Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുവയെ കിടുവ പിടിച്ചു! കള്ളൻ പരീതിനേയും പോക്കറ്റടിച്ചു; പുതുപ്പാടിയിൽ നിന്ന് അടിച്ചു മാറ്റിയ രണ്ട് ലക്ഷത്തിൽ 90,000 ആരോ കൊണ്ടു പോയി; സ്ഥിരമായി എയ്ഡ്‌സ് പരിശോധന നടത്തുന്ന മോഷ്ടാവിന്റെ വെളിപ്പെടുത്തലുകളിൽ ഞെട്ടി പൊലീസ്

കടുവയെ കിടുവ പിടിച്ചു! കള്ളൻ പരീതിനേയും പോക്കറ്റടിച്ചു; പുതുപ്പാടിയിൽ നിന്ന് അടിച്ചു മാറ്റിയ രണ്ട് ലക്ഷത്തിൽ 90,000 ആരോ കൊണ്ടു പോയി; സ്ഥിരമായി എയ്ഡ്‌സ് പരിശോധന നടത്തുന്ന മോഷ്ടാവിന്റെ വെളിപ്പെടുത്തലുകളിൽ ഞെട്ടി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് മാവുടി അപ്പക്കൽ പരീതീന്റെ പോക്കറ്റടിച്ചുപോയ 90,000 രൂപ കണ്ടെത്തുന്നതിനായി പൊലീസ് നീക്കം തുടങ്ങി. തൃശൂർ പൊലീസ് ചാർജ് ചെയ്ത കവർച്ചാ കേസിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 18-നാണ് പരീത് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അമ്പതോളം മോഷണ കേസുകൾ നിലവിലുണ്ട്. ഡോസിയർ ക്രിമിനൽ (സ്ഥിരം കുറ്റവാളി) പട്ടികയിൽ ഉൾപ്പെട്ട പരീത് കോതമംഗലം പുതുപ്പാടിയിൽ വയോധിക ദമ്പതികളുടെ വീട് കുത്തിത്തുറന്ന് രണ്ടു ലക്ഷത്തോളം രൂപ കവർച്ച ചെയ്ത സംഭവത്തിലാണ് ഇപ്പോൾ പൊലീസ് പിടിയിലായിട്ടുള്ളത്.

പുതുപ്പാടിയിലെ കവർച്ചയിൽ സ്വന്തമാക്കിയ 1,90,000 രൂപയിൽ 90,000 രൂപ പോക്കറ്റടിച്ചു പോയതായിട്ടാണ് പരീത് പൊലീസിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കവർച്ച കഴിഞ്ഞാൽ ഉടൻ മുങ്ങുകയാണു പരീതിന്റെ പതിവ്. പിന്നീട് അടുത്ത ജില്ലകളിൽ താമസിച്ച് അടിപൊളി ജീവിതം. പണം തീരുമ്പോൾ വീണ്ടും കവർച്ച. ഇതാണ് പരീതിന്റെ ലൈഫ് സ്റ്റൈൽ. ഈ മാസം 8-ന് പൂതുപ്പാടിയിലെ കവർച്ചക്ക് ശേഷം താൻ നേരെ പോയത് തൃശൂരിലേക്കാണെന്നുംപിറ്റേന്ന് പകൽ ഇവിടെ ചുറ്റിക്കറങ്ങി മദ്യപിച്ചു, വൈകുന്നേരം ലക്കുകെട്ട അവസ്ഥയിൽ ചാലക്കുടിയിലെത്തി. രാത്രി പാലത്തിന് താഴെയായിരുന്നു ഉറങ്ങാൻ കിടന്നതെന്നും എഴുന്നേറ്റുനോക്കിയപ്പോൾ പോക്കറ്റിൽ കിടന്ന 90 ആയിരത്തിന്റെ നോട്ടുകൾ കണ്ടില്ലെന്നുമാണ് പരീത് പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. ആയിരത്തിന്റെ നോട്ടുകൾ കഴിച്ചുള്ള പണം സമീപത്തെ പൊന്തക്കാട്ടിൽ ഒളിപ്പിച്ചിരുന്നതിനാൽ ഇത് നഷ്ടമായില്ലെന്നും ഈ പണമാണ് കെവശമുണ്ടായിരുന്നതെന്നും ഇയാൾ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

രക്ഷയില്ലെന്നുകണ്ടാൽ ഇടികൊള്ളാതെ കാര്യങ്ങൾ മണിമണി പോലെ വ്യക്തമാക്കുന്ന പരീതിന്റെ സ്വഭാവരീതി മനസ്സിലാക്കിയ പൊലീസ് , പോക്കറ്റടിച്ച് പണം പോയതായുള്ള ഇയാളുടെ വെളിപ്പെടുത്തൽ ഏറെക്കുറെ വിശ്വസിച്ച മട്ടാണ്. സംഭവം സംബന്ധിച്ച് ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി കോതമംഗലം സി ഐ വി റ്റി ഷാജൻ അറിയിച്ചു. മദ്യപിച്ച് പാതയോരങ്ങളിൽ ഉറങ്ങുന്നവരുടെ പോക്കറ്റടിക്കുന്നത് പരീതിന്റെ പതീവ് കലാപരിപാടിയായിരുന്നെന്നാണ് പൊലീസ് വെളിപ്പെടുത്തൽ. ചാലക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരക്കാരിൽ ചിലരെക്കുറിച്ച് പരീത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് ലഭ്യമായ വിവരം.

മദ്യവും മദിരാക്ഷിയും പരീതിന് ഒരേപോലെ പ്രയങ്കരമാണ്. കൂട്ടുകാരുമൊത്ത് ഇത്തരം കാര്യങ്ങൾക്കായി ബാംഗ്ലൂരിലും മറ്റും പോയിരുന്നതായി പരീത് പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 'എയ്ഡ്‌സ് ഉണ്ടോടാ' എന്നുള്ള ചോദ്യത്തിന് ഇല്ലെന്ന് മറുപിടി നൽകിയ പരീത് താൻ ഇടയ്ക്കിടെ എയ്ഡ്‌സ് ടെസ്റ്റ് നടത്താറുണ്ടെന്ന് കൂസലില്ലാതെ വ്യക്തമാക്കിയത് പൊലീസ് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. മദ്യലഹരിയിൽ കുഴഞ്ഞാടി തെറിവിളിയുമായി മാവുടിയിലെത്തിയ പരീതിന്റെ ശല്യം സഹിക്കാൻ കഴിയാതായതോടെ നാട്ടുകാരിൽ ചിലർ ഇയാളെ നന്നായി കൈകാര്യം ചെയ്തു. തുടർന്ന് ഇവർ നടത്തിയ ദേഹപരിശോധനയിൽ ഇയാളുടെ കൈവശം നോട്ടുകെട്ടുകൾ കണ്ടെത്തിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം പോത്താനിക്കാട് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലഹരി മൂത്ത് സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയിൽ, ദേഹത്ത് പരിക്കുകളുമായി അവശതയിലായിരുന്ന ഇയാളെ പൊലീസ് ഉടൻ കോതമംഗലം താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ കണ്ടെത്തിയ പണം പുതുപ്പാടിയിൽ മെയ്തിന്റെ വീട്ടിൽ നിന്നും മോഷ്ടിച്ചതാണെന്ന് പരീതിനെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് വ്യക്തമായി. പൊലീസ് പിടിയിലാവുമ്പോൾ ഇയാളുടെ കൈവശം 97,000 രൂപ ഉണ്ടായിരുന്നു. പുതുപ്പാടി കവലയിൽ കഴിഞ്ഞ 30 വർഷമായി അങ്ങാടി പച്ചമരുന്ന് വ്യാപാരം നടത്തി വരുന്ന കുഞ്ചനാട്ട് മെയ്തീന്റെ വീട്ടിൽ നിന്നാണ് പരീത് പണം അപഹരിച്ചത്. 82 കാരനായ മെയ്തീനും 75 കാരിയായ ഭാര്യയും മാത്രമാണ് തറവാട്ടുവീട്ടിൽ താമസിച്ചിരുന്നത്. മക്കളും മറ്റു ബന്ധുക്കളുമെല്ലാം കിലോമീറ്ററുകൾ ദൂരത്തിലാണ് താമസിക്കുന്നത്.

ഈ മാസം 8 ന് വ്യാപാരസ്ഥാപനം പൂട്ടി വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ട് തകർക്കപ്പെട്ടതായി മെയ്തീന്റെ ശ്രദ്ധയിൽപ്പെട്ടത്. വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് തന്റെ 30 വർഷത്തെ സമ്പാദ്യം മൊത്തമായി നഷ്ടപ്പെട്ട വിവരം ഈ വയോധികൻ അറിയുന്നത്. ഇതേ തുടർന്നുള്ള മനോവിഷമവും ശാരീരിക അസ്വസ്ഥതകളും മൂലം മെയ്തീൻ പിന്നീട് മൗനത്തിലായി. വിവരം മറ്റാരെയും അറിയിക്കാനും ഇയാൾ തയ്യാറായില്ല. കഴിഞ്ഞ ദിവസം മൂത്ത മകൻ റഹിം ഇടപെട്ടാണ് കോതമംഗലം പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്. മെയ്തീന്റെ പരാതിയിൽ കോതമംഗലം പൊലീസ് അന്വേഷണം തുടങ്ങിയ ദിവസം തന്നെ മദ്യലഹരിയിൽ അടിപിടി ഉണ്ടാക്കിയ കേസിൽ മാവുടിയിൽ നിന്നും പോത്താനിക്കാട് പൊലീസ് പരീതിനെ പിടികൂടിയതാണ് കവർച്ചാകേസിന്റെ ചുരുളഴിയാൻ കാരണമായത്.

ജയിലിൽ നിന്നിറങ്ങി ഒരുമാസത്തോളം എത്തിയ സാഹചര്യത്തിൽ ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ റൂറൽ എസ് പി യതീഷ്ചന്ദ്രയുടെ പ്രത്യേക മേൽനോട്ടത്തിൽ കോതമംഗലം സി ഐ വി റ്റി ഷാജൻ, എസ് ഐ സുധീർ മനോഹർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പരീതിനെ റിമാന്റു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP