Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിസിനസ് ക്ലാസിൽ ടിക്കറ്റ് കാത്തിരുന്നതിന്റെ രോഷം ശിവസേന എംപി തീർത്തത് വിമാന ജീവനക്കാരനെ നിരവധി തവണ ചെരുപ്പൂരി അടിച്ച്; മർദ്ദിച്ചതിന്റെ പേരിലും വിമാനം ഹൈജാക് ചെയ്തതിന്റെ പേരിലും കേസെടുത്ത് പൊലീസ്; കുഴപ്പക്കാർക്ക് വിമാനയാത്ര നിരോധിക്കുന്ന നിയമം കൊണ്ടു വരാൻ ആലോചിച്ച് വ്യോമയാന വകുപ്പ്

ബിസിനസ് ക്ലാസിൽ ടിക്കറ്റ് കാത്തിരുന്നതിന്റെ രോഷം ശിവസേന എംപി തീർത്തത് വിമാന ജീവനക്കാരനെ നിരവധി തവണ ചെരുപ്പൂരി അടിച്ച്; മർദ്ദിച്ചതിന്റെ പേരിലും വിമാനം ഹൈജാക് ചെയ്തതിന്റെ പേരിലും കേസെടുത്ത് പൊലീസ്; കുഴപ്പക്കാർക്ക് വിമാനയാത്ര നിരോധിക്കുന്ന നിയമം കൊണ്ടു വരാൻ ആലോചിച്ച് വ്യോമയാന വകുപ്പ്

മുംബൈ: വിമാനത്തിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ശിവസേനയുടെ എംപി. രവീന്ദ്ര ഗായക്വാഡ് എയർ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചത് കേന്ദ്ര സർക്കാരിനെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുമെന്നാണ് സൂചന. എംപി.ക്കെതിരെ കർശനനടപടിവേണമെന്ന് എയർ ഇന്ത്യാ ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചെയ്തതിൽ തെറ്റൊന്നുമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗായക്വാഡ്. എന്നാൽ വ്യോമയാന മന്ത്രാലയവും എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയും കടുത്ത നിലപാടിലാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ നിയമനിർമ്മാണം പോലും ആലോചനയിലാണ്.

ഗായക്വാഡിനെ പതിവായി പ്രശ്നമുണ്ടാക്കുന്ന യാത്രികരുടെ പട്ടികയിലുൾപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ശിവസേനാ മേധാവി ഉദ്ധവ് താക്കറെ ഗായക്വാഡിനെ മുംബൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇത്തരം പട്ടികയിൽ ഉൾപ്പെടുത്തുന്നവർക്ക് ഭാവിയിൽ വിമാനയാത്ര നിരോധനം വേണമെന്നാണ് ആവശ്യം. ഇക്കാര്യമാണ് വ്യോയാന മന്ത്രാലയം പരിഗണിക്കുന്നത്. ശിവസേന എംപിക്കെതിരെ കടുത്ത വകുപ്പുകളുമായി കേസുമെടുത്തു. ജീവനക്കാരനെ മർദ്ദിച്ചതിനാണ് ഒരു കേസ്. വിമാനത്തിൽ ആശങ്ക സൃഷ്ടിച്ച് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് മറ്റൊന്ന്. എംപിയുടെ പ്രവർത്തിയിലൂടെ 25 മിനിറ്റാണ് വിമാനത്തിൽ പ്രശ്‌നങ്ങളുണ്ടായത്. അതുകൊണ്ട് കൂടിയാണ് പതിവായി പ്രശ്‌നമുണ്ടാക്കുന്ന യാത്രികരുടെ പട്ടികയിൽ ഇയാളെ പെടുത്തുന്നത്. അമേരിക്കൻ മാതൃകയിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്. അമേരിക്കയിൽ ഈ പട്ടികയിൽ പെടുന്ന ആൾക്ക് ഭാവിയിൽ യാത്ര ചെയ്യാനാകില്ല.

ഈ ലിസ്റ്റിൽ പെട്ടവർ വിമാന ടിക്കറ്റ് എടുക്കാൻ ശ്രമിച്ചാൽ അവർക്ക് ടിക്കറ്റ് നൽകരുതെന്ന നിർദ്ദേശം ഉടൻ വിമാനക്കമ്പനികൾക്ക് കിട്ടും. ഈ രീതി ഇന്ത്യയിലും വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ച തീരുമാനം എടുക്കുമെന്ന് എയർ പോർട്ട് അഥോറിട്ടി അറിയിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയവും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത്. നിയമ നിർമ്മാണത്തിനുള്ള സാധ്യതയും തേടും. വ്യാഴാഴ്ച രാവിലെ പുണെയിൽനിന്ന് ന്യൂഡൽഹിയിലേക്കുതിരിച്ച വിമാനത്തിലാണ് കൈയാങ്കളിയുണ്ടായത്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യേണ്ടിവന്നതാണ് ഒസ്മാനാബാദിൽനിന്നുള്ള എംപി.യെ പ്രകോപിപ്പിച്ചത്.

വിമാനത്തിൽ ബിസിനസ് ക്ലാസില്ലെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഗായക്വാഡ് തൃപ്തനായില്ല. രാവിലെ പത്തരയോടെ ഡൽഹിയിലെത്തിയ വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച എംപി.യെ അനുനയിപ്പിക്കാൻ ശ്രമിച്ച എയർ ഇന്ത്യ ഡെപ്യൂട്ടി ക്രൂ മാനേജർ സുകുമാറിനാണ് മർദനമേറ്റത്. മറ്റുയാത്രികരെല്ലാം പുറത്തിറങ്ങിയെങ്കിലും എയർ ഇന്ത്യ ചെയർമാനോ വ്യോമയാന മന്ത്രിയോ വന്ന് ക്ഷമപറഞ്ഞാലേ താൻ പുറത്തിറങ്ങൂ എന്ന നിലപാടിലായിരുന്നു എംപി.

ഇത് രംഗം വഷളാക്കി. അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ച മാനേജരെ ചെരിപ്പുകൊണ്ട് പത്തുപതിനഞ്ചുതവണ എംപി. അടിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അടിയേറ്റ് ജീവനക്കാരന്റെ കണ്ണട പൊട്ടി. ഷർട്ട് കീറുകയും ചെയ്തു. പതിനഞ്ചല്ല ഇരുപത്തഞ്ചുതവണ അടിച്ചെന്നാണ് എംപി. പിന്നീട് വിശദീകരിച്ചത്.ബിസിനസ് ക്ലാസ് കൂപ്പണുള്ള തനിക്ക് എയർ ഇന്ത്യ പതിവായി ഇക്കോണമി ക്ലാസിലാണ് സീറ്റ് നൽകുന്നതെന്നും അതാണ് തന്നെ രോഷാകുലനാക്കിയതെന്നും ഗായക്വാഡ് പറഞ്ഞു. 'അപമര്യാദയായി പെരുമാറിയതുകൊണ്ടാണ് ജീവനക്കാരനെ അടിച്ചത്. അധിക്ഷേപിച്ചാൽ പ്രതികരിക്കാതിരിക്കാൻ ഞാൻ ബിജെപി. എംപിയല്ല, ശിവസേനയുടെ പ്രതിനിധിയാണ്' - ഗായക്വാഡ് പറഞ്ഞു. മാപ്പുപറയുന്ന പ്രശ്നമില്ലെന്നും എയർ ഇന്ത്യ തന്നോടാണ് മാപ്പുപറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പുണെയിൽനിന്ന് രാവിലെ ഏഴരയ്ക്കു പുറപ്പെടുന്ന വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റുകളില്ലെന്ന് മന്ത്രിയുടെ ഓഫീസിനെ നേരത്തേ അറിയിച്ചിരുന്നതായി എയർ ഇന്ത്യാ വൃത്തങ്ങൾ അറിയിച്ചു. അതറിഞ്ഞുകൊണ്ടാണ് എംപി. യാത്രയ്ക്കു തയ്യാറായത്. സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായും മർദനമേറ്റ ക്രൂ മാനേജർ പരാതി നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. എംപി.ക്കെതിരെ കർക്കശ നടപടി വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP