Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിജിലൻസ് ചമഞ്ഞെത്തി കവർച്ച നടത്താൻ പ്ലാനിട്ടതു പെട്ടെന്നു പണക്കാരനായി മാറിയ സിദ്ദിഖിന്റെ വീട്ടിൽ കോടികളുടെ കുഴൽപ്പണമുണ്ടെന്ന ധാരണയിൽ; ഹവാലാ പണം കവർച്ച ചെയ്താൽ പൊലീസ് കേസില്ലെന്നും കണക്കുകൂട്ടി; അബ്ദുൾ ഹാലിമിന് മേൽ യുഎപിഎ ചുമത്താനും സാധ്യത

വിജിലൻസ് ചമഞ്ഞെത്തി കവർച്ച നടത്താൻ പ്ലാനിട്ടതു പെട്ടെന്നു പണക്കാരനായി മാറിയ സിദ്ദിഖിന്റെ വീട്ടിൽ കോടികളുടെ കുഴൽപ്പണമുണ്ടെന്ന ധാരണയിൽ; ഹവാലാ പണം കവർച്ച ചെയ്താൽ പൊലീസ് കേസില്ലെന്നും കണക്കുകൂട്ടി; അബ്ദുൾ ഹാലിമിന് മേൽ യുഎപിഎ ചുമത്താനും സാധ്യത

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: കുഴൽപണം ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദിഖ് വീട്ടിൽ കോടികൾ ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനകൾ ലഭിച്ചെന്നും ഇത് സ്വന്തമാക്കുകയെന്ന ലക്ഷ്യമിട്ടാണ് വിജിലൻസ് ചമഞ്ഞെത്തി കവർച്ച ആസൂത്രണം ചെയ്തതെന്നും പെരുമ്പാവൂർ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ തടിയന്റവിട നസീറിന്റെ കൂട്ടാളി അബ്ദുൾ ഹാലീം എൻ ഐ എ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി സൂചന.

കൊച്ചിയിൽ നിന്നെത്തിയ എൻ ഐ എ സംഘം കഴിഞ്ഞ രണ്ടുദിവസമായി ഹാലീമിനെ തുടർച്ചയായി ചോദ്യം ചെയ്തുവരികയാണ്. ഈ സംഭവത്തിൽ ഇയാൾക്കെതിരെ യുഎപിഎ ചുമത്തുന്നതിനുള്ള തെളിവുകൾ ഇതുവരെ എൻ ഐ എ ക്ക് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. കളമശ്ശേരി ബസ്സ് കത്തിക്കൽ കേസ്സിലും കോഴിക്കോട് ബസ്‌സ്റ്റാൻഡ് സ്‌ഫോടനത്തിലും ഉൾപ്പെട്ടിട്ടുള്ള ഹാലീമിന്റെ തീവ്രവാദ പശ്ചാത്തലം കണക്കിലെടുത്താണ് എൻ ഐ എ ഇയാളെ ചോദ്യം ചെയ്തത്.

വീടിനുള്ളിൽ ഒളിപ്പിച്ചിക്കുന്ന ഹവാലപ്പണം എടുത്തുനൽകാനാണ് വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ ആറംഗ സംഘം പ്രധാനമായും തങ്ങളോട് ആവശ്യപ്പെട്ടതെന്ന് സിദ്ദിഖിന്റെ ഭാര്യയും ഉമ്മയും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അടുത്തകാലത്ത് സിദ്ദിഖിന്റെ സാമ്പത്തിക സ്ഥിതിയിൽ ഗണ്യമായ മാറ്റമുണ്ടായെന്നും ഇതിനുപിന്നിൽ കുഴൽപ്പണമിടപാടാണെന്നും സംഘാംഗങ്ങൾക്ക് വിവരം നൽകിയത് ഇന്നലെ അറസ്റ്റിലായ പെരുമ്പാവൂർ മാവിൻചുവട് ചെന്താര വീട്ടിൽ അജിംസാ(36)ണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഒന്നര വർഷത്തോളം സിദ്ദിഖിന്റെ വീടിന്റെ അഭിമുഖമായുള്ള കെട്ടിടത്തിൽ വാടകക്ക് താമസിച്ചിരുന്ന അജിംസ് നാലുമാസം മുമ്പാണ് ഇവിടെ നിന്നും താമസം മാറിയത്. സിദ്ദിഖുമായി അടുത്തബന്ധമുണ്ടായിരുന്ന അജിംസ് കവർച്ച നടക്കുമ്പോൾ വീടിനു പുറത്ത് കാറിലിരിക്കുകയായിരുന്നു.

ഏതാനും വർഷങ്ങൾക്ക് മുമ്പാണ് സിദ്ദിഖ് ഇപ്പോൾ താമസിക്കുന്ന ആഡംബര ബംഗ്ലാവ് പണിതീർത്തത്. നേരത്തെ പ്രദേശത്തെ സഹകരണസംഘത്തിന്റെ കളക്ഷൻ ഏജന്റായിരുന്ന സിദ്ദിഖ് ചിട്ടികളും മറ്റും നടത്തി വന്നിരുന്നെന്നും ഇതിനൊപ്പം തന്നെ പണം പലിശക്ക് കൊടുക്കുന്ന ഇടപാടും ഉണ്ടായിരുന്നതായിട്ടാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം. ഇപ്പോൾ പ്രമുഖ പാൽ വിതരണ കമ്പനിയുടെ ഏജന്റായ ഇയാൾക്ക് മറ്റു നിരവധി ബിസിനസ്സുകളുമുണ്ടെന്നാണ് അറിയുന്നത്.

ഗൾഫിൽ വച്ച് അജിംസുമായുണ്ടായിരുന്ന പരിചയത്തിലൂടെയാണ് ആലങ്ങാട് സ്വദേശി മുട്ടുങ്ങൽ വീട്ടിൽ സനൂപ് (26)കവർച്ച സംഘത്തിലെത്തിയത്. ഇരുവരും വർഷങ്ങളോളം ഗൾഫിൽ ഒരുമിച്ച് ജോലിചെയ്തിരുന്നു. സാമ്പത്തികമായി ഞെരുക്കത്തിലായിരുന്ന തങ്ങൾ ഒന്നു' സെറ്റിലാവാൻ' വേണ്ടിയാണ് കവർച്ചക്കിറങ്ങിയതെന്നും, പണം നഷ്ടപ്പെട്ടാലും പൊലീസ് കേസ്സ് ഉണ്ടാവാനിടയില്ലെന്ന തിരിച്ചറിവ് ഇതിന് പ്രചോദനമായെന്നുമാണ് പിടിയിലായവർ പൊലീസിൽ നൽകിയിട്ടുള്ള മൊഴി.

ഹാലീമുൾപ്പെടെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാവുമെന്നാണ് അറിയുന്നത്. കഴിഞ്ഞ 20-നാണ് വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ എട്ടംഗ സംഘം പാറപ്പുറം പള്ളിപ്പറമ്പിൽ സിദ്ദിഖിന്റെ വീട്ടിൽ നിന്നും 60 പവൻ സ്വർണ്ണവും 25000 രൂപയും മൊബൈൽ ഫോണുകളും കവർന്നത്. ഈ സമയം സിദ്ദിഖ് പള്ളിയിലായിരുന്നു.ഭാര്യയും ഉമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP