Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീട്ടി വളർത്തിയ മുടിയും കറുപ്പു വസ്ത്രങ്ങളും പതിവു വേഷം; ഉറ്റവരുടെ ജീവനെടുത്ത് ആസ്ട്രൽ പ്രൊജക്ഷൻ നടത്തിയത് ശക്തരിൽ ശക്തനാവാൻ; വാർഗെയിമുകളുടെ തോഴൻ ആത്മാവിനെ വേർപെടുത്താനുള്ള അതീന്ദ്രിയജാലത്തിലേക്ക് എത്തിയതെങ്ങനെയെന്നത് ദുരൂഹം; സാത്താൻ സേവക്കാരെ തേടി കേരളാ പൊലീസും

നീട്ടി വളർത്തിയ മുടിയും കറുപ്പു വസ്ത്രങ്ങളും പതിവു വേഷം; ഉറ്റവരുടെ ജീവനെടുത്ത് ആസ്ട്രൽ പ്രൊജക്ഷൻ നടത്തിയത് ശക്തരിൽ ശക്തനാവാൻ; വാർഗെയിമുകളുടെ തോഴൻ ആത്മാവിനെ വേർപെടുത്താനുള്ള അതീന്ദ്രിയജാലത്തിലേക്ക് എത്തിയതെങ്ങനെയെന്നത് ദുരൂഹം; സാത്താൻ സേവക്കാരെ തേടി കേരളാ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നീട്ടി വളർത്തിയ മുടി... കറുത്ത കോട്ടും കറുത്ത ഷർട്ടും കറുത്ത പാന്റും കറുത്ത ബൂട്ടും പതിവുവേഷം... സദാസമയം കംപ്യൂട്ടറിനു മുന്നിൽ... ഇങ്ങനെയൊക്കെ ജീവിച്ച് കേഡൽ ജിൻസൻ എന്ന ക്രൂരയുവാവിന് സാത്താൻ സേവയുണ്ടെന്ന് ഇപ്പോഴും നന്തൻകോട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല. ഉറ്റവരായ നാലു പേരെ കൂട്ടക്കൊലചെയ്ത കേഡൽ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാൻ പൊലീസും തയ്യാറല്ല. അതുകൊണ്ട് തന്നെ കൊലയ്ക്ക് ശേഷം കേഡൽ മുങ്ങിയത് എങ്ങോട്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചെന്നൈയിലെ ഹോട്ടലിലെ താമസം പൊലീസിന് ഉൾക്കൊള്ളാനാകുന്നില്ല. മാനസികരോഗ വിദഗ്ധന്റെ സഹായത്തോടെ സത്യം പുറത്തുകൊണ്ടു വരാനാണ് നീക്കം.

താൻ നടത്തിയത് 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന പരീക്ഷണ കൊലയാണെന്ന് കേഡൽ പൊലീസിനോട് പറഞ്ഞു. ശരീരത്തിൽനിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള പരീക്ഷണമാണിതെന്നും കേഡൽ വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണു കേഡലിനെ ചോദ്യം ചെയ്യുന്ന സംഘത്തിൽ ഒരു മനോരോഗ വിദഗ്ധനെക്കൂടി ഉൾപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനോരോഗ വിദഗ്ധൻ മോഹൻ റോയിയെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടത്തിയതെന്തിന് എന്ന ചോദ്യത്തിനു പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് കേഡൽ പറയുന്നത്. ഇതാണ് മോഹൻ റോയിയേയും സംഘത്തിലുൾപ്പെടുത്താൻ കാരണം. മനുഷ്യശരീരത്തിൽ നിന്നും ആത്മാവിനെ വേർപ്പെടുത്താനുള്ള തന്റെ പരീക്ഷണമായിരുന്നു കൊലപാതകമെന്നും കൊലപ്പെടുത്താനുള്ള മഴു ഓൺലൈനിലൂടെയായിരുന്നു പ്രതി സ്വന്തമാക്കിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

അതീന്ദ്രീയ സ്വഭാവം കൈവരിക്കാനാണ് പലരും സത്താൻ സേവയെന്ന അന്ധവിശ്വാസത്തിലേക്ക് വഴുതി വീഴുന്നത്. ഇവരുടെ പ്രധാന രീതിയാണ് ആസ്ട്രൽ പ്രൊജക്ഷൻ. ശരീരത്തിലെ അന്നമയം, പ്രാണമയം എന്നിവ കഴിഞ്ഞുള്ള കാമമയകോശത്തെയാണു ആസ്ട്രൽ ബോഡി എന്നുപറയുന്നത്. മഹാ ഭൂരിഭാഗം ആളുകളിലും ആഷ്ട്രൽ ബോഡി ശരീരവുമായി വളരെ കൂടുതലായി ഒട്ടിച്ചേർന്നിരിക്കുന്നതുകൊണ്ടാണത്രെ മഹാഭൂരിപക്ഷം മനുഷ്യരും കൂടുതൽ ശരീരബോധമുള്ളവരായി കാണുന്നതത്രെ. സ്വയം അറിഞ്ഞുകൊണ്ട് നമ്മുടെ ഇഷ്ടപ്രകാരം ആഷ്ട്രൽ ബോഡിയെ ശരീരത്തിൽനിന്നും ഉയർത്തുന്നതിനെയാണു ആസ്ട്രൽ പ്രൊജക്ഷൻ എന്നുപറയുന്നത്. അതീന്ദ്രിയ സിദ്ധി ഉണർന്ന ഒരാൾക്ക് ഇങ്ങനെ ചെയ്യുമ്പോൾ ആഷ്ട്രൽ ബോഡികൊണ്ട് കാഴ്ചകൾ കാണാൻ കഴിയുകയും വ്യക്തികളുടെ സൂക്ഷ്മശരീരത്തേയും കൂടി കാണാൻ കഴിയുന്നതാണെന്നുമാണ് സാത്താൻ സേവക്കാരുടെ പക്ഷം.

കൊലപാതകത്തിലൂടെ ആസ്ട്രൽ പ്രൊജക്ഷൻ എന്ന വാദം ആരും ഇതുവരെ ചർച്ചയാക്കിയിട്ടില്ല. കേഡൽ പരസ്പര വിരുദ്ധമായി സംസാരിക്കുമ്പോൾ സാത്താൻ സേവയുമായി ബന്ധപ്പെട്ട പലതും അറിയാം. അതുകൊണ്ട് മാത്രമാണ് ആസ്ട്രൽ പ്രൊജക്ഷനെ കുറിച്ച് മൊഴിയിൽ പറയാൻ കഴിയുന്നത്. വിദ്യാസമ്പന്നരായ സാധാരണക്കാർക്കൊന്നും ഇതേ കുറിച്ച് ഒരു പിടിത്തവും ഇല്ല. എങ്ങനെയാണ് കേഡൽ സാത്താൻ സേവയിലേക്ക് എത്തിയതെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംഘങ്ങൾ പശ്ചാത്യലോകത്ത് ധാരളമുണ്ട്. ഇന്റർനെറ്റിലും സജീവമായി ഈ കൂട്ടരുണ്ട്. കേരളത്തിൽ ആളുകളെ ഇതിലേക്ക് അടുപ്പിക്കുന്ന സംഘങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കും. അവരുടെ പ്രചോദനം കൊലയിലേക്ക് കേഡലിനെ നയിച്ചോ എന്നതും പരിശോധിക്കും. കൊല നടന്ന വീട്ടിൽ നിന്ന് ഡമ്മിയും കണ്ടെടുത്തിരുന്നു. ഡമ്മിക്ക് കേഡലിന്റെ രൂപ സാദൃശ്യമുണ്ടായിരുന്നു. ഇതും ആസ്ട്രൽ പ്രൊജക്ഷൻ വിജയത്തിന് വേണ്ടിയാണെന്നാണ് പൊലീസിനോട് കേഡൽ പറയുന്നത്.

ആസ്ട്രൽ ട്രാവൽ എന്നൊരു മറ്റൊരു രീതിയും സാത്താൻ സേവക്കർക്കിടയിൽ ഉണ്ട്. ആഷ്ട്രൽ ബോഡി ഉയർത്തി ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് സഞ്ചരിക്കാനാകുമെന്നാണ് ഇതിലൂടെ പറയുന്നത്. അതീന്ദ്രിയ സിദ്ധി ഉണർന്ന ഒരാൾക്ക് ആസ്ട്രൽ ലോകത്തെ അയാളുടെ കഴിവിനനുസരിച്ച് ദർശിക്കാൻ കഴിയുന്നതും, ആഷ്ട്രൽ ലോകത്തേയ്ക്കും സഞ്ചരിക്കാൻ കഴിയുന്നതുമാണെന്ന് സത്താൻ സേവക്കാർ പ്രചരിക്കുന്നുണ്ട്. ഇതിൽ വീണാകും കേഡൽ അതീന്ദ്രീയ ജാലത്തിലേക്ക് കടന്നതെന്നാണ് പൊലീസ് കരുതുന്നത്. സ്വയം സമചിത്തതയും, ആത്മീയ ശക്തിയും ഇല്ലാത്ത ഒരാൾ ഇങ്ങനെ ചെയ്യുമ്പോൾ മതിഭ്രമമുണ്ടാകാണുള്ള സാദ്ധ്യത ഏറെയാണെന്ന് വിദഗ്ധരും പറയുന്നു. കുശുമ്പ്, ദേഷ്യം, അസൂയ, അസഹിഷ്ണുത, അഹംകാരം, അസംതുഷ്ടമായ സഫലീകരിക്കാത്ത ആഗ്രഹങ്ങൾ എന്നിവയുടെ ശേഖരമാണു കാമമയ കോശം. സഹനശക്തി കുറയുന്നതും, എളുപ്പത്തിൽ പ്രകോപിതനാകുന്നതും, അകാരണമായ ഭയപ്പാടിനു വിധേയമാകുന്നതും കാമമയത്തിന്റെ അസ്ഥിരതകൊണ്ടാണെന്നാണ് സത്താൻ സേവക്കാരുടെ വാദം. ഇതിൽ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്ന തരത്തിലാണ് ഇത്തരക്കാർ പ്രചരിപ്പിക്കുന്നതെന്നാണ് സൂചന.

കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകങ്ങൾ നടത്തിയത് ഒരേ ദിവസമാണെന്നാണ് കേഡൽ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ആസൂത്രണം ചെയ്തത് എത്ര നാൾ മുമ്പാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കമ്പ്യൂട്ടർ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ്. യുദ്ധരംഗങ്ങൾ അടിസ്ഥാനമാക്കിയുള്ള വീഡിയോ ഗെയിമുകൾ രൂപപ്പെടുത്തുന്നതിലായിരുന്നു കേഡലിന് താൽപ്പര്യം. ഇത്തരത്തിലൊരു സാങ്കേതിക വിദഗ്ധൻ അതീന്ദ്രീയ ജാലത്തിലേക്ക് എങ്ങനെ വഴുതി വീണുവെന്നതിനെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ആർപിഎഫ് കേഡലിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

റിട്ടയേഡ് പ്രഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പത്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണു നന്തൻകോട്ടെ വീട്ടിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. ജീൻ പത്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ബാത്ത്റൂമിൽ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ഇതോടൊപ്പം പാതി കത്തിയ നിലയിലുള്ള തുണിയിൽ നിർമ്മിച്ച മനുഷ്യരൂപത്തിന്റെ ഡമ്മിയും കണ്ടെത്തി. സംഭവത്തിനു ശേഷം ദന്പതികളുടെ മകനായ കേഡലിനെ കാണാതായിരുന്നു. മകൻ കൊല നടത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നായിരുന്നു പൊലീസ് നിഗമനം. ലളിതയുടെ മൃതദേഹത്തിനു മൂന്നുദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ഓസ്ട്രേലിയയിൽ പഠനം പൂർത്തിയാക്കിയ കേഡൽ ജീൻസൺ 2009ൽ നാട്ടിലെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP