Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയോ എന്നും സംശയം; ശരീരത്തിലെ രക്തം തുടച്ചു മാറ്റാനും ശ്രമമുണ്ടായി? പാലായിലെ സിസ്റ്ററുടെ മരണത്തിൽ ദുരൂഹത ഏറെ: പൊലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനാവാതെ കന്യാസ്ത്രീ മഠം

തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയോ എന്നും സംശയം; ശരീരത്തിലെ രക്തം തുടച്ചു മാറ്റാനും ശ്രമമുണ്ടായി? പാലായിലെ സിസ്റ്ററുടെ മരണത്തിൽ ദുരൂഹത ഏറെ: പൊലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനാവാതെ കന്യാസ്ത്രീ മഠം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ ലിസ്യു കർമലീത്താ മഠത്തിലെ കന്യാസ്ത്രീയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും കേസ് അന്വേഷണം ഏത് ദിശയിലേക്ക് കൊണ്ടു പോകണമെന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പം. പാലാ ലിസ്യു കർമലീത്താ മഠത്തിലെ അധികാരികളുടെ മൊഴിയിൽ ഏറെ ആശയക്കുഴപ്പമുണ്ട്. ഓരാളെ തലയ്ക്കടിച്ച് കൊന്നിട്ടും ആരും അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണം. പാലാ ഡി.വൈ.എസ്‌പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ട്.

അതിനിടെ, സിസ്റ്റർ അമലയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. ഭാരമുള്ള വസ്തു കൊണ്ടു തലയ്ക്ക് അടിയേറ്റാണു മരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു സൂചിപ്പിക്കുന്നു. പുലർച്ചെ രണ്ടരയ്ക്കും ഏഴിനും ഇടയിലാണു മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ന് രാവിലെയാണ് സിസ്റ്റർ അമല(69)യെ മഠത്തിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ ഇവരുടെ കട്ടിലിൽ നെറ്റിയിൽ മുറിവേറ്റ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റർ രാവിലെ കുർബാനയിൽ പങ്കെടുത്താതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ ചാരിയ നിലയിലായിരുന്നു. പനി ബാധിച്ച് രണ്ടു മൂന്നു ദിവസമായി വിശ്രമത്തിലായിരുന്നു സിസ്റ്റർ എന്ന് മഠം അധികൃതർ പറഞ്ഞു. സുഖമില്ലാതിരുന്നപ്പോഴും രാവിലത്തെ കുർബാന മുടക്കാറില്ലായിരുന്നു. ഇന്ന് രാവിലെ പതിവിന് വിരുദ്ധമായി കുർബാനയിൽ പങ്കെടുക്കാത്തതിനാലാണ് അന്വേഷിച്ചത്. നെറ്റിക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് സൂചന. ഇത് സ്വാഭാവികമായി ഉണ്ടായതല്ല. തലയിൽ ഒന്നിലധികം ആഴത്തിലുള്ള മുറിവുമുണ്ട്. അതുകൊണ്ട് തന്നെ ആരോ മനപ്പൂർവ്വം കൊന്നതാണെന്ന് പൊലീസ് ഉറപ്പിക്കുന്നു.

ഈ സാഹചര്യത്തിലാണ് സംശയങങ്ങൾ കൂടുന്നത്. കോൺവെന്റിന് സമീപത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകളും ഈ കോൺവെന്റിൽ താമസക്കാരായുണ്ട്. രാത്രി കാലങ്ങളിൽ പലരും ആശുപത്രിയിലേക്കും തിരിച്ചും കോൺവെന്റിൽ നിന്ന് പോകാറുണ്ടെന്നും അതിനാൽ പുറമെ നിന്നാരെങ്കിലും വന്നിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നുമാണ് മഠം അധികൃതർ പറയുന്നത്. ഏതായാലും തലയ്ക്ക് അടിയേറ്റ സിസ്റ്റർ ഉച്ചത്തിൽ നിലവിളിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയൊരു നിലവിളി തൊട്ടടുത്ത മുറിയിലുള്ള ആരും കേട്ടില്ലെന്നത് വിശ്വസിക്കാൻ പൊലീസിന് കഴിയുന്നില്ല. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ രാത്രിയിലാകാം കൊല നടന്നത്. ഈ സമയം തൊട്ടടുത്ത മുറിയിൽ സിസ്റ്റർമാരും അന്തേവാസികളുമുണ്ടായിരുന്നു. എന്നാൽ ആരും ഒന്നുമറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്.

കോൺവെന്റിന്റെ മൂന്നാം നിലയിലാണ് സിസ്റ്റർ അമലയുടെ മുറി. മൂന്നാം നിലയിലെ ഹാൾ ഏഴായി ഒറ്റക്കട്ടയ്്ക്കു ഭിത്തികെട്ടിത്തിരിച്ചതിലൊന്നാണ് കൊല്ലപ്പെട്ട സിസ്റ്ററുടെ മുറി. ഒന്നരയാൾ പൊക്കത്തിൽമാത്രം കെട്ടിയുയർത്തിയ ഭിത്തിയുടെ മുകൾഭാഗം തുറന്നുകിടക്കുന്നതാണ്. അതുകൊണ്ട് തന്നെ നിലവിളി ശബ്ദം കേട്ടില്ലെന്ന വാദം നിലനിൽക്കുന്നതല്ല. രണ്ടാമത്തെ നിലയിലുള്ള ഡോ. സിസ്റ്റർ റൂബി മരിയ രാത്രി 12 നുശേഷം അടിയന്തരഫോൺ വന്ന് ആശുപത്രിയിലേക്കു പോയിട്ടു മടങ്ങിവന്നപ്പോൾ മുറിയിലുണ്ടായിരുന്ന 500 രൂപ കാണാതായിരുന്നു. അതുകൊണ്ട് തന്നെ രാത്രി പന്ത്രണ്ട് മണിവരെ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നും പൊലീസിന് മൊഴി കിട്ടിയിട്ടുണ്ട്.

അതിനിടെ പൊലീസ് എത്തുന്നതിന് മുമ്പ് മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ മാറ്റിയോ എന്ന സംശയവും പൊലീസിന് ഉണ്ട്. ശരീരത്തിലെ രക്തക്കറ തുടച്ചു നീക്കാൻ ശ്രമം നടന്നുവെന്നും സൂചനയുണ്ട്. മഠത്തിലെ ആശുപത്രിയിലെ ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചതും. ഈ സാഹചര്യത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും നിർണ്ണായകമാകും. മഠത്തിൽ പെയിന്റിങ് ജോലി നടത്തുന്നവരിലേക്ക് അന്വേഷണം നീളും. ചിലരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ കേസ് അന്വേഷണത്തെ സ്വാധീനിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചുമില്ല.

ഏന്തായാലും തലയിൽ അടിയേറ്റിട്ടും സിസ്റ്റർ നിലവിളിക്കുന്നത് കേട്ടില്ലെന്ന വാദമാണ് പൊലീസിന്റെ സംശയങ്ങൾ കൂട്ടുന്നത്. സ്വാഭാവികമായി തലയിൽ ഇത്രയും വലിയ മുറിവുണ്ടായാൽ പോലും നിലവിളി ഉയരുക സ്വാഭാവികമാണ്. മഠത്തിന്റെ നിർമ്മാണത്തിലെ പ്രത്യേകത കാരണം അത് തൊട്ടടുത്ത മുറിയിൽ അറിയാനും കഴിയും. എന്നിട്ടും ഒന്നും അറിയില്ലെന്നാണ് അന്തേവാസികൾ പറയുന്നത്. ഇതിലെ അസ്വാഭാവികത പൊലീസ് പരിശോധിക്കും. യാതൊരു സമ്മർദ്ദവും ഇതുവരെ തങ്ങൾക്ക് മേൽ ഇല്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. എറണാകുളം റേഞ്ച് ഐജി അജിത് കുമാർ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്തും. തെളിവുകളെല്ലാം ശേഖരിച്ച ശേഷമേ അറസ്റ്റുണ്ടാകൂ എന്നാണ് പൊലീസ് നൽകുന്ന സൂചന. മറ്റൊരു അഭയാക്കേസിന്റെ നാണക്കേട് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുണ്ടാകുമെന്നും പറയുന്നു.

മുറിയിൽ തട്ടി വീണു സിസ്റ്ററിന് നെറ്റിയിൽ മുറിവേറ്റതാകാം എന്ന സംശയം ചില കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ പിരശോധന പൊലീസ് നടത്തിയത്. ഇതിലാണ് ഒന്നിലധികം മുറിവുകൾ പ്രാഥമികമായി കണ്ടെത്തിയത്. ആയുധം ഉപയോഗിച്ചുണ്ടാകുന്ന മാരക മുറിവുകളാണ് അവ. അതിനൊപ്പം ഒന്നിലധികം മുറിവുമുണ്ട്. ആഴത്തിലുള്ള ഈ മുറിവുകൾ സ്വാഭാവികമായ അപകടത്തിൽ ഉണ്ടാവുകയില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. മരണ സമയവും മരണകാരണവുമെല്ലാം പോസ്റ്റുമോർട്ടം റിപ്പോർട്ടോടെ പുറത്തുവന്നത് കേസിൽ നിർണായകമാകും. കൊലയ്ക്ക് ഉപയോഗിച്ചത് ഭാരമുള്ള വസ്തുവാണെന്ന സൂചനയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകുന്നുണ്ട്.

പാലാ ചെറുപുഷ്പം ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന സിസ്റ്റർ അമലയാണ് (69) ആശുപത്രിയോട് ചേർന്നുള്ള സി.എം.സി കോൺവെന്റിലെ മുറിക്കുള്ളിൽ തലയ്ക്കടിയേറ്റ് രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് സതീഷ് ബിനോ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇതിന് ശേഷമാണ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കാൻ പൊലീസ് തീരുമാനിച്ചത്.

തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ മറ്റ് കന്യാസ്ത്രീകളെയോ മറ്റുള്ളവരെയോ മുറിയിലേക്ക് കയറ്റാതെ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പ് തന്നെ പലരും മുറിയിൽ കയറിയിരുന്നു. ഇവർ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. സിസ്റ്റർ അമല(69) റിട്ടയേഡ് നഴ്‌സാണ്. അമനകര വാലുമ്മേൽ കുടുംബാംഗമാണ്. സഹോദരി സിസ്റ്റർ ലൂസിന്മേരി കർമലിത്താമഠത്തിന്റെ പ്രോവിൻഷ്യാലാണ്. മറ്റൊരു സഹോദരി സിസ്റ്റർ ഹിൽഡമേരി പന്നിമറ്റം മഠത്തിലെ പ്രൊവിൻഷ്യലാണ്. ഈ മഠത്തിൽ 34 കന്യാസ്ത്രീകളും 17 നഴ്‌സിങ് വിദ്യാർത്ഥികളും താമസിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP