Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരുവനന്തപുരത്തു നിന്നും കാണാതായ ദന്തൽ കോളേജ് വിദ്യാർത്ഥിക്ക് കുഞ്ഞു പിറന്നതായി ഭർത്താവിന്റെ പിതാവിന് എസ്എംഎസ് എത്തി; സന്ദേശം അയച്ചത് അഫ്ഘാനിൽ നിന്നും; വിവരങ്ങൾ പൊലീസിന് കൈമാറി വീട്ടുകാർ: ഐസിസിൽ ചേരാൻ പോയെന്ന പേരിൽ വിവാദമായ മതംമാറ്റ കേസ് വഴിത്തിരിവിൽ

തിരുവനന്തപുരത്തു നിന്നും കാണാതായ ദന്തൽ കോളേജ് വിദ്യാർത്ഥിക്ക് കുഞ്ഞു പിറന്നതായി ഭർത്താവിന്റെ പിതാവിന് എസ്എംഎസ് എത്തി; സന്ദേശം അയച്ചത് അഫ്ഘാനിൽ നിന്നും; വിവരങ്ങൾ പൊലീസിന് കൈമാറി വീട്ടുകാർ: ഐസിസിൽ ചേരാൻ പോയെന്ന പേരിൽ വിവാദമായ മതംമാറ്റ കേസ് വഴിത്തിരിവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐസിസിൽ ചേരാൻ പോയെന്ന വിധത്തിൽ വാർത്തകൾ പുറത്തുവന്ന തുരുവനന്തപുരം ആറ്റുകാൽ സ്വദേശിയും ഭർത്താവും അഫ്ഗാനിസ്ഥാനിൽ തന്നെ ഉണ്ടെന്ന് സൂചന. ദുരൂഹ സാഹചര്യത്തിൽ 21 പേർക്കൊപ്പം അടുത്തിടെ കാണാതായ നിമിഷയുടെ സന്ദേശം വീട്ടുകാർക്ക് ലഭിച്ചു. നിമിഷയ്ക്ക് പെൺകുഞ്ഞ് പിറന്നതായി ഭർത്താവിന്റെ പിതാവിനാണ് സന്ദേശം എത്തിയത്. ഭർത്താവിന്റെ വീട്ടിലേക്കാണ് മൊബൈൽ സന്ദേശം എത്തിയത്. കാണാതാകുമ്പോൾ നിമിഷ ഗർഭിണിയായിരുന്നു.

ഞായറാഴ്ച മൂന്നുമണിയോടെ നിമിഷയുടെ ഭർത്താവ് ബെക്‌സൻ വിൻസെന്റ് എന്ന ഈസയുടെ പാലക്കാട്ടുള്ള വീട്ടിലേക്കാണ് സന്ദേശമെത്തിയത്. നിമിഷയ്‌ക്കൊപ്പം ഭർത്താവിനെയും ഭർതൃസഹോദരനായ യഹിയയെയും ഭാര്യയെയും കാണാതായിട്ടുണ്ട്.
അമ്മയുടെ മൊബൈൽ ഫോണിലേക്ക് ഈസയുടെ അനുജൻ യഹിയയുടെ പേരിലാണ് സന്ദേശം. +93 എന്നു തുടങ്ങുന്ന നമ്പറിൽനിന്നാണ് സന്ദേശം ലഭിച്ചത്. ഈ കോഡ് അഫ്ഗാനിസ്താനിലേതാണ്.

സന്ദേശമെത്തിയ വിവരം പാലക്കാട് പൊലീസിനെ അറിയിച്ചതായി ഈസയുടെ പിതാവ് വിൻസെന്റ് പറഞ്ഞു. മകൾ പ്രസവിച്ച വിവരം പാലക്കാട്ടുനിന്ന് അറിഞ്ഞതായി നിമിഷയുടെ അമ്മ ബിന്ദുവും സ്ഥിരീകരിച്ചു. ഡി.ജി.പി. ഉൾപ്പെടെയുള്ളവരെ ഇക്കാര്യം അറിയിച്ചതായി ബിന്ദു പറഞ്ഞു. കാസർകോട് നിന്ന് കാണാതായവർക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബി.ഡി.എസ്. വിദ്യാർത്ഥിനിയുമായ നിമിഷ എന്ന ഫാത്തിമയും അപ്രത്യക്ഷയായത്. കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരുന്നു നിമിഷ. ജൂൺ നാലിനുശേഷം വീട്ടുകാർക്ക് പെൺകുട്ടിയുമായി ബന്ധപ്പെടാനായിരുന്നില്ല.

ആറ്റുകാൽ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്, മൂന്നുവർഷം മുമ്പ് സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പൊലീസ് രേഖകൾ പറയുന്നു.

കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് കഴിഞ്ഞ നവംബറിൽ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

പിന്നീട് നിമിഷ ഫാത്തിമ നദ്വത്തുൽ മുജാഹിദീന്റെ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോേളജിലെ സീനിയർ വിദ്യാർത്ഥികളും നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരുമായ ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്‌സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും.

ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ, നിമിഷ ഫാത്തിമ ബുർഖ ധരിച്ചിരുന്നുവെന്ന് അമ്മ ബിന്ദു പറയുന്നു. പ്രായപൂർത്തിയായ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ താത്പര്യം പറഞ്ഞപ്പോൾ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം െവച്ചാണ് അവർ വിവാഹിതരായതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടുകാർക്കു നൽകിയ സൂചന. അസ്വാഭാവിക സാഹചര്യത്തിൽ കാണാതായ നിമിഷയുമായി കഴിഞ്ഞ ജൂൺ 4ന് ശേഷം വീട്ടുകാർക്കു ബന്ധപ്പെടാനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP