Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമെന്നു പ്രാഥമിക നിഗമനം; യാത്രക്കാരിൽ ആരെങ്കിലും സിഗരറ്റ് വലിച്ചോ എന്നും അന്വേഷിക്കും; പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയുടെ ഭാര്യയും പിതാവും മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല

ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമെന്നു പ്രാഥമിക നിഗമനം; യാത്രക്കാരിൽ ആരെങ്കിലും സിഗരറ്റ് വലിച്ചോ എന്നും അന്വേഷിക്കും; പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയുടെ ഭാര്യയും പിതാവും മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഉണ്ടായ അപകടത്തിന് കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം സംഭവിച്ച തീ വ്യാപിച്ച് ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. അപകടത്തിന് ഇരയായ ആംബുലൻസും സ്ഥലവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഡീസൽ ടാങ്ക്, വണ്ടിയിൽ അധികമായി സൂക്ഷിച്ചിരിക്കുന്ന ഓക്‌സിജൻ സിലിണ്ടർ എന്നിവയ്ക്ക് ഒരു തകരാറും സംഭവിച്ചിട്ടില്ല. വണ്ടിയുടെ ഷാസിയുടെ അടിഭാഗത്തേക്ക് തീ പടർന്നിട്ടില്ല. ടയറുകൾക്കോ അടിഭാഗത്തെ ഫിറ്റിങ്ങുകൾക്കോ പുറമെ കാണാവുന്ന തകരാറൊന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. എ.സി.യിലേക്ക് തീ പടർന്നത് ജ്വലനശേഷിയേറിയ ഫ്രിയോൺ വാതക ചോർച്ച ഉണ്ടാക്കിയിരിക്കാമെന്നും ഇത് ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിക്കുന്നതിന് സഹായിച്ചുവെന്നും കരുതുന്നു. വട്ടം പൊളിഞ്ഞ ഓക്‌സിജൻ സിലിണ്ടറിന്റെ ഭാഗം വണ്ടിയിലുണ്ട്. അതിനിടെ ആംബുലിൻസിലിരുന്ന് ആരെങ്കിലും സിഗരറ്റ് വലിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.  

ഫോറൻസിക് വിദഗ്ധരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വാഹന അവശിഷ്ടങ്ങൾ പരിശോധിച്ചെങ്കിലും കൃത്യമായ നിഗമനത്തിൽ എത്താനായില്ലെന്നതിനാലാണ് ഇത്. നാലു മാസം മാത്രം മുൻപു വാങ്ങിയ ആംബുലൻസാണ് അപകടത്തിൽപെട്ടത്. അതിൽ ഉണ്ടായിരുന്ന രണ്ട് ഓക്‌സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണു സ്‌ഫോടനതീവ്രത വർധിപ്പിച്ചതെന്നു ഫൊറൻസിക് വിദഗ്ദ്ധർ പറയുന്നു. എന്നാൽ സിലിണ്ടർ പൊട്ടിത്തെറിക്കാൻ ഇടയായതെങ്ങനെ എന്നതിൽ വ്യക്തതയില്ല. ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കാതിരുന്നതു ദുരന്തം വ്യാപിക്കാതിരിക്കാൻ സഹായിച്ചു. പരിശോധനയിൽ ടാങ്കിനു ചോർച്ച കണ്ടെത്തി. മാനന്തവാടിയിലെ ആശുപത്രിയിൽനിന്നു കോട്ടയത്തെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ദുരന്തത്തിൽ ഏറ്റുമാനൂർ കട്ടച്ചിറ വരവുകാലായിൽ വി.ജെ.ജയിംസ് (78), മകൾ അമ്പിളി (46) എന്നിവരാണു മരിച്ചത്.

കേന്ദ്രീയവിദ്യാലയത്തിൽ അദ്ധ്യാപികയായിരുന്ന അമ്പിളി കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയ സംരംഭകരിൽ ഒരാളാണ്. പൂവാറിലെ എസ്ച്വറി ഐലൻഡ്, കോവളത്തെ ടർട്ടിൽ ഓൺ ദ ബീച്ച് എന്നീ പഞ്ചനക്ഷത്ര റിസോർട്ടുകളുടെ ഡയറക്ടറായിരുന്നു അമ്പിളി. അമ്പിളിയുടെ ഭർത്താവ് ഷാജി തോമസാണ് രണ്ടു ഹോട്ടലുകളുടെയും എംഡി. ആംബുലൻസ് പൊട്ടിത്തെറിച്ചതിൽ ഡ്രൈവർ അടക്കം ഒപ്പമുണ്ടായിരുന്ന നാലു പേർക്കു പരുക്കേറ്റു. ഹോം നഴ്‌സ് കുമളി സ്വദേശി ലക്ഷ്മിക്ക് 15% പൊള്ളലേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. അമ്പിളിയുടെ മൃതദേഹം ഇന്നലെ കട്ടച്ചിറയിലെ കുടുംബവസതിയിൽ എത്തിച്ചശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അമ്പിളിയുടെ സംസ്‌കാരം നാളെ 11 പിഎംജി ക്‌നാനായ പള്ളിയിൽ നടക്കും.. ജയിംസിന്റെ സംസ്‌കാരം പിന്നീട്.

ആംബുലൻസിനുള്ളിലെ ലൈറ്റ് തകരാറായതിനെത്തുടർന്നു യാത്രാമധ്യേ ഫ്യൂസ് മാറ്റിയിരുന്നു. ഇതു ഷോർട് സർക്യൂട്ടിനു കാരണമായോ എന്നു പരിശോധിക്കുന്നു. വാഹനത്തിന്റെ യന്ത്രഭാഗങ്ങളിലോ, മറ്റെവിടെയെങ്കിലുമോ ഉണ്ടായ തകരാർ തീപടരാൻ കാരണമായിട്ടുണ്ടോ എന്നതിനു വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതിന് വിശദമായ പരിശോധന നടത്തുംു. വെന്റിലേറ്റർ അടക്കം ഒരുക്കിയ ആംബുലൻസിൽ സാങ്കേതിക തകരാർ മൂലം ഷോർട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത തള്ളാനാകില്ല. സിലിണ്ടറുകൾ ഒഴികെ, വലിയ സ്‌ഫോടനത്തിനോ തീപിടിത്തത്തിനോ സാധ്യതയുള്ള ഒന്നും അപകടസ്ഥലത്തുനിന്നു കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സിഗരറ്റ് വലിയുടെ സാധ്യതയും പരിശോധിക്കുന്നത്. ആശുപത്രിയിൽ ചികിൽസയിലുള്ളവരിൽ നിന്ന് പൊലീസ് മൊഴി എടുക്കും.

ആംബുലൻസിൽ മൂന്നു സിലിണ്ടറുകൾ ഉണ്ടായിരുന്നു. ഒന്നിൽ ഓക്‌സിജൻ ഇല്ലായിരുന്നു. ഒന്ന് ജയിംസിന് ഓക്‌സിജൻ നൽകാൻ വാൽവ് തുറന്നു ഘടിപ്പിച്ച നിലയിലായിരുന്നു. മൂന്നാമത്തേത് ഇതിനു സമീപത്തുതന്നെ ഉണ്ടായിരുന്നു. ചെറിയ തോതിലുണ്ടായ തീ ആളിക്കത്താൻ തുറന്നുവച്ച സിലിണ്ടർ കാരണമായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചൂടു കൂടുകയും വായുസമ്മർദമുണ്ടാകുകയും ചെയ്തതോടെ സമീപത്തുള്ള സിലിണ്ടറിലേക്കു തീപടർന്നതു വൻ സ്‌ഫോടനത്തിന് ഇടയാക്കിയെന്നും കരുതുന്നു. കൂടുതൽ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ഒന്നര മണിക്കൂറോളം സമയമെടുത്താണ് വാഹനം മൂവാറ്റുപുഴ ജോയിന്റ് ആർടിഒ ജേഴ്‌സൺ ടി.എം., എംവിഐ സി.കെ. അബ്രഹാം എന്നിവർ പരിശോധിച്ചത്. എ.സി.യും മറ്റ് ആധുനിക സംവിധാനങ്ങളും ഘടിപ്പിച്ചിരുന്നതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.

ന്യുമോണിയ ബാധിതനായ ജെയിസിനെ മാനന്തവാടിയിലെ ആശുപത്രിയിൽ നിന്നും കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊട്ടിത്തെറിയോടെ ആംബുലൻസിന് തീപിടിച്ചത്. കൽപറ്റയിൽ നാട്ടുചികിത്സകനായിരുന്ന ജയിംസിനെ പനിബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ ത്തുടർന്ന് മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയിൽനിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ആംബുലൻസിൽ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. കൽപറ്റ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന്റെ ഐ.സി.യു സൗകര്യമുള്ള ആംബുലൻസിലായിരുന്നു യാത്ര. ആംബുലൻസ് മൂവാറ്റുപുഴ മീൻകുന്നത്ത് എത്തിയപ്പോൾ രോഗി കിടക്കുന്ന ഭാഗത്തെ ഓക്‌സിൻ സിലിണ്ടറിന്റെ സമീപത്തുനിന്ന് തീയും പുകയും ഉയർന്നു. രോഗിക്കൊപ്പമുണ്ടായിരുന്ന മെയിൽ നഴ്‌സ് മെൽവിൻ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മുൻവശത്തെ വാതിൽ വഴി പുറത്തുചാടി ഇതുവഴി ലക്ഷ്മിയെയും രക്ഷപ്പെടുത്തി. തീ ആളിപ്പടർന്ന് പെട്ടെന്ന് വാഹനം മുന്നോട്ടുകുതിച്ച് തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു. ഉടൻ വൻ ശബ്ദത്തോടെ ആംബുലൻസ് പൊട്ടിത്തെറിച്ചു. ജയിംസും അമ്പിളിയും അവിടെവച്ചുതന്നെ മരിച്ചു.

കയറ്റം കയറുമ്പോഴാണ് ആംബുലൻസിനുള്ളിൽ പൊട്ടിത്തെറി ശബ്ദം കേട്ടതെന്നും മുകളിലെത്തി വാഹനം നിർത്തി ഇതേക്കുറിച്ച് പരിശോധിക്കാമെന്നുമായിരുന്നു തന്റെ കണക്കുകൂട്ടലെന്നും ഇതിനിടയിൽ പുറകിൽ തീകണ്ടതിനാൽ എല്ലാം ധൈര്യവും കൈവിട്ടുപോയെന്നും പിന്നീട് കൂടെയുണ്ടായിരുന്നവരെ കഴിയുന്ന വിധത്തിൽ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചതെന്നുമാണ് കൃഷ്ണദാസ് നൽകുന്ന വിവരം. താൻ ഇറങ്ങിയ ഉടൻ പിന്നോട്ട് പോയ ആമ്പുലൻസ് നൂറ് മീറ്ററോളം അകലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് മറിഞ്ഞ് മരത്തിൽ തങ്ങിനിന്നെന്നും ഈ സമയം പത്തടി വരെ ഉയരത്തിൽ തീആളിപ്പടർന്നും ഇയാൾ പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസ്് പൂർണ്ണമായും കത്തിനശിച്ചു. സംഭവംകണ്ട് ഇതുവഴിയെത്തിയ വാഹനയാത്രികരാണ് പരിക്കേറ്റ ഹോംനേഴ്‌സ് ലക്ഷമിയെയും ജെയിംസിന്റെ മകൻ അഭിലാഷിന്റെ ഭാര്യ ജോയ്‌സിനെയും മൂവാറ്റുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽപ്പെട്ട ആംബുലൻസിനു പിന്നാലെതന്നെ ജെയിംസിന്റെ സഹോദരൻ തോമാച്ചനും ഡ്രൈവറും കാറിൽ വരുന്നുണ്ടായിരുന്നു. എന്നാൽ ആംബുലൻസ് വേഗത്തിലായതിനാൽ ഇവർ ഏറെ പിന്നിലായിപ്പോയി.

എയർഫോഴ്‌സിൽ നിന്ന് വിരമിച്ചയാളാണ് ജെയിംസ്. വയനാട് കാട്ടിക്കുളത്ത് സ്വന്തമായി പുരയിടമുള്ള ജെയിംസ് അവിടെ പ്രകൃതിചികിത്സാലയം നിർമ്മിക്കുന്നിടത്തായിരുന്നു. പനിയും ശാരീരിക അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചുപോരാനിരിക്കുകയായിരുന്നു. ഇതിനിടെ ന്യുമോണിയ കൂടി. ഇതെ തുടർന്നാണ് മകളും മരുമകളും സ്ഥലത്തെത്തിയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കല്പറ്റ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിലെ ആംബുലൻസിൽ കോട്ടയത്തേക്ക് കൊണ്ടുവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP