Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിക്കുകയായിരുന്ന കുട്ടികളെ കുളിപ്പിക്കാനെന്ന മട്ടിൽ വിളിച്ചുകൊണ്ടുപോയി; മൂന്നുവയസ്സുള്ള മകളെയും ഒന്നരവയസ്സുള്ള മകനെയും ബക്കറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച് പെറ്റമ്മ; പുതിയ കളിയാണെന്ന് പറഞ്ഞ് കൈകാലുകൾ ബന്ധിച്ച് ബക്കറ്റിൽ താഴ്‌ത്തിയ മകൾ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; കൊടുംക്രൂരതയ്ക്ക് ശേഷം നാദാപുരത്ത് ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയുടെ ഭാര്യയെ അറസ്റ്റുചെയ്ത് പൊലീസ്

കളിക്കുകയായിരുന്ന കുട്ടികളെ കുളിപ്പിക്കാനെന്ന മട്ടിൽ വിളിച്ചുകൊണ്ടുപോയി; മൂന്നുവയസ്സുള്ള മകളെയും ഒന്നരവയസ്സുള്ള മകനെയും ബക്കറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച് പെറ്റമ്മ; പുതിയ കളിയാണെന്ന് പറഞ്ഞ് കൈകാലുകൾ ബന്ധിച്ച് ബക്കറ്റിൽ താഴ്‌ത്തിയ മകൾ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; കൊടുംക്രൂരതയ്ക്ക് ശേഷം നാദാപുരത്ത് ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയുടെ ഭാര്യയെ അറസ്റ്റുചെയ്ത് പൊലീസ്

എം പി റാഫി

കോഴിക്കോട്: എടപ്പാളിൽ മതാവിന്റെ ഒത്താശയോടെ തിയേറ്ററിൽ നടന്ന പീഡന വാർത്ത ഏറെ ഞെട്ടലോടെയാണ് സമൂഹം കേട്ടത്. എന്നാൽ മാതൃത്വത്തിന്റെ ക്രൂരതയുടെ മറ്റൊരു മുഖമാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത്. നാദാപുരത്ത് മുന്നുവയസ്സുള്ള മകളെ ബക്കറ്റിൽ മുക്കിക്കൊന്ന മാതാവ് അറസ്റ്റിലായിരിക്കുകയാണ്. ഒന്നര വയസുള്ള മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും കുട്ടി രക്ഷപ്പെട്ടു. ഒന്നര വയസുകാരൻ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്.

ഇൻഷാ ലാമിയയാണ് മരിച്ചത്. സഹോദരൻ അമൻ സയാൻ ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. കൃത്യം നടത്തിയ ശേഷം ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച മാതാവ് സഫൂറ (30)യെ ആശുപത്രിയിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്. ഭർത്താവുമായും കുടുംബവുമായും ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് സംഭവത്തിനിടയാക്കിയതെന്ന് സഫൂറ പൊലീസിന് മൊഴി നൽകി.

നാദാപുരം പുറമേരി ഹോമിയോ മുക്കിനു സമീപത്താണ് കണ്ണില്ലാത്ത ക്രൂരത മാതാവ് പിഞ്ചു കുട്ടികളോട് ചെയ്തിരിക്കുന്നത്. ദുബായിൽ വ്യാപാരിയായ ഭർത്താവ് കക്കംവെള്ളിയിൽ കുളങ്ങരത്ത് മുഹമ്മദ് ഖൈസ് ഭാര്യ സഫൂറയെയും രണ്ടു മക്കളെയും ദുബായിലേക്കു കൊണ്ടുപോകാൻ ഇന്നലെ വീട്ടിലെത്തിയതായിരുന്നു. വിദേശത്ത് നിന്നെത്തിയ ഖൈസ് ദുരന്തവാർത്തയറിഞ്ഞ് താങ്ങാനാവാതെ പൊട്ടിക്കരയുകയായിരുന്നു.

കളിക്കുകയായിരുന്ന കുട്ടികളെ കുളിപ്പിക്കാനെന്നു പറഞ്ഞാണ് സഫൂറ മുകളിലത്തെ നിലയിലെ കുളിമുറിയിലേക്കു വിളിച്ചുകൊണ്ടുപോയത്. പുതിയ കളി പഠിപ്പിച്ച് തരാമെന്നു പറഞ്ഞാണ് മൂത്ത കുട്ടിയെ കൈ കാലുകൾ ബന്ധിച്ച് തലകീഴാക്കി വെള്ളം നിറച്ച ബക്കറ്റിലിറക്കി വെച്ച് മരണം ഉറപ്പാക്കിയത്. ശേഷം കുട്ടിയുടെ മൃതദേഹം ബക്കറ്റിൽ നിന്നെടുത്ത് പുറത്ത് കുളിമുറിയിൽ കിടത്തുകയും ഇളയ കുട്ടിയെ ബക്കറ്റിലിറക്കി വെയ്ക്കുകയുമായിരുന്നു.

ഇതിനിടെ യുവതി ഇരുകൈകളുടെയും ഞരമ്പുകൾ മുറിച്ചിരുന്നു. ശേഷം ചുരിദാർ ഷാൾ ഉപയോഗിച്ച് ഫാനിൽ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമം നടത്തി. ബക്കറ്റിൽ നിന്ന് ഇളയ കുട്ടിയുടെ ഞരക്കം കേട്ട സഫൂറ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് കുട്ടിയെ ബക്കറ്റിൽ നിന്നിറക്കി കിടത്തി താഴെ നിലയിലേക്ക് ഓടിയെത്തി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

രണ്ടു കുട്ടികളെ ഞാൻ കൊന്നു താനും മരിക്കുകയാണെന്നു പറഞ്ഞാണ് താഴത്തെ നിലയിലുണ്ടായിരുന്ന ഭർതൃപിതാവ് തറക്കണ്ടി അബ്ദുൽ റഹ്മാന്റെയും മാതാവ് മറിയത്തിന്റെയും മുൻപിലെത്തുന്നത്.

ഭർതൃമാതാവ് മുകളിലെ നിലയിലെത്തി കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിൽ നിലത്ത് കിടത്തിയ കുട്ടികളെ കണ്ട് നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. ഉടൻ മൂവരെയും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇൻഷാ ലാമിയയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റുമോർട്ടത്തിനു ശേഷം നാദാപുരം ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ ഖബറടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP