തെ കടയിലേക്ക് ഓടിയെത്തി നിലവിളിച്ചപ്പോഴാണ് അകത്ത് വേറെയും ആളുണ്ടെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വാഹനം മുന്നോട്ട് നീങ്ങുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ആംബുലൻസിന്റെ ഭാഗങ്ങൾ ചുറ്റും ചിതറിത്തെറിച്ചു. തകിട് ഭാഗങ്ങൾ 100 മീറ്റർ അകലെയുള്ളതെങ്ങിൻ കൈ പോലും തകർത്താണു താഴേക്കു പതിച്ചത്.

അഗ്‌നിശമനസേനയെത്തി തീയണച്ചതോടെയാണ് അപകടം നടന്നിടത്തേക്കു പോകാൻ ഉദ്യോഗസ്ഥർക്കു പോലും ധൈര്യമുണ്ടായത്. ആംബുലൻസിനുള്ളിൽ രണ്ടുപേരുണ്ടെന്നു മനസ്സിലാകുന്നത് ഡ്രൈവർ കൃഷ്ണദാസ് പറയുമ്പോഴായിരുന്നു. ആംബുലൻസിലും റോഡിലുമായി കിടന്നിരുന്ന മൃതദേഹങ്ങൾ ആരുടേതാണെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP