Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി എസ് സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം കാത്തിരിക്കുന്ന 600 നഴ്‌സുമാരെ നോക്കുകുത്തികളാക്കി; മലപ്പുറം ജില്ലയിലാകെ സ്വന്തക്കാർക്കു വേണ്ടി പിൻവാതിൽ നിയമനം തകൃതി; ഒത്താശ ചെയ്യുന്നത് രാഷ്ട്രീയ നേതാക്കൾ

പി എസ് സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം കാത്തിരിക്കുന്ന 600 നഴ്‌സുമാരെ നോക്കുകുത്തികളാക്കി; മലപ്പുറം ജില്ലയിലാകെ സ്വന്തക്കാർക്കു വേണ്ടി പിൻവാതിൽ നിയമനം തകൃതി; ഒത്താശ ചെയ്യുന്നത് രാഷ്ട്രീയ നേതാക്കൾ

എം പി റാഫി

മലപ്പുറം: ജില്ലയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ പിൻവാതിൽ നിയമനം തകൃതിയായി നടക്കുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ദന്തവിഭാഗം കൺസൾട്ടന്റുകളെ പിൻവാതിലിലൂടെ ഡി.എം.ഒ ഉൾപ്പെടെയുള്ളവർ നിയമിച്ചതിനെതിരേ മറ്റ് ഉദ്യോഗാർത്ഥികൾ കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മഞ്ചേരി മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രികളിലും പിൻവാതിലിലൂടെയുള്ള പ്രവേശനം ശക്തമാണെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ അറുനൂറോളം ഉദ്യോഗാർത്ഥികൾ നിയമനം കാത്തുകഴിയുമ്പോഴാണ് അനധികൃതമായുള്ള നിയമനങ്ങൾ കൊഴുക്കുന്നത്. വിവിധ ആശുപത്രികളുടെ ഭരണസമിതി(എച്ച്.എം.സി) അംഗങ്ങളുടെയോ ഭരണസമിതിയിലെ നേതാക്കളുടെയോ സ്വന്തക്കാർക്കു വേണ്ടിയാണ് പലപ്പോഴും പിൻവാതിൽ നിയമനം നടത്തുന്നത്. നിയമനത്തിലും തെരഞ്ഞെടുപ്പുകളിലും ക്രമക്കേടുകൾ നടക്കുന്നതായി ആക്ഷേപവും മുമ്പു ഉയർന്നിട്ടുണ്ടായിരുന്നു.

സംസ്ഥാനത്തെ പതിമൂന്നു ജില്ലകളിലും എഴുപതു ശതമാനത്തിലധികം പി.എസ്.സിയിലൂടെയുള്ള നിയമനം പൂർത്തിയാക്കിയെന്നിരിക്കെയാണ് മലപ്പുറം ജില്ലയിൽ മാത്രം ഒഴിവുകൾ നികത്താതെ അധികൃതർ അലംഭാവം കാട്ടുന്നത്. ഒഴിവുകൾ സംബന്ധിച്ച് പി.എസ്.സിയിൽ യഥാസമയം റിപ്പോർട്ട് ചെയ്യാത്തതാണ് ഇതിനു കാരണം. അതേസമയം ലിസ്റ്റിലുള്ളവർ പോലും സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കേണ്ട അവസ്ഥയാണ്. ഈ കാത്തിരിപ്പ് വർഷങ്ങൾ കഴിഞ്ഞാലും തുടരുന്നു. ഇതിനിടയിൽ ഇവരുടെ മികവും കഴിവുകളുമെല്ലാം സ്വകാര്യ ആശുപത്രികൾ തുച്ഛശമ്പളം നൽകി ഊറ്റിക്കഴിഞ്ഞിരിക്കും. നിയമന നിരോധനത്തിലൂടെ ജില്ലാ ആശുപത്രികളിലും ഇവിടങ്ങളിലെ ഡയാലിസീസ് കേന്ദ്രങ്ങളിലും അനേകം പേരെയാണ് അധികൃതർ തിരുകിക്കയറ്റുന്നത്.

പൊന്നാനി, തിരൂർ, തിരൂരങ്ങാടി, മഞ്ചേരി എന്നിവിടങ്ങളിലായി നാലു ഡയാലിസിസ് സെന്ററുകളാണ് മലപ്പുറം ജില്ലയിലുള്ളത്. എന്നാൽ ഇവിടങ്ങളിലെ മുഴുവൻ ജീവനക്കാരും പിൻവാതിലിലൂടെ കയറിക്കൂടിയവരാണ്. ആരും ചോദ്യം ചെയ്യാതായതോടെ തസ്തികകൾ മറിച്ചു നൽകി വൻതുക കൈപ്പറ്റുന്നവരും ഭരണ സമിതിയിലുണ്ട്. മുപ്പത് ഒഴിവുകൾ നാലുകേന്ദ്രങ്ങളിലായുണ്ടെന്നാണ് വിവരം. ഇത് പി.എസ്.സിയെ അറിയിക്കാതെ താൽക്കാലികക്കാരെ കയറ്റുകയാണ് അധികൃതർ ചെയ്യുന്നത്. ഡി.എം.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ നിയമനങ്ങൾ നടക്കുന്നത്. എല്ലാ വർഷവും ഒഴിവുകളുടെ കണക്കുകൾ പി.എസ്.സിയിലോ ഡി.എച്ച്.എസിലോ റിപ്പോർട്ട് ചെയ്യേണ്ട ചുമതല ജില്ലാ മെഡിക്കൽ ഓഫീസർക്കാണുള്ളത്. എന്നാൽ ഒഴിവുകളുടെ പരിശോധന പലപ്പോഴും പ്രഹസനമാവുകയാണ് പതിവ്. മാത്രമല്ല കൃത്രിമമായ കണക്കുകളാണ് ഡി.എം.ഒ നൽകിയിരുന്നതെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാണ്.

വിവിധ ജില്ലാ ആശുപത്രികളിൽ എത്ര സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുകൾ നിലവിലുണ്ടെന്ന് തിരക്കിയപ്പോൾ ആശുപത്രി സൂപ്രണ്ടിനോ ആർ.എം.ഒക്കോ പോലും ഇത് അറിയില്ലെന്നതാണ് വസ്തുത. ഇതുസംബന്ധിച്ച് നൽകിയ വിവരാവകാശ രേഖകളിലും വ്യക്തമായ മറുപടിയാണുള്ളത്. ഇത്തരത്തിൽ പിൻവാതിലിലൂടെ നിയമിക്കുന്നവരുടെ സേവനങ്ങളും തൃപ്തകരമല്ല. ചികിത്സ തേടിയെത്തുന്നവർ ഇവർക്കെതിരേ നൽകുന്ന പരാതി നിരവധിയാണ്. സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും ഇത്തരത്തിൽ യോഗ്യരായവരെ മാറ്റിനർത്തി സ്വാധീനവും പണവും കാണിച്ച് പിൻവാതിലിലൂടെ കയറി ക്കൂടുന്നവർ വർദ്ധിച്ചു വരികയാണ്.

താൽക്കാലികമായി ഇത്തരത്തിൽ പ്രവേശനം നേടുന്നവർക്ക് തുടക്കത്തിലേ കൂടുതൽ ശമ്പളം നൽകുന്നുണ്ട്. എൻ.ആർ.എച്ച്.എം മുഖേന നിയമനം നേടുന്ന നഴ്‌സുമാർക്ക് 13,800 രൂപയാണ് നിലവിലെ കണക്കുപ്രകാരം നൽകിവരുന്നത്. എന്നാൽ താൽക്കാലികക്കാർക്ക് 15,000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇത് സർക്കാറിന് വൻ ബാധ്യതയായിട്ടും അർഹത നേടിയ നഴ്‌സുമാരെ നിയമിക്കുന്നതിൽ ബന്ധപ്പെട്ടവർ താൽപര്യം കാണിക്കുന്നില്ല. റാങ്ക് ഹോൾഡർമാരെ നോക്കുകുത്തികളാക്കിമാറ്റുന്ന പ്രവണതക്കെതിരെ പല തവണ അധികൃതരെ സമീപിച്ചിട്ടും ഇതിന് പരിഹാരമായില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. ഇനി നിയമനം നേടുന്നത് വരെ സമരത്തിനിറങ്ങാണ് ഇവരുടെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP