Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കൻ മലയാളിയെ മകൻ കൊന്നതു ചെങ്ങന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ; സ്വത്തുതർക്കം മൂത്തപ്പോൾ പിതാവു ചൂണ്ടിയ തോക്കു പിടിച്ചുവാങ്ങി തിരിച്ചു വെടിവച്ചു; പുറത്തറിയാതിരിക്കാൻ വീട്ടിൽ എത്തിച്ചു മൃതദേഹം കത്തിച്ചു പമ്പയിൽ ഒഴുക്കി; വിശ്വസിക്കാനാകാതെ കേരളം

അമേരിക്കൻ മലയാളിയെ മകൻ കൊന്നതു ചെങ്ങന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ; സ്വത്തുതർക്കം മൂത്തപ്പോൾ പിതാവു ചൂണ്ടിയ തോക്കു പിടിച്ചുവാങ്ങി തിരിച്ചു വെടിവച്ചു; പുറത്തറിയാതിരിക്കാൻ വീട്ടിൽ എത്തിച്ചു മൃതദേഹം കത്തിച്ചു പമ്പയിൽ ഒഴുക്കി; വിശ്വസിക്കാനാകാതെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ദിവസങ്ങൾക്കു മുമ്പു മാത്രം അമേരിക്കയിൽ നിന്നു നാട്ടിലെത്തിയ പിതാവിനെ മകൻ കൊന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണു കേരളം. ചെങ്ങന്നൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പിതാവിനെ വെടിവച്ചു കൊന്ന വാർത്ത ഇപ്പോഴും മലയാളികൾക്കു വിശ്വസിക്കാനായിട്ടില്ല.

അമേരിക്കയിൽ നിന്നു ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളി വാഴാർമംഗലം ഉഴത്തിൽ വീട്ടിൽ ജോയി വി ജോണി(68)നെയാണു മകൻ ഷെറിൻ ജോൺ (36) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ജോയിയുടെ ശരീരം കത്തിച്ചുവെന്നും അവശിഷ്ടങ്ങൾ പമ്പാനദിയിൽ ഒഴുക്കിയെന്നും ഷെറിൻ പൊലീസിനോടു സമ്മതിച്ചു.

അമേരിക്കൻ മലയാളിയെയും മകനെയും കാണാനില്ലെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. തുടർന്നു നടന്ന അന്വേഷണത്തിനൊടുവിൽ കോട്ടയത്ത് സ്വകാര്യ ഹോട്ടലിൽ വച്ചു ഷെറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടെക്‌നോപാർക്ക് ഉദ്യോഗസ്ഥനാണു ഷെറിൻ.

കാറിന്റെ എസി ശരിയാക്കാൻ വേണ്ടി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നു പറഞ്ഞാണു 25ാം തിയതി ഇരുവരും യാത്രയായത്. ഇതിനിടെ സ്വത്ത് തർക്കത്തെ തുടർന്ന് തമ്മിൽ വാക്കുതർക്കമുണ്ടായി. തനിക്ക് നേരെ പിതാവ് തോക്കു ചൂണ്ടിയെന്നും പിടിവലിക്കിടെ തോക്ക് തട്ടിയെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. പിന്നീട് പെട്രോളൊഴിച്ച് കത്തിച്ചശേഷം അവശിഷ്ടങ്ങൾ പമ്പയാറിൽ ഒഴുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് ഷെറിന്റെ കയ്യിൽ നിന്നും കണ്ടെത്തി.

ജോയിയുടെ ഭാര്യ മറിയാമ്മയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ജോയി വി ജോണിനെയും മകൻ ഷെറിനെയും വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നു. ഇരുവരെയും ഒരുമിച്ചാണ് കാണാതായത്. പിതാവ് കൊല്ലപ്പെട്ടെന്ന് ഷെറിൻ അമ്മയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനിടെ, ജോയിയുടെ വസ്ത്രങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജോയിയുടെ ഉടമസ്ഥതയിൽ ചെങ്ങന്നൂർ മാർക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഇതു കണ്ടെത്തിയത്. മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറപുരണ്ട ചെരുപ്പും ഇവിടെ നിന്നു കണ്ടെത്തിയിരുന്നു.

നഗരമധ്യത്തിലെ ഈ ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയിൽ രക്തം ചീറ്റിത്തെറിച്ച നിലയിലായിരുന്നു. തുണികൾ കൂട്ടിയിട്ടാണു പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇവിടെനിന്നു ലഭിച്ച ചെരുപ്പും ഷർട്ടിന്റെ ഒരു ബട്ടണും ഭർത്താവിന്റേതാണെന്നു മറിയാമ്മ തിരിച്ചറിഞ്ഞു. ഇതോടെയാണ് ജോയി ജോൺ കൊല ചെയ്യപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇരുവരെയും കാണാതായതിനു പിറ്റേന്നു രാവിലെ മകൻ അമ്മയെ വിളിച്ച് 'അച്ഛനുമായി വഴക്കിട്ടു, അബദ്ധം പറ്റി, ക്ഷമിക്കണം' എന്നു പറഞ്ഞശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

25-നു പുലർച്ചെ തിരുവനന്തപുരത്തേക്കു തിരിച്ച ഇരുവരുമായും മറിയാമ്മ ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ഇവർ അന്നു തിരികെ വീട്ടിലെത്തിയിരുന്നില്ല. പിറ്റേന്നു രാവിലെയാണു മകൻ ഫോണിൽ സംസാരിച്ചത്. ഇതിനു പിന്നാലെ മറിയാമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: ചാരനിറത്തിലുള്ള കെ.എൽ 2-ടി 5550 സ്‌കോഡ കാറിൽ തിരുവനന്തപുരത്തുപോയ ഇവർ ഉച്ചയ്ക്കു 12.30-ന് ഷോറൂമിൽ നിന്നു മടങ്ങി. വൈകിട്ട് 4.30-നു മറിയാമ്മ വിളിച്ചപ്പോൾ ചെങ്ങന്നൂരിനു സമീപം മുളക്കുഴയിലെത്തിയെന്ന് ജോയി മറുപടി നൽകിയെങ്കിലും രാത്രിയായിട്ടും വീട്ടിലെത്തിയില്ല. ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു.

തുടർന്ന് ഇളയ മകൻ ഡോ. ഡേവിഡും സുഹൃത്ത് ജിനുവും ചെങ്ങന്നൂർ ടൗണിലും ഇവർ പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെ എട്ടരയോടെയാണ് ഷെറിൻ മാതാവിനെ ഫോണിൽ വിളിച്ച് അബദ്ധം പറ്റിയെന്ന തരത്തിൽ പറഞ്ഞത്. ഡിവൈ.എസ്‌പി: കെ.ആർ. ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ സിഐ അജയ്നാഥ്, മാന്നാർ സിഐ ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിൽ എട്ട് എസ്.ഐമാരടങ്ങുന്ന 22 അംഗ പൊലീസ് സംഘവും എസ്‌പിയുടെ സ്പെഷൽ സ്‌ക്വാഡുമാണ് അന്വേഷണം നടത്തുന്നത്. ജോയിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പമ്പാനദിയിൽ ഉപേക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം രണ്ടു സ്പീഡ് ബോട്ടുകളിലായി ആറാട്ടുപുഴ മുതൽ നെടുമുടി വരെയുള്ള രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നു.

അതിനിടെ,അമേരിക്കൻ മലയാളികളായ ജോയി ജോണിന്റെയും മകന്റെയും തിരോധാനവും മകൻ പിതാവിനെ കൊലപ്പെടുത്തി ഒളിവിൽ പോയെന്ന അഭ്യൂഹവും നഗരത്തെ പരിഭ്രാന്തിയിലാക്കുകയും ചെയ്തു. ഒടുവിൽ രാത്രി വൈകി ഷെറിൻ അറസ്റ്റിലായതോടെയാണു ദുരൂഹത നീങ്ങിയത്. കാണാതായ ജോയി ജോണിന് ചെങ്ങന്നൂരിലുള്ള ബഹുനില മന്ദിരത്തിനു മുന്നിൽ വൻ പൊലീസ് സന്നാഹവും ഡോഗ് സ്‌ക്വാഡും എത്തിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. തുടർന്ന് ജോയി ജോണിനു വേണ്ടി പമ്പാ നദിയിലും തെരച്ചിൽ നടത്തി. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കാർ പാർക്കിങ് ഏരിയയും ഗോഡൗണുമാണുള്ളത്. റോഡിന് അഭിമുഖമായുള്ള ഭാഗത്തു ഷട്ടറിട്ടാൽ ഉള്ളിൽ എന്തു നടന്നാലും പുറത്തറിയില്ല. ജോയി ജോണിനു സ്‌കോഡ, ഹ്യുണ്ടായി കാറുകളുള്ളതിൽ ഹ്യുണ്ടായി മാത്രമാണ് പൊലീസ് എത്തുമ്പോൾ ഗോഡൗണിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 19-നാണ് ജോയി ജോണും ഭാര്യ മറിയാമ്മയും ഇളയ മകൻ ഡോ. ഡേവിഡും അമേരിക്കയിൽ നിന്നു നാട്ടിലെത്തിയത്. ജോയിയും ഷെറിനും ഗോഡൗണിൽ വാഹനം പാർക്ക് ചെയ്ത ശേഷം പുറത്തുപോകുക പതിവായിരുന്നു.

2010 ൽ ഷെറിനും ചെന്നൈ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ആർഭാടപൂർണമായാണു ചെങ്ങന്നൂരിൽ നടത്തിയത്. ഒരു വർഷത്തിനു ശേഷം ഇവർ വേർപിരിഞ്ഞെന്നും വിവാഹബന്ധം നിയമപരമായി വേർപെടുത്തിയെന്നും പറയപ്പെടുന്നു. അതിനു ശേഷം ജോയിയും ഷെറിനും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്നും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കാണാതായ ശേഷം ഷെറിൻ മാതാവിനെ ഫോണിൽ വിളിച്ച് പിതാവുമായി വഴക്കുണ്ടാക്കിയെന്നും അബദ്ധം പറ്റിയെന്നും പറഞ്ഞശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഐടി വിദഗ്ധനായ ഷെറിൻ വിവാഹശേഷം അമേരിക്കയിലേക്കു തിരിച്ചുപോയില്ല. അവിടെ എന്തോ കുഴപ്പങ്ങൾ ഉണ്ടാക്കിയതിനു ശേഷമാണു നാട്ടിലേക്കു വന്നതെന്നും പറയപ്പെടുന്നു. പരാതി ലഭിച്ചതിനു ശേഷവും ഷെറിൻ ചെങ്ങന്നൂരിലും തിരുവല്ലയിലും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP