Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയന്തൻ വീണ്ടും പലതവണ വീട്ടിൽക്കയറി പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ; വടക്കാഞ്ചേരിയിലെ സിപിഐ(എം) കൗൺസിലർക്കെതിരെ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കൂടുതൽ ആരോപണങ്ങൾ; തട്ടിക്കൊണ്ടുപോയ ടവേര ഓടിച്ചത് ജയന്തനെന്നും യുവതി

ജയന്തൻ വീണ്ടും പലതവണ വീട്ടിൽക്കയറി പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ; വടക്കാഞ്ചേരിയിലെ സിപിഐ(എം) കൗൺസിലർക്കെതിരെ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കൂടുതൽ ആരോപണങ്ങൾ; തട്ടിക്കൊണ്ടുപോയ ടവേര ഓടിച്ചത് ജയന്തനെന്നും യുവതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ കൂട്ടബലാൽസംഗത്തിനിരയായെന്ന് ഇന്നലെ പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയ യുവതിയെ പലതവണ വീട്ടിൽ അതിക്രമിച്ചുകയറി ജയന്തൻ ബലാത്സംഗം ചെയ്തതായി പുതിയ വെളിപ്പെടുത്തൽ. തട്ടിക്കൊണ്ടുപോയി വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പിഎൻ ജയന്തനും അനുജനും ഉൾപ്പെടെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതായി യുവതി ഇന്നലെ ഉ്ച്ചയോടെയാണ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.

ഇതിനുശേഷം മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയിലാണ് കൂട്ട ബലാത്സംഗത്തിനുശേഷം പലതവണ വീട്ടിൽ കയറി ജയന്തൻ പിന്നീടും തന്നെ മാനഭംഗപ്പെടുത്തിയതായി ആരോപിക്കുന്നതെന്ന് പരാതിയെ ഉദ്ധരിച്ച് പീപ്പിൾ ടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.

തന്നെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രം എടുത്തെന്നും ഈ ചിത്രം കാട്ടിയാണ് പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറി പലതവണ ബലാൽസംഗം ചെയ്തതെന്നും പരാതിയിലുണ്ട്. തന്നെക്കുറിച്ച് അർത്ഥംവച്ചു ചിരിച്ച് ഭർത്താവിനെയും മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി മുഖ്യമന്ത്രിക്കും വനിത സെൽ ഡിവൈഎസ്‌പിക്കും നൽകിയ പരാതിയുടെ പകർപ്പിലുണ്ടെന്ന് പീപ്പിൾ ടിവി റിപ്പോർട്ടു ചെയ്യുന്നു. തന്റെ ഭർത്താവ് ജയന്തന് പണം കടം കൊടുത്തിരുന്നെന്നും ഇതു തിരിച്ചു ചോദിച്ചതിലുള്ള പ്രതികാരത്തിനാണ് തന്നെ ബലാൽസംഗം ചെയ്തതെന്നുമാണ് യുവതിയുടെ പരാതി.

തനിക്കും കുടുംബത്തിനുമെതിരെ വടക്കാഞ്ചേരിയിലെ സിപിഐ(എം) കൗൺസിലറായ ജയന്തനും സംഘവും നടത്തിയ അതിക്രമങ്ങൾ അക്കമിട്ടു നിരത്തിയ പരാതിയാണ് യുവതി സമർപ്പിച്ചിരിക്കുന്നത്. ഏപ്രിലിലെ അവസാനത്തെ ആഴ്ചയിലാണ് പീഡനം നടന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. ഭർത്താവിന് അപകടം പറ്റിയെന്നു പറഞ്ഞ് ജയന്തൻ തന്നെ വിളിച്ചു. അത്താണിയിലെ പാലത്തിനു സമീപം കാറുണ്ടെന്നും അങ്ങോട്ട് ചെല്ലണമെന്നും പറഞ്ഞു. അങ്ങനെയാണ് താൻ കാറിലേക്ക് ചെല്ലുന്നത്.

കാറിൽ ജയന്തനൊപ്പം ബിനീഷ്, ജിനീഷ്, ഷിബു എന്നിവരും ഉണ്ടായിരുന്നു. ജയന്തനായിരുന്നു ടവേര കാർ ഓടിച്ചിരുന്നത്. കൂർക്കഞ്ചേരിയിലെ എലൈറ്റ് ആശുപത്രിയിലാണ് ഭർത്താവ് എന്നു പറഞ്ഞാണ് പോയത്. വഴി മാറി പോകുന്നതു കണ്ട് ചോദിച്ചപ്പോൾ ഒരാളെ കൂടി വിളിക്കാനുണ്ട് എന്നു പറഞ്ഞു. പിന്നീട് അൽപദൂരം ചെന്ന് കാർ നിർത്തി. അവിടെയുണ്ടായിരുന്ന ഒഴിഞ്ഞ വീട്ടിൽ വച്ച് അവർ നാലുപേരും തന്നെ ബലാൽസംഗം ചെയ്തു - യുവതി പരാതിയിൽ പറയുന്നു.

അതിനുശേഷം കേട്ടാൽ അറയ്ക്കുന്ന തെറിവിളിയോടെ നിന്റെ ഭർത്താവ് എന്നോടു കാശു ചോദിക്കാൻ വളർന്നോ എന്നു ചോദിച്ചു. എല്ലാത്തിനെയും കാണിച്ചു തരാമെന്നു പറഞ്ഞ് അവർ തന്നെ ഭീഷണിപ്പെടുത്തി കൂടെ നിന്ന് നഗ്‌നചിത്രം എടുത്തു. അതിനുശേഷം കാറിൽ അത്താണി പാലത്തിനു താഴെ ഇറക്കിവിട്ടു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്യുമായിരുന്നു. നഗ്‌നചിത്രം പുറത്തുവിടുമെന്നു ഭീഷണിയുണ്ടായിരുന്നതിനാൽ എല്ലാം സഹിച്ചു. തുടർന്ന് ഭർത്താവ് വീട്ടിൽ ഇല്ലാത്തപ്പോൾ പല സമയങ്ങളിലും ജയന്തൻ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയതിട്ടുണ്ട്.

പിന്നീട് തന്റെ മാറ്റം കണ്ട് ഭർത്താവ് നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പറഞ്ഞത്. എന്നിട്ടും തങ്ങൾക്ക് പരാതി നൽകാൻ ഭയമായിരുന്നെന്നും പരാതിയിൽ പറയുന്നു. ഭയം മൂലമാണ് പരാതി നൽകാൻ താമസിച്ചത്. അതിനിടെ മാനക്കേട് മറക്കാൻ താൻ കുവൈത്തിലേക്ക് വീട്ടുവേലയ്ക്ക് പോയി. ഇതിനു പ്രതികാരമായി അവർ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയെന്നും അകാരണമായി മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞദിവസം ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ വിവരം വലിയ ചർച്ചയായി മാറിയത്. ഇതേത്തുടർന്ന് ഇന്നലെ പത്രസമ്മേളനം നടത്തി കൗൺസിലറുടെ പേരുൾപ്പെടെ യുവതിയും ഭർത്താവും വെളിപ്പെടുത്തുകയായിരുന്നു.

അതേസമയം, സംഭവത്തിൽ ഗുരുവായൂർ എസിപി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി ആദ്യം നൽകിയ പരാതി ഒതുക്കിത്തീർത്തുവെന്നും പേരാമംഗലം സിഐയുടെ നേതൃത്വത്തിൽ അപമാനിച്ചുവെന്നുമുള്ള പരാതി ഉയർന്ന സാഹചര്യത്തിൽ തുടക്കംമുതലുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് നിർദ്ദേശം. കൗൺസിലർ ജയന്തനിൽ നിന്ന് ഇന്ന് മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും.
ആരോപണം ജയന്തൻ നിഷേധിച്ചിട്ടുണ്ട്. താൻ കടംകൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ പീഡനക്കേസുണ്ടാക്കി അപമാനിക്കുകയാണെന്ന നിലപാടിലാണ് കൗൺസിലർ. അതേസമയം, ജയന്തനെതിരെ നടപടി സ്വീകരിക്കാൻ ഇന്ന് പ്രത്യേകം ഏരിയാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP