Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അടുക്കളയിൽ നിന്ന് നാരങ്ങ വെള്ളവുമായി വന്നപ്പോൾ പിന്നിൽ നിന്നും ക്ലോറോഫോം കലർത്തിയ തുണി മുഖത്ത് പൊത്തി; സുബൈദ കൊലക്കേസിലെ പ്രതികൾ കർണാടകയിലെ സുള്ള്യ സ്വദേശികളെന്ന് തെളിഞ്ഞതോടെ കാസർകോട്ടെ ദേവകി അടക്കമുള്ള വയോധികരുടെ കൊലയിലും തുമ്പ് തെളിയുന്നു; നാലംഗ സംഘം ആയംപാറയിൽ എത്തിയത് കഞ്ചാവിടപാടിനെന്നും പൊലീസ്

അടുക്കളയിൽ നിന്ന് നാരങ്ങ വെള്ളവുമായി വന്നപ്പോൾ പിന്നിൽ നിന്നും ക്ലോറോഫോം കലർത്തിയ തുണി മുഖത്ത് പൊത്തി; സുബൈദ കൊലക്കേസിലെ പ്രതികൾ കർണാടകയിലെ സുള്ള്യ സ്വദേശികളെന്ന് തെളിഞ്ഞതോടെ കാസർകോട്ടെ ദേവകി അടക്കമുള്ള വയോധികരുടെ കൊലയിലും തുമ്പ് തെളിയുന്നു; നാലംഗ സംഘം ആയംപാറയിൽ എത്തിയത് കഞ്ചാവിടപാടിനെന്നും പൊലീസ്

രഞ്ജിത് ബാബു

കാസർഗോഡ്: പെരിയ ആയംമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിൽ പിടികിട്ടാനുള്ള കർണ്ണാടക സുള്ള്യ സ്വദേശി അസീസ് കാസർഗോട്ടെ മറ്റ് കൊലക്കേസുകളിലും പ്രതിയെന്ന് സൂചന. സമാന രീതിയിൽ സുള്ള്യ-പുഞ്ചാർ കട്ടയിൽ ഒരു വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. സുബൈദ വധക്കേസിനെ തുടർന്ന് ഇയാൾ കർണ്ണാടകത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷം ജനുവരി 13 ന് കാസർഗോട് -പെരിയാട്ടടുക്കം- കാട്ടിയടുക്കത്തെ വയോധികയായ ദേവകിയെ കൊലപ്പെടുത്തിയ കേസിലും അസീസിന്റെ കയ്യുണ്ടോയെന്ന സംശയം ബലപ്പെട്ടിരിക്കയാണ്.

ഏഴ് വർഷം മുമ്പ് കദീജ എന്ന സ്ത്രീയെ കൊലപ്പെടുത്തി സ്വർണ്ണവും മറ്റും കവർന്ന സംഭവത്തിലും സുള്ള്യ അസീസ് പ്രതിയാണ്. സുള്ള്യയിൽ നിന്നും കേരള-കർണ്ണാടക അതിർത്തി കടന്ന് കൃത്യം നിർവ്വഹിച്ച് രക്ഷപ്പെടുന്ന പതിവാണ് അസീസിനും കൂട്ടാളികൾക്കുമുള്ളത്. തനിച്ച് കഴിയുന്ന വയോധികരായ സ്ത്രീകളെ ലക്ഷ്യം വച്ചാണ് ഇവർ കവർച്ച നടത്തുന്നത്. നാലംഗ കവർച്ചാ സംഘത്തിൽ മധൂർ സ്വദേശി കെ.എം. അബ്ദുൾ ഖാദർ, പി. അസീസ് എന്ന ബാവ അസീസ് എന്നിവരെയാണ് പിടികൂടിയത്. മുഖ്യ ആസുത്രകനും പ്രതിയുമായ അസീസും കൂട്ടാളി അർഷാദുമാണ് ഇപ്പോൾ ഒളിവിൽ കഴിയുന്നത്. പൊലീസ് തന്ത്രങ്ങൾ മെനഞ്ഞിരിക്കേ നാട്ടുകാരുടെ അമിതാവേശമാണ് ഇവർ അതിർത്തി വനം വഴി രക്ഷപ്പെടാൻ ഇടയാക്കിയത്.

കഞ്ചാവ് ഇടപാട് നടത്താനായിരുന്നു പിടിയിലാവരും രക്ഷപ്പെട്ടവരുമായ നാലംഗ സംഘം ആയംപാറയിലെത്തിയത്. അവിടെ വെച്ച് യാദൃശ്ചികമായി സംഘം സുബൈദയെ പരിചയപ്പെടുകയായിരുന്നു. ഇത്തരം ഇടപാടുകൾക്ക് പറ്റിയ സ്ഥലം തേടിയാണ് അവരെത്തിയത്. വാടകക്കുള്ള ഒരു ക്വാട്ടേഴ്സ് കാണിക്കാൻ ഇവരുടെ ഉദ്ദേശമൊന്നുമറിയാതെ സഹായിക്കാൻ പോയതായിരുന്നു സുബൈദ. ആഭരണങ്ങൾ അണിഞ്ഞ് നടക്കുന്ന സ്വഭാവക്കാരിയായിരുന്നു സുബൈദ. പെട്ടെന്നു തന്നെ ധനമോഹം മനസ്സിലുദിച്ച ഇവർ അന്നേ ദിവസം ഉച്ചയ്ക്ക് സുബൈദയുടെ വീട്ടിലെത്തി. സുബൈദയുടെ ആഭരണങ്ങൾ മോഹിച്ചായിരുന്നു അത്. വീട്ടിലെത്തി സുബൈദയെ നോക്കിയപ്പോൾ അവർ അവിടെയില്ലായിരുന്നു. തുടർന്ന് പെരിയ ബസാറിൽ വെച്ച് സുബൈദയെ കണ്ടെത്തിയതോടെ ഇവർ മടങ്ങി.

അവിടം മുതൽ സുബൈദയെ പിൻതുടർന്നു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ കയറിയിരുന്നു. വെള്ളം ആവശ്യപ്പെടുകയും ചെയ്തു. അടുക്കളയിൽ പോയി നാരങ്ങ വെള്ളവുമായി വന്ന സുബൈദയെ പിറകിൽ നിന്നും ക്ലോറോഫോം കലർത്തിയ തുണി മുഖത്ത് പൊത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. കുഴഞ്ഞു വീണ് സുബൈദ അബോധാവസ്ഥയിലായതോടെ പ്രതികൾ കൈകാലുകളും മുഖവും തുണികൊണ്ട് വരിഞ്ഞു കെട്ടി ശ്വാസം മുട്ടിച്ച് മരണം ഉറപ്പിച്ചു. പിന്നീട് അവരുടെ ആഭരണങ്ങളെല്ലാം അഴിച്ചെടുത്തു. അലമാരി മുഴുവൻ അരിച്ചു പെറുക്കിയിട്ടും കൂടുതലൊന്നും കണ്ടെത്താനായില്ല. കിട്ടിയ ആഭരണവുമെടുത്ത് കാസർഗോഡ് ഒരു ജൂവലറിയിൽ കൊണ്ടു പോയി വിറ്റു. ആ പണത്തിൽ 25,000 രൂപ മുഖ്യ പ്രതി സുള്ള്യയിലെ അസീസും 18,000 രൂപ അബ്ദുൾ ഖാദറും വീതം വെച്ചു. ബാക്കി തുകയാണ് ഇപ്പോൾ പിടിയിലായ മറ്റ് രണ്ടു പേർക്കും നൽകിയത്. സംഭവത്തിന് ശേഷം സുബൈദയുടെ വീട് പൂട്ടിയിട്ട് താക്കോൽ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.

കാട്ടിയടുക്കത്തെ ദേവകിയെ കൊലപ്പെടുത്തിയ രീതിയും മറ്റും സുബൈദയുടെ കൊലപാതകവുമായി ബന്ധപ്പെടുത്തി നീരീക്ഷിക്കുകയാണ് പൊലീസ്. ദേവകിയെ കൊലപ്പെടുത്തിയത് അവർ ധരിച്ച പാവാട കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു. ഈ സംഭവത്തിലെ സമാനതയാണ് പൊലീസിനെ സുബൈദ കൊലക്കേസുമായി ബന്ധപ്പെടുത്തുന്നത്. ദേവകിയുടെ വീട്ടിനടുത്തു തന്നെ ക്രൈംബ്രാഞ്ച് ഓഫീസ് തുറന്ന് അന്വേഷണം നടത്തി വരികയാണ്. സുബൈദ കൊലക്കേസിലെ പ്രതികൾ തന്നെയാണ് ഇതും നിർവ്വഹിച്ചത് എന്ന് തെളിയിക്കാനുള്ള സാഹചര്യ തെളിവുകൾ ശേഖരിക്കാനൊരുങ്ങുകയാണ് പൊലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP