Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൊലീസിനെ കണ്ടപ്പോൾ രക്തസമ്മർദ്ദം കൂടിയ നാദിർഷാ പോളക്കുളം റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ; ആശുപത്രിയിൽ കഴിഞ്ഞ സംവിധായകനെ നിർബന്ധിപ്പിച്ച് ഡിസ്ചാർജ്ജ് ചെയ്യിപ്പിച്ച് ചോദ്യം ചെയ്യാൻ എത്തിച്ച തന്ത്രം പാളിയ നിരാശയിൽ അന്വേഷണ സംഘം; ദിലീപിനെതിരായ കേസ് അന്വേഷണം രണ്ടാഴ്‌ച്ചക്കകം പൂർത്തിയാക്കാനും സാധിച്ചേക്കില്ല

പൊലീസിനെ കണ്ടപ്പോൾ രക്തസമ്മർദ്ദം കൂടിയ നാദിർഷാ പോളക്കുളം റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ; ആശുപത്രിയിൽ കഴിഞ്ഞ സംവിധായകനെ നിർബന്ധിപ്പിച്ച് ഡിസ്ചാർജ്ജ് ചെയ്യിപ്പിച്ച് ചോദ്യം ചെയ്യാൻ എത്തിച്ച തന്ത്രം പാളിയ നിരാശയിൽ അന്വേഷണ സംഘം; ദിലീപിനെതിരായ കേസ് അന്വേഷണം രണ്ടാഴ്‌ച്ചക്കകം പൂർത്തിയാക്കാനും സാധിച്ചേക്കില്ല

അർജുൻ സി വനജ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായ നാദിർഷായെ അനാരോഗ്യത്തെ തുടർച്ച് ചോദ്യം ചെയ്യാൻ സാധിക്കാത്തത് പൊലീസിന് കനത്ത തിരിച്ചടിയാകും. രണ്ടാഴ്‌ച്ചക്കക്കം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പൂർത്തിയാക്കുമെന്ന് കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കാൻ സാധിക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ആശങ്ക. ഇന്ന് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരായ നാദിർഷാക്ക് രക്തസമ്മർദ്ദം ഉയരുകയായിരുന്നു. ഇതോടെ ചോദ്യം ചെയ്യാൻ സാധിച്ചില്ല. ഇക്കാര്യം കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതിനിടെ ആലുവയിലെ പൊലീസ് ക്ലബ്ബിൽ നിന്നും പുറത്തിറങ്ങിയ നാദിർഷാ പാലാരിവട്ടത്തെ പോളക്കുളം ഗ്രൂപ്പിന്റെ റിനൈ മെഡിസിറ്റിയിൽ ചികിത്സ തേടി. ആശുപത്രിയിയിലെ ഇ ആർ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താൻ ഇവിടെ ചികിത്സയിലായിരുന്നു. അതിന്റെ തുടർ ചികിത്സയ്ക്ക് വേണ്ടിയാണ് താൻ എത്തിയതെന്നാണ് നാദിർഷാ മാധ്യമങ്ങളോട് പറഞ്ഞത്. ആശുപത്രിയിൽ താരം അഡ്‌മിറ്റാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. നേരത്തെ ഉയർന്ന രക്തസമ്മർദ്ദമാണ് നാദിർഷായ്ക്ക്. അതുകൊണ്ട് തന്നെയാണ് പൊലീസിന് ചോദ്യം ചെയ്യാൻ സാധിക്കാതെ പോയത്. ഡോക്ടറെത്തി പരിശോധിച്ച ശേഷമാണ് സംവിധായകനെ ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്.

നാദിർഷയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യിച്ച് ചോദ്യം ചെയ്യാൻ എത്തിച്ച പൊലീസ് തന്ത്രം ഇതോടെ പാളിയ അവസ്ഥയിലാണ്. നേരത്തെ പൊലീസിനോട് സത്യം മാത്രമെ പറയാവൂ എന്ന് ഹൈക്കോടതി നാദിർഷായോട് ആവശ്യപ്പെട്ടിരുന്നു. മൊഴി സത്യസന്ധമല്ലെങ്കിൽ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കേസിൽ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ബുധനാഴ്ച കോടതി വ്യക്തമാക്കിയ കാര്യങ്ങളാണ് ഇവ.

അതുകൊണ്ട് തന്നെ ചോദ്യം ചെയ്യൽ ഏറെ നിർണ്ണായകമായിരുന്നു. ആലുവ പൊലീസ് ക്ലബിലാണ് നാദിർഷ ഹാജരായത്. 9.40 ഓടെയാണ് നാദിർഷാ എത്തിയത്. ചോദ്യം ചെയ്യൽ തുടങ്ങുമ്പോൾ തന്നെ നാദിർഷാ അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ് മെഡിക്കൽ സംഘത്തെ പൊലീസ് ആലുവ ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി. പ്രമേഹം വളരെ കുറഞ്ഞിട്ടുണ്ട്. ബിപി കൂടുകയും ചെയ്തു. വിയർക്കുകയും ചെയ്തു. ഇതോടെയാണ് ഡോക്ടർമാരെ വിളിച്ചുവരുത്തിയത്. നാദിർഷായ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു. ഇതോടെ നാദിർഷായെ ചോദ്യം ചെയ്യാതെ പുറതതുവിടുകയായിരുന്നു.

പെരുമ്പാവൂർ സിഐ ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യാൻ ഒരുങ്ങിയത്. നാദിർഷായുടെ മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചാൽ മാത്രമേ ഇനി നടിയെ ആക്രമിച്ച കേസിലെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നാദിർഷായുടെ ആരോഗ്യാവസ്ഥ സുഗമമാകും വരെ പൊലീസ് കാത്തിരിക്കേണ്ടി വരും. ഇതിനിടെ ദിലീപിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചേക്കും. നാദിർഷായുടെ മൊഴി ദിലീപിന് എതിരായാൽ പുറത്തിറങ്ങൽ ബുദ്ധിമുട്ടാകും. മറിച്ചാണെങ്കിൽ അത് അനുകൂലമാകുകയും ചെയ്യും.

കേസിലെ പ്രധാന പ്രതിയായ സുനിൽ കുമാറിനു (പൾസർ സുനി) നാദിർഷ പണം കൈമാറിയതു സംബന്ധിച്ച് അന്വേഷണ സംഘം നേരത്തെതന്നെ കണ്ടെത്തിയിരുന്നുവെന്നാണു വിവരം. ഇതിനു സാക്ഷികളായവരെ സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ദിലീപ് അറിയിച്ചതനുസരിച്ചാണെങ്കിലും പണം കൈമാറിയത് എന്തിനാണെന്നു നാദിർഷയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നാണു സൂചന. ഇതിലെല്ലാം വ്യക്തതവരുത്തുന്നതിനായാണു സംഘം നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുക. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ സംഘം ആവശ്യപ്പെട്ടതിനെത്തുടർന്നു നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇതിനു ശേഷം വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു.

നാദിർഷായുടെ മൊഴിയുടെ റിപ്പോർട്ട് തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നനതിനൊപ്പം പരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, ബുധനാഴ്ച അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ച കോടതിയുടെ പരാമർശങ്ങൾ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തിയാകുമെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഉറപ്പും ഉത്തരവിൽ ഇല്ല. ബുധനാഴ്ച നാദിർഷായുടെ ഹർജി പരിഗണിക്കവെയാണ് രൂക്ഷമായ വിമർശനങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP