Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർകോട് കവർച്ചാ ശ്രമത്തിനിടെ ഒരു വയോധിക കൂടി ആക്രമിക്കപ്പെട്ടു; 11 പവന്റെ സ്വർണ്ണാഭരണങ്ങളും 3000 രൂപയും കവർന്ന മോഷണം കൂടി പുറത്തുവന്നതോടെ ഭയാശങ്ക വർദ്ധിച്ച് വയോജനങ്ങൾ; ജാനകിയുടെ കഴുത്തിൽ കേബിൾ ഉപയോഗിച്ച് മുറുക്കിയ നിലയിൽ; ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം

കാസർകോട് കവർച്ചാ ശ്രമത്തിനിടെ ഒരു വയോധിക കൂടി ആക്രമിക്കപ്പെട്ടു; 11 പവന്റെ സ്വർണ്ണാഭരണങ്ങളും 3000 രൂപയും കവർന്ന മോഷണം കൂടി പുറത്തുവന്നതോടെ ഭയാശങ്ക വർദ്ധിച്ച് വയോജനങ്ങൾ; ജാനകിയുടെ കഴുത്തിൽ കേബിൾ ഉപയോഗിച്ച് മുറുക്കിയ നിലയിൽ; ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം

രഞ്ജിത് ബാബു

കാസർഗോഡ്: വയോധികരെ കൊലപ്പെടുത്തുന്നതും അക്രമിക്കുന്നതും കാസർഗോഡ് ജില്ലയിൽ തുടർക്കഥയാവുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മുതിർന്ന രണ്ടു സ്ത്രീകൾ കൊല്ലപ്പെടുകയും കഴിഞ്ഞ ദിവസം ഒരു സ്ത്രീ ക്രൂരമായ കവർച്ചക്ക് ഇരയാവുകയും ചെയ്തതോടെ ജില്ലയിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോധിക ദമ്പതിമാർ ആശങ്കയിലായിരിക്കയാണ്. കഴിഞ്ഞ ദിവസം പുലർച്ചേ ജില്ലാ ആശുപത്രിയിലെ റിട്ട. ജീവനക്കാരി വേലേശ്വരത്തെ ജാനകി (65) ആണ് കവർച്ചക്കിടെ അക്രമിക്കപ്പെട്ടത്. പുലർച്ചേ അഞ്ച് മണിക്ക് എഴുന്നേറ്റ ജാനകി ബാത്ത് റൂമിൽ വെള്ളം നിറക്കാനായി വീടിന് തൊട്ടുള്ള പമ്പ് ഹൗസിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് അക്രമിക്കപ്പെട്ടത്.

ജാനകി വീട്ടിൽ നിന്നും പുറത്ത് പോയി തിരിച്ച് വരുമ്പോൾ അജ്ഞാതനായ ഒരാൾ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത് കണ്ടു. അയാളെ ജാനകി കണ്ടെന്ന് തോന്നിയ കവർച്ചക്കാരൻ ഇവരുടെ കഴുത്തിൽ കേമ്പിൾ മുറുക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ജാനകിയുടെ വീട്ടിൽ നിന്നും 11 പവന്റെ സ്വർണ്ണാഭരണങ്ങളും 3000 രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്. ജാനകിയുടെ ഭർത്താവ് റിട്ട. നഴ്സിങ് അസിസ്റ്റന്റായ വേലായുധൻ പതിവു പോലെ ഉണർന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന ഭാര്യയെ കണ്ടത്.

ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴുത്തിൽ കേബിൾ മുറുക്കിയ പാട് കണ്ടതിനെ തുടർന്ന് വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് ഉറങ്ങും മുമ്പ് മേശപ്പുറത്ത് വെച്ച ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി കണ്ടത്. കഴിഞ്ഞ മാസം 13 ന് വീടിനകത്തുകൊലചെയ്യപ്പെട്ട ചീമേനി പുലിയന്നൂരിലെ റിട്ട. പ്രധാനാദ്ധ്യാപികയായിരുന്ന ജാനകി കൊലക്കേസിലും അന്വേഷണം വഴി മുട്ടിയ അവസ്ഥയിലാണ്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ കടയിൽ നിന്നും മുഖം മൂടി വാങ്ങിയവരുടെ സി.സി. ടി.വി. ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായിരിക്കയാണ്.

ബാഗ്ലൂരിലും ചെന്നൈയിലും നടത്തിയ പരിശോധനയിൽ ഇവ വീണ്ടെടുക്കാൻ ആവില്ലെന്ന വിവരമാണ് ലഭിച്ചത് മാത്രമല്ല മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനയും തടസ്സപ്പെട്ടിരിക്കയാണ്. സംശയകരമായ സാഹചര്യത്തിൽ സ്വിച്ച് ഓഫ് ചെയ്ത മൂന്ന് മൊബൈൽ ഫോൺ നമ്പറുകളെ കേന്ദ്രീകരിച്ചായിരുന്നു ഒടുവിലത്തെ അന്വേഷണം. ബംഗാളിൽ നിന്നും ആന്ധ്രയിൽ നിന്നും വ്യാജ മേൽ വിലാസം നൽകി എടുത്തവയാണ് സിം കാർഡുകൾ. ഇവ കൊലയാളികളുടേതെന്നായിരുന്നു ആദ്യ നിഗമനം. നേപ്പാളിൽ നിന്നെത്തിയ 12 അംഗ സംഘത്തിലെ മൂന്ന് പേരുടേതാണ് മൊബൈൽ ഫോൺ നമ്പറുകളെന്നാണ് പൊലീസ് പറയുന്നത്.

വിവിധ ഹോട്ടലുകളിൽ ഭക്ഷണം പാചകം ചെയ്യുന്നവരാണ് ഇവരെന്നാണ് കരുതുന്നത്. അവധി ദിവസങ്ങളിൽ ഇവർ കണ്ണൂരിലും മറ്റും പോകാറുണ്ട്. ഇതായിരിക്കാം രണ്ട് ടവറുകൾക്കിടയിൽ ഇവരുടെ നമ്പറുകൾ ലഭിക്കാനിടയായതെന്ന് സംശയിക്കുന്നു. പൊലീസ് ന്യായാ ന്യായങ്ങൾ നിരത്തുമ്പോഴും വയോധികർക്ക് നേരെയുള്ള അക്രമങ്ങൾക്ക് തടയിയാനാവുന്നുമില്ല. മാത്രമല്ല കഴിഞ്ഞ വർഷം ജനുവരി 13 ന് കാട്ടിയടുക്കത്തെ ദേവകി കൊല ചെയ്യപ്പെട്ട കേസിലും വ്യക്തമായ വിവരങ്ങളോ പ്രതികളെക്കുറിച്ചുള്ള സൂചനകളോ കണ്ടെത്താനായില്ല.

ഇതെല്ലാം വയോധികരെ അക്രമിക്കാനും അവരുടെ വസതികളിൽ കവർച്ച ചെയ്യാനുമുള്ള പ്രേരണയായി കുറ്റവാളികൾ കണക്കാക്കുന്നുവെന്ന സൂചനയാണ് കഴിഞ്ഞ ദിവസം വേലേശ്വരത്തെ ജാനകിയെ അക്രമിച്ച് കവർച്ച ചെയ്ത സംഭവത്തിലൂടെ വ്യക്തമാവുന്നത്. കാസർഗോഡ് ജില്ലയിലെ വയോധികർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുകയാണ് അധികാരികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP