Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നവജാത പെൺകുഞ്ഞിനെ തമിഴ്‌നാട്ടിൽ കൊണ്ടുപോയി വിറ്റ സംഭവത്തിൽ അച്ഛനും അമ്മയും മുത്തശ്ശിയും അടക്കം അഞ്ചുപേർ അറസ്റ്റിൽ; കുഞ്ഞിനെ കണ്ടെത്തിയത് ഈറോഡ് നിന്ന്; കുഞ്ഞിനെ വിറ്റതിന് പിന്നിൽ വൻ റാക്കറ്റുകൾക്ക് ബന്ധമുണ്ടെന്ന് സൂചന

നവജാത പെൺകുഞ്ഞിനെ തമിഴ്‌നാട്ടിൽ കൊണ്ടുപോയി വിറ്റ സംഭവത്തിൽ അച്ഛനും അമ്മയും മുത്തശ്ശിയും അടക്കം അഞ്ചുപേർ അറസ്റ്റിൽ; കുഞ്ഞിനെ കണ്ടെത്തിയത് ഈറോഡ് നിന്ന്; കുഞ്ഞിനെ വിറ്റതിന് പിന്നിൽ വൻ റാക്കറ്റുകൾക്ക് ബന്ധമുണ്ടെന്ന് സൂചന

ആർ.പീയൂഷ്

ആലത്തൂർ: നാലുദിവസം മാത്രമായ പെൺകുഞ്ഞിനെ ഒരുമാസം മുമ്പ് തമിഴ്‌നാട്ടിലെത്തിച്ച് വിറ്റ സംഭവത്തിൽ അച്ഛനും അമ്മയും മുത്തശ്ശിയും അടക്കം അഞ്ചുപേർ അറസ്റ്റിൽ. കുഞ്ഞിനെ ഈറോഡ് നിന്ന് വെള്ളിയാഴ്ച രാത്രി കണ്ടെത്തി. സംഭവത്തിലെ പ്രധാന സൂത്രധാരൻ ഈറോഡ് കൃഷ്ണപാളയം 31,കക്കൻ നഗർ നിത്യയിൽ ദുരൈസ്വാമിയുടെ മകൻ ജനാർദ്ദനൻ (ജന 33), ഇടനിലക്കാരി ഈറോഡ് പഴയ റെയിൽവേ സ്റ്റേഷൻ റോഡ് കല്ല്യാണ സുന്ദരത്തിന്റെ മകൾ സുമതി (26),ശിശുവിന്റെ മുത്തശ്ശി പൊള്ളാച്ചി ഒറ്റക്കാൽ മണ്ഡപം കിണത്തുക്കടവ് ജോൺസന്റെ ഭാര്യ വിജി (48),കുഞ്ഞിന്റെ അച്ഛൻ കുനിശ്ശേരി കണിയാർകോട് കുന്നമ്പാറയിൽ താമസിക്കുന്ന, പൊള്ളാച്ചി ഒറ്റക്കാൽ മണ്ഡപം കിണത്തുക്കടവ് ജോൺസന്റെ മകൻ രാജൻ(32),കുട്ടിയുടെ അമ്മ കുനിശ്ശേരി കണിയാർകോട് കുന്നമ്പാറയിൽ ബിന്ദു (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.

ജനാർദ്ദനൻ, രാജൻ എന്നിവരെ സബ് ജയിലിലും സുമതി, വിജി, ബിന്ദുവരെ പാലക്കാട് സബ് ജയിലിലേക്കും മാറ്റി. മനുഷ്യക്കടത്ത്, ബാലപീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് ഡി.വൈ.എസ്‌പി.പി.ശശികുമാർ പറഞ്ഞു. വൻ റാക്കറ്റുകൾക്ക് ഇതിനു പിന്നിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കിയ പെൺ കുഞ്ഞിനെ മലമ്പുഴ ആനന്ദഭവന്റെ സംരക്ഷണത്തിലാക്കി. രാജന്റെയും ബിന്ദുവിന്റെയും മറ്റ് മക്കളായ ശിവകുമാർ (9) , കൃഷ്ണകുമാർ(8), ധനലക്ഷ്മി(5) എന്നിവരെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പേഴുങ്കര ഓർഫനേജിലേക്ക് മാറ്റി. ഏറ്റവും ഇളയ മകൻ മണികണ്ഠൻ(3)നെ ബിന്ദുവിന്റെ പിതാവ് വേലായുധനൊപ്പം വിട്ടു.

ഡിസംബർ 25 ന് പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അഞ്ചാമത്തെ കുഞ്ഞിനെ ബിന്ദു പ്രസവിച്ചത്. നാലാം ദിവസം ആശുപത്രി വിട്ട് കുനിശ്ശേരിയിലെ വീട്ടിലെത്തിയ ബിന്ദുവിനെയും കുഞ്ഞിനെയും ഭർത്താവും ഭർതൃ മാതാവും പൊള്ളാച്ചിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബിന്ദുവിന്റെ മാതാപിതാക്കളുടെ വീടിനോട് ചേർന്നുള്ള ചെറിയ ഷെഡ്ഡിലാണ് ഇവരുടെ താമസം. ഭർത്താവും അമ്മയും പൊള്ളാച്ചിയിലാണ്. ഇവർക്ക് സ്ഥിരം വാസസ്ഥലമില്ല. ബിന്ദുവിന്റെ മാതാപിതാക്കൾ സ്ഥലത്തില്ലാത്തപ്പോഴാണ് ഇവരെ കൂട്ടിക്കൊണ്ടുപോയത്. ഒരാഴ്ച കഴിഞ്ഞ് കുഞ്ഞിനെ കൂടാതെ ബിന്ദു മാത്രം തിരിച്ചെത്തി. കുഞ്ഞ് എവിടെയെന്ന് അയൽവാസികൾ അന്വേഷിച്ചപ്പോൾ ഭർത്താവിന്റെ സുഹൃത്തിന് വളർത്താൻ കൊടുത്തെന്ന മറുപടിയാണ് നൽകിയത്. കുട്ടിയെ വിറ്റതാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് ശിശുക്ഷേമ സമിതിയുടെ ഹെൽപ്പ് ലൈനായ തണൽ അധികൃതർ കുനിശ്ശേരിയിലെത്തി. തണൽ കോർഡിനേറ്ററുടെ പരാതി പ്രകാരമാണ് ജനുവരി 20ന് പൊലീസ് കേസെടുത്തത്.

വിവരങ്ങൾ ചോദിച്ച പൊലീസിനോട് ബിന്ദു പറഞ്ഞത്, തന്റെ സമ്മതമില്ലാതെ ഭർത്താവും അമ്മായിമ്മയും കുഞ്ഞിനെ ഭർത്താവിന്റെ സുഹൃത്തിന് വളർത്താൻ ഏൽപ്പിച്ചെന്നായിരുന്നു. ഇതുറപ്പാക്കാൻ പൊലീസ് പൊള്ളാച്ചിയിലെത്തിയെങ്കിലും രാജനെയും വിജിയേയും കണ്ടെത്താനായില്ല. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് ചൊവ്വാഴ്ച രാത്രി വിജിയെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ വിറ്റതാണെന്ന് ഇതോടെ ഉറപ്പായി. ഇവർക്ക് ഇടനിലക്കാരി സുമതിയെ പരിചയപ്പെടുത്തിയ ഡിണ്ടിക്കൽ ഭവാനി റെയിൽവേ കോളനിക്കു സമീപം താമസിക്കുന്ന കസ്തൂരി(കമലി)യുടെ സഹായത്തോടെയായിരുന്നു തുടർന്നുള്ള അന്വേഷണം. രാജനെ പൊള്ളാച്ചിയിൽ നിന്ന് വ്യാഴാഴ്ച രാത്രി പൊലീസ് പിടികൂടി. ഒരു കുട്ടിയെ കൂടി വിൽക്കാനുണ്ടെന്ന് സുമതിയെക്കൊണ്ട് പറയിപ്പിച്ച് മുഖ്യ സൂത്രധാരൻ ജനാർദ്ദനനുമായി ബന്ധപ്പെട്ടു.

കവിതയെന്നയാൾ മുഖേന ഭാഗ്യലക്ഷ്മിയെന്ന സ്ത്രീക്കാണ് ഒന്നേകാൽ ലക്ഷത്തിന് ഇയാൾ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് ഇതിനകം മനസ്സിലാക്കി. പൊലീസ് വലയിൽ അകപ്പെട്ടുവെന്നു മനസ്സിലാക്കിയ ജനാർദ്ദനൻ കുഞ്ഞുമായി എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് എസ്‌പി.പ്രതീഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ആലത്തൂർ ഡി.വൈ.എസ്‌പി.ഇൻ ചാർജ് പി.ശശികുമാർ ,സിഐകെ.എ. എലിസബത്ത്, എസ്.ഐ.എസ്.അനീഷ്, എഎസ്ഐ.മാരായ അബ്ദുൾ റഹിമാൻ, നാരായണൻകുട്ടി ,സീനിയർ സി.പി.ഒ.മാരായ ബാബു പോൾ, ഷാജു, രാമസ്വാമി, സൂരജ് ബാബു, അരവിന്ദാക്ഷൻ, കൃഷ്ണദാസ്, ഷബീബ്, ജൂബി ഇഗ്‌നേഷ്യസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP