Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൈപ്പ് ബോംബ് കൊണ്ടുവന്നത് രാജാവ്; പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയത് ക്ഷേത്രാചാരത്തിനായി എത്തിച്ച ബോംബുകൾ; ആശങ്കയകറ്റാൻ വിശദീകരണവുമായി പൊലീസ്

പൈപ്പ് ബോംബ് കൊണ്ടുവന്നത് രാജാവ്; പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയത് ക്ഷേത്രാചാരത്തിനായി എത്തിച്ച ബോംബുകൾ; ആശങ്കയകറ്റാൻ വിശദീകരണവുമായി പൊലീസ്

തിരുവനന്തപുരം; പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിൽനിന്നു കണ്ടെടുത്ത പൈപ്പ് ബോംബുകൾ ക്ഷേത്രാചാരത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്നവയാണെന്നും ക്ഷേത്രത്തിനു സുരക്ഷാ ഭീഷണിയില്ലെന്നും പൊലീസ്. ഫയറക്‌സ് എന്ന കമ്പനി നിർമ്മിച്ച പൈപ്പ് ബോംബ് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി കൊണ്ടുവന്നതാണെന്നാണ് വിലയിരുത്തൽ. ക്ഷേത്രാധികാരികളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ കൂടി പരിഗണിച്ചാണ് പൊലീസ് ഈ വിലയിരുത്തലിലേക്ക് എത്തുന്നത്. ക്ഷേത്രത്തോട് ചേർന്ന് ശിവസേന അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ബോംബ് കണ്ടെത്തിയതോടെ ഇവരുൾപ്പെടെ എല്ലാവരും പ്രതിക്കൂട്ടിലായി. ഇതിനിടെയാണ് പുതിയ വിശദീകരണവുമായി പൊലീസ് തന്നെ രംഗത്ത് വരുന്നത്.

പത്മനാഭ സ്വാമിക്ഷത്രത്തിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്താണ് ഈ പൈപ്പ് ബോംബുകൾ ആറാട്ടിന് ഉപയോഗിച്ചിരുന്നത്. ആറാട്ട് എഴുന്നള്ളത്ത് പടിഞ്ഞാറെ നടയിലുടെ പുറത്തിറങ്ങുമ്പോഴും വടക്കേനടയിലൂടെ ക്ഷേത്രത്തിനകത്ത് കടക്കുമ്പോഴും വെടിമുഴക്കാറുണ്ട്. ഇതു ചെറിയ പീരങ്കികൾ ഉപയോഗിച്ചായിരുന്നു. പിൽക്കാലത്ത് വെടിമുഴക്കാനുള്ള ചുമതല കേരള പൊലീസിനായി. 15 വർഷംമുൻപ് ശ്രീപാദം കുളത്തിൽ ഉപേക്ഷിച്ചതാണ് പൈപ്പ് ബോംബെന്ന് ഫോറൻസിക് വിദഗ്ധരും റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ഗോറി സഞ്ജയ്കുമാർ പറഞ്ഞു. ഏതായാലും പൈപ്പ് ബോംബുകൾ രാജകുടുംബം കൊണ്ടു വന്നതെന്ന നിഗമനത്തിൽ കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് സാധ്യത.

അതീവസുരക്ഷയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്തുനിന്ന് ഉഗ്രസ്‌ഫോടനശേഷിയുള്ള പൈപ്പ് ബോംബുകൾ കണ്ടെടുത്തത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. വടക്കേനട ശ്രീപാദം കൊട്ടാരവളപ്പിൽ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത കുളത്തിലാണ് പ്ലാസ്റ്റിക് ചാക്കിലൊളിപ്പിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്. ഇവ പിന്നീട് പൊലീസ് നീക്കംചെയ്തു നിർവീര്യമാക്കി. ചാക്കിൽകെട്ടി സൂക്ഷിച്ചിരുന്ന അഞ്ചു ബോംബുകൾ കുളത്തിലെ ചെളിയിൽ താഴ്‌ത്തിയ നിലയിലായിരുന്നു. കുളം വൃത്തിയാക്കാനെത്തിയ ബംഗാൾ തൊഴിലാളികൾ ചാക്കിലെന്താണെന്നു മനസിലാകാതെ ആർക്കിയോളജിക്കൽ സർവേ ഓഫീസിനു സമീപം കൊണ്ടുപോയിവച്ചു.

പുരാവസ്തുവകുപ്പ് അധികൃതർ വിവരമറിയിച്ചതിനേത്തുടർന്ന് ഫോർട്ട് പൊലീസും ബോംബ് സ്‌ക്വാഡും ഫോറൻസിക് ലാബ് പ്രതിനിധികളുമെത്തി പരിശോധന നടത്തി. ഇതോടെയാണ് പൈപ്പ് ബോംബാണെന്ന് തിരിച്ചറിഞ്ഞത്. ബോംബ് സ്‌ക്വാഡ് തറയിൽ മണൽനിറച്ച് ബോക്‌സുകളിലേക്കു ബോംബുകൾ മാറ്റുന്നതിനിടെപുകയുയർന്നതു പരിഭ്രാന്തിക്കിടയാക്കി. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ വൈകിട്ടു തിരുവല്ലത്തു കൊണ്ടുപോയാണു ബോംബുകൾ നിർവീര്യമാക്കിയത്. ക്ഷേത്രത്തിന്റെ 100 മീറ്റർ ചുറ്റളവ് അതീവസുരക്ഷാമേഖലയാണ്. 15 കോടി രൂപ ചെലവിൽ ഒരുക്കിയ സുരക്ഷാസംവിധാനങ്ങളാണു ക്ഷേത്രത്തിലുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മോക് ഡ്രില്ലിന്റെ ഭാഗമായി പ്രദേശമാകെ സുരക്ഷാ ഉദ്യോഗസ്ഥർ അരിച്ചുപെറുക്കിയിരുന്നു.

ക്ഷേത്രത്തിന്റെ വടക്കേനടയ്ക്കു സമീപം ആർക്കിയോളജിക്കൽ വകുപ്പിനു കീഴിലാണു ശ്രീപാദം കൊട്ടാരം. 2008ൽ രാജകുടുംബത്തിൽനിന്നു വാങ്ങിയ കൊട്ടാരം ജില്ലാ പൈതൃക മ്യൂസിയമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ 20 മുതൽ ശ്രീപാദം കുളം വറ്റിച്ചുവരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP