Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നട്ടെല്ല് വളയാത്തവന്റെ മുമ്പിൽ സർക്കാരിന്റെ ഭീഷണി ആവിയായി പോയി; ജേക്കബ് തോമസ് അച്ചടക്കം ലംഘിക്കാത്ത നീതിമാനെന്ന് ചീഫ് സെക്രട്ടറി; മന്ത്രിമാരുടെ ഭീഷണിയൊക്കെ ചുമ്മ ഒരു ആവേശത്തിന്

നട്ടെല്ല് വളയാത്തവന്റെ മുമ്പിൽ സർക്കാരിന്റെ ഭീഷണി ആവിയായി പോയി; ജേക്കബ് തോമസ് അച്ചടക്കം ലംഘിക്കാത്ത നീതിമാനെന്ന് ചീഫ് സെക്രട്ടറി; മന്ത്രിമാരുടെ ഭീഷണിയൊക്കെ ചുമ്മ ഒരു ആവേശത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ പഴി മുഴുവൻ മാദ്ധ്യമങ്ങൾക്ക്. ഡിജിപി ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനും. വൻകിട കെട്ടിടങ്ങൾക്കു അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി: ജേക്കബ് തോമസിന്റെ പ്രസ്താവന മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അതുകൊണ്ടുതന്നെ നടപടി വേണ്ടെന്നും ചീഫ് സെക്രട്ടറി ജിജി തോംസന്റെ റിപ്പോർട്ട്. ഇതോടെ ജേക്കബ് തോമസിനെതിരെ ഒരു നടപടിയും വരില്ലെന്ന് ഉറപ്പായി. അച്ചടക്ക നടപടിക്ക് നോട്ടീസ് കിട്ടയ ശേഷവും തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നിയമനടപടിക്ക് അനുമതി തേടി കത്ത് നൽകുകയും ചെയ്തു. ഈ കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതിനിടെയാണ് സർക്കാർ തീരുമാനം വരുന്നത്.

അച്ചടക്ക നടപടിക്ക് അർഹമായ തെറ്റ് ഡി.ജി.പി ജേക്കബ് തോമസ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ നടപടി വേണ്ടെന്നുമാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ. ജേക്കബ് തോമസിന്റെ വാക്കുകളെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാകാം. സംശയത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് നൽകണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമർപ്പിച്ച ശുപാർശയിൽ ജിജി തോംസൺ ചൂണ്ടിക്കാട്ടി. ബാർ കോഴക്കേസിലെ വിധിയുമായി ബന്ധപ്പെട്ട ഡി.ജി.പി ജേക്കബ് തോമസിന്റെ പ്രതികരണമാണ് അധികാരികൾക്കിടയിൽ വിമർശനങ്ങൾക്കിടയാക്കിയത്. തുടർന്ന് ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താനറിയാമെന്ന് പരോക്ഷമായി മുഖ്യമന്ത്രി അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു.

ചീഫ് സെക്രട്ടറി അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ താനെന്ത് തെറ്റാണ് ചെയ്തതെന്നായിരുന്നു പ്രതികരണം. പിന്നീട് ജേക്കബ് തോമസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അതിലും നിലപാടുകൾ വിശദീകരിച്ചു. ഇതിനിടെ ഫയർ ഫോഴ്‌സ് മോധാവിയെന്ന നിലയിൽ ജേക്കബ് തോമസ് ചെയ്തത് ശരിയാണെന്ന് ഫയർഫോഴ്‌സ് മേധാവിയായിരുന്ന അനിൽ കാന്ത് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. ഇതിനിടെ മുഖ്യമന്ത്രിക്ക് എതിരെ നിയമനടപടികളുടെ സാധ്യതയും ജേക്കബ് തോമസ് പരിഗണിച്ചു. ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിംഗും കലാപവുമായെത്തിയതും സർക്കാരിനെ വെട്ടിലാക്കി. ഈ സാഹചര്യത്തിൽ ഐപിഎസുകാരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് തിരിച്ചടിയാകുമെന്ന് സർക്കാർ വിലയിരുത്തി.

നേരത്തെ ജേക്കബ് തോമസിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് രണ്ടു വിശദീകരണനോട്ടീസ് അദ്ദേഹത്തിനു നൽകിയിരുന്നു. അതിനുള്ള മറുപടിയിലാണു താൻ മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ വിമർശിച്ചിട്ടില്ലെന്നു ജേക്കബ് തോമസ് വ്യക്തമാക്കിയത്. ഇതേതുടർന്നാണു നടപടി താക്കീതിലൊതുക്കിയതെന്നാണ് വിശദീകരണം. ഈ വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ ജേക്കബ് തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുകയും തന്റെ അഭിപ്രായം ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തു. ഇത് വലിയ വിവാദത്തിനു ഇടയാക്കിയിരുന്നു.

ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് എതിരെ ജേക്കബ് തോമസ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിക്ക് പ്രസ്താവന പിൻവലിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ പത്തു ദിവസം ഡി.ജി.പി ജേക്കബ് തോമസ് സമയം അനുവദിച്ചിരുന്നു. അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. സർക്കാർ അനുമതി നൽകിയില്ലെങ്കിലും കേസുമായി മുന്നോട്ടുപോകുമെന്നാണ് സൂചന. മുഖ്യമന്ത്രിക്കെതിരെ സിവിൽ കേസ് വേണ്ടെന്നാണ് ജേക്കബ് തോമസിന് ലഭിച്ച നിയമോപദേശം. മാനനഷ്ടം ക്രിമിനൽ കേസായതിനാൽ നഷ്ടപരിഹാരത്തുക കാട്ടേണ്ടതില്ല. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കേസിന്റെ അന്തിമരൂപം തയ്യാറാക്കി ജേക്കബ് തോമസിന് കൈമാറി. നാഷണൽ ബിൽഡിങ് കോഡും കേരള മുനിസിപ്പൽ ബിൽഗിംഡ് റൂളും അനുസരിച്ച് പ്രവർത്തിച്ച മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ തന്നെ താറടിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേതെന്നാണ് ജേക്കബ് തോമസ് പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ പല തരത്തിലുള്ള നിയമ നടപടികൾ സാദ്ധ്യമാണെങ്കിലും തത്കാലം മാനനഷ്ടക്കേസ് മതിയെന്നാണ് തീരുമാനം.

ജേക്കബ് തോമസിനെ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ സമയത്തായിരുന്നു ഉമ്മൻ ചാണ്ടി അദ്ദേഹത്തിനെതിരെ പരാമർശം നടത്തിയത്. ജനദ്രോഹപരമായ നടപടികൾ സ്വീകരിച്ചതിനാലാണ് ജേക്കബ് തോമസിനെ മാറ്റിയത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അനധികൃതമായി ഫ്‌ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു, എന്നാൽ അത്തരത്തിൽ രേഖാമൂലം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മറുപടി നൽകി. ഇതിനുപുറമെ 77 ഫ്‌ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിന്റെ നടപടി ശരിയാണെന്ന് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. പുതിയ ഫയർഫോഴ്‌സ് മേധാവി അനിൽ കാന്ത് ആണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെയാണ് മുഖ്യമന്ത്രിക്ക എതിരെ നീങ്ങാൻ ജേക്കബ് തോമസിനെ തീരുമാനിച്ചത്.

അതിനിടെ തനിക്കെതിരെ നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി ചോദിച്ചിട്ടുണ്ടെങ്കിൽ നിശ്ചയമായും നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിട്ടുണ്ട്. നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി തേടിയതായി അറിയില്ല. ഇനി അങ്ങനെ തേടിയിട്ടുണ്ടെങ്കിൽ അനുമതി ആ സെക്കൻഡിൽ കൊടുക്കുംഅദ്ദേഹം പറഞ്ഞു. കേരളത്തിൽ മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ പാടില്ല എന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. നിയമപരമായേ സർക്കാരിന് മുന്നോട്ട് പോകാനാകൂ. വളർച്ച മുരടിക്കാൻ നടത്തുന്ന ശ്രമങ്ങളോട് യോജിപ്പില്ല. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ അറിയാം എന്ന് താൻ പറഞ്ഞത് നല്ല അർഥത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

മുമ്പ് മുൻ വിജിലൻസ് മേധാവി ഉപേന്ദ്ര വർമ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഗവർണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതിനിടെ ഫേസ്‌ബുക്കിലും മുഖ്യമന്ത്രിക്കെതിരെ പരോക്ഷ മറുപടിയുമായി ജേക്കബ് തോമസ് രംഗത്തെത്തി. വിതക്കുകയും കൊയ്യുകയും ചെയ്യാത്ത ആകാശത്തെ പറവകൾക്ക് കൂടൊരുക്കുന്നവർക്കൊപ്പം, വിതക്കുന്നവരുടെയും കൊയ്യുന്നവരുടെയും സമൃദ്ധിയും നമ്മുടെ ലക്ഷ്യമാകേണ്ടെ എന്നാണ് ഡി.ജി.പിയുടെ ഫേസ്‌ബുക്കിലൂടെയുള്ള വിമർശം. താഴേക്കല്ല, മുകളിലേക്കാണ് വളരേണ്ടതെന്നായിരുന്നു മുഖ്യന്ത്രി പറഞ്ഞത്.

മന്ത്രി കെ.എം. മാണിക്കെതിരേ തുടരന്വേഷണം നടത്തണമെന്ന കോടതിവിധിയെ ന്യായീകരിച്ച് ജേക്കബ് തോമസ് മാദ്ധ്യമങ്ങളോടു സംസാരിച്ചതു കടുത്ത അച്ചടക്കലംഘനമായാണു സർക്കാർ കാണുന്നത്. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടിക്ക് നോട്ടീസ് നൽകിയത്. ാർ കേസിന്റെ ആദ്യ ഘട്ടത്തിൽ അന്നു വിജിലൻസ് എഡിജിപി ആയിരുന്ന ജേക്കബ് തോമസ് അതിനു മേൽനോട്ടം വഹിച്ചിരുന്നു എന്നതു രഹസ്യമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതിനായി പ്രത്യേക ഉത്തരവു പക്ഷേ ഉണ്ടായിരുന്നില്ല. മാണിക്കെതിരായ ദ്രുതപരിശോധനാ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനു മാർഗനിർദേശങ്ങൾ നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു. ഇത് അവസാന ഘട്ടമായപ്പോഴേക്കും ഡിജിപിയായി സ്ഥാനക്കയറ്റത്തോടെ അദ്ദേഹത്തെ അഗ്‌നിശമന സേനാ മേധാവിയാക്കി ഒതുക്കുകയായിരുന്നു. പിന്നീടു പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡിയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP