Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രാങ്കോ മുളയ്ക്കനെ ചോദ്യം ചെയ്യാൻ എത്തിയ അന്വേഷകർക്ക് തിരിച്ചടി; പോപ്പിനെ അറിയിക്കാൻ കന്യാസ്ത്രീ പരാതി നൽകിയ ഡൽഹിയിലെ വത്തിക്കാൻ പ്രതിനിധിയെ കാണാൻ കഴിഞ്ഞില്ല; അനുമതി വാങ്ങാതെ ചെന്നതോടെ ഗേറ്റിന് പുറത്തുവച്ച് അന്വേഷണ സംഘത്തെ തടഞ്ഞ് തിരിച്ചയച്ചു; കന്യാസ്ത്രീക്ക് എതിരെ ബന്ധു പരാതി നൽകിയത് വ്യാജമെന്ന് കണ്ടെത്തിയത് നേട്ടമായെന്ന വിലയിരുത്തലിൽ തലസ്ഥാനത്ത് എത്തിയ കേരള പൊലീസ്

ഫ്രാങ്കോ മുളയ്ക്കനെ ചോദ്യം ചെയ്യാൻ എത്തിയ അന്വേഷകർക്ക് തിരിച്ചടി; പോപ്പിനെ അറിയിക്കാൻ കന്യാസ്ത്രീ പരാതി നൽകിയ ഡൽഹിയിലെ വത്തിക്കാൻ പ്രതിനിധിയെ കാണാൻ കഴിഞ്ഞില്ല; അനുമതി വാങ്ങാതെ ചെന്നതോടെ ഗേറ്റിന് പുറത്തുവച്ച് അന്വേഷണ സംഘത്തെ തടഞ്ഞ് തിരിച്ചയച്ചു; കന്യാസ്ത്രീക്ക് എതിരെ ബന്ധു പരാതി നൽകിയത് വ്യാജമെന്ന് കണ്ടെത്തിയത് നേട്ടമായെന്ന വിലയിരുത്തലിൽ തലസ്ഥാനത്ത് എത്തിയ കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ രക്ഷപ്പെടാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ എല്ലാ പഴുതുകളും തേടുന്നതിനിടെ വിഷയത്തിൽ തെളിവെടുപ്പിന് ഡൽഹിയിൽ എത്തിയ അന്വേഷണ സംഘത്തിന് തിരിച്ചടി. സംഭവത്തിൽ പോപ്പിന് കന്യാസ്ത്രീ പരാതി നൽകിയ വത്തിക്കാൻ നൂൺഷ്യോ ഡോ.ജാംബത്തിസ്ത ദിക്വാത്രോയുടെ മൊഴിയെടുക്കാൻ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

വത്തിക്കാൻ പ്രതിനിധിയേയും പിന്നാലെ ഫ്രാങ്കോ മുളയ്ക്കനെയും ചോദ്യം ചെയ്യാനും തുടർ നടപടികൾക്കും ആയാണ് അന്വേഷണ സംഘം ഡൽഹിയിൽ എത്തിയിട്ടുള്ളത്. എന്നാൽ മുൻകൂർ അനുമതി വാങ്ങാതെ പ്രതിനിധിയെ കാണാനെത്തിയ പൊലീസുകാർക്ക് ചാണക്യപുരിയിലെ എംബസിയിൽ കയറാൻ പോലുമായില്ല. അനുമതി ഇല്ലാത്തതിനാൽ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ഗേറ്റിനു പുറത്തുള്ള സുരക്ഷാ ജീവനക്കാർ പറയുകയായിരുന്നു. ഇതോടെ അന്വേഷണ സംഘം മടങ്ങി. എംബസിയിലെത്തി വത്തിക്കാൻ പ്രതിനിധിയുടെ മൊഴി തിങ്കളാഴ്ച അനേ്്വഷണ സംഘം രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്നും തടിയൂരാൻ വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ. പൊലീസിനെ സ്വാധീനിക്കാനും കന്യാസ്ത്രീയെ വാഗ്ദാനം നൽകി പിന്തിരിപ്പിക്കാനും എല്ലാമുള്ള ശ്രമങ്ങ്ൾ പൊളിഞ്ഞതിന് പിന്നാലെ മെത്രാനുവേണ്ടി കന്യാസ്ത്രീക്ക് എതിരെ കൊണ്ടുവന്ന മറ്റൊരു ആരോപണവും പൊളിഞ്ഞു. കന്യാസ്ത്രീയെ അധിക്ഷേപിക്കാനായി നടത്തിയ നീക്കമാണ് പൊളിഞ്ഞത്. പരാതിക്കാരിക്കെതിരെ ബന്ധു ഉന്നയിച്ച ആക്ഷേപത്തിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് എംബസികളുടെ പ്രവർത്തനം. ഇന്ന് ശനിയാഴ്ച ആയതിനാൽ എംബസിയിൽ പ്രധാനപ്പെട്ട ജീവനക്കാർ ആരുംതന്നെ ഉണ്ടാവില്ല. തിങ്കളാഴ്ച ഓഫീസ് ജീവനക്കാർ എത്തുമ്പോൾ റിസപ്ഷനിൽ ഫോണിൽ വിളിച്ച് അനുമതി വാങ്ങിയശേഷം എത്താനാണ് ഇന്ന് അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചത്. വത്തിക്കാൻ അംബാസഡർ കൂടിയായ നൂൺഷ്യോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും നയതന്ത്ര സുരക്ഷയുള്ളതിനാൽ മുൻകൂട്ടി അനുമതി വാങ്ങിയാൽ മാത്രമേ എംബസി കൂടിക്കാഴ്ചയ്ക്ക് അനുവദിക്കൂ. സാധാരണ നിലയിൽ ഇമെയിൽ വഴിയോ ഫോണിലോ മുൻകൂർ അനുമതി തേടാം. രണ്ടു ദിവസത്തിനുള്ളിൽ ഇതിനുള്ള മറുപടിയും ലഭിക്കും.

വത്തിക്കാൻ നൂൺഷ്യോ സ്ഥലത്തില്ലെങ്കിൽ ചുമതലയുള്ള ഫസ്റ്റ് സെക്രട്ടറിയേയോ മറ്റ് സെക്രട്ടറിമാരേയോ കാണാം. കന്യാസ്ത്രീ ഇമെയിൽവഴി പരാതിപ്പെട്ട സമയത്തുണ്ടായിരുന്ന ഫസ്റ്റ് സെക്രട്ടറി സ്ഥലംമാറിയിട്ടുണ്ട്. പകരം എത്തിയ സെക്രട്ടറിക്ക് ഇതേകുറിച്ച് എന്തുമറുപടി പറയാൻ കഴിയുമെന്നതും വ്യക്തമല്ല. അതിനാൽ തുടർ നടപടികൾ എങ്ങനെ വേണമെന്ന് അന്വേഷണ സംഘം ഒരുവട്ടം കൂടി ആലോചിക്കും.

കന്യാസ്ത്രീക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്ന ജലന്ധർ ബിഷപ്പ് അറിയിച്ചിരുന്നത്. എന്നാൽ, കന്യാസ്ത്രീയുടെ ബന്ധു പരാതി നൽകിയത് വ്യക്തിപരമായ പിണക്കത്തിന്റെ പേരിലാണെന്ന് പൊലീസ് സ്ഥീകരിച്ചതോടെ കന്യാസ്ത്രീയെ മോശക്കാരിയാക്കാൻ നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കന്യാസ്ത്രീക്കെതിരായ ഒന്നും ബന്ധു പറഞ്ഞില്ല. ഇതോടെ ബിഷപ്പിനെ രക്ഷപെടത്തുനായി കെട്ടിച്ചമച്ച കഥയായിരുന്നു ഈ പരാതിയെന്ന് വ്യക്തമാകുകയായിരുന്നു.

ഒരു ബന്ധു നൽകിയ പരാതിയിൽ കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാരമായാണ് ബലാത്സംഗ പരാതിയെന്നായിരുന്നു ബിഷപ്പിന്റെയും ജലന്ധർ രൂപതയുടെയും നിലപാട്. കന്യാസ്ത്രീ അംഗമായ സന്ന്യാസ സഭയുടെയും സുപ്പീരിയറും സമാനമായ നിലപാടാണ് കൈകൊണ്ടിരുന്നത്. കന്യസ്ത്രീയെ മോശമായി കാണിക്കുന്നതിനായി വ്യാജ പരാതിയാണ് താൻ നൽകിയതെന്ന് പരാതിക്കാരി പൊലീസിന് മൊഴി നൽകിയതോടെയാണ് ജലന്ധർ ബിഷപ്പ് വീണ്ടും പ്രതിരോധത്തിലായത്. ഈ മൊഴി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതോടെ ജലന്ധർ ബിഷപ്പിന് മേൽ കുരുക്ക് മുറുകുകയാണ്.

അതേസമയം പീഡന പരാതി ഒതുക്കാനുള്ള ശ്രമങ്ങൾ മറുവശത്ത് സഭ തകൃതിയായി നടത്തുന്നതായാണ് വിവരം. കന്യാസ്ത്രീക്കും കൂടെയുള്ളവർക്കും കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള എരുമേലിയിലോ റാന്നിയിലോ മഠം സ്ഥാപിച്ച് നിർത്താമെന്നും വൈദികൻ എർത്തയിൽ വാഗ്ദാനം നടത്തിയ വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിൽ വൈദികനെതിരെ കേസും എടുത്തിട്ടുണ്ട്.

എന്നാൽ വാഗ്ദാനങ്ങളിൽ വീണ് പരാതിയിൽ നിന്ന് പിന്മാറില്ലെന്നും, നീതിക്കായി ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നുമാണ് ബിഷപ്പിനെതിരെ രംഗത്തെത്തിയ കന്യാസ്ത്രീകളുടെയും കുടുംബങ്ങളുടെയും നിലപാട്. വാഗ്ദാനങ്ങളുമായി കന്യാസ്ത്രീയെ വിളിച്ചത് സ്വന്തം നിലയ്ക്കാണെന്നും ആരും പറഞ്ഞിട്ടല്ലെന്നും സിഐഎം വൈദികനായ ഫാദർ ജയിംസ് ഏർത്തയിൽ അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ സഭയുടെ വാദവും നേരത്തെ പൊളിഞ്ഞിരുന്നു. ബിഷപ്പിന്റെ പീഡനത്തിനെതിരെ പരാതി നൽകിയിരുന്നില്ലെന്ന വിധത്തിലാണ് സഭ വിഷയത്തിൽ തുടക്കത്തിൽ പ്രതികരിച്ചത്. എന്നാൽ, ഡിസംബർ മാസം പരാതിക്കാരിയായ കന്യാസ്ത്രീ മദർ സുപ്പീരിയറിന് നൽകിയ കത്ത് പുറത്തുവന്നതോടെ ഈ വാദം പൊളിയുകയായിരുന്നു. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാണിച്ചാണ് കന്യാസ്ത്രീ മദർ സുപ്പീരിയറിന് കത്ത് നൽകിയത്. അന്വേഷണവുമായി സഹകരിക്കാമെന്ന് കന്യാസ്ത്രീ കത്തിൽ അറിയിച്ചിരുന്നു. എന്നാൽ, കന്യാസ്ത്രീ സഭയ്ക്കുള്ളിൽ നടത്തിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ജലന്ധർ രൂപത മുമ്പ് പറഞ്ഞിരുന്നത്.

കന്യാസ്ത്രീയുടെ ആരോപണത്തെ തുടർന്ന് സഭയ്ക്കുള്ളിൽ തന്നെ ഒരു ആഭ്യന്തര അന്വേഷണം നടന്നിരുന്നു. എന്നാൽ, ഇതുമായി സഹകരിക്കാനോ ആരോപണം സാധൂകരിക്കുന്ന തെളിവുകൾ നൽകാനോ കന്യാസ്ത്രീ തയാറായിരുന്നില്ലെന്നായിരുന്നു ജലന്ധർ രൂപതയുടെ വാദം. എന്നാൽ, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താൻ അന്വേഷണവുമായി സഹകരിക്കാൻ ഒരുക്കമാണെന്നും ആവശ്യമെങ്കിൽ ജലന്തറിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുമെന്നുമായിരുന്നു ഡിസംബറിൽ നൽകിയ കത്തിൽ പറഞ്ഞിരിക്കുന്നത്.

ആഭ്യന്തര അന്വേഷണവുമായി ബന്ധപ്പെട്ട് കുറുവിലങ്ങാട്ടെ മദർ സുപ്പീരിയർ നൽകിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും തനിക്കെതിരേ ഗൂഢാലോചനകൾ നടക്കുന്നതായും, തന്നെ മഠത്തിൽ നിന്ന് പുറത്താക്കുന്നതിന്റെ ആസൂത്രിത നീക്കമാണോയിതെന്നും കത്തിൽ കന്യാസ്ത്രീ ചോദിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ പീഡനാരോപണവുമായി ബന്ധപ്പെട്ട് ജലന്ധർ രൂപത നൽകിയ വിശദീകരണങ്ങളെല്ലാം നിലനിൽക്കുന്നതല്ല എന്ന് തെളിയിക്കുന്ന വിവരങ്ങളും ഇതോടൊപ്പം പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP